This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടമാളികകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോട്ടമാളികകള്‍

രാജാവിന്റെയോ പ്രഭുവിന്റെയോ കോട്ടകൊത്തളങ്ങളോടുകൂടി നിര്‍മിതവും വാസയോഗ്യവുമായ കെട്ടിടം. തങ്ങളുടെ അധികാരാതിര്‍ത്തിയില്‍ വരുന്ന ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലാണ്‌ രാജാക്കന്മാരും മറ്റും കോട്ടമാളികകള്‍ നിര്‍മിക്കുക. കോട്ടകെട്ടി ഉറപ്പിച്ച എല്ലാ മധ്യകാലവസതികളും ഈ പേരില്‍ അറിയപ്പെട്ടിരുന്നു. പിന്നീട്‌ രാജാവിന്റെയോ പ്രഭുവിന്റെയോ ഇത്തരം വസതികളെ മാത്രമാണ്‌ കോട്ടമാളികകള്‍ എന്ന്‌ വിളിച്ചിരുന്നത്‌.

നിര്‍മാണപ്രദേശങ്ങളും നിര്‍മാണവും

സമൂഹത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ മൊത്തമായ പ്രതിരോധം ലക്ഷ്യമാക്കി ആയിരുന്നു ആദ്യകാല കോട്ടകള്‍ കെട്ടി ഉറപ്പിച്ചിരുന്നത്‌. ഒന്നിനുള്ളില്‍ മറ്റൊന്ന്‌ എന്ന നിലയില്‍ ചുറ്റും അനേകം മതിലുകള്‍ കെട്ടി അതിനുള്ളില്‍ പ്രധാന കോട്ട സ്ഥാപിക്കുന്ന രീതിയും പ്രചാരത്തിലുണ്ടായിരുന്നു. കഴിയുന്നിടത്തോളം കോട്ടമാളികകളുടെ നിര്‍മാണത്തിന്‌ പ്രകൃതിദത്തമായ ഒരു കുന്നോ ഉയര്‍ന്ന പ്രദേശമോ ആണ്‌ തിരഞ്ഞെടുക്കണ്ടേത്‌. സൈനികമായി ശത്രുക്കളെ പ്രതിരോധിക്കുന്നതിന്‌ എളുപ്പമാകത്തക്കവിധത്തില്‍ പ്രകൃതിദത്തസൗകര്യങ്ങളും പ്രസ്‌തുത സ്ഥലത്തിനുണ്ടായിരിക്കണം. കോട്ടയിലേക്കുള്ള പ്രവേശനമാര്‍ഗത്തില്‍ പ്രതിരോധസൗകര്യമുള്ള സ്ഥാനമാണ്‌ കോട്ടയ്‌ക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്‌. കിടങ്ങുകള്‍ കുഴിക്കാനും അവ കാലക്രമേണ നികന്നു പോകാതിരിക്കാനും ഉള്ള സ്വാഭാവിക സൗകര്യങ്ങള്‍ കോട്ടകെട്ടുന്ന സ്ഥലത്തിനുണ്ടായിരിക്കണം.

കോട്ട നിര്‍മിക്കേണ്ട സ്ഥലത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച്‌ പൂര്‍ണമായോ ഭാഗികമായോ ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിട്ട്‌ ഉയര്‍ത്തിയാണ്‌ കോട്ടകള്‍ നിര്‍മിച്ചിരുന്നത്‌. പരിസര പ്രദേശത്തു കോട്ടനിര്‍മാണത്തിനാവശ്യമായ ശിലകള്‍ സുലഭമായിട്ടുള്ള പ്രകൃതിദത്തമായ ഒരു കുന്നാണ്‌ കോട്ട നിര്‍മാണത്തിനു തിരഞ്ഞെടുക്കുന്നതെങ്കില്‍ കുന്നിന്‍ മുകളില്‍ താമസ സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അതിനു ചുറ്റുമായി കിടങ്ങുകളും കോട്ടകൊത്തളങ്ങളും നിര്‍മിക്കുകയുമാണു സാധാരണ പതിവ്‌. ബ്രിട്ടനിലെ ലാന്‍സിസ്റ്റോണിലെ കോട്ടമാളികയ്‌ക്കു ചുറ്റുമായി കിടങ്ങുകളും കോട്ടകളും കോട്ടകൊത്തളങ്ങളും ഉണ്ട്‌. എന്നാല്‍ പ്രകൃതിദത്തസൗന്ദര്യം ഭാഗികമായ പ്രദേശങ്ങളില്‍, മണ്ണിട്ട്‌ ഉയര്‍ത്തിയ കുന്നില്‍ നല്ല കെട്ടുറപ്പുള്ള അസ്‌തിവാരമുപയോഗിച്ച്‌ കോട്ടമാളികകള്‍ നിര്‍മിക്കുന്നു.

പ്രകൃതിദത്തശിലകള്‍ സുലഭമല്ലാത്ത സ്ഥലങ്ങളില്‍ ഇഷ്‌ടികയാണ്‌ പ്രധാന നിര്‍മാണപദാര്‍ഥം. ജര്‍മനിയിലെ മാറിയന്‍ വെര്‍ഡറി, ബ്രിട്ടനിലെ വേയ്‌ന്‍ഫ്‌ളീറ്റ്‌ എന്നിവ ഇഷ്‌ടികയാല്‍ നിര്‍മിക്കപ്പെട്ടവയാണ്‌. ഇത്തരത്തിലുള്ള ഭൂരിപക്ഷം നിര്‍മിതികളിലും മതിലുകളുടെ നിര്‍മാണത്തില്‍ നല്ല നിലവാരമുള്ള ഇഷ്‌ടികകളും അലങ്കാരത്തിനുവേണ്ടിയുള്ള കറുത്ത ഇഷ്‌ടികകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

കോട്ടമാളിക പണിയുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കും സ്വാഭാവികസുരക്ഷിതത്വത്തിനും അനുസൃതമായിട്ടാണ്‌ കോട്ടമതിലിന്റെ കനം നിശ്ചയിച്ചിരുന്നത്‌. ആക്രമണ സാധ്യത കണക്കിലെടുത്ത്‌ ഒരേ കോട്ടയുടെ ചില ഭാഗങ്ങള്‍ വ്യത്യസ്‌ത കനങ്ങളില്‍ നിര്‍മിക്കുക സാധാരണമായിരുന്നു. കോട്ടമാളികകളുടെ ഏറ്റവും പുറമേയുള്ള മതിലുകള്‍ക്കു ചുറ്റും കിടങ്ങുകള്‍ കുഴിക്കുന്ന രീതി സാധാരണമായിരുന്നു. പുറമേ നിന്നുള്ള ആക്രമണങ്ങളില്‍ നിന്നു കോട്ടയെ സംരക്ഷിക്കുന്നതിന്‌ ഇത്തരം കിടങ്ങുകള്‍ സഹായകമായിട്ടുണ്ട്‌. ഒരു കിടങ്ങില്‍നിന്നു കുറച്ചകലെയായി മറ്റൊന്ന്‌ എന്ന രീതിയില്‍ ഒന്നിലധികം കിടങ്ങുകളും ചിലപ്പോള്‍ നിര്‍മിച്ചിരുന്നു. കോട്ടയില്‍നിന്നു പുറത്തേക്കും വെളിയില്‍ നിന്നു കോട്ടയിലേക്കും പ്രവേശിക്കുന്നതിനുള്ള പടിവാതില്‍പ്പാതയില്‍, എടുത്തുമാറ്റാവുന്ന പാലങ്ങള്‍ ഉപയോഗിച്ചാണ്‌ കിടങ്ങുകള്‍ക്കു മുകളില്‍ക്കൂടി സഞ്ചാരമാര്‍ഗം ഒരുക്കിയിരുന്നത്‌. ശത്രുപ്രതിരോധഘട്ടങ്ങളില്‍ പാലങ്ങള്‍ എടുത്തുമാറ്റാവുന്നതാണ്‌. കോട്ടയിലേക്കുള്ള പ്രവേശനവാതില്‍ ഉറപ്പുള്ള തടികൊണ്ടു നിര്‍മിച്ചതും വെളിയിലേക്ക്‌ കൂര്‍ത്ത മുനയോടുകൂടിയ ഇരുമ്പു കുന്തങ്ങള്‍ ഉറപ്പിച്ചിട്ടുള്ളതുമായിരുന്നു. താഴെ എത്തിച്ചേരുന്ന ശത്രുക്കള്‍ക്കു നേരെ അമ്പും കല്ലും വെടിയുണ്ടകളും മറ്റും തൊടുത്തുവിടാന്‍ പാകത്തില്‍ കോട്ടയ്‌ക്കു മുകളിലോ മതിലുകള്‍ക്കു മുകളിലോ അനുയോജ്യമായ കൊത്തളങ്ങള്‍ കെട്ടുന്ന രീതിയും പ്രചാരത്തിലുണ്ടായിരുന്നു.

ദുര്‍ഗോദരങ്ങള്‍

കോട്ടയുടെ നിര്‍ണായകപ്രാധാന്യമുള്ള ഭാഗം ദുര്‍ഗോദരം (Keep) എന്ന കെട്ടുറപ്പോടുകൂടിയ ഭാഗമാണ്‌. കോട്ട ശത്രുസേന വളയുന്ന സമയത്ത്‌ ദുര്‍ഗോദരം രക്ഷാകേന്ദ്രമായിത്തീരുന്നു. പുറമേയുള്ള പ്രതിരോധ സജ്ജീകരണങ്ങളെല്ലാം തകരുന്നപക്ഷം മുഴുവന്‍ സൈനികരെയും കേന്ദ്രീകരിക്കാന്‍ കഴിയത്തക്കവണ്ണം കെട്ടുറപ്പും ഉചിതമായ സജ്ജീകരണങ്ങളും ഉള്ളതായിരിക്കും ദുര്‍ഗോദരം. അതില്‍ ശത്രുസേനയുടെ ആക്രമണം ദീര്‍ഘകാലം ചെറുത്തുനില്‍ക്കാനാവശ്യമായ ഭക്ഷ്യ-ജല ലഭ്യതയും താമസസൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തിയിരിക്കും. കോട്ടയുടെ സംരക്ഷണസേനയുടെ ഒരു വിഭാഗം യുദ്ധം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, മറ്റു വിഭാഗങ്ങള്‍ക്ക്‌ വിശ്രമിക്കുന്നതിനും ആക്രമണത്തിനുകൂടുതല്‍ സജ്ജമാകുന്നതിനും സഹായകമാകുന്നത്‌ ദുര്‍ഗോദരമാണ്‌. ഇവിടെ നിന്ന്‌ രക്ഷപ്പെടുന്നതിന്‌ രഹസ്യമാര്‍ഗം ഉണ്ടായിരിക്കും.

ദീര്‍ഘചതുരാകൃതിയിലുള്ള ദുര്‍ഗോദരങ്ങള്‍ നല്ല ഉറപ്പായി നിര്‍മിച്ചവയും വണ്ണക്കൂടുതലുള്ള മതിലുകളോടുകൂടിയവയും രണ്ടുമുതല്‍ നാലുവരെ നിലകളോടുകൂടിയവയും ഓരോ നിലയും രണ്ടോ അതിലധികമോ ഭാഗങ്ങളായി വിഭജിക്കപ്പെട്ടവയും ആയിരിക്കും. സാധാരണ ഗതിയില്‍ പ്രവേശനകവാടം രണ്ടാം നിലയിലായിരിക്കും. രണ്ടാം നിലയില്‍നിന്നു താഴേക്കും മുകളിലേക്കും കോവണികള്‍ ഉണ്ടായിരിക്കും. ദുര്‍ഗോദരത്തിലോ അതിനോടനുബന്ധിച്ച മുറിയിലോ ആരാധനാലയവും ഉണ്ടായിരിക്കും. യൂറോപ്യന്‍ കോട്ടമാളികകളിലെ ദുര്‍ഗോദരങ്ങളില്‍ പലതിലും ജലവിതരണം മതിലുകള്‍ക്കുള്ളിലും തറയ്‌ക്കടിയിലും കൂടി സജ്ജീകരിച്ചിട്ടുള്ള ഈയക്കുഴലുകള്‍ വഴിയാണ്‌ നിര്‍വഹിച്ചിരുന്നത്‌.

സൈനിക കാഴ്‌ചപ്പാടില്‍, ദുര്‍ഗോദരങ്ങള്‍ക്ക്‌ അടിസ്ഥാനപരമായ ചില ദൗര്‍ബല്യങ്ങളുണ്ട്‌. ഇത്തരം കോട്ടമാളികകളെ ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ കോട്ടയുടെ ഒരു വശത്തുനിന്നു മാത്രമേ അവരെ നേരിടാന്‍ കഴിയുകയുള്ളൂ. മറുഭാഗത്തുനിന്നു ശത്രുക്കള്‍ക്ക്‌ സുരക്ഷിതമായി ആക്രമണം അഴിച്ചുവിടാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ കോട്ട മാളികകള്‍ വൃത്താകൃതിയില്‍ ഉള്ളവയാണെന്നില്‍ കോട്ടയെ ആക്രമിക്കുന്ന ശത്രുക്കള്‍ക്ക്‌ സുരക്ഷിതസ്ഥാനം ലഭിക്കുകയില്ലെന്നു മാത്രമല്ല, കോട്ടയുടെ എല്ലാ ഭാഗത്തുനിന്നും ശത്രുക്കളെ നേരിടാന്‍ തരപ്പെടുന്നതുമാണ്‌. എന്നാല്‍ മുറികളുടെ ആസൂത്രണത്തിനും സൗകര്യപ്രദമായ സജ്ജീകരണത്തിനും ദീര്‍ഘചതുരാകൃതിയാണ്‌ കൂടുതല്‍ പ്രയോജനപ്പെടുക.

പുരാതന മധ്യകാല കോട്ടമാളികകള്‍

ഗ്രീക്കുകാരും റോമാക്കാരുമാണ്‌ ജനങ്ങളുടെ മൊത്തം സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ടുള്ള കോട്ടകെട്ടല്‍രീതി സ്വീകരിച്ചവരില്‍ പ്രമുഖര്‍. ബെലിസാറിയസ്‌ (533-34) ഉത്തരാഫ്രിക്ക പിടിച്ചടക്കിയതോടെ, ബൈസാന്തിയക്കാര്‍ അള്‍ജീരിയയിലും ടൂണീഷ്യയിലും ഉടനീളമുള്ള നഗരങ്ങളില്‍ കോട്ടകെട്ടി ഉറപ്പിക്കുകയും 13-ഉം 14-ഉം ശതകങ്ങളില്‍ യൂറോപ്പില്‍ നിര്‍മിച്ചതരത്തിലുള്ള ഒറ്റപ്പെട്ട കോട്ടമാളികകള്‍ നിര്‍മിക്കുകയും ചെയ്‌തു. ടുണീഷ്യയിലെ എയ്‌ന്‍ ടൗന്‍ഗാ ഇതിനു തെളിവാണ്‌.

സിറിയയിലെ ഒരു കോട്ടമാളിക

മധ്യകാലഘട്ടങ്ങളില്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിലുടനീളം സൈനികവാസ്‌തുവിദ്യ വളര്‍ന്നു വികസിച്ചു. തത്‌ഫലമായി ഒട്ടേറെ കോട്ടമാളികകള്‍ നിര്‍മിക്കുകയും ചെയ്‌തു. 9-ാം ശതകത്തിന്റെ ആരംഭത്തോടെ പാശ്ചാത്യരാജ്യങ്ങളിലും കെട്ടുറപ്പുള്ള കോട്ടമാളികകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 10-ാം ശതകത്തില്‍ ഫ്രാന്‍സില്‍ ഉയര്‍ന്ന പ്രദേശങ്ങളിലാണ്‌ കോട്ടമാളികകള്‍ നിര്‍മിച്ചിരുന്നത്‌. ഇത്തരം കോട്ടകളെ ചുറ്റി കിടങ്ങുകള്‍ നിര്‍മിക്കുന്ന രീതി സാധാരണമായിരുന്നു. 11-ാം ശതകത്തില്‍ ഇത്തരം കോട്ടമാളികകള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും നിര്‍മിതമായി. ഇവയില്‍ പലതും പ്രഭുക്കന്മാരുടെ സ്വകാര്യ കോട്ടമാളികകളായിരുന്നു. ബ്രിട്ടനിലെ എബിക്കുറില്‍ നടത്തിയ ഖനന ഗവേഷണഫലമായി ഇത്തരത്തില്‍പ്പെട്ട ഒരു ചെറിയ കോട്ട കണ്ടെത്തുകയുണ്ടായി (1949-50).

ഇറ്റലിയിലെ സര്‍സെനീലോ കോട്ടമാളിക

ബ്രിട്ടനിലെ ആദ്യകാല നോര്‍മന്‍ കോട്ടമാളികകള്‍ ശിലാനിര്‍മിതങ്ങളായിരുന്നു (1075). 1080-ല്‍ പണിതീര്‍ത്ത ലാന്‍സിസ്റ്റോണിലെയും ടോട്‌ന്‍സിലെയും കോട്ടകളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയിലെല്ലാം, ഉറപ്പുള്ള സ്വാഭാവിക മണ്ണുവരെ എത്തത്തക്കവണ്ണം വളരെ താഴ്‌ത്തി അസ്‌തിവാരം ഉറപ്പിച്ചശേഷമാണ്‌ കോട്ടമാളികകള്‍ നിര്‍മിച്ചിട്ടുള്ളത്‌. ജര്‍മനിയിലെ മറിയന്‍ വെര്‍ഡറി, ബ്രിട്ടനിലെ വേയ്‌ന്‍ഫ്‌ളീറ്റ്‌ എന്നിവ ഇഷ്‌ടികയില്‍ നിര്‍മിക്കപ്പെട്ടവയാണ്‌. ആക്രമണസാധ്യത കണക്കിലെടുത്ത്‌ ബ്രിട്ടനിലെ കോട്ടമാളികകള്‍ക്ക്‌ 2 മുതല്‍ 2.5 മീ വരെ കനമാണുണ്ടായിരുന്നത്‌. എന്നാല്‍, ബ്രിട്ടനിലെ ചില കോട്ടമാളികകള്‍ക്ക്‌ 1.75 മീറ്ററും മറ്റു ചിലതിന്‌ 5 മീറ്ററും വരെ കനത്തില്‍ മതിലുകളുള്ളതായി കാണാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചില കോട്ടമാളികകളുടെ മതിലിന്‌ 20 മീ. വരെ കനമുള്ളതായും കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ മധ്യകാലകോട്ടകള്‍ക്കാകട്ടെ 5 മുതല്‍ 15 മീ.വരെ ഭിത്തിവണ്ണമുണ്ട്‌. ബീയ്‌ജിങ്ങിലെ ഒരു കോട്ടയുടെ ഭിത്തിവണ്ണം 15 മീ. വരെയുണ്ട്‌. ബാബിലോണില്‍ ബി.സി. 600-ല്‍ പണിതീര്‍ത്ത ഒരു കോട്ടയുടെ ഭിത്തിവണ്ണം 28 മീ. വരെ ഉണ്ടായിരുന്നു. ചൈനയിലെ കോട്ടമാളികകള്‍ക്കാണ്‌ കൂടുതല്‍ ഭിത്തിവണ്ണമുള്ളത്‌.

നോര്‍മന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍ കോട്ടമാളികകളിലെ ആള്‍താമസമുള്ള മുറികളുടെ ജനലുകള്‍ 35 മുതല്‍ 50 സെ.മീ. വരെ വീതിയും 1.2 മീ. നീളവുമുള്ളവയുമായിരുന്നു. 12-ാം ശതകത്തിന്റെ അവസാനത്തോടെ 55 സെ.മീ. വീതിയും 1.5 മീ. നീളവുമുള്ള ഇരട്ടജനലുകളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. ഇത്തരം ജനലുകള്‍ക്ക്‌ അടയ്‌ക്കാവുന്ന ജനല്‍പ്പാളികളും ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട്‌ ഇത്തരം ജനലുകളുടെ വലുപ്പം ഗണ്യമായി വര്‍ധിപ്പിക്കുകയുണ്ടായി. വലുപ്പം കൂടിയ ഇത്തരം ജനലുകള്‍ അനുചിതമായി തോന്നാമെങ്കിലും അവ ശക്തിയുള്ള ഇരുമ്പുഗ്രില്ലുകള്‍കൊണ്ടു സംരക്ഷിതമായിരുന്നു. 13-ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി ജനലുകള്‍ക്കു ഗ്ലാസ്‌ ഉപയോഗിക്കുന്ന രീതിയും ചുരുങ്ങിയ തോതില്‍ പ്രചാരത്തില്‍ വന്നു. എന്നാല്‍, ചെലവു കൂടിയവയായിരുന്നതിനാല്‍ ഗ്ലാസുപയോഗിച്ചുള്ള ജനല്‍പ്പാളി നിര്‍മാണം അത്ര വ്യാപകമായില്ല.

മധ്യകാല ഇന്ത്യയില്‍

ഇന്ത്യയിലെ മധ്യകാലകോട്ടമാളികകള്‍ക്ക്‌ മറ്റു രാജ്യങ്ങളിലേതില്‍ നിന്നു വ്യത്യസ്‌തമായ പല സവിശേഷതകളും ഉണ്ട്‌. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഇത്തരം കോട്ടമാളികകള്‍ ഉണ്ടായിരുന്നു. ഒന്നിനു പിന്നില്‍ മറ്റൊന്ന്‌ എന്ന വിധത്തില്‍ അനേകം ശക്തമായ മതിലുകള്‍ കോട്ടഭാഗത്തെ ചുറ്റി പണിയുക സാധാരണമായിരുന്നു. ഇത്തരം മതിലുകള്‍ക്കുള്ളില്‍ കോട്ടയോടനുബന്ധിച്ച്‌ ഒരു ഉള്‍നഗരവും ഉണ്ടായിരിക്കും. മതിലുകള്‍ക്കു മുകളില്‍ സുരക്ഷിതമായി നിന്നുകൊണ്ട്‌ ശത്രുക്കളെ ആക്രമിക്കുന്നതിനും അവര്‍ക്കുനേരെ അമ്പും കുന്തവും വെടിയുണ്ടയും മറ്റും പായിക്കുന്നതിനും ഉള്ള പ്രത്യേക സൗകര്യങ്ങളും കൊത്തളങ്ങളും ഒരുക്കിയിരുന്നു. പ്രധാന പ്രവേശനകവാടങ്ങളില്‍ ശക്തമായ പടിവാതിലുകള്‍ വിവിധതരം പ്രതിമകള്‍കൊണ്ടും കൊത്തുപണികള്‍കൊണ്ടും അലന്നൃതമായിരുന്നു. ആനകള്‍ക്ക്‌, പാപ്പാനെയും യോദ്ധാക്കളെയും വഹിച്ചുകൊണ്ടു കടന്നുപോകത്തക്കവിധത്തില്‍ പ്രവേശനകവാടങ്ങള്‍ നല്ല ഉയരത്തിലാണ്‌ നിര്‍മിക്കപ്പെട്ടിരുന്നത്‌. ആക്രമണസമയത്ത്‌ ആന ശക്തമായി കുത്തിയാലും പൊളിഞ്ഞുപോകാത്ത തരത്തില്‍ തേക്കുകൊണ്ട്‌ നിര്‍മിച്ച വാതില്‍പ്പാളികളില്‍ ഇരുമ്പുകൊണ്ടുള്ള കുന്തമുനകള്‍ ഉറപ്പിച്ചിരുന്നു.

വെടിമരുന്നിന്റെ ആവിര്‍ഭാവം

15-ഉം 16-ഉം ശതകത്തില്‍ വെടിക്കോപ്പുകളുടെ വ്യാപകമായ പ്രചാരം സൈനികവാസ്‌തുവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ ഇടയാക്കി. 1404-ല്‍ ഫ്രഞ്ചുപട്ടാളം ഇറ്റലിയിലേക്കു മാര്‍ച്ചു ചെയ്യുകയും അവരുടെ വെടിക്കോപ്പുകളുപയോഗിച്ച്‌ ഇറ്റലിയിലെ കോട്ടകൊത്തളങ്ങള്‍ അദ്‌ഭുതാവഹമായ വേഗതയില്‍ തകര്‍ക്കുകയും ചെയ്‌തു. ഇതോടെ മധ്യകാലകോട്ടനിര്‍മാണരീതിയുടെ സുരക്ഷിതത്വമില്ലായ്‌മ ബോധ്യമാവുകയും ആധുനിക കോട്ടനിര്‍മാണ സമ്പ്രദായത്തിന്റെ തുടക്കം കുറിക്കുകയം ചെയ്‌തു. ഈ മാറ്റം വ്യാപകമാകാന്‍ അനേകം സംവത്സരങ്ങള്‍ വേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞതും വെടിക്കോപ്പുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്‌. എന്നാല്‍, അതിഭീകരമായ സ്‌ഫോടനശക്തിയും നശീകരണശേഷിയും ഉള്ള ആധുനികായുധങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി കോട്ടമാളികകളുടെ സൈനികപ്രാധാന്യം തന്നെ നഷ്‌ടമായിട്ടുണ്ട്‌. നോ. കോട്ടകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍