This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈവല്യനവനീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈവല്യനവനീതം

താണ്ഡവരായര്‍സ്വാമി എന്ന സിദ്ധന്‍ 17-ാം ശതകത്തില്‍ രചിച്ച ഒരു തമിഴ്ഗ്രന്ഥം. ഇദ്ദേഹത്തിന്റെ ജന്മദേശം തഞ്ചാവൂര്‍ ജില്ലയിലെ നന്നിലം ഗ്രാമമായിരുന്നു. സിദ്ധാന്തജ്ഞാനത്തെ പ്രതിപാദിക്കുന്ന കൈവല്യനവനീതം മോക്ഷമാകുന്ന വെണ്ണ ഭക്തന്മാര്‍ക്കു പകര്‍ന്നുനല്കുന്നതിനാല്‍ സാര്‍ഥക നാമധേയം തന്നെയാണ്. പ്രാചീന തമിഴ് സാഹിത്യത്തില്‍ ഈ വേദാന്തഗ്രന്ഥത്തിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. ആധീനമഠങ്ങളില്‍ അഭ്യസനം നടത്തുന്ന ബ്രഹ്മചാരികള്‍ ഈ ഗ്രന്ഥം പഠിച്ചുതീരുന്നതോടെ ആചാര്യസ്ഥാനത്തിന് അര്‍ഹരായിത്തീരുന്നു എന്നാണ് സങ്കല്പം. ഗ്രന്ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; പൂര്‍വഭാഗവും ഉത്തരഭാഗവും. തത്വബോധപടലം എന്നു പേരുള്ള പൂര്‍വഭാഗത്തില്‍ 107 പദ്യങ്ങളുണ്ട്. വേദാന്തചിന്തകളെ ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത് മുക്തി ലഭിക്കാനുള്ള മാര്‍ഗങ്ങളെ വിവരിച്ചിരിക്കുന്നു. ധനലോഭമില്ലാതെ ശുദ്ധമായ ഹൃദയത്തില്‍ ആത്മാവ് സ്വയം പ്രകാശിക്കുമെന്ന് ആചാര്യന്‍ ഇവിടെ സിദ്ധാന്തിച്ചിരിക്കുന്നു. ആചാര്യന്റെ അഭിപ്രായത്തില്‍ ലോകത്തിന്റെ നിലനില്പുതന്നെ ജ്ഞാനത്തിലാണ്. യഥാര്‍ഥവിജ്ഞാനം നേടിക്കഴിഞ്ഞാല്‍ ജീവനു മുക്തി ലഭിക്കുകയായി. 108 പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേഹനിവൃത്തിപടലം എന്ന ഉത്തരഭാഗം ഗുരുശിഷ്യസംവാദരൂപത്തിലുള്ളതാണ്. ശിഷ്യന്റെ സംശയങ്ങള്‍ക്കെല്ലാം ഗുരു ഇവിടെ ആധികാരികമായി ഉത്തരം നല്കിയിരിക്കുന്നു. അപരോക്ഷജ്ഞാനസാധനങ്ങളായ ശ്രവണം, മനനം, നിദിധ്യാസനം (സമാധി) എന്നിവയെപ്പറ്റിയും ജ്ഞാനം സഹജാനുഭവമായി ഭവിക്കുന്നതിനുള്ള പ്രക്രിയകളെപ്പറ്റിയും വിശദമായി ഇവിടെ ചര്‍ച്ച ചെയ്തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉപനിഷത്സാരഭൂതമായ ഒരുത്തമകൃതിയാണിത്. ഇതിന് ശങ്കുമഹാകവി രചിച്ച ഒരു സംസ്കൃതവ്യാഖ്യാനവും കടിയാങ്കുളം ശുപ്പുമേനോന്റെ ഒരു മലയാളവ്യാഖ്യാനവും ഉപലബ്ധമായിട്ടുണ്ട്. ഇതിന് എഴുത്തച്ഛന്റേതെന്നു കരുതപ്പെടുന്ന ഒരു പ്രാചീന മലയാളവിവര്‍ത്തനവുമുണ്ട്. വിവര്‍ത്തനം ശുഷ്കമാകയാല്‍ എഴുത്തച്ഛനെ ഇതിന്റെ കര്‍ത്താവായിക്കരുതാന്‍ പ്രയാസമാണെന്ന് മാടശ്ശേരി മാധവവാര്യര്‍ അഭിപ്രായപ്പെടുന്നു (കുഞ്ചന്‍ വരെ പു. 517).

ഉദാഹരണമായി ഒരു ഭാഗം താഴെ ചേര്‍ക്കുന്നു: "പരന്ന വേദാന്തമാം പാല്‍ക്കടല്‍ നിന്നുകോരി നിറച്ച ശാസ്ത്രങ്ങളാം കുടങ്ങള്‍ നിറഞ്ഞെങ്ങും പരിചില്‍ പാനം ചെയ്തുകൊള്ളുവാന്‍ വച്ചുമുന്നം പരമകൃപാലുക്കളായ ഗുരുക്കന്മാര്‍ അതിനെ കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു മധുരതരമായ കൈവല്യനവനീതം

ഈ വിവര്‍ത്തനം എഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ആരോ എഴുതിയതാകാനാണു സാധ്യത എന്ന് സാഹിത്യഗവേഷകന്മാര്‍ അഭ്യൂഹിക്കുന്നു. തിരുവല്ലം ഭാസ്കരന്‍നായര്‍ കൈവല്യനവനീതം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍