This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈവല്യോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈവല്യോപനിഷത്ത്

ഒരു ഉപനിഷത്ത്. ഇതില്‍ 26 സൂക്തങ്ങളും ശാന്തിപാഠവുമുണ്ട്. കഠോപനിഷത്തിലെ ശാന്തിപാഠം തന്നെയാണ് ഇതിലും കാണുന്നത്.

ആശ്വലായനമഹര്‍ഷി ബ്രഹ്മവിദ്യ അറിയുന്നതിനുവേണ്ടി ബ്രഹ്മാവിന്റെ അടുക്കല്‍ ചെന്നു. ആ വിദ്യ ഗ്രഹിക്കുവാന്‍ ശ്രദ്ധയും ഭക്തിയും ധ്യാനവും യോഗവും ആവശ്യമാകയാല്‍ ആ മാര്‍ഗം സ്വീകരിക്കുന്നതിനു ബ്രഹ്മാവ് ഉപദേശിച്ചു. ത്യാഗമാണ് പ്രധാനം. വേദാധ്യയനത്താല്‍ പരമമായ വിജ്ഞാനം നേടി, ശ്രവണമനനാദികളാല്‍ അന്തഃകരണശുദ്ധിയോടെ ബ്രഹ്മപ്രാപ്തിക്കു യത്നിക്കുന്ന യോഗിക്കു മാത്രമേ ബ്രഹ്മവിദ്യയില്‍ അധികാരമുള്ളൂ. യോഗികള്‍ സന്ന്യാസാശ്രമത്തിലിരുന്നുതന്നെ യോഗാദ്യനുഷ്ഠാനങ്ങളോടും ഏകാഗ്രതയോടും ഭക്തിത്വത്തെ മനനം ചെയ്തുകൊണ്ടു ധ്യാനത്താല്‍ ബ്രഹ്മത്തെ പ്രാപിക്കണം. ഇതല്ലാതെ മോക്ഷത്തിനു മറ്റു മാര്‍ഗമില്ല. ആ ബ്രഹ്മജ്ഞാനമുണ്ടായാല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാകും. സൃഷ്ടിസ്ഥിതി സംഹാരഹേതുവായ അദ്വയ ബ്രഹ്മം ചെറുതില്‍ ചെറുതും വലുതില്‍ വലുതുമാകുന്നു. ആ പരബ്രഹ്മത്തെ ആരും അറിയുന്നില്ല. അത് എല്ലാറ്റിനെയും അറിയുന്നു. പരമാത്മസ്വരൂപമറിഞ്ഞെങ്കിലേ അതിന്റെ സാക്ഷാത്കാരം കിട്ടുകയുള്ളൂ. ശതരുദ്രീയം പഠിക്കുന്നവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനായി പവിത്രത നേടുന്നു. അതിനാല്‍ ശതരുദ്രീയായനം ആവശ്യമാണ്. സംസാരസാഗരത്തെ കടക്കാനുള്ള അറിവ് അതിനാല്‍ മാത്രമേ ലഭിക്കൂ. ആ അറിവു ലഭിച്ചാല്‍ കൈവല്യമുക്തിയും കൈവല്യപദവും സിദ്ധിക്കും. ഇതാണ് കൈവല്യോപനിഷത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍