This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടതിയലക്ഷ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോടതിയലക്ഷ്യം

Contempt of Court

കോടതിയുടെ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയോ മനഃപൂര്‍വം ശല്യപ്പെടുത്തുകയോ ന്യായാധികാരസ്ഥരെ അപമാനിക്കുകയോ ബഹുജനങ്ങളില്‍ അവമതി സൃഷ്‌ടിക്കുകയോ ചെയ്യുന്ന കുറ്റകൃത്യം. വ്യവസ്ഥാപിതമായ കോടതികളുടെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ കോടതിയലക്ഷ്യം ഒരു കുറ്റകൃത്യമായി കരുതിയിരുന്നു. രാജാവിന്റെയോ ഭരണകേന്ദ്രത്തിന്റെയോ നേര്‍ക്കുള്ള പ്രത്യക്ഷമായ അനാദരവും ഭരണസ്ഥാനത്തു നിന്നുള്ള ഉത്തരവിനെ ധിക്കരിച്ച പ്രവര്‍ത്തനവും മറ്റും കോടതിയലക്ഷ്യമായി വ്യാഖ്യാനിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്കു തക്ക ശിക്ഷ നല്‌കി കോടതിയുടെ അധികാരവും അന്തസ്സും പ്രതിച്ഛായയും പുനഃസ്ഥാപിക്കുകയാണ്‌ കോടതിയലക്ഷ്യ നിയമത്തിന്റെ ലക്ഷ്യം.

കോടതിയലക്ഷ്യക്കുറ്റത്തെ പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ന്യായാധിപന്മാരുടെ സാന്നിധ്യത്തില്‍ കോടതിക്കുള്ളില്‍വച്ചു കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും പ്രവൃത്തികളും പ്രത്യക്ഷത്തിലുള്ള കോടതിയലക്ഷ്യമായി കരുതുന്നു. നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ കോടതിക്കു വെളിയില്‍ വച്ചുള്ള പ്രവൃത്തികളാണ്‌ പരോക്ഷമായുള്ള കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍പ്പെടുന്നത്‌. കോടതിയുടെ തീര്‍പ്പുകള്‍ അനുസരിക്കാതിരിക്കുക, ജനമധ്യത്തില്‍ കോടതികളുടെ പ്രതിച്ഛായയ്‌ക്കു മങ്ങലേല്‍ക്കത്തക്കവണ്ണം കോടതിവിധികള്‍ക്കു ദുര്‍വ്യാഖ്യാനം നല്‌കുക എന്നിവ പരോക്ഷമായ കോടതിയലക്ഷ്യത്തിനുദാഹരണങ്ങളാണ്‌. കോടതിയലക്ഷ്യക്കുറ്റത്തെ സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. വിചാരണയ്‌ക്കുശേഷം കുറ്റം തെളിഞ്ഞാല്‍ രണ്ടിനും തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാറുണ്ട്‌. സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ ഉപയോഗിച്ച്‌ കോടതിയലക്ഷ്യത്തിനെതിരായ വിചാരണയും വിധിതീര്‍പ്പും കല്‌പിക്കാവുന്നതാണ്‌.

മിക്ക രാഷ്‌ട്രങ്ങളിലും കോടതിയലക്ഷ്യം സംബന്ധിച്ച ദേശീയ നിയമങ്ങളുണ്ട്‌. (ഉദാ. 1789-ല്‍ യു.എസ്സില്‍ ഇതു സംബന്ധിച്ച ഫെഡറല്‍ നിയമം പാസ്സാക്കി നടപ്പാക്കി).

ഇന്ത്യയില്‍. പ്രാചീനകാലത്ത്‌ കോടതിയലക്ഷ്യം കുറ്റകൃത്യമായി കണക്കാക്കിയിരുന്നു. രാജാവിനെയോ കോടതിക്കു സദൃശ്യമായ സഭയെയോ അനാദരിക്കുന്നവരുടെ നാക്കു മുറിക്കണമെന്നായിരുന്നു ശിക്ഷാവിധി. കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തില്‍ ഇതുസംബന്ധിച്ചു നിരവധി പരാമര്‍ശങ്ങളുണ്ട്‌. നീതിനിര്‍വഹണം അന്യൂനമാകണമെന്നില്‍ നീതിപീഠം അലങ്കരിക്കുന്നവരും അതിനനുസൃതമായി പെരുമാറണമെന്നു നിര്‍ബന്ധമായിരുന്നു. ന്യായാധിപന്റെ പെരുമാറ്റം നീതിനിര്‍വഹണത്തിന്‌ എതിരാണെങ്കില്‍ അയാളും ശിക്ഷയ്‌ക്കു വിധേയനാകണമെന്നായിരുന്നു തത്വം.

ആധുനിക ഇന്ത്യയിലെ കോടതിയലക്ഷ്യ നിയമത്തിന്റെ ഉറവിടം ഇംഗ്ലീഷ്‌ നിയമമാണ്‌. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ 1687-ലെ ചാര്‍ട്ടുകള്‍ മുഖേന സ്ഥാപിതമായ കോര്‍ട്ട്‌ ഒഫ്‌ ദ്‌ മേയര്‍, 1683-ലെ രാജകീയ ചാര്‍ട്ടറിലൂടെ സ്ഥാപിതമായ അഡ്‌മിറാലിറ്റി കോര്‍ട്ട്‌, ഗവര്‍ണര്‍-ഇന്‍-കൗണ്‍സില്‍ എന്നിവയായിരുന്നു കോടതിയലക്ഷ്യക്കുറ്റം വിചാരണ ചെയ്യാനും ശിക്ഷവിധിക്കാനും അധികാരമുള്ള റിക്കാര്‍ഡ്‌ കോടതികള്‍. പിന്നീട്‌ ചെന്നൈ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സുപ്രീം കോടതികള്‍ സ്ഥാപിതമായതോടെ കോടതിയലക്ഷ്യം കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം സുപ്രീംകോര്‍ട്ട്‌ ഒഫ്‌ ജൂഡിക്കേച്ചര്‍ എന്ന കോടതികള്‍ക്കായി. ഈ കോടതികള്‍ 1861-ലെ ഹൈക്കോര്‍ട്ട്‌ ആക്‌റ്റ്‌ മുഖേന ഹൈക്കോടതികളായതോടെ അവയ്‌ക്ക്‌ റിക്കാര്‍ഡ്‌ കോടതികള്‍ എന്ന സ്ഥാനം ലഭിച്ചു. ഈ ഹൈക്കോടതികള്‍ ഒഴിച്ചുള്ള കോടതികള്‍ക്കു കോടതിയലക്ഷ്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന്‌ അധികാരം നല്‌കണമോ എന്നതു സംബന്ധിച്ച ആലോചനകള്‍ മിന്റോ പ്രഭുവിന്റെ കാലത്തുണ്ടായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും കോഡ്‌ ഒഫ്‌ ക്രിമിനല്‍ പ്രാസിഡിയറിലും ഇതിനുവേണ്ട ഭേദഗതികള്‍ വരുത്താന്‍ 1914-ല്‍ ഒരു ബില്‍ അവതരിപ്പിച്ചത്‌ ഇതിന്റെ ഫലമായിട്ടാണ്‌. ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ഈ ബില്ലിന്റെ ചര്‍ച്ച മാറ്റിവച്ചു. 1921-ല്‍ ചര്‍ച്ച പുനരാരംഭിച്ചപ്പോള്‍ ലോ മെമ്പറായിരുന്ന സര്‍ തേജ്‌ ബഹദൂര്‍ സപ്രു ക്രിയാത്മകമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ 1926-ല്‍ കോടതിയലക്ഷ്യനിയമം (കണ്ടംപ്‌റ്റ്‌ ഒഫ്‌ കോര്‍ട്ട്‌സ്‌ ആക്‌റ്റ്‌) പാസ്സാക്കിയത്‌.

കോടതിയലക്ഷ്യക്കുറ്റങ്ങള്‍ക്കു വിധിക്കാവുന്ന ശിക്ഷയുടെ ഉയര്‍ന്ന പരിധി ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഹൈക്കോടതി ഒഴിച്ചുള്ള കോടതികളെ സംബന്ധിച്ച കോടതിയലക്ഷ്യത്തെപ്പറ്റി യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല എന്നതാണ്‌ 1926-ലെ നിയമത്തിന്റെ പ്രധാന ന്യൂനത. 1950-ല്‍ പാസ്സാക്കപ്പെട്ട ജുഡിഷ്യല്‍ കമ്മീഷണേഴ്‌സ്‌ കോര്‍ട്ട്‌സ്‌ (ഡിക്ലറേഷന്‍ ആസ്‌ ഹൈക്കോര്‍ട്ട്‌സ്‌) ആക്‌റ്റില്‍ കോടതിയലക്ഷ്യത്തിന്റെ കാര്യത്തില്‍ യൂണിയന്‍ ഭരണപ്രദേശങ്ങളിലെ ഉയര്‍ന്ന കോടതികളായ ജുഡിഷ്യല്‍ കമ്മീഷണേഴ്‌സ്‌ കോടതികള്‍ക്കു ഹൈക്കോടതികള്‍ക്കു തുല്യമായ പദവി നല്‌കി. 1926-ലെ നിയമം റദ്ദാക്കിക്കൊണ്ടാണ്‌ 1952-ല്‍ കണ്ടംപ്‌റ്റ്‌ ഒഫ്‌ കോര്‍ട്ട്‌സ്‌ ആക്‌റ്റ്‌ പാസ്സാക്കിയത്‌. ആകെ ആറ്‌ വകുപ്പുകള്‍ മാത്രമുള്ള ഈ നിയമവും കോടതിയലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം സമഗ്രമായിരുന്നില്ല. കോടതിയലക്ഷ്യം എന്താണെന്ന്‌ നിര്‍വചിച്ചിട്ടില്ല എന്നതു പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‌കി. കീഴ്‌ക്കോടതികളെ സംബന്ധിച്ച കോടതിയലക്ഷ്യക്കുറ്റങ്ങള്‍ വിചാരണ ചെയ്‌തു ശിക്ഷ വിധിക്കുന്നതിനുള്ള അധികാരങ്ങള്‍ ഹൈക്കോടതികള്‍ക്കായിരിക്കുമെന്ന്‌ ഈ നിയമം വ്യവസ്ഥചെയ്‌തു. ഹൈക്കോടതിക്കു സമാനമായ അധികാരങ്ങളാണ്‌ ജുഡിഷ്യല്‍ കമ്മീഷണര്‍ കോടതികള്‍ക്കുമുള്ളത്‌. കോടതിയലക്ഷ്യക്കുറ്റത്തിനുള്ള ശിക്ഷയുടെ ഉയര്‍ന്ന പരിധി ഈ നിയമം വ്യവസ്ഥ ചെയ്‌തിരുന്നു. 1952-ലെ നിയമം അപര്യാപ്‌തമാണെന്നു ബോധ്യമായ വിഭൂതിഭൂഷണ്‍ ദാസ്‌ഗുപ്‌ത ഈ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ 1960 ഏ. 1-ന്‌ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. 1952-ലെ നിയമത്തിലെ അനിശ്ചിതത്വവും അവ്യക്തതയും ദൂരീകരിക്കണമെന്നും ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ ഈ നിയമത്തിന്‌ ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമാണെന്നും ഗവണ്‍മെന്റിനു ബോധ്യമായതോടെ നിലവിലുള്ള നിയമം, ശിക്ഷാക്രമം എന്നിവ പരിശോധിക്കുക, നിയമം പരിഷ്‌കരിക്കാന്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്നു നിര്‍ദേശിക്കുക, പുതിയ നിയമനിര്‍മാണത്തിനാവശ്യമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കുക എന്നീ കര്‍ത്തവ്യങ്ങളോടെ 1961 ജൂല. 29-ന്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എച്ച്‌.എന്‍.സന്യാല്‍ അധ്യക്ഷനായി ഒരു അഞ്ചംഗസമിതി നിയോഗിക്കപ്പെട്ടു. 1963 ഫെ. 28-ന്‌ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശിപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ഫലമായാണ്‌ 1968 ഫെ. 14-ന്‌ പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. 1971 ഡി. 24-ന്‌ പാസ്സാക്കപ്പെട്ട സമഗ്രമായ "കണ്ടംപ്‌റ്റ്‌ ഒഫ്‌ കോര്‍ട്ടസ്‌ ആക്‌റ്റ്‌ 1971' ആണ്‌ ഇന്നു പ്രാബല്യത്തിലിരിക്കുന്നത്‌. 24 വകുപ്പുകളുള്ള ഈ നിയമം 1952-ലെ നിയമത്തെ റദ്ദാക്കിയാണ്‌ പ്രാബല്യത്തില്‍ വന്നത്‌.

സിവില്‍ കോടതിയലക്ഷ്യം, ക്രിമിനല്‍ കോടതിയലക്ഷ്യം എന്നിവ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെന്നത്‌ ഈ നിയമത്തിന്റെ സവിശേഷതയാണ്‌.

കീഴ്‌ക്കോടതിയെ ബാധിക്കുന്ന കോടതിയലക്ഷ്യം വിചാരണ ചെയ്‌തു ശിക്ഷ വിധിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്കാണ്‌. ആറുമാസം വരെ വെറും തടവോ 2000 രൂപ വരെയുള്ള പിഴയോ രണ്ടുംകൂടിയോ ആണ്‌ ശിക്ഷയുടെ ഉയര്‍ന്ന പരിധി. കോടതിക്കു തൃപ്‌തമായ രീതിയില്‍ മാപ്പ്‌ അപേക്ഷിച്ചാല്‍ കുറ്റവാളിയെ വെറുതെ വിടും. കോടതിലക്ഷ്യം നടന്നു എന്നു ഹൈക്കോടതിക്കോ സുപ്രീം കോടതിക്കോ നേരിട്ടു ബോധ്യമായാല്‍ ആ കോടതികള്‍ നേരിട്ടു നടപടികള്‍ സ്വീകരിക്കും. അല്ലാത്തപക്ഷം അഡ്വക്കേറ്റ്‌ ജനറലോ (സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ; യൂണിയന്‍ ഭരണപ്രദേശങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ്‌ ഇതിനുവേണ്ടി നിയോഗിക്കുന്ന നിയമ ഓഫീസറോ) അദ്ദേഹത്തിന്റെ അനുമതിയോടുകൂടി മറ്റാരെങ്കിലുമോ ആണ്‌ ഇതു സംബന്ധിച്ച പരാതി സമര്‍പ്പിക്കുന്നത്‌. വിചാരണയുടെ വിവിധ ഘട്ടങ്ങള്‍, അപ്പീല്‍ വ്യവസ്ഥ, കാലഹരണത്തീയതി തുടങ്ങിയ കാര്യങ്ങളും വിശദമായി ഇതു സംബന്ധിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. കോടതിയലക്ഷ്യക്കുറ്റം ചെയ്യുന്ന ന്യായാധിപന്മാരും ശിക്ഷയ്‌ക്കു വിധേയരായേ മതിയാകൂ. എന്നാല്‍ കോടതിവിധി പ്രസ്‌താവങ്ങള്‍ അക്കാദമിക്‌ വിമര്‍ശനങ്ങള്‍ക്കും നിയമവിധേയമായ പ്രതികരണങ്ങള്‍ക്കും മാധ്യമ വിമര്‍ശനങ്ങള്‍ക്കും സാമൂഹികാവലോകനങ്ങള്‍ക്കും ഇടയാക്കുന്നതിനെ ഈ നിയമം തടയുന്നില്ല. അഭിപ്രായ പ്രകടനത്തിനും പ്രതിഷേധ പ്രകടനത്തിനുമുള്ള സ്വാതന്ത്യ്രാവകാശത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍