This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊക്കോകശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊക്കോകശാസ്ത്രം

പ്രസിദ്ധമായ ഒരു ദാമ്പത്യശാസ്ത്രഗ്രന്ഥം. കോകശാസ്ത്രം, മഹാകൊക്കോകശാസ്ത്രം എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഇതിന്റെ ഗ്രന്ഥകര്‍ത്താവായ കൊക്കോകന്‍ കാശ്മീര്‍ രാജസദസ്സിനെ അലങ്കരിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു. ആദ്യം പാലിഭാഷയില്‍ വിരചിതമായ ഈ കൃതി പിന്നെ സംസ്കൃതത്തിലും തുടര്‍ന്നു മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചില വൈദേശിക ഭാഷകളിലും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൊക്കോകശാസ്ത്രത്തിന് മറ്റു ദാമ്പത്യ ശാസ്ത്രങ്ങളെ അപേക്ഷിച്ചുള്ള പ്രകടമായ വ്യത്യാസം ഇത് കുടുംബാസൂത്രണ മാര്‍ഗത്തിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുന്നു എന്നതാണ്. സ്ത്രീകളെ പ്രസവയന്ത്രമാക്കുന്നതിനോട് ആചാര്യന് കഠിനമായ എതിര്‍പ്പുണ്ടായിരുന്നു. ദാമ്പത്യരസാസ്വാദനത്തിന് ഗര്‍ഭവും പ്രസവവും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും ആചാര്യന് അഭിപ്രായമുണ്ടായിരുന്നു.

കൊക്കോകശാസ്ത്രം തികച്ചും ശാസ്ത്രീയമാണെന്നു പറഞ്ഞുകൂടാ. പല ഭാഗങ്ങളിലും ഭാവനയുടെ വിളയാട്ടം ഇതില്‍ ദൃശ്യമാണ്. നവദമ്പതികള്‍ക്ക് കാമകലയെപ്പറ്റി അറിവു പകര്‍ന്നുകൊടുക്കുന്നതിന് ഈ ഗ്രന്ഥം ഉപയുക്തമാണ്.

ഈ ഗ്രന്ഥത്തില്‍ ആകെ ഇരുപത്തിമൂന്നധ്യായങ്ങളാണുള്ളത്. ഒന്നാമധ്യായം വെറും ഉപക്രമം മാത്രം. രണ്ടാമധ്യായത്തില്‍ അറുപത്തിനാലു പ്രാചീനകലകളുടെ സംക്ഷിപ്ത വിവരണം അടങ്ങിയിരിക്കുന്നു. മൂന്നാമധ്യായം- പദ്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നീ നാലു വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെപ്പറ്റി പ്രതിപാദിക്കുന്നതാണ്. അടുത്ത അധ്യായത്തില്‍ മാസഫലം, തിഥി ഫലം, നക്ഷത്രഫലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ സംഭോഗത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും വിശദമായ രീതികളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. അവസാനത്തെ അധ്യായങ്ങളില്‍ വശീകരണതന്ത്രം, പ്രസൂതി ശാസ്ത്രം, പ്രസവാനന്തര ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചാവിഷയം. വൈവാഹിക ജീവിത കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന കൃതികളുടെ കൂട്ടത്തില്‍ കൊക്കോകശാസ്ത്രത്തിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍