This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍വാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍വാള്‍

Cornwall

കോണ്‍വാള്‍ -'ലാന്‍ഡ് എന്‍ഡ്'മുനമ്പ്

1. ഇംഗ്ലണ്ടിന്റെ ഏറ്റവും തെക്കുപടിഞ്ഞാറേയറ്റത്തുള്ള കൗണ്ടി. പ്രഭുക്കന്മാര്‍ (duke or duchess) ഭൈരിച്ചിരുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്‌. 3,563 ച.കി.മീ. വിസ്‌തൃതിയുള്ള ഒരു ചെറിയ ഉപദ്വീപാണ്‌ കോണ്‍വാള്‍. വടക്കും പടിഞ്ഞാറും വശങ്ങളില്‍ അത്‌ലാന്തിക്‌ സമുദ്രവും തെക്കുവശത്ത്‌ ഇംഗ്ലീഷ്‌ ചാനലും കിഴക്കുഭാഗത്ത്‌ ഡെവണ്‍ഷയറുമാണ്‌ കോണ്‍വാളിന്റെ അതിര്‍ത്തികള്‍. ജനസംഖ്യ: 5,35,300 (2010). കോണ്‍വാളിന്റെ തെക്കുപടിഞ്ഞാറേയറ്റം "ലാന്‍ഡ്‌സ്‌ എന്‍ഡ്‌' (Land's end) എന്ന മുനമ്പാണ്‌. ഇംഗ്ലണ്ട്‌ വന്‍കരയുടെ ഏറ്റവും പടിഞ്ഞാറേയറ്റമാണിത്‌; തെക്കുകിഴക്കേയറ്റം വന്‍കരയുടെ തെക്കേയറ്റത്തേക്കു നീണ്ടുകിടക്കുന്ന ലിസെഡ്‌ പോയിന്റും (Lizard point) കോണ്‍വാളിന്റെ രണ്ട്‌ സ്വാഭാവിക-എലുകകളാണ്‌ ഇവ. കോണ്‍വാളിന്റെ തന്നെ ഭാഗമായ സിസിലി ദ്വീപുകള്‍ മുനമ്പില്‍നിന്ന്‌ ഉദ്ദേശം 40 കി.മീ. തെക്കു പടിഞ്ഞാറാണ്‌. കോണ്‍വാളിന്റെ കൂടുതല്‍ ഭാഗവും, പ്രത്യേകിച്ച്‌ കിഴക്കുവശം, ഉയര്‍ന്നതും കാറ്റ്‌ വീശിയടിച്ചു കൊണ്ടിരിക്കുന്നതുമായ ചതുപ്പുകളാണ്‌. പടിഞ്ഞാറോട്ടെത്തുമ്പോഴേക്കും ഇതിന്റെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു. ബോഡ്‌മിന്‍ മൂറിലെ ബ്രൗണ്‍ വിലിയാണ്‌ (460 മീ.) കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം. ഉള്ളിലേക്കു കയറിയിറങ്ങിക്കിടക്കുന്ന കടല്‍ത്തീരം സ്വാഭാവിക തുറമുഖങ്ങളാല്‍ സമൃദ്ധമാണ്‌. ഇവിടെ കിഴക്കാംതൂക്കായ പാറകള്‍ നിറഞ്ഞിരിക്കുന്നു. കാഴ്‌ചയ്‌ക്ക്‌ മനോഹരമായ കോണ്‍വാള്‍ കടല്‍ത്തീരവും ബോഡ്‌മിന്‍ മൂറും "അതീവ സുന്ദരമായ പ്രദേശ'ങ്ങളായി (Areas of Outstanding Beauty) ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയിട്ടുണ്ട്‌. കോണ്‍വാളിനും ഡെവണ്‍ഷയറിനും ഇടയിലൂടൊഴുകുന്ന റ്റാമര്‍ ആണ്‌ പ്രധാന നദി. ഈ നദീതടങ്ങള്‍ ഫലഭൂയിഷ്‌ടമാണ്‌. കാംബോണ്‍-റെഡ്‌റൂഥ്‌, ബോഡ്‌മിന്‍, ഫാള്‍മത്ത്‌, പെന്‍സാന്‍സ്‌ തുറമുഖം, കടല്‍ക്കരയിലുള്ള സെന്റ്‌ ഐവ്‌സ്‌, ട്രൂറോ എന്നിവയാണ്‌ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍. ഇംഗ്ലണ്ടിലെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന കോണ്‍വാളില്‍ ജനപ്രീതിയാകര്‍ഷിച്ച പല പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുമുണ്ട്‌. കൗണ്ടിയുടെ തെക്കുഭാഗം അവിടത്തെ പ്രത്യേക കാലാവസ്ഥയും സസ്യസമൃദ്ധിയും കാരണം കോര്‍ണിഷ്‌ റിവീറാ എന്നാണ്‌ അറിയപ്പെടുന്നത്‌.

പച്ചക്കറികളും ക്ഷീരോത്‌പന്നങ്ങളുമാണ്‌ പ്രധാന കാര്‍ഷിക വിഭവങ്ങള്‍. ആടുമാടുകളും കന്നുകാലികളും ഇവിടെ ധാരാളമുണ്ട്‌. പുഷ്‌പകൃഷി ഒരു പ്രധാന വ്യവസായമാണ്‌. മത്സ്യബന്ധനവും റ്റിന്‍, കോപ്പര്‍, ലെഡ്‌, ആര്‍സെനിക്‌, ടങ്‌സ്റ്റണ്‍, ചൈനാ-ക്ലേ (Kaolin) എന്നിവയുടെ ഖനനവും പ്രമുഖ വ്യവസായങ്ങളാണ്‌.

പുരാതനമായ കെല്‍റ്റിക്‌ സംസ്‌കാരത്തിന്റെ കേന്ദ്രമാണ്‌ കോണ്‍വാള്‍. ചരിത്രാതീതകാലത്തേതായ പാറകൊണ്ടുള്ള യശഃസ്‌തംഭങ്ങള്‍-ഡോള്‍മനുകള്‍-ലാന്‍ഡ്‌സ്‌ എന്‍ഡ്‌ പ്രവിശ്യയില്‍ ധാരാളമായി കണ്ടെത്താം. കോര്‍ണിഷ്‌ റ്റിന്‍ മൈനുകളിലെ ഉത്‌പന്നങ്ങള്‍ക്കുവേണ്ടി പണ്ടുകാലത്ത്‌ ഫിനീഷ്യന്മാര്‍ ഇവിടവുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. കോണ്‍വാളില്‍ അനേകം കൊട്ടാരങ്ങള്‍ കാണാം. ഇതില്‍ പലതും തീരത്തെ പാറകളില്‍ (cliffs) പണിതീര്‍ത്തിട്ടുള്ളവയാണ്‌. ഇംഗ്ലണ്ടിലെ ആദ്യത്തെ "ഡ്യൂക്ക്‌ പ്രവിശ്യ' ഡച്ചി ഒഫ്‌ കോണ്‍വാള്‍ (The Duchy of Cornwall) ആയിരുന്നു. 14-ാം ശതകം മുതല്‍ ഇത്‌ രാജാവിന്റെ മൂത്ത പുത്രന്റെ അവകാശമായിത്തീരുകയും ചെയ്‌തു. 17-ാം ശതകത്തിലെ ഇംഗ്ലീഷ്‌ ആഭ്യന്തരയുദ്ധങ്ങളില്‍ രാജാവിനോടാണ്‌ കോണ്‍വാള്‍ കൂറു പുലര്‍ത്തിയത്‌. മെഥോഡിസം ആണ്‌ കൗണ്ടിയിലെ പ്രധാന മതം. കെല്‍റ്റിക്‌ ഭാഷയായ കോര്‍ണിഷ്‌ 18-ാം ശതകത്തിന്റെ അവസാനം വരെ ഇവിടെ പ്രചാരത്തിലിരുന്നു. പ്രശസ്‌ത നോവലിസ്റ്റായ ഡാഫ്‌നി ദു മോറിയേ തന്റെ കൃതികളിലൂടെ കോണ്‍വാളിനെ അനശ്വരമാക്കിയിട്ടുണ്ട്‌.

2. കാനഡയില്‍ ഓന്റാറിയോ പ്രവിശ്യയിലുള്ള ഒരു നഗരം. ഒട്ടാവായില്‍നിന്ന്‌ ഉദ്ദേശം 88 കി.മീ. തെക്കുകിഴക്ക്‌, സെന്റ്‌ ലോറന്‍സ്‌ നദിയിലെ ഒരു തുറമുഖമായി വര്‍ത്തിക്കുന്ന ഈ നഗരം ന്യൂയോര്‍ക്കിലെ മാസേനയുമായി ഒരു അന്താരാഷ്‌ട്ര പാലം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ക്ഷീരകാര്‍ഷികോത്‌പന്നങ്ങളുടെ ഒരു പ്രധാന വിപണനകേന്ദ്രമാണിവിടം. കടലാസ്‌, തുണിത്തരങ്ങള്‍, രാസവസ്‌തുക്കള്‍, വീട്ടുസാമാനങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന ഒരു പ്രധാന വ്യവസായകേന്ദ്രവും കൂടിയാണ്‌ കോണ്‍വാള്‍. സെന്റ്‌ ലോറന്‍സ്‌ സീവേയുടെ വികസനത്തോടൊപ്പം നഗരവും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്‌. 1783-ല്‍ ന്യൂ ജോണ്‍സ്റ്റണ്‍ എന്ന പേരിലാണ്‌ നഗരം സ്ഥാപിതമായത്‌. കോണ്‍വാള്‍ പ്രഭുവിന്റെ (പിന്നീട്‌ ഗ്രറ്റ്‌ ബ്രിട്ടനിലെ രാജാവായിത്തീര്‍ന്ന ജോര്‍ജ്‌ IV) ബഹുമാനാര്‍ഥം 1797-ല്‍ കോണ്‍വാള്‍ എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു. വിസ്‌തൃതി: 61.5 ച.കി.മീ., ജനസംഖ്യ; 46,340 (2011).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍