This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്ങുചേരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊങ്ങുചേരന്മാര്‍

കൊങ്ങുനാട്ടിലെ ഭരണാധികാരികള്‍. തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട പ്രദേശത്തെയാണ് മുമ്പ് കൊങ്ങുനാടെന്നു വിളിച്ചിരുന്നത്. ഈ ഭൂവിഭാഗത്തില്‍ അടങ്ങിയ കരൂര്‍ ഒരുകാലത്ത് ചേരരാജാക്കന്മാരുടെ രാജധാനി ആയിരുന്നുവെന്നും അതിനെ കരൂര്‍വഞ്ചിയെന്നു വിളിച്ചിരുന്നുവെന്നും കാണുന്നു. ചേരമണ്ഡലം ദക്ഷിണസമുദ്രം വരെ വ്യാപിച്ചിരുന്നപ്പോള്‍ ചേരവംശത്തിലെ ചില ശാഖക്കാര്‍ മാന്തൈ, തൊണ്ടി തുടങ്ങിയ തീരപ്രദേശങ്ങളും തകടൂര്‍, തിരുവട്ടാര്‍ മുതലായ മലനാടുകളും ചേരചക്രവര്‍ത്തിമാരുടെ പ്രതിനിധികള്‍ എന്ന നിലയിലോ അല്ലാതെയോ വാണിരുന്നതായി സംഘകൃതികളില്‍ നിന്നു മനസ്സിലാക്കാം. കരുയൂര്‍ ഏറിയ ഒള്‍പാട് കോപ്പെരും ചേരല്‍ ഇരുമ്പൊറൈ എന്ന ചേരരാജാവ്, കൊങ്ങുരാജ്യം ആക്രമിച്ചു കൈവശപ്പെടുത്തി. അദ്ദേഹം കാവേരിയുടെ പോഷകനദിയായ അമരാവതിയുടെ തീരത്തു സ്ഥിതിചെയ്തിരുന്ന മുന്‍പറഞ്ഞ കരൂര്‍ തലസ്ഥാനമാക്കി വാണു. പെരുംചേരന്‍ കേരളം വാണ ചേരരാജാക്കന്മാരില്‍ ഒരാളെന്നാണ് ചരിത്രകാരന്മാരില്‍ പലരും പ്രസ്താവിച്ചിട്ടുള്ളത്. ചരിത്രഗവേഷകനായ കെ.ജി. ശേഷയ്യര്‍ അതിനോടു യോജിക്കുന്നില്ല. ചേരരാജാക്കന്മാരുടെ പ്രതിനിധിയായി തൊണ്ടിവാണിരുന്ന ആളായിരുന്നു ഇത് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. കൊങ്ങനാടു ഭരിച്ചിരുന്ന ചേരരാജാക്കന്മാരെ കൊങ്ങുചേരന്മാര്‍ എന്നാണു വിളിച്ചുവരുന്നത്. ഇവര്‍ എത്രകാലം വാണിരുന്നുവെന്നു നിര്‍ണയിക്കാന്‍ രേഖകള്‍ കിട്ടിയിട്ടില്ല. ക്രിസ്ത്വബ്ദത്തിനു മുമ്പു ചേരവംശത്തില്‍ നിന്നു പിരിഞ്ഞുപോയി തകടൂര്‍ (ഇന്നത്തെ ധര്‍മപുരി) തലസ്ഥാനമാക്കി വാണിരുന്ന അതിയമാന്മാരെ എഴിനികളെന്നു പറഞ്ഞിരുന്നു. ഇവര്‍ ചേരരാജാക്കന്മാരുടെ ബന്ധുക്കളായിരുന്നുവെന്നു സംഘകൃതികള്‍ വ്യക്തമാക്കുന്നു. എഴിനി, ആതന്‍ എന്നീ രണ്ടു പദങ്ങളും ചേരന്മാരുടെ പര്യായമാണ്. ചേരചക്രവര്‍ത്തിമാരുടെ ബിരുദമായ 'കുലശേഖര'പദം കൊങ്ങുചേരന്മാര്‍ ഉപയോഗിച്ചിരുന്നതായി കാണുന്നു. വീരനാരായണന്‍, ഇരവികോത മുതലായവര്‍ കൊങ്ങുനാടു വാണ ചേരന്മാരായിരുന്നുവെന്നും രേഖകളില്‍ കാണുന്നു.

എഴിനി ആതന്‍ ആയിരുന്നു പൂര്‍വചേരസാമ്രാജ്യത്തിലെ ഒന്നാമത്തെ വേണാടു രാജാവെന്നു ചരിത്രഗവേഷകനായ എസ്. ശങ്കുവയ്യര്‍ പ്രസ്താവിക്കുന്നു. സംഘകൃതിയായ പുറനാനൂറിലെ 396-ാം ഗാനം അദ്ദേഹത്തെപ്പറ്റി മാങ്കുടി കിഴാര്‍ പാടിയതാണ്. എഴിനി ആതന്റെ ആസ്ഥാനം വട്ടാര്‍ (ഇന്നത്തെ തിരുവട്ടാര്‍) ആയിരുന്നു.

കൊങ്ങുചേരന്മാരുടെ വംശജനായ വിടുകാതഴകിയ പെരുമാള്‍ എന്ന രാജാവിന്റെ പോളൂര്‍ ശാസനത്തില്‍ (ജൈനക്ഷേത്രം) ചേരരാജാവിനെ 'വഞ്ചിയര്‍ കുലപതി' എന്നു പ്രശംസിച്ചിരിക്കുന്നു. ചേരരാജാക്കന്മാരെയാണ് വഞ്ചിയര്‍ പദംകൊണ്ടു സൂചിപ്പിക്കുന്നത്. മുന്‍ പറഞ്ഞ ശാസനത്തിലെ തമിഴ്ഭാഗത്തില്‍ വഞ്ചിയര്‍ കുലപതി പദത്തെ 'കേരളഭൂഭൃത്ത്' എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. തമിഴ് ശാസനം തുടങ്ങുന്നത് 'സ്വസ്തി ശ്രീ ചേരവംശത്തു അതികൈമാന്‍ എഴിനി ചെയ്ത തരുമം' എന്നത്രേ. (വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍