This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്കണതീരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊങ്കണതീരം

ഇന്ത്യയുടെ പശ്ചിമതീരത്തോടു ചേര്‍ന്ന് വടക്ക് ഡമാന്‍ മുതല്‍ തെക്ക് ഗോവ വരെ കാണപ്പടുന്ന തീരസമതലം. ഉത്തര അക്ഷാംശം 15° ക്കും 20° 30' നും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ സമതലത്തിന്റെ കിഴക്കുഭാഗം പശ്ചിമഘട്ടമാണ്. ഈ ഭാഗങ്ങളില്‍ പശ്ചിമഘട്ടം പടിഞ്ഞാറേക്ക് കുത്തനെ ചരിഞ്ഞിറങ്ങുന്നു. 720 കി.മീ. ആണ് കൊങ്കണ തീരത്തിന്റെ ആകെ നീളം. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിലൂടെയാണ് കൊങ്കണതീരം കടന്നുപോകുന്നത്.

രത്ന പട്ടണം-വിദൂരദൃശ്യം

പുരാതന കാലം മുതല്ക്കു തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ഈ മേഖല വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ഭൂപ്രകൃതി പൊതുവേ നിമ്നോന്നതമാണ് ഭൂപ്രകൃതി. കുന്നുകളും മലനിരകളും ധാരാളമായി കാണപ്പെടുന്നു. പടിഞ്ഞാറോട്ടു ചരിഞ്ഞിറങ്ങുന്ന ഈ തീരപ്രദേശത്ത് നദീതടങ്ങളും കുറവല്ല. കിഴക്കുപടിഞ്ഞാറേ ദിശയിലുള്ള നദീതടങ്ങള്‍ക്കു സമാനമായി കാണപ്പെടുന്ന മലനിരകള്‍, ഒരു തടത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ക്ളേശകരമാക്കുന്നു. ഈ സമതലത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന് ശരാശരി 600 മീറ്ററോളം ഉയരമുണ്ട്. ഇതിന്റെ ഇരട്ടിയിലേറെ ഉയരമുള്ള ചില കൊടുമുടികളും ഈ ഭാഗത്തുണ്ട്.

കാലാവസ്ഥ താരതമ്യേന ചൂട് കൂടിയ കാലാവസ്ഥ ഇവിടത്തെ പ്രത്യേകതയാണ്. ശൈത്യകാലത്തും കുന്നുകളുടെ നെറുകയില്‍പ്പോലും താപനില 18.2°C-ല്‍ കുറയാറില്ല. ഏപ്രില്‍-മേയ് മാസങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ജൂണ്‍ ആരംഭത്തോടു കൂടി മണ്‍സൂണ്‍ കാറ്റ് വീശിത്തുടങ്ങുകയും പ്രദേശത്താകെ കനത്ത മഴ ലഭിച്ചു തുടങ്ങുകയും ചെയ്യുന്നു. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും മഴയുടെ തോത് ഉയര്‍ന്നതാണ്.

കൃഷി ഫലപുഷ്ടിയേറിയ മണ്ണാണ് ഈ സമതലത്തിലുള്ളത്. വടക്കു ഭാഗത്ത് പരക്കെ കരിമണ്ണ് കാണപ്പെടുന്നു. തെക്ക് ഭാഗങ്ങളില്‍ ലാറ്ററൈറ്റ് മണ്ണാണ് ഉള്ളത്.

കൃഷി കാര്യമായി വികസിച്ചിട്ടില്ല. ആകെ ഭൂമിയുടെ 30 ശതമാനം മാത്രമാണ് കാര്‍ഷികവിളകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. 18 ശതമാനത്തോളം ഭൂമി വനമാണ്. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷി നെല്ലാണ്. കൃഷിഭൂമിയുടെ 43 ശതമാനവും നെല്‍ക്കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നു. പയറുവര്‍ഗങ്ങള്‍, കരിമ്പ്, തെങ്ങ് എന്നിവയാണ് മറ്റു പ്രധാന കൃഷിയിനങ്ങള്‍.

ധാതുക്കളും വ്യവസായങ്ങളും ഇരുമ്പ്, ക്രോമൈറ്റ് എന്നിവയുടെ നിക്ഷേപങ്ങള്‍ തെക്ക് രത്നഗിരി ജില്ലയില്‍ ധാരാളമുള്ളതായി തെളിഞ്ഞിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ സമുദ്രജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ചെടുക്കുന്നതിനുപയുക്തമായ ഉപ്പളങ്ങള്‍ ഏറെയുണ്ട്.

ഈ മേഖലയിലെ വ്യവസായങ്ങളുടെ പുരോഗതി പ്രധാനമായും മുംബൈയെയും അതിന്റെ ഉപനഗരങ്ങളെയും കേന്ദ്രീകരിച്ചാണിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളില്‍ ഒന്നാണിത്. തുണി വ്യവസായത്തിന്റെ സിരാകേന്ദ്രമാണ് മുംബൈ. ചുറ്റുപാടുമുള്ള സമൃദ്ധമായ പരുത്തിക്കൃഷിയും മുംബൈയിലെ ഗതാഗതവാണിജ്യസൌകര്യങ്ങളുമാണ് ഇതിനു സഹായകരമായിത്തീര്‍ന്ന

ഘടകങ്ങള്‍ ആട്ടോമൊബൈല്‍ വ്യവസായം, രാസവ്യവസായം, കപ്പല്‍നിര്‍മാണം എന്നിവയാണ് മറ്റു പ്രമുഖ വ്യവസായങ്ങള്‍.

ജനങ്ങള്‍ കൊങ്കണതീരത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും മുംബൈ ജില്ലയെ അധിവസിക്കുന്നതാണ്. ഇതരഭാഗങ്ങളില്‍ ജനസാന്ദ്രത താരതമ്യേന കുറഞ്ഞിരിക്കുന്നു.

മുംബൈയാണ് ഈ മേഖലയിലെ ഏറ്റവും വലിയ നഗരം. 2001- ലെ സെന്‍സസ് പ്രകാരം ഇവിടത്തെ ജനസംഖ്യ: 24,807,357 ആണ്. വലുപ്പത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനമുള്ള മുംബൈ നഗരം ഏറ്റവും തിരക്കേറിയ ഇന്ത്യന്‍ തുറമുഖവുമാണ്. താന, കല്യാണ്‍, രത്നഗിരി എന്നിവയാണ് കൊങ്കണതീരത്തിലെ മറ്റു പ്രധാന പട്ടണങ്ങള്‍.

(ബാബു വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍