This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടിയവിരഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടിയവിരഹം

ശൃംഗാരപ്രധാനമായ ഒരു പഴയ മലയാള ചമ്പൂകാവ്യം. കോടിവിരഹം എന്ന പേരിലും ഇത് അറിയപ്പെടുന്നു. കൊല്ലവര്‍ഷം ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഴമംഗലം നമ്പൂതിരിയാണ് ഇതിന്റെ രചയിതാവ്. കൂടിയാട്ടത്തിന് പ്രതിജ്ഞാ യൗഗന്ധരായണത്തിന്റെ മൂന്നാമങ്കമായ മന്ത്രാങ്കത്തിലെ വിരഹകഥയ്ക്കു കൊഴുപ്പുകൂട്ടാനായി ചാക്യാന്മാര്‍ ചില ശ്ളോകങ്ങളും ഗദ്യവും കൂട്ടിച്ചേര്‍ത്തു പ്രയോഗിക്കുക പതിവായിരുന്നു. അക്കൂട്ടത്തിലുള്ള 'കൊടിയ വിരഹേ കാന്തയോടുള്ള സംഗം' എന്ന ഭാഗം കൊടിയവിരഹം എന്ന ഒരു ചമ്പൂകാവ്യത്തിന്റെ രചനയ്ക്കു പ്രചോദനമരുളിയതായി സാഹിത്യചരിത്രകാരന്മാര്‍ ഊഹിക്കുന്നു. ഇതിനെ അനുകരിച്ചോ ഉപജീവിച്ചോ മേല്പുത്തൂര്‍ കോടിവിരഹം എന്ന പേരില്‍ ഒരു സംസ്കൃത ചമ്പൂകാവ്യവും രചിക്കുകയുണ്ടായി. ഈ കൃതിയും ചാക്യാന്മാര്‍ കൂത്തിനും കൂടിയാട്ടത്തിനും വേണ്ടി ഉപയോഗിച്ചിരുന്നു. കൊടിയവിരഹം അടിമുടി ശൃംഗാരം നിറഞ്ഞ ഒരു മണിപ്രവാളകൃതിയാണ്. 'സംഭോഗശൃംഗാരവും വിപ്രലംഭശൃംഗാരവും ഇത്ര ചമത്കാരത്തോടുകൂടി പ്രപഞ്ചനം ചെയ്യുന്ന കൃതികള്‍ ഇതരഭാഷകളില്‍ പോലും അപൂര്‍വമാണെന്ന് കേരള സാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഥ ഇങ്ങനെയാണ് : ശൃംഗാര ചന്ദ്രിക എന്ന സുന്ദരിയും ശൃംഗാരകേതു എന്ന യുവാവും പരസ്പരം ഗുണങ്ങള്‍ കേട്ടറിഞ്ഞ് നളദമയന്തിമാരെപ്പോലെ പ്രണയബദ്ധരായി. ഒടുവില്‍ പൂരപ്പറമ്പില്‍ വച്ചു കണ്ടുമുട്ടി പ്രേമസാഫല്യമടഞ്ഞു. ഒന്നിച്ചു കഴിഞ്ഞു വരവേ അസൂയാലുക്കള്‍ ഏഷണി പറഞ്ഞ് അവരെ പിണക്കി. നായിക നായകനെ പടിക്കു പുറത്താക്കി. പിന്നീട് സത്യം മനസ്സിലാക്കിയ നായിക പശ്ചാത്താപവിവശയായി. ഇരുവരും വിയോഗദുഃഖത്തില്‍ മുങ്ങി കണ്ണീരും കൈയുമായി നാള്‍ കഴിച്ചു. ഒരു നാള്‍ ജീവിതനൈരാശ്യംമൂലം നായിക ആത്മഹത്യക്കൊരുങ്ങി. മരിക്കാനായി പിച്ചകപ്പൂമാല കഴുത്തിലിട്ടു മുറുക്കാന്‍ തുടങ്ങിയ അവള്‍ 'അടുത്ത ജന്മത്തിലും ശൃംഗാരകേതു തന്നെ എന്റെ ആത്മനാഥനാകണമെ' എന്നു വിധാതാവിനോടു പ്രാര്‍ഥിച്ചു. പ്രാര്‍ഥന കേട്ട് ഓടിയണഞ്ഞ നായകന്‍ അവളെ കരബന്ധത്തിലാക്കി. ഇതാണ് കഥാസാരം. ഇതില്‍ ശൃംഗാരവര്‍ണന എല്ലാ സീമകളെയും ലംഘിച്ചു മുന്നേറുന്നുണ്ട്. ഒരുദാഹരണം;

"പ്രതിനവശയ്യാമമിഭവനത്തില്‍ നടുവില്‍ വിതച്ചും മുക്താജാലം രേരേ ഭടഭട നാഥ വിമുഞ്ച വിമുഞ്ച, നിപീഡയ, മാരയ മാരയ, ദര്‍സയ ദര്‍ശയ സാമര്‍ത്ഥ്യം തേ പശ്യത്വം പ്രിയ സാമര്‍ത്ഥ്യം മേ ലജ്ജാമുദ്രാമിത്ഥം പോക്കിപ്പറയും ഭാഷാമധുരിമസമരം മന്മഥ വീരവെളിച്ചപ്പാടായ് പറയും ഭാഷകളറിയാമോതാന്‍ വളതള തോടകള്‍ താവടമുടഞ്ഞാണ്‍ എന്നിവ പൊട്ടിനുറുങ്ങിച്ചിതറി പൊടിധൂളിച്ചത്തന്നെത്താനറിയാതോലം കാമക്രീഡാമേളം മേളിച്ചിരുവരുമൊപ്പം പരമാനന്ദപയോനിധിമധ്യേ വീണു തളര്‍ന്നാര്‍.

ഇതിന്റെ കര്‍ത്താവ് മഴമംഗലമാണെന്ന ഉള്ളൂരിന്റെ അഭിപ്രായം കോളത്തേരി ശങ്കരമേനോനു സ്വീകാര്യമായില്ല. ഗ്രന്ഥാദിയില്‍ വലയാധീശ്വരിയെ സ്തുതിച്ചിട്ടില്ല എന്നതാണു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മേനോന്റെ അഭിപ്രായത്തില്‍ പയ്യൂര്‍ പട്ടേരിമാരില്‍ ഈ മൂരിശൃംഗാരകാവ്യം കെട്ടി വയ്ക്കുന്നത് കഷ്ടമാണെന്നാണ് മാടശ്ശേരി മാധവവാര്യര്‍ കുഞ്ചന്‍വരെ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍