This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോട്ടാര്‍

Kottar

നാഗര്‍കോവില്‍ പട്ടണാതിര്‍ത്തിക്കുള്ളിലെ ഒരു പ്രധാന വ്യാപാരകേന്ദ്രം. നാഗര്‍കോവില്‍പട്ടണം മുഴുവന്‍ പണ്ട്‌ കോട്ടാര്‍ എന്ന പേരിലറിയപ്പെട്ടിരുന്നു. കോട്ടാറിന്‌ 5 കി.മീ. തെക്കുമാറി ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രവും 22 കി.മീ. തെക്കായി കന്യാകുമാരിയും സ്ഥിതിചെയ്യുന്നു.

കോട്ടാറിലെ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യേഴ്‌സ്‌ ദേവാലയം

പണ്ടുമുതല്‍ തന്നെ വാണിജ്യകേന്ദ്രമായിരുന്ന കോട്ടാറിനെപ്പറ്റി പ്ലിനിയും ടോളമിയും വിവരിച്ചിട്ടുണ്ട്‌. ചോള പാണ്ഡ്യരാജാക്കന്മാര്‍ മാറിമാറി കോട്ടാറിനെ കൈയടക്കിവച്ചിരുന്നതിന്‌ കന്യാകുമാരി, ശുചീന്ദ്രം എന്നിവിടങ്ങളില്‍നിന്നു ലഭിച്ചിട്ടുള്ള ശാസനങ്ങള്‍ തെളിവാണ്‌. മുമ്മുടിചോളകേരളപുരം, ചോളകേരളപുരം, മുമ്മുടിചോളപുരം, മുമ്മുടി ചോളനല്ലൂര്‍മംഗലം എന്നിങ്ങനെയുള്ള പേരുകളിലാണ്‌ ശാസനങ്ങളില്‍ ഈ പട്ടണം പരാമൃഷ്‌ടമായിട്ടുള്ളത്‌. കൊ.വ. 302-ലെ ചോളപുരം ശാസനത്തില്‍ "കോട്ടാറാനമുമ്മുടി ചോളനല്ലൂര്‍' എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

നാഞ്ചിനാട്ടില്‍പ്പെട്ടിരുന്ന ഈ സ്ഥലത്തെ ഭരണാധിപനായിരുന്ന നാഞ്ചിക്കുറവനെ പരാജയപ്പെടുത്തി വേണാട്ടുരാജാവായ വീരകേരളവര്‍മ അവിടെ അധികാരം സ്ഥാപിച്ചതിനുതെളിവാണ്‌ ഈ ശാസനം. കോട്ടാറ്റ്‌ രാജേന്ദ്രചോളേശ്വര ഉടയ മഹാദേവര്‍ക്ക്‌ വീരകേരളവര്‍മ ചില പൂജകള്‍ ഏര്‍പ്പെടുത്തിയ വിവരങ്ങളാണ്‌ ശാസനത്തില്‍ പറയുന്നത്‌. വിജയനഗരചക്രവര്‍ത്തിയും മധുരപ്പടയും ചേര്‍ന്ന്‌ 16-ാം ശതകത്തിന്റെ മധ്യത്തില്‍ കോട്ടാറില്‍ തിരുവിതാംകൂര്‍ സൈന്യവുമായി ഏറ്റുമുട്ടി. "കോട്ടാര്‍യുദ്ധം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ യുദ്ധത്തില്‍ തിരുവിതാംകൂര്‍ വിജയം നേടി.

ദിവാന്‍ കേശവപിള്ള കോട്ടാറിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. അദ്ദേഹം തിരുനെല്‍വേലി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന്‌ നെയ്‌ത്തുകാരെയും ചായംമുക്കുകാരെയും ഇവിടെ കൊണ്ടുവന്ന്‌, ഇതൊരു വസ്‌ത്രനിര്‍മാണകേന്ദ്രമാക്കി മാറ്റി. കോട്ടാര്‍ ചമ്പാവരി മലയാളിക്ക്‌ പ്രിയപ്പെട്ട ഭക്ഷ്യവസ്‌തുവാണ്‌.

കോട്ടാറിനു സമീപത്തുകൂടി പഴയാര്‍ (പറളിയാര്‍) ഒഴുകുന്നു. ഇതിന്റെ തീരത്താണ്‌ പ്രസിദ്ധ ശിവക്ഷേത്രമായ ചോളരാജകോവില്‍ സ്ഥിതിചെയ്യുന്നത്‌. അജ്ഞാനസംബന്ധരുടെ തേവാരം കോട്ടാറിന്റെ പ്രാചീന പ്രഭാവം വെളിപ്പെടുത്തുന്നു. കലയുടെയും സംസ്‌കാരത്തിന്റെയും ഭക്തിയുടെയും പ്രധാനകേന്ദ്രമായിരുന്നു ഇവിടം. ആയ്‌രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിലും കോട്ടാര്‍ പ്രസിദ്ധി നേടി. ഈ നഗരത്തിനു ചുറ്റും ഒരു കോട്ട ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിശുദ്ധ സേവിയറുടെ നാമധേയത്തില്‍, അദ്ദേഹം സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന പുണ്യശവരിയാര്‍കോവില്‍ ഇവിടത്തെ പ്രസിദ്ധ ക്രൈസ്‌തവ ദേവാലയമാണ്‌.

ഐരാവതം ഗതിമാറ്റി ഒഴുക്കിയനദി-"ദന്താനദി' ഈ സ്ഥലത്തു വളഞ്ഞ്‌ (കോട്ടം) ഒഴുകുന്നതിനാല്‍ ഇവിടം "കോട്ടാര്‍' ആയെന്ന്‌ സ്ഥലപുരാണം. നദി ഒരു കോട്ടപോലെ സ്ഥലത്തെ ശത്രുക്കളില്‍നിന്ന്‌ രക്ഷിക്കുന്നതിനാലാണ്‌ കോട്ടാര്‍ എന്ന പേരുലഭിച്ചതെന്നും ഒരു കഥയുണ്ട്‌. "കോട്ടൂര്‍' കോട്ടാറായതെന്നാണ്‌ മറ്റൊരു അഭിപ്രായം.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന കോട്ടാര്‍, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍