This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുങ്ങല്ലൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടുങ്ങല്ലൂര്‍

കേരളത്തില്‍ തൃശൂരിന് 40 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശപട്ടണം. 100 10' വ; 760 10' കി. 17.30 ച.കി.മീ. ആണ് വിസ്തീര്‍ണം. ഇവിടെയുള്ള ദേവീക്ഷേത്രത്തിലെ ഭരണിമഹോത്സവം വളരെ പ്രസിദ്ധമാണ്. തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുട വഴി കടന്നുപോകുന്ന റോഡ്, പണിക്കര്‍തുരുത്തിന് ഇരുവശവുമായി രണ്ടു പാലങ്ങള്‍ നിര്‍മിക്കപ്പെട്ടതോടെ പറവൂരിലേക്ക് മൂത്തകുന്നം വഴി നേരിട്ടുള്ള ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഇതോടെ മുമ്പ് അഴീക്കോട് നിന്ന് കടത്തുവഴി തെക്കന്‍ പ്രദേശങ്ങളുമായി ബന്ധപ്പെടേണ്ടിയിരുന്നത് ഒഴിവാക്കിയിരുന്നു. പൊന്നാനിയില്‍ നിന്ന് പൊന്നാനിത്തോടിനും ചേറ്റുവായ് പുഴയ്ക്കും കുറുകെ പാലങ്ങള്‍ നിര്‍മിക്കപ്പെട്ടതോടെ മുമ്പ് പൊന്നാനിയില്‍ അവസാനിച്ചിരുന്ന നാഷണല്‍ ഹൈവേ (എന്‍.എച്ച്. 17) ഇപ്പോള്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ വഴി കൊച്ചിയിലേക്കു നീണ്ടിട്ടുണ്ട്. കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം മുമ്പിലത്തേതുപോലെ വര്‍ധിക്കുന്നതിന് ഇപ്പോഴത്തെ ഗതാഗതസൌകര്യം കാരണമായിത്തീരാം. കൊടുങ്ങല്ലൂര്‍പ്പട്ടണം ഉള്‍ക്കൊള്ളുന്ന താലൂക്കിനും ഇതേ പേരു തന്നെയാണുള്ളത്.

ചേരമാന്‍ ജുമാമസ്ജിദ്

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. മധ്യപൂര്‍വേഷ്യയില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍, മുസ്ലിം, ജൂതമതങ്ങളെല്ലാം ഇന്ത്യയില്‍ പ്രചരിച്ചത് ഈ തുറമുഖം വഴിയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദ് ഇവിടെയാണ്. കേരളീയറോമന്‍ വാസ്തു വിദ്യയില്‍ പണിത ഈ പള്ളി പിന്നീട് ഇസ്ലാമികരീതിയില്‍ പുതുക്കിപ്പണിതു. ക്രിസ്തുശിഷ്യന്‍ തോമാശ്ളീഹ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി മാര്‍ത്തോമാ പള്ളിയും കൊടുങ്ങല്ലുരിലാണ്. മട്ടാഞ്ചേരിയിലെ ആദ്യത്തെ ജൂതപ്പള്ളിയും പുരാതനകാലത്ത് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന ഈ തുറമുഖനഗരത്തിന്റെ ഭാഗമായിരുന്നു. പതിനാലാം നൂറ്റാണ്ടിലുണ്ടായ ഒരു പ്രളയത്തിന്റെ ഫലമായി വൈപ്പിന്‍കര ദ്വീപു ഉയര്‍ന്നു വന്നുവെന്നും അതിനു ശേഷം കൊച്ചി തുറമുഖനഗരമായി വികസിച്ചതോടെ കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം കുറഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രത്തിന്റെയും പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും കടുംവര്‍ണമാര്‍ന്ന നൂലുകള്‍ കൊണ്ട് നെയ്തെടുത്തതാണ് ഇവിടുത്തെ ഭഗവതി ക്ഷേത്ത്രത്തിന്റെ ചരിത്രം. ഇത് ഇഴപിരിച്ചെടുക്കുക എളുപ്പമല്ല.

കോപാക്രാന്തയായി പാണ്ട്യരാജാവിന്റെ മഥുരാപുരി മുഴുവന്‍ നശിപ്പിച്ചു കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നു ഭക്തരെ അനുഗ്രഹിച്ച സ്ത്രീശക്തിയുടെ പ്രതീകം ചിലപ്പതികാരത്തിലെ കണ്ണകിയാണ് കൊടുങ്ങല്ലൂരമ്മയെന്നു വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പാണ്ട്യചേരരാജവംശങ്ങളുടെ ചരിത്രരേഖകളില്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്. കേരളം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഭൂവിഭാഗങ്ങളുടെ അധിപനായിരുന്ന ചേരരാജാവ് ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മിച്ചതാണ് ക്ഷേത്രമെന്നു ചരിത്രരേഖകള്‍ പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന അവസാന ചേര രാജാവ് ചേരമാന്‍ പെരുമാളിന്റെ തലസ്ഥാന നഗരിയായിരുന്നു കൊടുങ്ങല്ലൂര്‍ (അന്നത്തെ മുസിരിപ്പട്ടണം).

മഹാമാരികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഭാര്‍ഗവ രാമന്‍ കേരളത്തിന്റെ നാലതിരുകളില്‍ പണിത ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് പുരാണങ്ങളില്‍ പറയുന്നു.

നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി അറബിക്കടലാണ്. ചേരമാന്‍ പെരുമാള്‍മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍. ജൂതകൈസ്തവഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ് സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, തോമാശ്ളീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാല്‍ ഇന്ന് കൊടുങ്ങല്ലൂര്‍ പ്രശസ്തമാണ്. മുസിരിസ്, ഷിംഗ്ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂര്‍ എന്നൊക്കെയായിരുന്നു പഴയ പേരുകള്‍. കോടിലിംഗപുരം എന്നും അപരനാമമുണ്ട്. ചേരമാന്‍ ജുമാമസ്ജിദ് ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഇത് കൊടുങ്ങല്ലൂരിലാണ്.

സ്ഥലനാമം മുസിരിസ് ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം(Premium Emporium Indiae) ആണെന്നു പ്ളിനി രേഖപ്പെടുത്തിയിട്ടുണ്ട്. സംഘകാല കൃതികളില്‍ ഇതു മുചിരിപട്ടണമായും കുലശേഖരന്മാരുടെ കാലത്ത് മഹോദയപുരം എന്നും, തമിഴര്‍ മകോതൈ, മഹൊതേവര്‍ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത് എന്നു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതേസമയം കൊടുങ്ങല്ലൂര്‍ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്.

കാവ് നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂര്‍ എന്ന പേരാണ് ഇങ്ങനെയായത് എന്നും, അതല്ല, കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രനിര്‍മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയര്‍ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറിയെന്നും, കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂര്‍ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ ആയി എന്നും സാമൂതിരിയും കൊച്ചിരാജാവും തമ്മിലുണ്ടായ ഭയങ്കരമായ കൊലക്കളം എന്ന നിലയില്‍ ഈ സ്ഥലത്തിന് കൊടും കൊല്ലൂര്‍ എന്ന പേരു ലഭിച്ചതെന്നും, പ്രാചീന സമുദ്ര സഞ്ചാരികളുടെ വര്‍ഗമായ കോളുകള്‍ ഇവിടെ ധാരാളമായി കുടിയേറി പാര്‍ത്തിരുന്നതിനാല്‍ കൊടും കോളൂര്‍ കൊടുങ്ങല്ലൂര്‍ ആയി പരിണമിച്ചുവെന്നും തുടങ്ങി നിരവധിയായ വ്യാഖ്യാനങ്ങള്‍ ഉണ്ട്. എന്നാല്‍ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തില്‍ കണ്ണകിയുടെ പ്രതിഷ്ഠ നടത്താന്‍ ചേരന്‍ ചെങ്കുട്ടുവന്‍ ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയില്‍ നിന്നോ, ജൈനക്ഷേത്രങ്ങള്‍ക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കില്‍ നിന്നോ ആയിരിക്കണം (കല്ല് എന്നാല്‍ ക്ഷേത്രം ജൈന ക്ഷേത്രങ്ങളില്‍ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂര്‍ ഉണ്ടായത് എന്നും നിരവധി ശിവലിംഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നത് ലോപിച്ച് കൊടുങ്ങല്ലൂര്‍ ആയി എന്നും ചേരമാന്‍ രാജാവായിരുന്ന ചെല്വക്കൊടുംകോയുടെ പേരില്‍ കൊടുങ്കോ നല്ലൂര്‍ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂര്‍ ആയതെന്നും ചിലര്‍ വാദിക്കുന്നു.

'കൊടുംകൊലൈയൂര്‍' എന്ന തമിഴ് വാക്കില്‍ നിന്നുമാണെന്ന് കൊടുങ്ങല്ലൂര്‍ രൂപം കൊണ്ടതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്.

കൊടുങ്ങല്ലൂര്‍ ക്രിസ്ത്യന്‍ പള്ളി

പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂര്‍ ജില്ലയിലെ കരൂര്‍ ആണ് എന്നായിരുന്നു ബിഷപ്പ് കാള്‍ഡ്വലിന്റെ അഭിപ്രായം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങള്‍ വഴി തെളിഞ്ഞു. 1945-ലും 1967-ലും നടന്ന ഗവേഷണങ്ങളില്‍ നിന്ന് 12-ാം നൂറ്റാണ്ടിലെ തെളിവുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അടുത്തകാലത്ത് വടക്കന്‍ പറവൂരില്‍ നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും 1342-ലെ പെരിയാര്‍ വെള്ളപ്പൊക്കത്തില്‍ നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഢത നല്‍കുന്നു. തമിഴ് സംഘസാഹിത്യത്തിലെ മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂര്‍ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാര്‍ ഇന്ന് ഏകാഭിപ്രായത്തില്‍ എത്തിയിരിക്കുന്നു.

കേരളവുമായി റോമാക്കാരും, ഈജിപ്ഷ്യരും, യവനരും കൊല്ലവര്‍ഷാരംഭത്തിനു 1000 വര്‍ഷം മുമ്പേ തന്നെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ് അവര്‍ വാങ്ങിയിരുന്നത്. കുരുമുളകിന് യവനപ്രിയ എന്ന പേര്‍ വന്നത് അതുകൊണ്ടാണ്. വളരെ നേര്‍ത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരില്‍നിന്നും കയറ്റി അയച്ചിരുന്നു. ചേരനാടായിരുന്നു മറ്റ് തമിഴ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഫലഭൂയിഷ്ഠവും സമാധാനപൂര്‍ണവും. ആദ്യമായി മുസിരിസിനെ കുറിച്ച് പരാമര്‍ശം വരുന്നത് ക്രി.വ. 45-നോടടുത്ത് ഹിപ്പാലസ് വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ റോമാക്കാരുടെ പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000-ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവര്‍ ഇവിടെ പണിഞ്ഞു എന്ന് ടോളമിയും സൂചിപ്പിക്കുന്നുണ്ട്. പാശ്ചാത്യര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതുമായ രാജ്യമെന്ന് വാമിംഗ്ടന്‍ തന്റെ ഇന്ത്യയും റോമുമായുള്ള വാണിജ്യബന്ധം എന്ന കൃതിയില്‍ പറയുന്നു. എന്നാല്‍ അടുത്തുള്ള കോയമ്പത്തൂരില്‍ നിന്നും മറ്റും മുത്ത്, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതല്‍ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവര്‍ത്തിയുടെ കാലം വരെ വ്യാപാരങ്ങള്‍ സമൃദ്ധമായി നടന്നിരുന്നു. എന്നാല്‍ കറക്കുളയുടെ (കലിഗുള) കാലത്ത്, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങള്‍ തീരെ ഇല്ലാതാവുകയും പിന്നീട് ബൈസാന്തിയന്‍ കാലത്ത് വീണ്ടും പച്ച പിടിക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ് ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. മേല്‍ പ്പറഞ്ഞവ കൂടാതെ ആനക്കൊമ്പ്, പട്ടുതുണികള്‍, വെറ്റില, അടയ്ക്ക, ആമത്തോട് എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതില്‍ ചില ചരക്കുകള്‍ പാണ്ടിനാട്ടില്‍നിന്ന് വന്നിരുന്നവയാണ്.

കൊടുങ്ങല്ലൂരില്‍ നിന്നു കോയമ്പത്തൂരിലേക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വര്‍ത്തക ഗതാഗതച്ചാലുകള്‍ അക്കാലത്തു നിലവില്‍ നിന്നിരുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്. ഇവിടെ നിന്നും ചരക്കുകള്‍ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അഴിമുഖത്ത് മണല്‍ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി. അക്കാലത്തെ മറ്റു തുറമുഖങ്ങള്‍ നെല്‍ക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്), ബലൈത (വര്‍ക്കലയോ വിഴിഞ്ഞമോ), നൌറ (കണ്ണൂര്‍?), വാകൈ, പന്തര്‍ എന്നിവയായിരുന്നു.

ചേര രാജാക്കന്മാര്‍ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും വ്യാപാര ബന്ധങ്ങള്‍ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട് ചേര രാജാക്കന്മാരുടെ സാമന്തന്മാര്‍ കുലശേഖരന്‍ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടര്‍ന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്വര്‍ തൊട്ട് രാമവര്‍മ കുലശേഖരന്‍ വരെ പതിമൂന്നു കുലശേഖരന്മാരാണ് മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്. (ക്രി.പി.800-1102) സുന്ദരമൂര്‍ത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) തൃക്കണാമതിലകം (ഇന്ന് മതിലകം) സ്ഥിതിചെയ്യുന്നത്.

ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താന്‍ ചാവേറ്റു പടയെ സൃഷ്ടിച്ചത് അവസാനത്തെ കുലശേഖരനായിരുന്ന രാമവര്‍മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നീട് കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിക്കുകയും പില്ക്കാലത്തു വേണാട് എന്നറിയപ്പെടുകയും ചെയ്തു.

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പേതന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്. അക്കാലത്തു നിര്‍മിക്കപ്പെട്ട ചേരമാന്‍ ജുമാമസ്ജിദ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അറേബ്യയില്‍ നിന്നു വന്ന മാലിക് ഇബ് അനു ദീനാര്‍ എന്ന മുസ്ലിം സിദ്ധന്‍ പെരുമാളിന്റെ സഹായത്തോടെ നിര്‍മിച്ചതാണിത്. അദ്ദേഹം നിര്‍മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികള്‍ കൊല്ലം, കാസര്‍കോട്, ശ്രീകണ്ഠേശ്വരം, വളര്‍പട്ടണം, മടായി, ധര്‍മടം, പന്തലായിനിക്കൊല്ലം, ചാലിയം എന്നിവിടങ്ങളിലാണ്.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്

1498-ല്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ 1503-ല്‍ കൊച്ചിരാജാവിന്റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളില്‍ കോട്ടകള്‍ പണിതു. ഇതിന് നേതൃത്വം നല്‍കിയത് വാസ്കോ ദ ഗാമയായിരുന്നു. ഇത് 17-ാം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ കൈയിലായി. പിന്നീട് 1790-ല്‍ ടിപ്പു സുല്‍ത്താന്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു.

1565-ല്‍ യഹൂദന്മാര്‍ പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ കൊടുങ്ങല്ലൂര്‍ വിട്ട് കൊച്ചിയിലേക്ക് പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ് (1567) നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഉദയംപേരൂര്‍ സുന്നഹദോസ്(1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്. ഇക്കാലത്ത് ഒരു വിഭാഗം ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കാന്‍ ഈ സുന്നഹദോസിന് സാധിച്ചു.

ആരാധനാലയങ്ങള്‍. കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ലോക പ്രസിദ്ധമാണ്. സംഘകാലത്ത് നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മിച്ചത് ചേരന്‍ ചെങ്കുട്ടുവനാണ്. പത്തിനിക്കടവുള്‍ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമന്‍ അവരില്‍ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ളീലച്ചുവയുള്ള ഈ പാട്ടുകള്‍ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധജൈനസന്ന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലര്‍ കരുതുന്നു. ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുള്‍ കുരുമ്പയായിരുന്നു പ്രതിഷ്ഠ. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടെയും കാളിയുടെയും പര്യായമായത് അങ്ങനെയാണ്. അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പൃശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍