This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോജികി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോജികി

Kojiki

പ്രാചീന ജാപ്പനീസ്‌ പുരാണ, സാഹിത്യ, ചരിത്ര ഗ്രന്ഥം. പുരാവൃത്തങ്ങള്‍, ഐതിഹ്യങ്ങള്‍, ചരിത്രാഖ്യാനങ്ങള്‍, അര്‍ധചരിത്രാഖ്യാനങ്ങള്‍ എന്നിവയാണ്‌ കോജികിയിലെ പ്രതിപാദ്യ വിഷയങ്ങള്‍. സൂയി കോ (Sui-Ko) ചക്രവര്‍ത്തിനി (എ.ഡി. 593-628) യുടെ കാലംവരെയുള്ള സംഭവങ്ങള്‍ മൂന്നു ഖണ്ഡങ്ങളിലായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാജകൊട്ടാരത്തില്‍ ഉന്നതപദവി വഹിച്ചിരുന്ന യസുമാരൊ (Yasumaro) എന്ന ഉദ്യോഗസ്ഥന്‍, ചൈനീസ്‌ ലിപിയിലാണ്‌ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്‌.

ദേവന്മാരുടെ കാലഘട്ടത്തെ പ്രതിപാദിക്കുന്ന ഒന്നാം ഖണ്‌ഡത്തില്‍ ദേവന്മാരുടെ ആവിര്‍ഭാവം, ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടി, ജപ്പാന്‍ രാജ്യത്തിന്റെ സ്ഥാപനം, ദുര്‍ഭൂതങ്ങള്‍, ജപ്പാന്‍ ദേശീയ മതമായ ഷിന്റോ (Shinto) എന്നിവയെക്കുറിച്ചുള്ള ഇതിഹാസ കഥകളാണുള്ളത്‌. പുരാണപ്രസിദ്ധനായ ജിമ്മു (Temmu) ചക്രവര്‍ത്തിയുടെ (660 BC) പിറവിയോടുകൂടി ഈ ഖണ്‌ഡം അവസാനിക്കുന്നു. ജിമ്മുവില്‍ തുടങ്ങി ഓ-ജിന്‍ (O-jin) വരെയുള്ള കാലത്തെ സംഭവങ്ങളാണ്‌ 2-ാം ഖണ്ഡത്തില്‍. ജിമ്മു മദ്ധ്യ യമറ്റോ രാജ്യം പിടിച്ചടക്കിയതിന്റെ വിവരണം ഇതിലുണ്ട്‌. മൂന്നാം ഖണ്ഡം മുതല്‍ കഥാംശം കുറഞ്ഞ്‌ രാജകുടുംബ ചരിത്രത്തിന്‌ പ്രാധാന്യമേറുന്നു. ഈ ഖണ്ഡത്തില്‍, ഓജിനേയുടെ പുത്രനായ നിന്റോകു (Nin-Toku) ചക്രവര്‍ത്തി മുതല്‍ സൂയികോ ചക്രവര്‍ത്തിനി വരെയുള്ള കാലഘട്ടത്തിലുണ്ടായ സംഭവങ്ങളാണ്‌ പ്രതിപാദിക്കുന്നത്‌. സൂയികോയുടെ കാലത്താണ്‌ ബുദ്ധമതവും വന്‍കരയിലെ സംസ്‌കാരവും ജപ്പാനില്‍ രൂഢമൂലമായത്‌.

ഇസനാഗിദേവന്റേയും ഇസനാമി ദേവിയുടെയും ഉത്‌പത്തി, സൂര്യദേവതയായ അമതെരസും (Amatera su) സൌഹോദരന്‍ സുസനൂനോമികൊതോയും തമ്മിലുള്ള കലഹം, ജിമ്മുചക്രവര്‍ത്തിയുടെ പ്രമം, യമതോ ത കേരു എന്ന വീരപുരുഷന്റെ കഥ എന്നിവയാണ്‌ കോജികിയിലെ ചില പ്രധാനകഥകള്‍.

നഗോയയില്‍ ഷിമ്പുകുജി (Shinpukuji) എന്ന ക്ഷേത്രത്തിലാണ്‌ ഈ ഗ്രന്ഥത്തിന്റെ ഏറ്റവും പഴയ കൈയ്യെഴുത്തു പ്രതി (1371-72) സൂക്ഷിച്ചിട്ടുള്ളത്‌. ക്ഷേത്രനാമവുമായി ബന്ധപ്പെടുത്തിയാകാം ഇത്‌ "ഷിമ്പുകുജിബോണ്‍' എന്നറിയപ്പെടുന്നു.

(എന്‍. കെ. ദാമോദരന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%9C%E0%B4%BF%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍