This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോന്നി

പത്തനംതിട്ടജില്ലയില്‍ കോഴഞ്ചേരി ആസ്ഥാനമായ പത്തനംതിട്ട താലൂക്കിലുള്ള ഒരു വില്ലേജും ഈ വില്ലേജുള്‍പ്പെടുന്ന പഞ്ചായത്തും. ഏഴു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഒരു വികസനബ്ലോക്കും ഒരു നിയമസഭാ നിയോജക മണ്ഡലവും കൂടിയാണ്‌ കോന്നി. അരുവാപ്പുലം, മങ്ങാരം എന്നീ കരകള്‍ ചേര്‍ന്ന കോന്നി വില്ലേജിന്റെ കിഴക്ക്‌ ഐരമണ്‍ വില്ലേജും പടിഞ്ഞാറും തെക്കും പ്രമാടം വില്ലേജും വടക്ക്‌ കോന്നിത്താഴം വില്ലേജും സ്ഥിതിചെയ്യുന്നു. പത്തനംതിട്ടനിന്നു 10 കിലോമീറ്ററും പത്താനപുരത്തുനിന്ന്‌ 16 കിലോമീറ്ററും ദൂരെയാണ്‌ കോന്നിയുടെ സ്ഥാനം. മലകളും സമതലങ്ങളും കാടും ചേര്‍ന്ന ഒരു സ്ഥലമാണിത്‌. കോന്നിയില്‍നിന്ന്‌ അഞ്ച്‌ കി.മീ. കിഴക്കുമുതല്‍ സര്‍ക്കാര്‍വക തേക്കിന്‍തോട്ടങ്ങളാണ്‌. കരിമ്പ്‌, മരച്ചീനി, കുരുമുളക്‌, റബ്ബര്‍, തെങ്ങ്‌, നെല്ല്‌, കമുക്‌, കൊക്കോ തുടങ്ങിയവയാണ്‌ ഈ മേഖലയിലെ മുഖ്യ കാര്‍ഷികവിളകള്‍.

പന്തളത്തുരാജാക്കന്മാരുടെ ഭരണകാലത്ത്‌ രാജാക്കന്മാര്‍ വന്നു താമസിച്ചിരുന്നത്‌ കോന്നിയിലെ കോയിക്കല്‍ തറവാട്ടിലാണ്‌. രാജാക്കന്മാര്‍ അച്ചന്‍കോവില്‍ ശാസ്‌താക്ഷേത്രത്തിലേക്കു പോയിരുന്നത്‌ കോന്നിയിലൂടെയായിരുന്നു. അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ "അന്നക്കൊടി' ധനു ഒന്നു മുതല്‍ ഏഴുവരെ കോന്നിയിലെ കരകളില്‍ എഴുന്നള്ളിച്ചു കൊണ്ടു നടക്കുകയും പിന്നീട്‌ വനത്തിലൂടെ അച്ചന്‍കോവിലിലേക്കു കൊണ്ടുപോവുകയും ചെയ്യും.

സംരക്ഷിത വനങ്ങള്‍ക്കടുത്തുള്ള കോന്നി ഏറെക്കാലം ആനപിടുത്തത്തിന്റെ ഒരു കേന്ദ്രമായിരുന്നു. 1977 മുതല്‍ സര്‍ക്കാര്‍ ഇവിടെ ആനപിടുത്തം നിരോധിച്ചു. കോന്നി ജങ്‌ഷനടുത്തായി ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പഴയ ആനക്കൂട്‌ ഇപ്പോഴും കാണാം.

ഡിവിഷണല്‍ ഫോറസ്റ്റ്‌ ആഫീസ്‌, ഫോറസ്റ്റ്‌ റേഞ്ചാഫീസ്‌, മണ്ണുസംരക്ഷണ ഗവേഷണകേന്ദ്രം എന്നിവയാണ്‌ കോന്നിയിലെ ചില പ്രധാന ഓഫീസുകള്‍. സന്താനലബ്‌ധിക്കായി വഴിപാടുകള്‍ നടത്തപ്പെടുന്ന കോന്നിയിലെ മഠത്തില്‍കാവ്‌ ഭഗവതിക്ഷേത്രം പ്രസിദ്ധമാണ്‌.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍