This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടോപാക്‌സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോട്ടോപാക്‌സി

Cotopaxi

കോട്ടോപാക്‌സി അഗ്നിപര്‍വതം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്നു കരുതപ്പെടുന്ന സജീവ അഗ്നിപര്‍വതം. "കോട്ടോപാഹീ' എന്നും പ്രാദേശികമായി ഇതറിയപ്പെടുന്നു. ചന്ദ്രന്റെ ഗളം (Smooth neck of moon), പരിപാവനമായ പര്‍വതം എന്നിവയാണ്‌ "കോട്ടോപാക്‌സി' എന്ന പദത്തിനര്‍ഥം.

തെക്കേ അമേരിക്കയിലെ ആന്‍ഡീസ്‌ പര്‍വതനിരയുടെ ഏകദേശം മധ്യഭാഗത്താണ്‌ കോട്ടോപാക്‌സി സ്ഥിതിചെയ്യുന്നത്‌. ക്വിറ്റോയില്‍നിന്ന്‌ 65 കി.മീ. തെക്കുമാറി ഉത്തര മധ്യ ഇക്വഡോറിലുള്ള ഈ അഗ്നിപര്‍വതത്തിന്റെ ഉയരം സു. 5896 മീ. ആണ്‌. ചുവടുഭാഗം 23 കി.മീ. വ്യാപിച്ചിരിക്കുന്നു. എല്ലായ്‌പ്പോഴും പുക (നീരാവി) വമിച്ചുകൊണ്ടിരിക്കുന്ന, ഏറെ അപകടം നിറഞ്ഞ ഈ പര്‍വതത്തിന്റെ ഏകദേശം 5000 മീറ്ററോളം മഞ്ഞും ഹിമാനികളും നിറഞ്ഞതാണ്‌. ഏറ്റവും മുകളറ്റം (1341 മീ. ഉയരം വരെ) മഞ്ഞ്‌ മൂടി, മേഘത്താലാവൃതമായിരിക്കും. തെക്കുഭാഗത്തായി 4589 മീ. ഉയരത്തില്‍, കാണുന്ന ചെറുശിഖരം (300 മീ.) എല്‍പികാച്ഛോ (പക്ഷിക്കൊക്ക്‌) കാവേഹ്‌സാ ദെല്‍ ഇന്നാ (ഇന്നായുടെ തല) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അത്‌ലാന്തിക്കില്‍ നിന്നും വീശിയടിക്കുന്ന ഈര്‍പ്പം നിറഞ്ഞ വാണിജ്യവാതത്താല്‍ ഈ പര്‍വതശിഖരം മിക്കവാറും മഞ്ഞില്‍നിന്നു മുക്തമാണ്‌. പര്‍വതത്തിനു 792 മീ. ഉള്ള, ലാവ നിറഞ്ഞ ക്രറ്ററില്‍ നിന്നും ആവിമേഘം വമിച്ചുകൊണ്ടിരിക്കും.

നിരന്തരമായുണ്ടാകുന്ന സ്‌ഫോടനങ്ങളുടെ ഫലമായി, കോട്ടോപാക്‌സിയുടെ സു. 30° കോണളവുള്ള ചില ചരിവുമേഖലകള്‍ പാറ, ചാരം എന്നിവയാല്‍ മൂടപ്പെട്ടതാണ്‌. കഴിഞ്ഞ 400 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം അന്‍പതോളം സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെന്നാണ്‌ കരുതുന്നത്‌. 1532-ലാണ്‌ രേഖപ്പെടുത്തപ്പെട്ട ആദ്യസ്‌ഫോടനം. അവസാനത്തെ സ്‌ഫോടനം 1904-ലും. 1942-ല്‍ നടന്നുവെന്നു കരുതപ്പെടുന്ന സ്‌ഫോടനം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്‌ഫോടനത്താലുണ്ടാകുന്ന ലാവയാലും ചൂടേറിയ ചാരത്താലും ഏറ്റവും അഗ്രഭാഗത്തുള്ള മഞ്ഞിന്‍പാളി ഉരുകിയൊലിച്ച്‌ പര്‍വതത്തിന്റെ നാനാഭാഗത്തും പാറ, ചാരം എന്നിവ നിറഞ്ഞ വലിയൊരു ചെളി പ്രവാഹ(mud flow)ത്തിനു കാരണമാകുന്നു.

ലാവാ വര്‍ഷം ഇടയ്‌ക്കിടെ കോട്ടോപാക്‌സിയില്‍ ഉണ്ടാകുന്നുണ്ട്‌. 1698-ലെ ലാവാ വര്‍ഷത്തില്‍ താക്കുങ്‌ഗാ (Tacunga) നഗരവും അതിലെ മുക്കാല്‍ പങ്ക്‌ ജനങ്ങളും അയല്‍ജനവാസകേന്ദ്രങ്ങളും നാമാവശേഷമായി. 1734 മുതല്‍ 60 വരെ ഈ പര്‍വതത്തിന്റെ ഗര്‍ജനത്താല്‍ ക്വിറ്റോ നഗരം നടുങ്ങിയിട്ടുണ്ട്‌. 1744-ലെ ഉഗ്രസ്‌ഫോടനം, 800 കി.മീ. ദൂരെയുള്ള ഹോണ്ട (കൊളംബിയ) നഗരം വരെ മുഴങ്ങി. സര്‍വനാശകങ്ങളായ അഞ്ച്‌ സ്‌ഫോടനങ്ങള്‍ ഇതിലുണ്ടായിട്ടുണ്ട്‌. (1850-77). 1877-ലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍, 100 കി.മീ. വരെ ഹിമപ്രവാഹമുണ്ടായിരുന്നു. ചെറിയൊരു ലാവാ വര്‍ഷമാണ്‌ 1975-76 ല്‍ ഉണ്ടായത്‌.

വില്‍ഹെം റൈസ്‌ എന്ന പര്‍വതാരോഹകനാണ്‌ ആദ്യമായി ഈ പര്‍വതശൃങ്‌ഗം കീഴടക്കിയത്‌ (1872). ഹിമാവൃതമായ വടക്കുഭാഗമാണ്‌ സഞ്ചാരയോഗ്യം. ഹിമാനിയില്‍നിന്നുള്ള ഹിമപ്രവാഹം അപകടത്തിനു സാധ്യതയുണ്ടാക്കുന്നു. 1880-ല്‍ എഡ്‌വേഡ്‌ വിംപര്‍ ഇവിടെ പഠന-പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. വര്‍ഷന്തോറും ഏതാണ്ട്‌ 5000-ത്തോളം പേര്‍ ഇവിടെ പര്‍വതാരോഹണം നടത്തുന്നു. ഇവിടെയുള്ള ദേശീയോദ്യാനം ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. ഇക്വഡോറിലെ പ്രധാന ദേശീയോദ്യാനങ്ങളില്‍ രണ്ടാം സ്ഥാനമാണിതിനുള്ളത്‌. പര്‍വതാരോഹണത്തെ കൂടാതെ പക്ഷിനിരീക്ഷണം, കുതിരസവാരി എന്നിവയ്‌ക്കും ജനങ്ങളിവിടെ എത്താറുണ്ട്‌.

2. ഇക്വഡോറിലെ ഒരു പ്രവിശ്യ. 1939 വരെ ലിയോണ്‍ എന്നാണ്‌ ഇതറിയപ്പെട്ടിരുന്നത്‌. ആന്‍ഡീസിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പര്‍വതനിരകള്‍ ഇതിലുള്‍പ്പെടുന്നു. 5,804 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഇതിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയാണ്‌ കോട്ടപാക്‌സി അഗ്നിപര്‍വതം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍