This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്ങന്‍പട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊങ്ങന്‍പട

പാലക്കാടു ജില്ലയിലെ ചിറ്റൂരിലും സമീപപ്രദേശങ്ങളിലും ആണ്ടുതോറും കുംഭമാസത്തില്‍ (ഫെബ്രുവരി-മാര്‍ച്ച്) ആഘോഷിച്ചുവരുന്ന ഒരു പ്രാദേശികോത്സവം. കൊച്ചിയിലെ ഒരു രാജാവ് കൊങ്ങുദേശത്തുനിന്ന് വന്ന ഒരുകൂട്ടം അക്രമികളെ തുരത്തി ഓടിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് തദ്ദേശവാസികള്‍ ഈ ആഘോഷം നടത്തുന്നതെന്നാണ് ഐതിഹ്യം. കൊങ്ങന്മാര്‍ ആരായിരുന്നുവെന്നും അവര്‍ എപ്പോഴാണ് ഈ പ്രദേശം ആക്രമിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിവാദപരമായ പ്രശ്നങ്ങളാണ്. പാലക്കാട് ജില്ലയോട് തൊട്ടുകിടക്കുന്ന കോയമ്പത്തൂര്‍-സേലം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ കൊങ്ങനാട് അഥവാ കൊങ്ങുദേശം എന്നും അവിടെ നിവസിച്ചിരുന്ന ജനങ്ങളെ 'കൊങ്ങന്മാര്‍' അല്ലെങ്കില്‍ 'കൊങ്ങര്‍' എന്നും പ്രാചീനകാലം മുതല്ക്കുതന്നെ വിളിച്ചുപോന്നിരുന്നു. പല കാലഘട്ടങ്ങളിലായി കൊങ്ങുനാട്ടില്‍ നിന്നുമുള്ള അക്രമകാരികള്‍ മധ്യകേരളത്തിലേക്കു മുന്നേറിയിട്ടുണ്ട്. സംഘകാലത്തെ (എ.ഡി. ആദ്യത്തെ മൂന്നോ നാലോ ശതാബ്ദങ്ങള്‍) ഒരു ചേരരാജാവായിരുന്ന പാല്‍യാനൈ ചേല്‍കെഴുകുട്ടവന്റെ നേതൃത്വത്തിലുള്ള ചേരസൈന്യം കൊങ്ങനാടു മുഴുവന്‍ തന്റെ അധീനതയില്‍ കൊണ്ടുവന്നതായി പാലൈ ഗൗത ചനര്‍ എന്ന കവി പതിറ്റുപ്പത്തിലെ മൂന്നാം ഖണ്ഡത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കൊങ്ങുനാടും കേരളവും തമ്മിലുള്ള യുദ്ധങ്ങളുടെ തുടക്കം ഒരു പക്ഷേ, ഈ സംഭവത്തോടെ ആയിരിക്കാം. ഏതായാലും ഏഴുമുതല്‍ പതിമൂന്നു വരെയുള്ള ശതാബ്ദങ്ങളില്‍ ചോളര്‍, പാണ്ഡ്യര്‍, പല്ലവര്‍, പശ്ചിമചാലൂക്യന്മാര്‍, രാഷ്ട്രകൂടര്‍ മുതലായ ദക്ഷിണേന്ത്യന്‍ ശക്തികള്‍ തുടര്‍ച്ചയായി കേരളത്തെ ആക്രമിച്ചുകൊണ്ടിരുന്നു എന്നു കാണാം. മഹോദയപുരം ആസ്ഥാനമായി വാണിരുന്ന കോത (ഗോദ)രവിവര്‍മ (917-47)യുടെ കാലത്ത് പശ്ചിമചാലൂക്യരായ ഗംഗന്മാര്‍ ദക്ഷിണേന്ത്യയിലെ ഒരു പ്രബലസൈനികശക്തിയായിരുന്നു എന്നും അവര്‍ കേരളം ആക്രമിച്ചു എന്നും കാണുന്നു. ഗോദരവിവര്‍മ സമീപപ്രദേശത്തുള്ള നാടുവാഴികളുടെ സഹായത്തോടെ അവരെ തോല്പിച്ചിരിക്കാനും സാധ്യതയുണ്ട്. ഈ ഗംഗന്മാര്‍ തന്നെയായിരുന്നോ കൊങ്ങന്മാര്‍ എന്ന ചോദ്യം ഇത്തരുണത്തില്‍ സംഗതമാണ്. സി. അച്യുതമേനോന്‍, ഗോദരവിവര്‍മയെ കൊച്ചിരാജാവായും അദ്ദേഹം തോല്പിച്ച അക്രമികളെ കൊങ്ങന്മാരുമായാണ് കണക്കാക്കുന്നത്. കൊങ്ങന്മാര്‍ നടത്തിയതായി വിശ്വസിച്ചുപോരുന്ന യുദ്ധപ്രഖ്യാപനം അടങ്ങുന്ന ഒരു ഓല ഉത്സവത്തോടനുബന്ധിച്ച് ഇന്നും വായിച്ചുപോരുന്നുണ്ട്. ഇതില്‍ ഗോദവര്‍മരാജാവ് പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. കൊച്ചി രാജ്യം നിലവില്‍വരുന്നത് കുലശേഖര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം മാത്രമാണ്. അതുകൊണ്ട് പത്താം ശതാബ്ദത്തില്‍ കേരളം വാണിരുന്ന ഗോദരവിവര്‍മയെ കൊച്ചിരാജാവായി സങ്കല്പിക്കുന്നതില്‍ അല്പം അപാകതയുണ്ട്. ഇക്കാരണംകൊണ്ടുതന്നെ കൊങ്ങന്‍പടയുമായി ബന്ധപ്പെട്ടിട്ടുള്ള കൊങ്ങന്മാരുടെ ആക്രമണം പിന്നെയും കുറേ ശതാബ്ദങ്ങള്‍ പിന്നിട്ടശേഷം സംഭവിച്ചിരിക്കാനാണു സാധ്യത. ഏതു കാലഘട്ടത്തിലാണ് ഈ സംഭവം നടന്നതെന്ന് സുനിശ്ചിതമായി പറയുവാന്‍ പ്രയാസമാണ്. ഈ ഉത്സവത്തിനു വലിയ പ്രാചീനത്വം കല്പിക്കുന്നതു ശരിയായിരിക്കുകയില്ല. ഇതാരംഭിച്ചിട്ട് മൂന്നോ നാലോ ശതാബ്ദങ്ങളില്‍ക്കൂടുതല്‍ ആകാന്‍ സാധ്യതയില്ലെങ്കിലും കേരളത്തിലെ ഏക രണോത്സവം എന്ന പ്രാധാന്യം ഇതിന് കൈവന്നിട്ടുണ്ട്.

കുംഭമാസത്തിലെ ശുക്ലപക്ഷാരംഭത്തില്‍ പ്രധാനമായും ചിറ്റൂര്‍ ഭഗവതിക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. അമ്പാട്ട്, തച്ചാട്ട്, പുറയത്ത്, എഴുപത്ത് എന്നീ നാലു വീട്ടുകാരാണ് ഇതിന്റെ ചുമതലക്കാര്‍. ഇതിനും പുറമേ ഓരോ വീട്ടുകാര്‍ക്കും ഓരോ അവകാശവും 'പരിഷ' (പ്രമാണിമാര്‍) നല്കിയിട്ടുണ്ട്. ഈ ഉത്സവത്തിന്റെ ആരംഭം 'ചിലമ്പ്' എന്ന ചടങ്ങോടുകൂടിയാണ്. ഗുരുസ്ഥാനമുള്ള ശ്രീകണ്ഠത്തുവീട്ടില്‍ വച്ചാണ് ഇത് അഭ്യസിക്കുന്നത്. ശിവരാത്രി ദിവസം ഇത് ആരംഭിക്കുന്നു. സാക്ഷാല്‍ യുദ്ധമുണ്ടായത് കുംഭമാസത്തിലെ കറുത്തവാവു കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയായിരുന്നുവെന്ന വിശ്വാസംനിമിത്തം മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ ആ ദിവസം തന്നെയാണ് കൊങ്ങന്‍പട കൊണ്ടാടുന്നത്. അതിനുമുമ്പുള്ള ബുധനാഴ്ച ഒരു പ്രശ്നവിചാരമായ 'കണ്യാര്‍' എന്ന ചടങ്ങ് നിര്‍വഹിക്കേണ്ടതാണ്. ഇതിനെ തുടര്‍ന്നുവരുന്ന വെള്ളിയാഴ്ചയാണ്, യുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞുവെന്ന് എതിര്‍കക്ഷികളെ അറിയിക്കുന്ന 'കുമ്മാട്ടി'; കുമ്മാട്ടി ദിവസം സന്ധ്യാസമയത്തുള്ള എഴുന്നള്ളത്തിന് 'അരിപ്പത്തട്ട്' എന്നു പറയുന്നു. ഉത്സവത്തിലെ ഗൌരവമേറിയ ഈ എഴുന്നള്ളത്ത് പൂവ്വത്തം കാവില്‍ച്ചെന്ന് സമാപിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ചെറുവേലകള്‍ പുറപ്പെട്ട് ചമ്പത്തു വീട്ടില്‍ ചെന്നവസാനിക്കും.

കൊങ്ങന്‍പട യുദ്ധപ്രഖ്യാപനം നടത്തിയതിന്റെയും ഭയാകുലരായ ജനങ്ങള്‍ ദേവിയെ ആരാധിക്കാന്‍ തുടങ്ങിയതിന്റെയും സ്മാരകമാണ് 'ചിലമ്പ്'. സന്ധ്യയ്ക്കുമുമ്പുതന്നെ ജനങ്ങള്‍ ക്ഷേത്രപരിസരത്ത് ഒത്തുകൂടുകയും ചോളപ്പടയുമായി ഏറ്റുമുട്ടല്‍ നടന്നതായി പറയുന്ന സ്ഥലത്തേക്കു തിരിക്കുകയും ചെയ്യുന്നു. അര്‍ധരാത്രിയോടെ ഘോഷയാത്ര മടങ്ങുന്നു. യഥാര്‍ഥമായ കൊങ്ങന്‍പട അടുത്ത പ്രഭാതത്തില്‍ 101 ആചാരവെടികളോടെ ആരംഭിക്കുന്നു. രാവും പകലും ഒന്നുപോലെ ആഘോഷങ്ങള്‍ നിറഞ്ഞ അന്നത്തെ ഒരു പ്രധാനപ്പെട്ട ചടങ്ങ് കോലം ഘോഷയാത്രയാണ്. വെളിച്ചപ്പാട് മുമ്പിലും പെണ്‍കുട്ടികളുടെ വേഷം ധരിച്ച ആണ്‍കുട്ടികള്‍ അകമ്പടിയുമായി വേട്ടയ്ക്കൊരുമകന്‍ കാവില്‍ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര സന്ധ്യയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്നു. സ്ത്രീകള്‍ പുരുഷവേഷം ധരിച്ച് രണാങ്കണത്തില്‍ ശത്രുക്കളുമായി ധീരധീരം പോരാടിയ സംഭവത്തെയാണിത് സൂചിപ്പിക്കുന്നത്.

രാത്രി എട്ടുമണിയോടുകൂടി പറയവാദ്യം തുടങ്ങും. ഉടനെ നാലുവീട്ടു മേനോന്മാരും ചിറ്റേടത്തു കൂടണമെന്നാണ് ഏര്‍പ്പാട്. അവിടത്തെ കാരണവര്‍ക്കാണ് കൊങ്ങന്‍ വേഷം ധരിക്കാനുള്ള അധികാരം. 10 മണിയോടുകൂടി കുതിരപ്പുറത്ത് ആളകമ്പടിയോടെ കൊങ്ങന്‍ പുറപ്പെട്ട്, നേരെ ഭഗവതിക്ഷേത്രത്തില്‍ ചെന്ന് മൂന്നുപ്രദക്ഷിണം വച്ച് സന്നിധിയില്‍ ഇറങ്ങുന്നു. തുടര്‍ന്ന് നടയ്ക്കല്‍വച്ച് എല്ലാവരും കേള്‍ക്കത്തക്കവണ്ണം കൊങ്ങന്‍പടയുടെ യുദ്ധപ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുള്ള ഓല വായിക്കല്‍ നടക്കുന്നു. 'ഓലവായന' കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നുള്ള പുറപ്പാടായി. വാദ്യഘോഷങ്ങളോടുകൂടി, ആര്‍ത്തട്ടഹസിച്ച്, തീവെട്ടിയുമുയര്‍ത്തിപ്പിടിച്ച്, പടപ്പാട്ടു പാടിത്തിമര്‍ത്തുപോകുന്ന കാഴ്ച ഒരു പോരിനുള്ള പുറപ്പാടിന്റെ പ്രതീതിയുളവാക്കും.

'അരിപ്പത്തട്ട്' എഴുന്നള്ളത്ത് അവസാനിച്ച, ചെറുപടയാളികള്‍ താവളമടിച്ചിരുന്ന പൂവ്വത്തും കാവിനടുത്താണ് 'പടമറിച്ചല്‍'. ചിറ്റൂര്‍ സൈന്യം കൊങ്ങസൈന്യത്തെ എതിര്‍ത്തത് ഈ സ്ഥലത്തുവച്ചാണെന്ന് കരുതപ്പെടുന്നു. ഇവിടെവച്ച് കുതിരകളെ അങ്ങോട്ടുമിങ്ങോട്ടുമോടിച്ച് യുദ്ധച്ചടങ്ങുകളെല്ലാം കാണിച്ചശേഷം കൊങ്ങനും കൂട്ടരും മടങ്ങുന്നു. കൊങ്ങന്‍ പുറപ്പാടിനുള്ള വാദ്യം തപ്പട്ടയും നകാരിയുമാണ്. ഈ വാദ്യം പ്രയോഗിച്ചു പടമറിച്ചല്‍ കഴിക്കേണ്ടത് പാലത്തുള്ളി പറയന്മാരുടെ ചുമതലയാണ്.

'പടമറിച്ചല്‍' കഴിഞ്ഞാല്‍ 'തൊഴി' തുടങ്ങുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ശവങ്ങള്‍ സ്വദേശത്തേക്കുകൊണ്ടുവന്നു ദുഃഖാചരണം നടത്തുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. നാല്പതും അമ്പതും ആളുകള്‍ വട്ടമിട്ട്, ഒരാളെ ശവമായി സങ്കല്പിച്ചെടുത്ത് ചുറ്റുംനിന്ന് മാറത്തും തലയിലും തല്ലിത്തൊഴിച്ചു കരഞ്ഞുകൊണ്ട് നീങ്ങും. ഇങ്ങനെ ഒന്നിനുപിന്നിലൊന്നായി മൂന്നുനാലു 'ശവ'ങ്ങള്‍ ഉണ്ടായിരിക്കും.

'തൊഴി' അവസാനിച്ചാല്‍ വേട്ടയ്ക്കൊരുമകന്‍ കാവില്‍ തായമ്പക തുടങ്ങുന്നു. ഇതിനെത്തുടര്‍ന്നാരംഭിക്കുന്ന എഴുന്നള്ളത്ത് വെളുപ്പിന് രണ്ടുമണിയോടുകൂടി ഭഗവതീക്ഷേത്രത്തില്‍ ചെന്നുചേരുന്നു. ഈ പൊന്‍വേല കഴിഞ്ഞാല്‍ വെടിക്കെട്ടാരംഭിക്കും.

കൊങ്ങന്‍പട കഴിഞ്ഞുവരുന്ന ബുധനാഴ്ച 'മലമ'കളിയാണ്. ഇതിനിടയില്‍ ചിറ്റൂര്‍ തരകന്മാരുടെ വക പരിചമുട്ടുകളി അവതരിപ്പിക്കപ്പെടും. അടുത്ത ചൊവ്വാഴ്ച ദേവീസന്നിധിയില്‍ വച്ച് നാലു വീട്ടുകാര്‍ വരവുചെലവുകള്‍ 'പരിഷ'യെ കേള്‍പ്പിക്കുന്ന 'പള്ള്' എന്ന ചടങ്ങുനടക്കുന്നതോടുകൂടി കൊങ്ങന്‍പടച്ചടങ്ങുകള്‍ സമാപിക്കുന്നു.

ഭരിച്ചിരുന്ന രാജാധിരാജന്‍ നടത്തിയ ചിറ്റൂര്‍ ആക്രമണമാണ് കൊങ്ങന്‍പട എന്നു ചിലര്‍ പ്രസ്താവിക്കുന്നു.

പാപനാശിനിപ്പുഴ (ചിറ്റൂര്‍പ്പുഴ)യുടെ തെക്കേക്കരയിലുള്ള ഗോഷ്ഠേശ്വരമെന്ന സ്ഥലത്ത്, ആദിശങ്കരാചാര്യരുടെ ഒരു ശിഷ്യന്‍ തനിക്ക് പ്രത്യക്ഷനായ കിരാതശാസ്താവിനെ പ്രതിഷ്ഠിച്ചുവെന്നും വളരെക്കാലം കഴിഞ്ഞ് കൊങ്ങന്മാരുടെ ആക്രമണമുണ്ടായപ്പോള്‍ പ്രസ്തുത ദേവാലയത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മനുഷ്യരൂപം ധരിച്ച് കൊങ്ങന്‍പടയുമായി യുദ്ധം ചെയ്ത് അവരെ തോല്പിച്ചോടിച്ചുവെന്നും ഇതിന്റെ അനുസ്മരണമാണ് കൊങ്ങന്‍പടയുത്സവം എന്നും ഉള്ള മറ്റൊരഭിപ്രായവും പ്രചാരത്തിലുണ്ട്.

(പ്രൊഫ. എ. ശ്രീധരമേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍