This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഡ്രോസ്റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍ഡ്രോസ്റ്റി

Chondrostei

ആക്‌റ്റിനോറ്റെറിജിയൈ മത്സ്യവര്‍ഗത്തിലെ മൂന്നു പ്രധാന ഉപവര്‍ഗങ്ങളില്‍ ഒന്ന്‌. സ്റ്റര്‍ജിയന്‍, പാഡില്‍ മത്സ്യം എന്നിവയാണ്‌ ഈ ഉപവര്‍ഗത്തില്‍ ഇന്നുള്ളത്‌. ആഫ്രിക്കയില്‍ കാണപ്പെടുന്ന ബൈക്കിര്‍ (Bichir) എന്നയിനം മത്സ്യവും റീഡ്‌ഫിഷും (Read fish) കോണ്‍ഡ്രാസ്റ്റി ഉപകുടുംബാംഗങ്ങള്‍തന്നെ എന്നാണ്‌ ചില ശാസ്‌ത്രകാരന്മാരുടെ അഭിപ്രായം.

ഏതാണ്ട്‌ 37,50,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡെവോണിയന്‍ യുഗത്തിന്റെ മധ്യത്തിലാണ്‌ കോണ്‍ഡ്രാസ്റ്റി മത്സ്യങ്ങള്‍ ആവിര്‍ഭവിച്ചത്‌. പാലിയോസോയിക്‌ കല്‌പത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക്‌ കല്‌പത്തിന്റെ ആരംഭത്തിലും കോണ്‍ഡ്രാസ്റ്റി മത്സ്യങ്ങളുടെ വിവിധയിനങ്ങള്‍ സുലഭമായിരുന്നു. മീസോസോയിക്‌ കല്‌പത്തില്‍ ഹോളോസ്റ്റിയന്‍-ടീലിയോസ്റ്റ്‌ മത്സ്യങ്ങളുടെ ആവിര്‍ഭാവമാകണം കോണ്‍ഡ്രാസ്റ്റി ഇനങ്ങള്‍ക്ക്‌ കുറവു സംഭവിക്കാന്‍ കാരണമായത്‌. ക്രിറ്റേഷ്യസ്‌ കല്‌പത്തിന്റെ അവസാനമായതോടെ ഇവ ഏതാനും ജീനസ്സുകള്‍ മാത്രമായി ചുരുങ്ങി. ഇന്നുള്ള ഇനങ്ങളില്‍ പല സവിശേഷതകളുമുണ്ട്‌. ഇവയുടെ പരിണാമചരിത്രത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. മനുഷ്യനു പ്രയോജനപ്പെടുന്ന സ്റ്റര്‍ജിയന്‍ ഒഴികെ മറ്റൊന്നിനും വലിയ സാമ്പത്തിക പ്രധാന്യമില്ല.

ഘടന. അസ്‌തമിത കോണ്‍ഡ്രാസ്റ്റി മത്സ്യങ്ങള്‍ക്ക്‌ ശരീരത്തിന്റെ രണ്ടറ്റവും കൂര്‍ത്ത ശംഖാകൃതി ആണുണ്ടായിരുന്നത്‌. പരന്ന മോന്ത(snout)യും മുന്നറ്റത്തെ കണ്ണുകളും ഇവയുടെ പ്രത്യേകതകളായിരുന്നു. ശരീരത്തിന്റെ ഏകദേശം മധ്യഭാഗത്തായി ശോണീഫിന്നുകളും (pelvic fins) പിന്നറ്റത്തായി പൃഷ്‌ഠ-ഗുദഫിന്നുകളും സ്ഥിതിചെയ്‌തിരുന്നു. പുഛഫിന്‍ ഹെറ്ററോ സര്‍ക്കല്‍ ഇനത്തില്‍പ്പെട്ടതും ഇതിന്റെ മുകളിലത്തെ പാളി കീഴ്‌പാളിയെക്കാള്‍ നീളം കൂടിയതുമായിരിക്കും. ചിലയിനങ്ങളിലൊഴികെ മറ്റെല്ലാറ്റിലും ശരീരത്തെ പൊതിഞ്ഞു ശല്‌ക്കപാളികളുണ്ടായിരുന്നു. മേല്‍ത്താടി കപോലാസ്ഥികളുമായി ബന്ധിതനിലയില്‍ കണ്ണിനും ഗില്‍ഛദത്തിനും മധ്യേയുള്ള ഭാഗത്തെ മുഴുവനായി മൂടിയ സ്ഥിതിയിലും. ചുരുക്കം ചില ഇനങ്ങളില്‍ മേല്‍ത്താടി സ്വതന്ത്രമാണ്‌. പല്ല്‌ ഉള്ളവയും ഇല്ലാത്തവയും ഉണ്ടായിരുന്നു. പല്ല്‌ ഉള്ള ഇനങ്ങളില്‍ അവ വികസിത ഘടനയുള്ളവയും ആയിരുന്നു.

ജീവിച്ചിരിക്കുന്ന കോണ്‍ഡ്രാസ്റ്റി ഉപവര്‍ഗപ്രതിനിധികളായ സ്റ്റര്‍ജിയനുകളും പാഡില്‍മത്സ്യങ്ങളും ഏതാണ്ട്‌ അസ്‌തമിത വര്‍ഗങ്ങളുടെ ഘടനതന്നെ അല്‌പം ചില വ്യതിയാനങ്ങളോടെ പ്രദര്‍ശിപ്പിക്കുന്നു. ഇവയുടെ ശരീരം നീണ്ടതും കീലരൂപം (spindle shaped) ഉള്ളതുമാണ്‌. മോന്ത നീണ്ടിരിക്കുന്നു. തലയുടെ അടിവശത്തായാണു വായ്‌ സ്ഥിതിചെയ്യുന്നത്‌. പല്ല്‌ കാണാറില്ല. ചില ഇനങ്ങളില്‍ വളര്‍ച്ചയുടെ ആദ്യം ചെറിയ പല്ലുകള്‍ കാണാം. മേല്‍ത്താടിയസ്ഥി ദൃഢമാണ്‌. പാഡില്‍മത്സ്യങ്ങളുടെ തൊലിപ്പുറത്ത്‌ ശല്‌ക്കങ്ങളോ അസ്ഥിഫലകങ്ങളോ ഇല്ല. എന്നാല്‍ സ്റ്റര്‍ജിയനുകളില്‍ അഞ്ചുവരി വലിയ അസ്ഥിഫലകങ്ങളുണ്ട്‌. പുഛപത്രത്തിന്റെ മുകളില്‍ മാത്രമേ ശല്‌ക്കങ്ങള്‍ കാണുന്നുള്ളൂ. അസ്ഥിവ്യൂഹം പ്രധാനമായും ഉപാസ്ഥിയാല്‍ നിര്‍മിതമാണ്‌. പൃഷ്‌ഠരജ്ജു (notochord) ദൃഢമാണ്‌. കശേരുകികള്‍ വികസിതങ്ങളല്ല. തലയോടും ഉപാസ്ഥിനിര്‍മിതമാണ്‌. പൂര്‍ണ വളര്‍ച്ചയെത്തിയ മത്സ്യങ്ങളുടെ തലയോടിനെ പൊതിഞ്ഞ്‌ ഒരു അസ്ഥികവചമുണ്ട്‌. ചെകിളകള്‍ വഴിയുള്ള ശ്വാസോഛ്വാസമാണിവ നടത്തുന്നത്‌. ചെകിളയില്‍ അഞ്ച്‌ പഴുതുകളുണ്ട്‌. അഗ്രആന്ത്രം (foregut) ചെറുതും വായുനാളിവഴി വാതാശയവും (swimbladder) ആയി ബന്ധിക്കപ്പെട്ടതുമാണ്‌. ഉദരത്തിനു ബലമേറിയ പേശീഘടനയാണുള്ളത്‌. കുടലില്‍ പൂര്‍ണവികാസം പ്രാപിച്ച ഒരു സര്‍പ്പിലവാല്‍വും കാണപ്പെടുന്നു.

അസ്‌തമിത വര്‍ഗങ്ങളില്‍ ഉണ്ടായിരുന്നത്ര അസ്ഥി ഫലകങ്ങള്‍ ജീവിച്ചിരിക്കുന്ന സ്റ്റര്‍ജിയനുകളില്‍ ഇല്ല. പാഡില്‍ മത്സ്യങ്ങളും സ്റ്റര്‍ജിയനുകളും തമ്മിലുള്ള ബന്ധം പൂര്‍ണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല. സ്റ്റര്‍ജിയനെപ്പോലെതന്നെ പാഡില്‍ മത്സ്യങ്ങളിലും പുരാതന സ്‌പീഷിസുകളെ അപേക്ഷിച്ച്‌ അസ്ഥീഭവനം (ossification) കുറഞ്ഞ തോതിലേ കാണപ്പെടുന്നുള്ളൂ. പാഡില്‍മത്സ്യങ്ങളുടെ ശരീരത്തിനു ശംഖാകൃതിയാണുള്ളത്‌. തരുണാസ്ഥി നിര്‍മിതമായ തുഴപോലെയുള്ള മോന്ത ഇവയുടെ ഒരു പ്രത്യേകതയാണ്‌. മോന്ത ശരീരത്തിന്റെ മൊത്തം നീളത്തിന്റെ പകുതിയോളം വരും. കോണ്‍ഡ്രാസ്റ്റി ഉപവര്‍ഗത്തിലെ മറ്റൊരിനമായ ബൈക്കിറിനു നീണ്ട ശരീരഘടനയാണുള്ളത്‌. റീഡ്‌ഫിഷാകട്ടെ ഈലിന്റെ (Eel) ആകൃതിയുള്ളതുമാണ്‌.

ജീവിതചക്രം. കോണ്‍ഡ്രാസ്റ്റി മത്സ്യയിനങ്ങളുടെ പ്രജനന പ്രത്യേകതകള്‍ പഠനവിധേയമാക്കിയിട്ടുണ്ട്‌. ലവണ ജലവാസികളായ സ്റ്റര്‍ജിയനുകള്‍ വസന്ത ഗ്രീഷ്‌മ കാലഘട്ടത്തില്‍ പ്രജനനത്തിനു നദികളിലേക്കു കൂട്ടമായി കയറിപ്പറ്റാറുണ്ട്‌. ഈ പ്രത്യേകഘട്ടത്തില്‍ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. ശുദ്ധജലത്തിലാണിവ മുട്ടയിടുന്നത്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ച വേഗത്തിലാണ്‌. വളര്‍ച്ചയെത്തി ഉത്‌പാദനക്ഷമത കൈവരിച്ചാലും ഇവ ചെറിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കും.

ബൈക്കിര്‍ മത്സ്യങ്ങളുടെ പ്രജനന സവിശേഷതകളെപ്പറ്റിയുള്ള അറിവു ശുഷ്‌കമാണ്‌. ഇവയുടെ കുഞ്ഞുങ്ങള്‍ക്കു ശാഖകളോടുകൂടിയ ബാഹ്യചെകിളകളുണ്ട്‌. ഇവയ്‌ക്കു ന്യൂട്ടു(Newt)കളുടെ ആകൃതിയാണ്‌. പാഡില്‍ മത്സ്യങ്ങള്‍ ഏഴ്‌-എട്ടു വര്‍ഷം പ്രായമായാല്‍ ഉത്‌പാദനക്ഷമത കൈവരിക്കും. വസന്തകാലത്താണിവ മുട്ടയിടുന്നത്‌. മുട്ട വിരിഞ്ഞു ലാര്‍വകള്‍ പുറത്തുവരാന്‍ രണ്ടാഴ്‌ച വേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കു തുഴപോലെയുള്ള മോന്ത കാണാറില്ല. പക്ഷേ മൂന്നാഴ്‌ച കഴിയുമ്പോള്‍ ഇവ വളര്‍ന്നുതുടങ്ങും.

പരിസ്ഥിതിവിജ്ഞാനം. സ്റ്റര്‍ജിയന്‍ മത്സ്യങ്ങള്‍ ലവണജലത്തിലും ശുദ്ധജലത്തിലും ജീവിക്കുന്നു. ജലത്തിന്റെ അടിത്തട്ടില്‍ നിന്നാണിവ ആഹാരം ശേഖരിക്കുന്നത്‌. ചെറിയ മത്സ്യങ്ങള്‍, അകശേരുകികള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. ഒഴുകി നടക്കുന്ന പ്ലവകങ്ങളെ ജലത്തോടൊപ്പം വായ്‌യ്‌ക്കുള്ളിലാക്കുന്നു. പിന്നീട്‌, ഇവ ചെകിളകള്‍ വഴി ഇരയെ അരിച്ചെടുത്ത്‌ വെള്ളം പുറന്തള്ളുന്നു. ഇതിനാല്‍ ഇവയുടെ ചെകിളകളെ "ജീവനുള്ള പ്ലവകവലകള്‍' എന്നു വിശേഷിപ്പിക്കാറുണ്ട്‌. ബൈക്കിറുകളും റീഡ്‌മത്സ്യങ്ങളും അരുവികളുടെ കരയോടു ചേര്‍ന്നാണു ജീവിക്കുന്നത്‌. പകല്‍ ഇവ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നു. ഇര തേടുന്നത്‌ രാത്രികാലത്താണ്‌. വിരകള്‍, പ്രാണികളുടെ ലാര്‍വകള്‍, ക്രസ്റ്റേഷ്യകള്‍, ചെറിയ മത്സ്യങ്ങള്‍ എന്നിവയാണ്‌ പ്രധാന ആഹാരപദാര്‍ഥങ്ങള്‍.

വര്‍ഗീകരണം. പരിണാമപരമായി നിരവധി അപസരണങ്ങള്‍(diversifications)ക്കു വിധേയമായ ഒരു പ്രത്യേക മത്സ്യ ഉപവര്‍ഗമാണു കോണ്‍ഡ്രാസ്റ്റി. അതുകൊണ്ടുതന്നെ ഇവയുടെ വര്‍ഗീകരണത്തിനും ഐകരൂപ്യം കൈവന്നിട്ടില്ല. ഈ മത്സ്യങ്ങളുടെ ആവാസപ്രത്യേകതകള്‍, ജീവിതരീതിയിലെ സവിശേഷതകള്‍, ശരീരത്തിന്റെ ഘടന എന്നിവയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണമാണു നടത്തിയിരിക്കുന്നത്‌.

കോണ്‍ഡ്രാസ്റ്റി ഉപവര്‍ഗത്തെ 18 ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ഇവയില്‍ ആദ്യത്തെ 16 ഗോത്രങ്ങളും അസ്‌തമിത ജീവികളെ ഉള്‍ക്കൊള്ളുന്നു. ജീവിച്ചിരിക്കുന്ന കോണ്‍ഡ്രാസ്റ്റി മത്സ്യങ്ങളെ അവസാനത്തെ രണ്ടു ഗോത്രങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗോത്രങ്ങള്‍. (1) പാലിയോനിസിഫോമിസ്‌-ലോവര്‍ ഡെവോണിയന്‍ കല്‌പം മുതല്‍ ക്രിറ്റേഷ്യസ്‌ കല്‌പത്തിന്റെ മധ്യഘട്ടംവരെ ജീവിച്ചിരുന്നവ. ആദ്യകാല ജീവികള്‍ ശുദ്ധജലവാസികളായിരുന്നു; പില്‌ക്കാലത്തുള്ളവ സമുദ്രജലവാസികളും. ഈ ഗോത്രത്തെ 37 കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്‌. (2) ടറാസിഫോമിസ്‌-കാര്‍ബോണിഫറസ്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. ഈ ഗോത്രത്തില്‍ ഒരു കുടുംബം മാത്രം. (3) ഹാപ്‌ളോലെപ്പിഫോമിസ്‌-അപ്പര്‍ കാര്‍ബോണിഫറസ്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. യൂറോപ്പിലും വടക്കേ അമേരിക്കയിലുമായിരുന്നു ഇവ കാണപ്പെട്ടിരുന്നത്‌. ഒരു കുടുംബം മാത്രം. (4) പെരിയിഡിഫോമിസ്‌-ട്രയാസിക്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. ലോകവ്യാപക വിതരണമുണ്ടായിരുന്ന മത്സ്യങ്ങളായിരുന്നു ഇവ. ഈ ഗോത്രത്തില്‍ മൂന്നു കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. (5) റെഡ്‌ഫീല്‍ഡിഫോമിസ്‌-ട്രയാസിക്‌ കല്‌പത്തിന്റെ മധ്യഘട്ടത്തില്‍ ജീവിച്ചിരുന്നവ. ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ശുദ്ധജലവാസികളായിരുന്നു ഈ മത്സ്യങ്ങള്‍. ഈ ഗോത്രത്തില്‍ ഒരു കുടുംബം മാത്രം. (6) ഡോറിപ്‌ടെറിഫോമിസ്‌-അപ്പര്‍ പെര്‍മിയന്‍ കല്‌പത്തില്‍ ജീവിച്ചിരുന്നവ. യൂറോപ്പ്‌, ചൈന എന്നിവിടങ്ങളിലായിരുന്നു ഈ ഗോത്രത്തിലെ മത്സ്യങ്ങള്‍ കാണപ്പെട്ടിരുന്നത്‌. ഒരു കുടുംബം മാത്രം. (7) ബോബാസാട്രാന്‍ലിഫോമിസ്‌ -ലോവര്‍ ട്രയാസിക്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. ലവണ ജലമത്സ്യങ്ങളായ ഇവയ്‌ക്ക്‌ ആഗോളവ്യാപകത്വമുണ്ടായിരുന്നു. ഒരു കുടുംബം മാത്രം. (8) ഫോളിഡോപ്‌ളൂറിഫോമിസ്‌-ലോവര്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ട്രയാസിക്‌ കല്‌പം വരെ ജീവിച്ചിരുന്നവ. ശുദ്ധജലത്തിലും ലവണജലത്തിലും ഇവ ജീവിച്ചിരുന്നു. ഒരു കുടുംബം മാത്രം. (9) പെല്‍റ്റോപ്‌ളൂറിഫോമിസ്‌-അപ്പര്‍ ട്രയാസിക്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. ഇറ്റലി, ചൈന എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന ലവണജലമത്സ്യങ്ങള്‍. രണ്ടു കുടുംബം. (10) പ്ലാറ്റിസയാഗിഫോമിസ്‌-ലോവര്‍ ട്രയാസിക്‌ മുതല്‍ ലോവര്‍ ജൂറാസിക്‌ കല്‌പംവരെ ജീവിച്ചിരുന്നവ. ഇറ്റലി, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളില്‍ കാണപ്പെട്ടിരുന്ന ലവണജലമത്സ്യങ്ങള്‍. ഒരു കുടുംബം മാത്രം. (11) ഡെഫാലോക്‌സീനിഫോമിസ്‌-മിഡില്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ട്രയാസിക്‌ കല്‌പം വരെ ജീവിച്ചിരുന്നവ. ഇറ്റലിയില്‍ കാണപ്പെട്ടിരുന്ന അടിത്തട്ടുവാസികളായ ലവണജലമത്സ്യങ്ങള്‍. ഒരു കുടുംബം മാത്രം. (12) ലുഗാനോയ്‌ഫോമിസ്‌-മിഡില്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ട്രയാസിക്‌ കല്‌പംവരെ ജീവിച്ചിരുന്നവ. ഒരു കുടുംബം മാത്രം. (13) ടൈക്കോലെപ്പിഫോമിസ്‌-മിഡില്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ജൂറാസിക്‌ വരെ ജീവിച്ചിരുന്നവ. യൂറോപ്പിലായിരുന്നു ഇവ കാണപ്പെട്ടിരുന്നത്‌. ഒരു കുടുംബം മാത്രം. (14) സൗറിക്‌ത്തിഫോമിസ്‌-ലോവര്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ജൂറാസിക്‌ കല്‌പംവരെ ജീവിച്ചിരുന്നവ. ലോകവ്യാപകവിതരണം ഉണ്ടായിരുന്നു. ഒരു കുടംബം മാത്രം. (15) കോണ്‍ഡ്രാസ്റ്റിഫോമിസ്‌-ലോവര്‍ ട്രയാസിക്‌ മുതല്‍ അപ്പര്‍ ജൂറാസിക്‌ കല്‌പംവരെ ജീവിച്ചിരുന്നവ. ഇംഗ്ലണ്ടില്‍ കാണപ്പെട്ടിരുന്നു. ഒരു കുടുംബം. (16) പാരാസെമിയോനോട്ടിഫോമിസ്‌-ലോവര്‍ ട്രയാസിക്‌ കല്‌പത്തില്‍ ജീവിച്ചിരുന്നവ. സൈബീരിയ, ഗ്രീന്‍ലന്‍ഡ്‌, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ കാണപ്പെട്ടിരുന്ന ലവണ ജലമത്സ്യങ്ങള്‍. രണ്ടു കുടുംബങ്ങള്‍. (17) അസിപെന്‍സെറിഫോമിസ്‌-അപ്പര്‍ ക്രിറ്റേഷ്യസ്‌ കല്‌പം മുതല്‍ ജീവിച്ചിരിക്കുന്നവ. ഈ ഗോത്രത്തില്‍ സ്റ്റര്‍ജിയനുകളും പാഡില്‍ മത്സ്യങ്ങളും ഉള്‍പ്പെടുന്നു. (18) പോളിപ്‌ടെറിഫോമിസ്‌-പ്ലീസ്റ്റോസീന്‍ കല്‌പം മുതല്‍ ജീവിച്ചിരിക്കുന്നവ. ബൈക്കിര്‍, റീഡ്‌ഫിഷ്‌ എന്നിവ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു.

ബൈക്കിര്‍ മത്സ്യങ്ങളും റീഡ്‌മത്സ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഭിന്ന അഭിപ്രായഗതികളുണ്ട്‌. ചില ശാസ്‌ത്രകാരന്മാര്‍ ഇവയെ പ്രത്യേകം ഉപവര്‍ഗങ്ങളിലാക്കി മാറ്റി നിര്‍ത്തുന്നു. ക്രോസോപ്‌റ്റെറിജിയൈ മത്സ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്‌ ഇവയെന്നു മറ്റൊരു വാദഗതിയും ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍