This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമഞ്ചസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമഞ്ചസ്

Comanches

അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു ആദിമവര്‍ഗം. ഒക്ലാഹൊമ (Oklahoma) പ്രദേശത്തിനു ചുറ്റുമാണ് ഈ ഗോത്രത്തില്‍പ്പെട്ടവര്‍ അധികം കാണപ്പെടുന്നത്. പ്രവാസികളായ ഇവര്‍ ചെറുസംഘങ്ങളായി ചുറ്റിത്തിരിയുന്നു. കൊമഞ്ചസ്സുകള്‍ ആദ്യകാലത്ത് 'പഡൗക്കാ' (Padouca) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'എപ്പോഴും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍' എന്ന അര്‍ഥമാണ് ഈ വാക്കിനുള്ളത്. അരോഗദൃഢഗാത്രരും ഇടതൂര്‍ന്ന തിളക്കമുള്ള മുടിയുള്ളവരുമാണ് ഇവര്‍. നെഞ്ചില്‍ പച്ചകുത്തുക ഇവരുടെ വിനോദമാണ്. കുതിരസവാരിയിലും അസ്ത്രപ്രയോഗത്തിലും അതിസമര്‍ഥരായ ഇവരുടെ ജനസംഖ്യ ഇപ്പോള്‍ ഇരുപതിനായിരത്തോളമേ ഉള്ളൂ. മറ്റു ഗോത്രക്കാരെപ്പോലെ ഇവരുടെയും പ്രധാന ജീവിതവൃത്തി വേട്ടയാടല്‍ തന്നെയാണ്.

കുതിരസവാരി ചെയ്യുന്ന കൊമഞ്ചസുകള്‍-ചിത്രീകരണം

സാമ്പത്തികമായ അടിത്തറയോ സ്ഥിരമായ വാസസ്ഥാനമോ ഇല്ലാതെ ലളിതമായ ജീവിതം നയിക്കുന്ന കൊമഞ്ചസ്സുകളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് കാട്ടുപോത്ത്. വേട്ടയാടിപ്പിടിക്കുന്ന കാട്ടുപോത്തിനെ ഇവര്‍ എല്ലാ രീതിയിലും ഉപയോഗപ്പെടുത്തുന്നു. പ്രധാന ഭക്ഷണപദാര്‍ഥം പോത്തിറച്ചിയാണ്. ആവനാഴി, ജീനി, വാളുറ, പരിച, കയര്‍, കപ്പ്, സ്പൂണ്‍, ബാഗ്, ഷൂസ് എന്നിവയെല്ലാം ഉണ്ടാക്കുന്നത് പോത്തിന്റെ വിവിധ ശരീരഭാഗങ്ങള്‍ ഉപയോഗിച്ചാണ്. കൂടാരത്തിന്റെ മേല്‍ക്കൂരയ്ക്കും വസ്ത്രത്തിനും പോത്തിന്റെ തുകലും ഇന്ധനത്തിന് ചാണകവും പ്രയോജനപ്പെടുത്തുന്നു. കാട്ടുപോത്തിനെക്കൂടാതെ മാന്‍, മ്ലാവ് തുടങ്ങിയ മൃഗങ്ങളെയും ഇവര്‍ വേട്ടയാടാറുണ്ട്. യോദ്ധാക്കളായ കൊമഞ്ചസ്സുകള്‍ മൃഗങ്ങളെ കൊന്ന് അവയുടെ ചുടുചോര കുടിക്കുന്നു. കടലാമ, കരയാമ എന്നിവയെയും ഭക്ഷണപദാര്‍ഥമാക്കാറുണ്ട്. കാട്ടുചെടികളും പഴവര്‍ഗങ്ങളും ഇവരുടെ ഭക്ഷണപദാര്‍ഥങ്ങളില്‍ ഉള്‍പ്പെടുന്നു.

കൊമഞ്ചസ്സുകള്‍ പാര്‍ക്കുന്നത് ആറു മീറ്ററോളം ഉയരമുള്ള കൂടാര (tipis) ങ്ങളിലാണ്. ഒരു സംഘത്തില്‍ ഒരു കുടുംബം മുതല്‍ നൂറുകണക്കിന് ആളുകള്‍ വരെ ഉണ്ടായിരിക്കും. ഇവയ്ക്കു പ്രത്യേക പേരുകളില്ല. തിരിച്ചറിയാന്‍ വേണ്ടി തേന്‍ കഴിക്കുന്നവര്‍ (wasps), എളുപ്പം കഴിക്കുന്നവര്‍, ഇറച്ചി ഭക്ഷിക്കാത്തവര്‍ എന്നിങ്ങനെയാണ് സംഘങ്ങള്‍ക്കു പേരിട്ടിരിക്കുന്നത്. ഇവരുടെ ഇടയിലും ആണ്‍വര്‍ഗത്തിനാണ് അധീശത്വം. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സ്ഥാനമില്ല. പക്ഷേ കഠിനമായ ജോലികള്‍-കൂടാരനിര്‍മാണം, തുകല്‍ ഊറയ്ക്കിടല്‍ തുടങ്ങിയവ-പലതും ചെയ്യുന്നതു സ്ത്രീകളാണ്. അമ്പും വില്ലുമുണ്ടാക്കുന്നത് പുരുഷന്മാരാണ്. ലക്ഷ്യവേധിയായി അമ്പെയ്യുന്നതില്‍ പുരുഷന്മാര്‍ക്ക് അസാമാന്യമായ സാമര്‍ഥ്യമുണ്ട്. കൂര്‍പ്പിച്ച അമ്പിന്റെ അറ്റത്ത് വിഷം പുരട്ടിയാണ് പ്രയോഗിക്കാറുള്ളത്.

ആധുനികാര്‍ഥത്തിലുള്ള ഒരു സാമൂഹികജീവിതം കൊമഞ്ചസ്സുകള്‍ക്ക് അപരിചിതമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭരണവ്യവസ്ഥയോ അതു ശരിയാക്കാന്‍ നേതാക്കന്മാരോ ഇല്ല. സംഘത്തിനുള്ളിലെ ജീവിതം സമത്വാധിഷ്ഠിതമാണ്. കുതിരകളുടെ എണ്ണം പറഞ്ഞാണ് സ്വത്ത് കണക്കാക്കുന്നത്. ഒരാള്‍ക്ക് ആയിരത്തഞ്ഞൂറ് കുതിരകള്‍ വരെ ഉണ്ടായിരുന്നുവത്രെ. സ്വത്ത് കൈമാറ്റം നടത്താറില്ല. മരിച്ച ആളിന്റെ അരുമയായ കുതിരയെ കൊല്ലുന്ന സന്ദര്‍ഭങ്ങളും ഭര്‍ത്താവിനോടൊപ്പം ഭാര്യ മരിക്കുന്ന സന്ദര്‍ഭങ്ങളും അപൂര്‍വമല്ല. കൊമഞ്ചസ്സുകളുടെ ഇടയില്‍ വ്യഭിചാരം സാധാരണമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കേണ്ടത് സ്ത്രീകളാണ്. എന്നാല്‍ കുട്ടികളുടെ ഇടയിലെ സദാചാരബോധത്തിന് അവര്‍ അമിതമായ പ്രാധാന്യം നല്‍കുന്നുണ്ട്. ഋതുവായ പെണ്‍കുട്ടികളെ അവരുടെ സഹോദരന്മാരില്‍ നിന്നുപോലും കര്‍ശനമായി അകറ്റിനിര്‍ത്തുന്നു.

കൊമഞ്ചസ് അധിവാസകേന്ദ്രങ്ങള്‍

കൊമഞ്ചസ്സുകള്‍ തികഞ്ഞ മത്സരബുദ്ധികളാണ്. കൂട്ടായി ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്. ഇവരുടെ ജീവിതത്തില്‍ അനുഷ്ഠാനങ്ങള്‍ക്കു വലിയ സ്ഥാനമില്ല. മരണാനന്തരജീവിതത്തില്‍ ഇവര്‍ വിശ്വസിക്കുന്നു; എന്നാല്‍ മരണാനന്തരകര്‍മങ്ങളില്‍ വിശ്വസിക്കുന്നില്ല; യുദ്ധത്തില്‍ മരിക്കുന്നത് വീരചരമമായി കണക്കാക്കുന്നു. കുതിരകള്‍ ഇവരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരാവശ്യമാണ്. കുതിരസവാരിയിലുള്ള കൊമഞ്ചസ്സുകളുടെ കമ്പം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പതിനേഴാം നൂറ്റാണ്ടുവരെ ശ്വാനന്മാരെയാണ് യാത്രയ്ക്കും ഭാരം ചുമക്കുന്നതിനും മറ്റും ഇവര്‍ ഉപയോഗിച്ചിരുന്നത്. കാലക്രമത്തില്‍ കുതിരകള്‍ ശ്വാനന്മാരുടെ സ്ഥാനം ഏറ്റെടുത്തു. അതുകൊണ്ടായിരിക്കണം കുതിരകള്‍ക്ക് ഇവര്‍ 'ശ്വാനദൈവം' എന്ന ഓമനപ്പേര്‍ കൂടി നല്‍കിയിരിക്കുന്നത്. നാലു വയസാകുമ്പോഴേക്കും കൊമഞ്ചസ് കുട്ടികള്‍ കുതിരസവാരിയുടെ ബാലപാഠങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കും. ആറു വയസ്സാകുമ്പോള്‍ കോപ്പണിയാത്ത കുതിരയുടെ പുറത്ത് സഞ്ചരിക്കാനുള്ള കഴിവ് കുട്ടികള്‍ ആര്‍ജിക്കുന്നു. മിന്നല്‍വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങാതെതന്നെ ഞൊടിയിടകൊണ്ട് നിലത്തു വീണു കിടക്കുന്നവരെ എടുത്തുപൊക്കുവാനുള്ള ഇവരുടെ കഴിവ് യുദ്ധക്കളത്തില്‍ വളരെയധികം പ്രയോജനകരമായിത്തീരുന്നുണ്ട്. ഏറ്റവും വേഗത്തില്‍ കുതിര ഓടിക്കാന്‍ കഴിയുന്നത് ജീവിതസാഫല്യമായി ഇവര്‍ കരുതുന്നു. കുതിരയുടെ ഒരു വശത്ത് കെട്ടി ഞാന്നു കിടന്നു കൊണ്ട് കുതിരയെ ഓടിക്കാനും ഇവര്‍ പരിശീലനം നേടാറുണ്ട്. സവാരിക്കാരന്‍ ശത്രുവിന്റെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ ഇതു സഹായകമാകും. കാട്ടുപോത്തിനെ വേട്ടയാടാനും കുതിരകളെ ഉപയോഗിക്കുക പതിവാണ്.

സ്വതേ ഇവര്‍ പരാക്രമികളാണെങ്കിലും തങ്ങളുടേതായ മണ്ഡലങ്ങളില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു ജനവര്‍ഗമാണെന്നു തന്നെ പറയാം. തനതായ ഒരു സംസ്കാരത്തിന്റെ ഉടമകളായ ഇവരുടെ ജീവിതം സാമാന്യം സന്തുലിതമാണ്. ഗോത്രവര്‍ഗമാണെങ്കില്‍ക്കൂടി വ്യക്തിബന്ധങ്ങളില്‍ ദീക്ഷിക്കുന്ന കുലീനത ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയേണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍