This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈവശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈവശം

Possession

സ്ഥാവരമോ ജംഗമമോ ആയ വസ്തുക്കളുടെ യഥാര്‍ഥ ഉടമസ്ഥാവകാശത്തിനുള്ള തെളിവിനെ സംബന്ധിച്ച നിയമസങ്കേതം.

സ്ഥാവരമോ ജംഗമമോ ആയ വസ്തുക്കളുടെ ഉടമസ്ഥാവകാശത്തിന് ഭൌതികമായിട്ടുള്ള കൈവശം കൂടിയേ തീരൂ. വസ്തുക്കളില്‍നിന്നു വേര്‍പെട്ട അവസ്ഥയിലും കൈവശം അനുഭവപ്പെടാം. ഒരു വാടകക്കാരനോ കുടിയാനോ ഒരു വസ്തുവില്‍ കുടിയേറിപ്പാര്‍ത്ത് ആ വസ്തുവിലെ അനുഭവങ്ങള്‍ എടുക്കുന്നുണ്ടാകുമെങ്കിലും അയാള്‍ക്ക് ആ വസ്തുവിനു മേല്‍ കൈവശാവകാശം ഉണ്ടായിരിക്കുകയില്ല. നിയമവ്യവസ്ഥയനുസരിച്ച് അയാള്‍ വെറും സൂക്ഷിപ്പുകാരനാണ്. വസ്തുവിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ കിലോമീറ്റര്‍ അകലെ താമസിക്കുന്ന ആള്‍ ആയിരുന്നാലും പ്രസ്തുത വസ്തു അയാളുടെ കൈവശത്തില്‍ തന്നെയായിരിക്കും.

റോമന്‍ നിയമത്തിലും ആംഗ്ലോ-അമേരിക്കന്‍ നിയമങ്ങളിലും കൈവശാവകാശത്തിന് കൂടുതല്‍ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള പ്രാഥമികമായ തെളിവാണ് കൈവശം. ഒരു വസ്തുവിന്മേല്‍ ഒരാള്‍ക്കുള്ള കൈവശം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മറ്റുള്ളവരെ എല്ലാം പ്രസ്തുത വസ്തുവില്‍നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ട് അയാളുടെ ഇഷ്ടാനുസരണം ഉപയോഗിക്കുന്ന അധികാരത്തെയാണ്. കൈവശാവകാശം പൂര്‍ത്തിയാക്കുന്നതിന് രണ്ട് ഉപാധികള്‍ ആവശ്യമാണ്: (i) വസ്തുവിനെ സ്വായത്തമാക്കുക; (ii) കൈവശം വച്ചു നിയമവിധേയമായി അനുഭവിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പെരുമാറുക. മന്ദബുദ്ധികള്‍ക്കും കുട്ടികള്‍ക്കും ഒരു വസ്തുവിനെ നിയമപരമായി കൈവശം വയ്ക്കുന്നതിന് അധികാരമില്ല. അവര്‍ക്ക് ഒരു വസ്തുവിനെ നിയമവിധേയമായി സൂക്ഷിക്കുന്നതിനോ അനുഭവിക്കുന്നതിനോ ഉള്ള അറിവില്ല എന്നാണ് നിയമസങ്കല്പം. ഒരു വസ്തു ഒരാളുടെ കൈവശത്തിലാണെന്നു പറയണമെങ്കില്‍ ആ വസ്തുവില്‍ നിന്ന് അനുഭവം എടുക്കുന്നതിനോ എടുപ്പിക്കുന്നതിനോ ഉള്ള അവകാശവും അധികാരവും അയാള്‍ക്ക് ഉണ്ടായിരിക്കണം. ഉടമസ്ഥനുവേണ്ടി ഒരു കെട്ടിടം വാടകക്കാരനോ വേലക്കാരനോ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ അവര്‍ക്ക് കൈവശാവകാശക്കാരനായ ഉടമസ്ഥനുള്ള യാതൊരു അധികാരങ്ങളും ഉണ്ടായിരിക്കുകയില്ല. മോഷ്ടിച്ചെടുത്ത വസ്തു തസ്കരന്റെ സൂക്ഷിപ്പില്‍ ആയിരിക്കാം; എന്നാല്‍ അയാള്‍ക്ക് അതിന്മേല്‍ നിയമപരമായ കൈവശവകാശമില്ല. ഒരാള്‍ക്ക് തന്റെ സ്നേഹിതന്റെ കാര്‍ കടംവാങ്ങി കുറച്ചുകാലത്തേക്ക് കൈവശത്തില്‍ വച്ച് അനുഭവിക്കാം. എന്നാല്‍ അയാള്‍ക്ക് ആ വാഹനം വില്ക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഉള്ള അവകാശമില്ല.

ഒരാള്‍ ഒരു വസ്തു മറ്റൊരാള്‍ക്കു കൈമാറുന്നതോടുകൂടി അയാളുടെ കൈവശാവകാശം ഇല്ലാതാകുന്നു. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് ഒരാള്‍ക്ക് വസ്തു തന്റെ കൈവശത്തിലാണെന്നതില്‍ കൂടുതലായ മറ്റു തെളിവുകള്‍ ഇല്ലെങ്കില്‍പ്പോലും ഇതിനുപരിയായി ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകളില്ലാത്ത ആര്‍ക്കും തന്നെ അയാളുടെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. സ്ഥാവരവസ്തുക്കളിന്മേലുള്ള തുടര്‍ച്ചയായ കൈവശം അതിന്റെ ഉടമസ്ഥാവകാശം സിദ്ധിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. തുടര്‍ച്ചയായ കൈവശത്തിന്റെ കാലദൈര്‍ഘ്യം വിവിധ രാജ്യങ്ങളില്‍ വിവിധ രീതിയിലാണ്. ഈസ്മെന്റ് നിയമം അനുസരിച്ച് ഇന്ത്യയില്‍ 20 വര്‍ഷം യാതൊരുവിധ തടസ്സവുമില്ലാതെ തുടര്‍ച്ചയായിട്ടുള്ള കൈവശക്കാരനെ ആ വസ്തുവില്‍ നിന്നും ഒഴിപ്പിക്കുവാന്‍ കഴിയുകയില്ല.

ഏതെങ്കിലും ജംഗമവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്നും മറ്റൊരാള്‍ മോഷ്ടിച്ചെടുത്തു സൂക്ഷിച്ചിരിക്കുകയാണെങ്കില്‍ പ്രസ്തുത വസ്തു വീണ്ടെടുത്ത് കൈവശപ്പെടുത്തുന്നതിന് യഥാര്‍ഥ ഉടമസ്ഥന് നിയമപരമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെ സാധൂകരിക്കുന്നതിന് പ്രസ്തുത വസ്തുക്കള്‍ ഉടമസ്ഥന്റെ കൈവശത്തിലായിരിക്കേണ്ടതുണ്ട്.

സ്ഥാവര-ജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള സിവില്‍ വ്യവഹാരങ്ങളില്‍ കൈവശസിദ്ധാന്തത്തിനു വളരെ പ്രാധാന്യമുണ്ട്. ഏതെങ്കിലും അവകാശവാദത്തിന്റെ പേരില്‍ യഥാര്‍ഥത്തിലുള്ള ഉടമസ്ഥനെതിരായിട്ട് സ്ഥാവരങ്ങളോ ജംഗമങ്ങളോ ആയ വസ്തുക്കളെ മറ്റൊരാള്‍ ദീര്‍ഘകാലമായി തടസ്സമില്ലാതെ കൈവശം വച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ 'എതിര്‍ കൈവശാവകാശസിദ്ധാന്ത'(Doctrine of Adverse Possession) ത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ തോല്പിക്കാന്‍ പാടില്ലാത്ത ഉടമസ്ഥാവകാശസ്ഥാനത്തേക്ക് എത്തിക്കുന്നതാണ്. നോ. വസ്തുകൈമാറ്റ നിയമം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%B5%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍