This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളമിന്‍

Colomine

ഒരു ജൈവസംയുക്തം. മോണോ എഥനോളമിന്‍, 2- അമിനോ എഥനോള്‍, 2-ഹൈഡ്രോക്സി ഈഥൈല്‍ അമിന്‍, ബീറ്റാ അമിനോ ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല: ഒഛ. HO. CH2 CH2 NH2.തലച്ചോറിലുള്ള കെഫാലിന്‍ എന്ന ഫോസ്ഫാറ്റൈഡിന്റെ ജലീയ വിശ്ലേഷണം വഴി 1884-ലാണ് ഇത് ആദ്യമായി നിര്‍മിക്കപ്പെട്ടത്. ജീവകം ബി കോംപ്ലക്സിലുള്ള കോളിന്‍ (HO CH2 CH2 NMe3OH) എന്ന സംയുക്തവുമായി രാസപരമായി ബന്ധപ്പെട്ട വസ്തുവായതുകൊണ്ടാണ് ഇതിന് കോളമിന്‍ എന്നു പറയുന്നത്.

എഥിലീന്‍ ഓക്സൈഡ് അമോണിയയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ മോണോ എഥനോളമിന്‍ (കോളമിന്‍), ഡൈ എഥനോളമിന്‍, ട്രൈ എഥനോളമിന്‍ എന്നിവയുടെ മിശ്രിതം കിട്ടും.

ചിത്രം:Pg250screen01.png‎

ഇവയെ തമ്മില്‍ ആംശികസ്വേദനം നടത്തി വേര്‍തിരിച്ചെടുക്കാം.

ചിത്രം:Pg255_scree03.png‎

അമോണിയയുടെ ഹൈഡ്രജന്‍ അണുക്കളെ ഹൈഡ്രോക്സി ഈഥൈല്‍ റാഡിക്കലുകള്‍ കൊണ്ട് ആദേശം ചെയ്യുമ്പോള്‍ കിട്ടുന്നവയാണ് ഈ മൂന്നു സംയുക്തങ്ങളും. ഇവയ്ക്കു മൂന്നിനും വ്യാവസായികരംഗത്ത് വ്യാപകമായ ഉപയോഗങ്ങളുണ്ട്. പ്രകൃതിവാതകത്തിലെയും എണ്ണ ശുദ്ധീകരണശാലകളില്‍നിന്നു പുറത്തുവരുന്ന വാതകത്തിലെയും അമ്ലഗുണമുള്ള ഘടകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയുടെ കൊഴുപ്പമ്ലലവണങ്ങള്‍ (സോപ്പുകള്‍) നിരവധി ഗാര്‍ഹിക-വ്യാവസായികാവശ്യങ്ങള്‍ക്ക് എമള്‍സിഫയറുകളായി ഉപയോഗിക്കുന്നു. വാഹനങ്ങളിലുപയോഗിക്കുന്ന ആന്റിഫ്രീസ് ലായനികളുടെ ക്ഷാരസ്വഭാവം (Corrosiveness) തടയുന്നതിന് ട്രൈ എഥനോളമിനാണ് ഉപയോഗിക്കുന്നത്.

അമോണിയ സംശ്ലേഷണം ചെയ്യാനുപയോഗിക്കുന്ന വാതകമിശ്രിതത്തില്‍നിന്ന് ഹൈഡ്രജന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടങ്ങിയ അമ്ലസ്വഭാവമുള്ള വാതകങ്ങള്‍ നീക്കാന്‍ കോളമിന്‍ ഉപയോഗിക്കുന്നു. അജലധാവനം, കമ്പിളിരോമം വൃത്തിയാക്കല്‍, എമള്‍ഷന്‍ പെയിന്റ് നിര്‍മാണം, പോളിഷ് നിര്‍മാണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന അയോണിക സ്വഭാവമില്ലാത്ത അപമാര്‍ജകങ്ങള്‍ കോളമിനില്‍നിന്നു നിര്‍മിക്കുന്നുണ്ട്. ഔഷധങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ നിര്‍മിക്കാനും റബ്ബര്‍ വ്യവസായത്തില്‍ ആക്സിലറ്റേറായും കോളമിന്‍ ഉപയോഗിക്കുന്നു.

നിറമില്ലാത്തതും സാമാന്യം കൊഴുപ്പള്ളതുമായ ദ്രാവകമാണ് കോളമിന്‍. ഇതിന് ഈര്‍പ്പം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അമോണിയയുടെ ഗന്ധമുള്ള ഈ ദ്രാവകം വീര്യമേറിയ ഒരു ക്ഷാരമാണ്. ജലം, കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, ആല്‍ക്കഹോള്‍, ക്ലോറോഫോം തുടങ്ങിയ ലായകങ്ങളില്‍ ഇത് ലയിക്കും. എന്നാല്‍ ഈഥര്‍, ബെന്‍സീന്‍ എന്നിവയില്‍ ഇത് ലയിക്കുകയില്ല. ഇതിന്റെ ബാഷ്പമര്‍ദം 0.48 മി.മീ. (20°C-ല്‍) ആണ്. ഉയര്‍ന്ന ഊഷ്മാവില്‍ സ്വയം കത്തുന്നൊരു വസ്തുവാണിത്. കടുത്ത വിഷമായ ഈ വസ്തുവിന്റെ ബാഷ്പം വായുവില്‍ 3 ppm-ല്‍ കൂടുതലായാല്‍ അപകടകാരിയാണ്. കോളമിന്‍ പ്രൈമറി ആല്‍ക്കഹോളുകളുടെയും പ്രൈമറി അമിനുകളുടെയും സ്വഭാവവിശേഷങ്ങള്‍ കാണിക്കുന്നു. ഏറ്റവും ലളിതമായ അമിനോ ആല്‍ക്കഹോളാണിത്. ഇതു ഗാഢഹൈഡ്രോ ബ്രോമിക് അമ്ളവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ബീറ്റാബ്രോമോ ഈഥൈല്‍ അമൈന്‍ ഹൈഡ്രോബ്രോമൈഡ് ഉണ്ടാക്കുന്നു.

കോളമിനിന്റെ പ്രകൃതിയിലെ സ്രോതസ്സായ ആല്‍ഫാ-കെഫാലിനുകള്‍ എന്ന ഫോസ്ഫാറ്റൈഡുകള്‍ ഗ്ലിസറൈഡുകളാണ്. ഇവയുടെ ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ ഫോസ്ഫോറിക് അമ്ലവും കോളമിനും സംയോജിച്ചുണ്ടാകുന്നൊരു ഗ്രൂപ്പാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിന് ബീറ്റെയിന്‍ ഘടനയാണുള്ളത്.

ചിത്രം:Pg_250_scree04.png

β - കെഫാലിനുകള്‍ പ്രകൃതിയില്‍ കാണപ്പെടുന്നില്ല.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍