This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊള്ളിമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊള്ളിമീന്‍

Meteoroid

ആകാശത്ത് നക്ഷത്രം പോലെ പ്രത്യക്ഷപ്പെട്ട് അതിവേഗം നീങ്ങിമറയുന്ന ഒരു പ്രകാശപ്രതിഭാസം. ബാഹ്യാകാശത്തുനിന്നു നിപതിക്കുന്ന ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷവായുവുമായുള്ള ഉരസലില്‍ ഉരുകി ബാഷ്പീഭവിച്ച് ഒരു പ്രകാശധാരയായി നിമിഷങ്ങള്‍ക്കുള്ളില്‍ മിന്നിമറയുന്ന ഈ പ്രതിഭാസം ഇംഗ്ലീഷില്‍ ഷൂട്ടിങ് സ്റ്റാര്‍ (shooting star) എന്ന പേരില്‍ അറിയപ്പെടുന്നു.

കൊള്ളിമീന്‍ ദൃശ്യം

ഉല്‍ക്കകളുടെ ഭ്രമണപഥം (orbit-കക്ഷ്യ) ദീര്‍ഘവൃത്താകാരവും (elliptic) ഭൂമിയുടേത് വര്‍ത്തുളവും (circular) ആണ്. ഈ ഭ്രമണപഥങ്ങള്‍ സന്ധിക്കുമ്പോള്‍ ഉല്‍ക്കകളുടെ പ്രവേഗം (velocity) വര്‍ധിക്കുകയും ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം നിമിത്തം പ്രസ്തുത പ്രവേഗം വീണ്ടും വര്‍ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രവൃദ്ധമായ പ്രവേഗത്തോടെ പാഞ്ഞുവരുന്ന ഉല്‍ക്കകള്‍ അന്തരീക്ഷവായുവിലെ തന്മാത്രകളുമായി കൂട്ടിമുട്ടുകയും ഈ ഘര്‍ഷണത്തില്‍ അവയുടെ ഗതികോര്‍ജം (kinetic energy) താപ, പ്രാകാശിക-അയോണീകരണ-ഊര്‍ജങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. തത്ഫലമായി ഉളവാകുന്ന ഉന്നതോഷ്മാവില്‍ ഉല്‍ക്കകളുടെ ഉപരിതലം ഉരുകി ബാഷ്പീഭവിക്കുകയും അവയ്ക്കുള്ളിലെ വാതകാണുക്കള്‍ ഉത്തേജിപ്പിക്കപ്പെട്ട് (excited) ഉത്സര്‍ജനരേഖകളായി (emission lines) പ്രകാശപ്രസരണം നടത്തുകയും ചെയ്യുന്നു. ഇതാണ് ആകാശത്ത് അതിവേഗം നീങ്ങുന്ന നക്ഷത്രംപോലെ കാണപ്പെടുന്ന കൊള്ളിമീന്‍. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഭൂരിഭാഗം ഉല്‍ക്കകളും ഇപ്രകാരം കൊള്ളിമീനുകളായി ബാഷ്പീകരിക്കുകയാണ് ചെയ്യുന്നത്. വളരെ വലിയ കുറേ ഉല്‍ക്കകള്‍ മാത്രം പൂര്‍ണമായി നശിക്കാതെ ഉല്‍ക്കാദ്രവ്യങ്ങളായി ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഭൂമിയില്‍ നിന്ന് ഏകദേശം 95 കി.മീ. ഉയരത്തിലാണ് കൊള്ളിമീനുകള്‍ അധികവും പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ അഞ്ചുമുതല്‍ പത്തുവരെ കൊള്ളിമീനുകള്‍ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാണ്. നോ. ഉല്‍ക്ക, ഉല്‍ക്കാദ്രവ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍