This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈലാസനാഥക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈലാസനാഥക്ഷേത്രം

ഇന്ത്യയിലെ ഒരു ഗുഹാക്ഷേത്രം. മഹാരാഷ്ട്രയിലെ ഔറംഗാബാദ് പട്ടണത്തില്‍ നിന്ന് 24 കി.മീ. അകലെ എല്ലോറ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു. ചരിത്രപ്രസിദ്ധമായ 32 എല്ലോറ ഗുഹാക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനം ഈ ക്ഷേത്രമാണ്. എല്ലോറ ഗുഹാക്ഷേത്രങ്ങളില്‍ ആദ്യത്തെ 12 എണ്ണം മഹായാന ബൗദ്ധന്മാരുടെയും 13 മുതല്‍ 29 വരെയുള്ളവ ഹിന്ദുക്കളുടെയും ബാക്കിയുള്ളവ ജൈനന്മാരുടെയുമാണ്. ഇവയില്‍ 16-ാമത്തേതും ഒരു പ്രധാന ഹൈന്ദവഗുഹാക്ഷേത്രവുമാണ് കൈലാസനാഥക്ഷേത്രം.

കൈലാസനാഥക്ഷേത്രം

രാഷ്ട്രകൂടരുടെ വംശത്തില്‍പ്പെട്ട കൃഷ്ണന്‍ കന്റെ കാലത്താണ് (1580-1600) കൈലാസനാഥക്ഷേത്രം നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പാറയുടെ മുകള്‍പ്പരപ്പില്‍ നിന്നും കീഴോട്ടു തുരന്ന് ഒറ്റപ്പാറയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിനു 94.12 മീ. നിളവും 47 മീ. വീതിയും 30.48 മീ. ഉയരവുമുണ്ട്. മനുഷ്യനിര്‍മിത ശില്പകലയുടെ ഏറ്റവും വലിയ സ്മാരകമായ ഈ ക്ഷേത്രം അനേകം മനുഷ്യരുടെ ഒരു നൂറ്റാണ്ടുകാലത്തിലധികമുള്ള കഠിനാധ്വാനത്തിന്റെ പ്രതീകം കൂടിയാണ്.

ദ്രാവിഡ ശില്പശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിന്റെ പ്രവേശനദ്വാരം കടന്ന് അങ്കണത്തില്‍ എത്തിയാല്‍ നാലമ്പലം, ഇടനാഴി, മുഖമണ്ഡപം, ഗര്‍ഭഗൃഹം എന്നിവ കാണാം. ഗര്‍ഭഗൃഹത്തിന്റെ മുകളിലുള്ള വിമാനം ശില്പവിദ്യയില്‍ ഏറ്റവും ശ്രദ്ധേയമാണ്. മുഖമണ്ഡപത്തിന്റെ താഴെ ഇടത്തും വലത്തുമായി രണ്ടു ശിലാസ്തംഭങ്ങള്‍ ഉണ്ട്. സ്തംഭങ്ങളോടു ചേര്‍ന്നു ശിലാനിര്‍മിതമായ രണ്ടു ഗജവീരന്മാര്‍ നില്‍ക്കുന്നു. ക്ഷേത്രത്തിന്റെ എല്ലാ ഭാഗവും പ്രതിമാശില്പങ്ങളാല്‍ അലങ്കൃതമാണ്. ശൈവ-വൈഷ്ണവവിഗ്രഹങ്ങളും നാഗപ്രതിമകളുമാണ് ഇവയില്‍ അധികവും.

കൈലാസനാഥസ്വാമിക്ഷേത്രം. തമിഴ്നാട്ടില്‍ കാഞ്ചീപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രം. ശിവനും വിഷ്ണുവുമാണ് ഇവിടത്തെ ആരാധനാമൂര്‍ത്തികള്‍, 7-ാം ശതകത്തില്‍ രാജസിംഹപല്ലവനാണ് (രണ്ടാം നരസിംഹന്‍) ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനു 'രാജസിംഹേശ്വരം' എന്നും പേരുണ്ട്. പല്ലവരാജാക്കന്മാരുടെ കാലത്തുള്ള പല ശില്പങ്ങളും ഈ ക്ഷേത്രനിര്‍മിതിയില്‍ കാണാം. ഗര്‍ഭഗൃഹത്തില്‍ മഹേന്ദ്രപല്ലവന്റെ കാലത്തു നിര്‍മിച്ച പതിനാറു മുഖങ്ങളോടുകൂടിയ ഒരു ശിവലിംഗമുണ്ട്. ലിംഗപ്രതിഷ്ഠയും സോമസ്കന്ദമൂര്‍ത്തിയുടെ വിഗ്രഹങ്ങളുമുള്ള ചെറിയ എട്ടു ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. ഒരു അര്‍ദ്ധനാരീശ്വരരൂപം ഇവിടെയുള്ള അപൂര്‍വശില്പങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ഈ രൂപത്തിന്റെ ഒരു ഭാഗത്ത് ശ്രീപരമേശ്വരനെയും മറുഭാഗത്ത് വീണവായിച്ചുകൊണ്ടിരിക്കുന്ന ഉമാദേവിയെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍