This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള

Kola

സ്റ്റെര്‍ക്കുലിയേസി (Sterculiaceae) സസ്യകുടുംബത്തിലെ വൃക്ഷങ്ങളുടെ ഒരു ജെനുസ്. ഏകദേശം അന്‍പതോളം സ്പീഷീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പ്രാധാന്യം കോള അക്യുമിനേറ്റ, കോള നിറ്റിഡ എന്നീ ശാസ്ത്രനാമങ്ങളുള്ള വൃക്ഷങ്ങള്‍ക്കാണ്. കൊക്കക്കോള ലഹരി (ശീതള) പാനീയങ്ങളിലുപയോഗിക്കുന്നതും വമ്പിച്ച വ്യാവസായികപ്രാധാന്യമുള്ളതുമായ 'കോളപ്പരിപ്പ്' (Cola nut) മുഖ്യമായും ലഭിക്കുന്നത് ഈ വൃക്ഷങ്ങളില്‍ നിന്നാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ് കോളമരങ്ങളുടെ ജന്മദേശം. ആഫ്രിക്കയില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസ്, ബ്രസീല്‍, ഇന്ത്യ, ശ്രീലങ്ക, മലയ തുടങ്ങിയ രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്.

കോളമരം പൂവും കായ്കളും

വളരുന്ന സാഹചര്യം, സ്പീഷീസ് എന്നിവയെ അനുസരിച്ച് കോളമരങ്ങള്‍ 12-20 മീറ്ററോളം ഉയരത്തില്‍ വളരുന്നു. വിത്തുകള്‍ പാകിയോ ശാഖകള്‍ മുറിച്ചുനട്ടോ തൈകള്‍ ഉണ്ടാക്കാം. അഞ്ചുവര്‍ഷമാകുമ്പോള്‍ കായ്ക്കാന്‍ തുടങ്ങുമെങ്കിലും 12 വര്‍ഷമെത്തുമ്പോള്‍ മാത്രമാണ് ഫലസമൃദ്ധിയിലെത്തുക. ഏകദേശം 13-18 സെ.മീ. നീളമുള്ള കായ്കള്‍ക്കുള്ളില്‍ 6 മുതല്‍ 12 വരെ വിത്തുകള്‍ ഉണ്ടാകാം. ഇവ വെള്ളയോ ഇളംചുവപ്പോ കടും ചുവപ്പു നിറമോ ആണ്. ഓരോ വിത്തിലും 2 മുതല്‍ 5 വരെ മാംസളമായ ബീജപത്രങ്ങളുണ്ടാവും. ഉണങ്ങുമ്പോള്‍ തവിട്ടുനിറമാകുന്ന ഇവ തമ്മില്‍ വേര്‍പെട്ട് വാണിജ്യപ്രധാന്യമുള്ള കോളപ്പരിപ്പ് ആയിത്തീരുന്നു. ഏതാണ്ട് നൂറോളം കായ്കളില്‍ നിന്ന് ഒരു കിലോ ഗ്രാം പരിപ്പ് ലഭിക്കും.

കോളപ്പരിപ്പില്‍ 2 ശതമാനം കോളാനിന്‍ (Kolanin) എന്ന ഒരു ഗ്ലൂക്കോസൈഡും തിയോബ്രോമിന്‍ എന്ന ഒരു ആല്‍ക്കലോയിഡും അടങ്ങിയിട്ടുണ്ട്. കോളാനിന്‍ ഒരു ഹൃദയോത്തേജക വസ്തുവായി കരുതപ്പെടുന്നു. [കോളപ്പരിപ്പ്, കൊക്കച്ചെടി(Erythroxylon Coca)യുടെ ഉണങ്ങിയ ഇല എന്നിവ, മറ്റു വസ്തുക്കളുമായിച്ചേര്‍ത്താണ് വന്‍തോതില്‍ കൊക്കക്കോള പാനീയങ്ങള്‍ തയ്യാറാക്കുന്നത്.] കൂടാതെ ചില ഔഷധനിര്‍മാണത്തിനും കോളപ്പരിപ്പുപയോഗിക്കുന്നുണ്ട്. പഴുക്കുമ്പോള്‍ പരിപ്പിലെ കോലാനിന്‍ നഷ്ടപ്പെടുന്നു. ലോകത്തെല്ലായിടത്തും ഈ പരിപ്പിന് വമ്പിച്ച പ്രാധാന്യമാണുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍