This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഫിപോസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഫിപോസ

Cofeposa

വിദേശനാണ്യവിഭവം സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും കള്ളക്കടത്ത്‌ തടയുന്നതിനുംവേണ്ടി കരുതല്‍ത്തടന്നലിനു വ്യവസ്ഥ ചെയ്യുന്ന നിയമം. "ദ്‌ കണ്‍സര്‍വേഷന്‍ ഒഫ്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ആന്‍ഡ്‌ പ്രിവന്‍ഷന്‍ ഒഫ്‌ സ്‌മഗ്ലിങ്‌ ആക്‌റ്റിവിറ്റീസ്‌ ആക്‌റ്റ്‌, 1974' (The Conservation of Foreign Exchange and Prevention of Smuggling Activities Act, 1974)എന്നാണ്‌ നിയമത്തിന്റെ പേര്‌. "കോഫിപോസ' (COFEPOSA) എന്ന ചുരുക്കപ്പേരില്‍ ഈ നിയമം പരക്കെ അറിയപ്പെടുന്നു. 1974 ഡി. 13-ന്‌ രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ച ഈ നിയമം 1974 ഡി. 19-ന്‌ പ്രാബല്യത്തില്‍ വന്നു. 14 വകുപ്പുകളാണ്‌ ഈ നിയമത്തിലുള്ളത്‌. 1975, 76, 84, 87 എന്നീ വര്‍ഷങ്ങളില്‍ ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി.

വിദേശനാണ്യനിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍, കള്ളക്കടത്ത്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഫലമായി ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്കു ഹാനിയും ദേശീയ സുരക്ഷിതത്വത്തിനുകോട്ടവും ഉണ്ടാകുമെന്നതുകൊണ്ടും വിദേശനാണ്യ നിയന്ത്രണലംഘനവും കള്ളക്കടത്തും നടത്തുന്ന ആളുകളും രീതികളും സംഘടിതമാണെന്നതുകൊണ്ടും രാജ്യത്തിലെ ചില പ്രദേശങ്ങള്‍ കള്ളക്കടത്തിനുയോജിച്ച സ്ഥാനങ്ങളായതിനാല്‍ അവിടെ അത്തരം പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ രഹസ്യമായി നടത്തുമെന്നതുകൊണ്ടും അത്തരം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ടിയാണ്‌ ഈ നിയമം പാസ്സാക്കിയത്‌.

കരുതല്‍ത്തടന്നല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ആര്‍ക്കൊക്കെ അധികാരമുണ്ടെന്ന്‌ 3-ാം വകുപ്പില്‍ പറയുന്നു. ജോയിന്റ്‌ സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത കേന്ദ്രഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനും സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത സംസ്ഥാനഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനും ഈ ഉത്തരവ്‌ പുറപ്പെടുവിക്കാം. ഉത്തരവ്‌ പുറപ്പെടുവിക്കേണ്ട സ്ഥലം, രീതി (4), തടന്നലിന്റെ സ്ഥലവും വ്യവസ്ഥകളും (5), തടന്നലിനാധാരമായ കാരണങ്ങളുടെ പിരിക്കല്‍ (5F), തടന്നല്‍ ഉത്തരവ്‌ അസ്ഥിരപ്പെടുത്താന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ (6), ഒളിവില്‍പ്പോയ കുറ്റവാളികളെ സംബന്ധിച്ച കാര്യങ്ങള്‍ (7), ഉപദേശകസമിതി (8) എന്നിവ തുടര്‍ന്നുള്ള വകുപ്പുകളില്‍ വിവരിക്കുന്നു. ഉപദേശകസമിതികള്‍ രൂപവത്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ അധികാരമുണ്ട്‌. ഭരണഘടനയുടെ 22-ാം അനുച്ഛേദത്തില്‍ (4 F) പറഞ്ഞിട്ടുള്ള യോഗ്യതകള്‍ ഉള്ള ഒരു അധ്യക്ഷനും മറ്റു രണ്ടംഗങ്ങളും ഉള്‍പ്പെടുന്നതാണ്‌ ഉപദേശകസമിതി. ഉപദേശകസമിതിയുടെ അഭിപ്രായം തേടേണ്ട രീതി, ഉപദേശസമിതി അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍, തടന്നല്‍ ഉത്തരവു പുറപ്പെടുവിക്കുന്നവിധം, അതു ഗവണ്‍മെന്റ്‌ നടപ്പാക്കുന്ന രീതി എന്നിവയെല്ലാം 8-ാം വകുപ്പില്‍തന്നെ വിശദമാക്കിയിട്ടുണ്ട്‌. ഉപദേശകസമിതിയുടെ അഭിപ്രായം തേടാതെതന്നെ 3 മാസത്തില്‍ കൂടുതല്‍ കാലത്തേക്ക്‌ (ആറുമാസത്തില്‍ കവിയാതെ) ഒരാളെ കരുതല്‍ത്തടന്നലില്‍ വയ്‌ക്കുന്നതിനുള്ള വ്യവസ്ഥകളാണ്‌ 1984-ലെ ഭേദഗതിമൂലം കൂട്ടിച്ചേര്‍ക്കപ്പെട്ട 9-ാം വകുപ്പിലുള്ളത്‌. തടന്നലിന്റെ ഏറ്റവും കൂടിയകാലം (1976-ലെ ഭേദഗതിയനുസരിച്ച്‌ 2 വര്‍ഷം) കരുതല്‍ത്തടന്നല്‍ കാലാവധി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍, കരുതല്‍ത്തടന്നല്‍ ഉത്തരവുകള്‍ പിന്‍വലിക്കല്‍, തടന്നലില്‍ വച്ചിരിക്കുന്ന വ്യക്തിയെ താത്‌കാലികമായി വിട്ടയയ്‌ക്കല്‍ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളാണ്‌ തുടര്‍ന്നുള്ള വകുപ്പുകളിലുള്ളത്‌. ഈ നിയമം നടപ്പിലാക്കുന്നതിന്‌ ആവശ്യമായ വിവരം നല്‌കുന്നവര്‍ക്ക്‌ പിടിച്ചെടുക്കുന്ന വിഭവങ്ങളുടെ വിലയില്‍ ഒരു പങ്ക്‌ (20 ശ.മാ.) പ്രതിഫലമായി നല്‌കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%AB%E0%B4%BF%E0%B4%AA%E0%B5%8B%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍