This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോയമ്പത്തൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോയമ്പത്തൂര്‍

Coimbatore

കോയമ്പത്തൂര്‍ നഗരം - ഒരു ദൃശ്യം

തമിഴ്‌നാട്ടിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനമായ നഗരവും. "കോവന്‍ പുത്തൂര്‍' എന്നാണ്‌ പഴയരേഖകളില്‍ കാണുന്നത്‌. തുണിമില്ലുകള്‍ക്ക്‌ പ്രസിദ്ധമായ ഈ നഗരം തെക്കേ ഇന്ത്യയിലെ വ്യാവസായിക-വാണിജ്യപ്രാധാന്യമുള്ള പ്രമുഖ മെട്രാ നഗരങ്ങളിലൊന്നാണ്‌. പ്രകൃതിദത്തമായ പാലക്കാട്‌ ചുരത്തിനു കിഴക്കു സ്ഥിതിചെയ്യുന്നു. ഒരു പ്രധാന റെയില്‍-റോഡ്‌-വ്യോമഗതാഗത കേന്ദ്രമാണിത്‌. ചെന്നൈയില്‍നിന്നും 497 കി.മീ. അകലെയാണ്‌ കോയമ്പത്തൂര്‍.

വടക്ക്‌ നീലഗിരി, പെരിയോര്‍ ജില്ലകളും കിഴക്ക്‌ പെരിയോര്‍, അണ്ണാ ജില്ലകളും തെക്ക്‌ അണ്ണാ ജില്ലയും പശ്ചിമഘട്ടവും പടിഞ്ഞാറ്‌ പാലക്കാട്‌ ജില്ലയുമാണ്‌ അതിര്‍ത്തികള്‍. വടക്ക്‌ അക്ഷാംശം 10°10' മുതല്‍ 11°20' വരെയും കിഴക്ക്‌ രേഖാംശം 76°40' മുതല്‍ 77°80' വരെയും ജില്ല വ്യാപിച്ചുകിടക്കുന്നു. ആനമല, വരാഹമല, വെള്ളിമല, നീലഗിരി എന്നീ മലകളാല്‍ ചുറ്റപ്പെട്ടതാണ്‌ ജില്ലയുടെ മൂന്നു വശങ്ങളും. കിഴക്കുവശം സമതലമാണ്‌. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ വേര്‍പെടുത്തി പെരിയോര്‍ എന്ന പുതിയ ജില്ല രൂപീകരിച്ചതോടെ ഗോപിച്ചെട്ടിപ്പാളയം, ഭവാനി, ഈറോഡ്‌, ധാരാപുരം എന്നീ താലൂക്കുകള്‍ പെരിയോര്‍ ജില്ലയിലായി. ഉഡുമലപ്പേട്ട, പല്ലടം, അവനാശി, എന്നീ മൂന്നു താലൂക്കുകള്‍ ചേര്‍ന്ന കോയമ്പത്തൂര്‍ ജില്ലയ്‌ക്ക്‌ 4850 ച.കി.മീ. വിസ്‌തൃതിയുണ്ട്‌; ജനസംഖ്യ: 29,16,620 (2011).

സൈലന്റ്‌വാലി മലനിരകളില്‍ നിന്നുദ്‌ഭവിക്കുന്ന ഭവാനിപ്പുഴയും വെള്ളിമലയിലെ ബോലംപട്ടി താഴ്‌വരകളില്‍ നിന്നുദ്‌ഭവിക്കുന്ന നൊയ്യാലും (നൊയ്യില്‍) അഞ്ചനാട്‌ താഴ്‌വരയില്‍ നിന്നുദ്‌ഭവിക്കുന്ന അമരാവതിയുമാണ്‌ ജില്ലയിലൂടെ ഒഴുകുന്ന മുഖ്യനദികള്‍. അളിയാര്‍, പാലാര്‍, ചോലയാര്‍ എന്നീ ചെറുനദികളും ഇവിടെക്കൂടെ ഒഴുകുന്നു. പൈക്കര ജല-വൈദ്യുതപദ്ധതിയും പറമ്പിക്കുളം-അളിയാര്‍ വിവിധോദ്ദേശ്യപദ്ധതിയും ഈ ജില്ലയിലാണ്‌.

അവിനാശി ക്ഷേത്രം

ചുണ്ണാമ്പുകല്ല്‌, ഇരുമ്പ്‌, ബോക്‌സൈറ്റ്‌ എന്നീ ധാതുദ്രവ്യങ്ങള്‍ ഖനനം ചെയ്യുന്നുണ്ട്‌. ഉഡുമലപ്പേട്ട, പല്ലടം, അവനാശി, കോയമ്പത്തൂര്‍ എന്നീ താലൂക്കുകളില്‍ കറുത്ത പരുത്തിമണ്ണ്‌ (black cotton soil)ധാരാളമായുണ്ട്‌. പൊള്ളാച്ചി, ഉഡുമലപ്പേട്ട, കോയമ്പത്തൂര്‍ എന്നീ താലൂക്കുകളിലെ കുറേഭാഗം വനങ്ങളാണ്‌. ജില്ലയില്‍ പൊതുവേ മഴ കുറവാണ്‌. വാര്‍ഷികവൃഷ്‌ടിപാതം 92.2 മില്ലി മീറ്റര്‍. വേനല്‍ക്കാലത്ത്‌ കൂടിയ താപനില ശരാശരി 39.4°C-ഉം കുറഞ്ഞ താപനില 23.3°C-ഉം ശീതകാലത്ത്‌ കൂടിയ താപനില 32.8°C-ഉം കുറഞ്ഞതാപനില 20.7°C-ഉം ആകുന്നു. പാലക്കാടന്‍ ചുരത്തിന്റെ സാമീപ്യത്താല്‍ ആരോഗ്യകരമായ ഒരു കാലാവസ്ഥയാണിവിടെയുള്ളത്‌.

ചരിത്രം. പഴയ കൊങ്ങുനാട്ടിന്റെ ഭാഗമായിരുന്നു ഇന്നത്തെ കോയമ്പത്തൂര്‍ ജില്ല. കളഭ്രര്‍, പല്ലവര്‍, ഗങ്‌ഗര്‍, പാണ്ഡ്യര്‍, ചോളര്‍ എന്നിവരും ഇവിടെ അധികാരം സ്ഥാപിച്ചു. ചേരന്മാരും ചോളന്മാരും ചേര്‍ന്ന കൊന്ന്‌ചോളര്‍(കൊങ്ങ്‌ ചോളര്‍) എന്ന ഒരു രാജവംശവും ഇവിടെ ഭരണം നടത്തിയിരുന്നു. അതിനുശേഷം വന്ന മധുര നായ്‌ക്കന്മാരില്‍ നിന്ന്‌ മൈസൂര്‍ സുല്‍ത്താന്മാര്‍ ഈ ദേശം പിടിച്ചെടുത്തു. ബ്രിട്ടീഷുകാരും മൈസൂര്‍ സുല്‍ത്താന്മാരുമായുണ്ടായ നിരന്തര പോരാട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച സ്ഥലമാണിത്‌. ഇന്നത്തെ മാടരാജ മഹല്‍ സ്റ്റ്രീറ്റിലുണ്ടായിരുന്ന കൊട്ടാരത്തില്‍ താമസിച്ചുകൊണ്ടാണ്‌ ഹൈദരും ടിപ്പുവും ബ്രിട്ടീഷുകാര്‍ക്കെതിരായ കരുനീക്കങ്ങള്‍ നടത്തിയത്‌. ടിപ്പുവും ബ്രിട്ടീഷ്‌ പടയും തമ്മിലുണ്ടായ യുദ്ധങ്ങളില്‍പ്പെട്ട്‌ കോയമ്പത്തൂരിലെ പ്രാചീനമായ കോട്ട തകര്‍ന്നുപോയി. "കോട്ടമേട്‌' ആ സ്‌മരണ നിലനിര്‍ത്തുന്നു.

ചേരരാജധാനിയായിരുന്ന കരൂര്‍ ഈ ജില്ലയിലാണെന്ന്‌ അഭിപ്രായമുണ്ട്‌. കോരാജകേസര പെരുവഴി, ചേരനെവെന്റെ രാജകേസര പെരുവഴി മുതലായ പെരുവഴികള്‍ കൊങ്ങുനാട്ടില്‍നിന്നു ചേരനാട്ടിലേക്കുള്ള പാതകളായിരുന്നു. വീരകേരളനല്ലൂര്‍ എന്ന്‌ കോയമ്പത്തൂരിനെ വിശേഷിപ്പിച്ചുകാണുന്നു (വെള്ളലൂര്‍ ശാസനം). വീരകേരളം എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കോയമ്പത്തൂരിലുണ്ട്‌. ചോളന്മാരുടെ കാലത്തെ ധാരാളം ശിലാലിഖിതങ്ങള്‍ ഈ ജില്ലയുടെ പ്രാചീനചരിത്രം വിളിച്ചോതുന്നു. കൊങ്ങുചോളന്മാരുടെ കാലത്ത്‌ വിശാലമായിരുന്ന പേരൂര്‍ നാടിന്റെ ഒരു ഭാഗമായിരുന്നു കോയമ്പത്തൂര്‍.

ഇരുളര്‍, മലയര്‍, വേട്ടുവര്‍, കുറുമ്പര്‍, പടുകര്‍ തുടങ്ങിയവരാണ്‌ മുഖ്യജനവര്‍ഗങ്ങള്‍. കൈത്തറി, ആടുമാടുവളര്‍ത്തല്‍, കൃഷി എന്നിവയാണ്‌ ഗ്രാമീണരുടെ മുഖ്യ തൊഴില്‍. പരുത്തി, നെല്ല്‌, തിന, കരിമ്പ്‌, പുകയില, നിലക്കടല, തേയില, കാപ്പി തുടങ്ങിയവയാണ്‌ ജില്ലയിലെ മുഖ്യവിളകള്‍.

അവനാശി താലൂക്കിലെ അന്നൂരില്‍ കൊങ്ങുചേരന്മാര്‍ സ്ഥാപിച്ച പ്രസിദ്ധമായ ഒരു ശിവക്ഷേത്രമുണ്ട്‌. അശ്വമേധം നടന്ന സ്ഥലത്താണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നത്ര ഐതിഹ്യം. വന്നിയൂര്‍ എന്നായിരുന്നു പഴയപേര്‌. പ്രസിദ്ധങ്ങളായ ഏഴ്‌ കൊങ്ങ്‌ ശിവാലയങ്ങളില്‍പ്പെട്ടതാണ്‌ അവനാശിയിലെ അവനാശീശേശ്വരക്ഷേത്രം. ദക്ഷിണകാശി എന്നും ഇത്‌ അറിയപ്പെടുന്നു. അവനാശി താലൂക്കിലെ കാരമടൈ, കരവാളൂര്‍, മോണ്ടിപ്പാളയം, ചേവൂര്‍, തിരുമുരുഗംപുണ്ടി എന്നിവിടങ്ങളിലും പ്രാചീന ക്ഷേത്രങ്ങളുണ്ട്‌.

കോയമ്പത്തൂരിന്‌ 12 കി.മീ. വടക്കുപടിഞ്ഞാറുള്ള മരുതമലയിലെ മുരുകക്ഷേത്രം പ്രസിദ്ധമാണ്‌. കോയമ്പത്തൂരിന്‌ 7 കി.മീ. പടിഞ്ഞാറ്‌ നെയ്യാല്‍ നദീതീരത്തുള്ള പേരൂര്‍ ശിവക്ഷേത്രമാണ്‌ കോയമ്പത്തൂരിലെ മുഖ്യ ഹൈന്ദവാരാധനാകേന്ദ്രം. കരികാല ചോളനാണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചത്‌. "പട്ടീശ്വരരും' "പച്ചൈ നായകി'യും മുഖ്യ പ്രതിഷ്‌ഠകളായുള്ള ഈ ക്ഷേത്രം പഴയ ചിത്ര-ശില്‌പങ്ങളാല്‍ കമനീയമാണ്‌.

ജില്ലയുടെ ആസ്ഥാനമായ കോയമ്പത്തൂര്‍ നഗരത്തിന്‌ ഇന്ത്യയിലെ മെട്രാ നഗരങ്ങളില്‍ 15-ാം സ്ഥാനമാണുള്ളത്‌. കോയമ്പത്തൂര്‍ നഗരത്തിന്റെ വിസ്‌തീര്‍ണം: 246.75 ച.കിമീ. ജനസംഖ്യ: 1,250,446 (2011).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍