This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈയെഴുത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈയെഴുത്ത്

എഴുത്തുപകരണങ്ങളുടെ അങ്കനത്താല്‍ കൈകൊണ്ട് വിവരങ്ങള്‍ ഒരു പ്രതലത്തില്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം. കൈയെഴുത്ത് അച്ചടി അക്ഷരങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാവുന്നതാണ്. കൈയിലെ മാംസപേശികളുടെയും നാഡീവ്യൂഹങ്ങളുടെയും പ്രത്യേക തരത്തിലുള്ള ചലനങ്ങളുടെ ഫലമായി അക്ഷരങ്ങള്‍ രൂപപ്പെടുന്നു. ഇതിനു കൈയുടെയും കണ്ണിന്റെയും ഏകോപനവും കൈയിലെയും കൈപ്പത്തിയിലെയും നാഡീതന്തുക്കളുടെ നിയന്ത്രണവും ആവശ്യമാണ്. കൈയെഴുത്ത് ഓരോ വ്യക്തിയുടെയും രചനാരീതിയുടെ പ്രതിഫലനമായും വര്‍ത്തിക്കുന്നുണ്ട്. കൈയെഴുത്തിനെ ആസ്പദമാക്കി വ്യക്തികളെ തിരിച്ചറിയുവാനും സ്വഭാവം, വ്യക്തിത്വം, അഭിരുചി എന്നിവ മനസ്സിലാക്കാനും കഴിയുമെന്നാണ് ഇതുസംബന്ധിച്ചുള്ള ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൈയെഴുത്ത്

ടൈപ്പ്റൈറ്റര്‍ സാര്‍വത്രികമാകുന്നതുവരെയും കൈയെഴുത്തിനു വളരെക്കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. സ്കൂളില്‍ കൈയെഴുത്തിനു പ്രത്യേക പരിശീലനകോഴ്സുകളും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രാഥമിക സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കൈയെഴുത്തു വിലയിരുത്തുന്നതിനുവേണ്ടി തോണ്ടേക്, അയേഴ്സ് എന്നീ മനശ്ശാസ്ത്രജ്ഞന്മാര്‍ കൈയെഴുത്തുതോത് ഏകകങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ കൈയെഴുത്തു ചലന സംബന്ധമായി ഇവര്‍ ധാരാളം നിരീക്ഷണ പരീക്ഷണങ്ങളും നടത്തുകയുണ്ടായി. എഴുതുന്നയാള്‍ പേനയില്‍ പ്രയോഗിക്കുന്ന മര്‍ദവും പേന പേപ്പറില്‍ (പ്രതലത്തില്‍) പ്രയോഗിക്കുന്ന മര്‍ദവും നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും എഴുത്തിന്റെ വേഗത പ്രധാനമായും രേഖയെ ആശ്രയിച്ചാണിരിക്കുന്നതെന്നുമാണ് ഈ വക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണമായി ഒരു അക്ഷരം എഴുതിത്തുടങ്ങുമ്പോള്‍ വേഗത ക്രമമായി വര്‍ധിക്കുന്നു. അക്ഷരത്തിന്റെ മധ്യഭാഗത്ത് എത്തുമ്പോഴേക്കും വേഗത ഏറ്റവും കൂടുതലായിത്തീരുകയും ക്രമേണ കുറഞ്ഞു നില്ക്കുകയും ചെയ്യുന്നു. രേഖകളുടെ ദിശ, വളവ്, വലയം, വരകളുടെ സങ്കീര്‍ണത, വരകളുടെ സ്വഭാവം, അക്ഷരങ്ങളുടെ നീളം എന്നിവയും കൈയെഴുത്തു വേഗതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

കൈയെഴുത്ത്
കൈയെഴുത്ത്

നല്ല കൈയക്ഷരമുള്ളവര്‍ എഴുതുമ്പോള്‍ പലവിധത്തിലുള്ള ചലനങ്ങള്‍ ഏകോപിപ്പിക്കാറുണ്ട് എന്നാണ് കൈയെഴുത്തുമേന്മ സംബന്ധമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൈയക്ഷരം മോശമായിട്ടുള്ളവര്‍ വിരലുകളുടെ ചലനം മാത്രമേ പ്രയോജനപ്പെടുത്താറുള്ളൂ എന്നും കാണുന്നു. നല്ല കൈയെഴുത്തുകാരുടെയും മോശപ്പെട്ട കൈയെഴുത്തുകാരുടെയും രചനാരീതിയെക്കുറിച്ച് ഫ്രീമാന്‍ നടത്തിയ താരതമ്യപഠനത്തില്‍ എഴുതുന്ന കൈയുടെ സ്ഥാനം, വേഗത, കൈവിരലുകളുടെ ചലനസ്വഭാവം എന്നിവയില്‍ ഇക്കൂട്ടര്‍ തമ്മില്‍ സാരമായ വ്യത്യാസങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൈയെഴുത്തു വേഗതയും അക്ഷരത്തിന്റെ വലുപ്പവും തമ്മില്‍ വളരെ ഏറെ ബന്ധം ഉള്ളതായും ഈ പഠനങ്ങള്‍ തെളിയിക്കുന്നു.

പ്രായപൂര്‍ത്തിയായവരുടെ കൈയെഴുത്തുകള്‍ അവയുടെ പ്രത്യേക ഗുണവിശേഷത്താല്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. രണ്ടുപേരുടെ കൈയെഴുത്ത് ഒരിക്കലും സര്‍വഥാ ഒരുപോലെ ആയിരിക്കുകയില്ല. ഒരേ സ്കൂളില്‍ ഒരേ അധ്യാപകന്റെ ശിക്ഷണത്തില്‍ പഠിച്ചിട്ടുള്ളവരില്‍ പോലും ഇതു ശരിയാണെന്നു തെളിഞ്ഞിട്ടുണ്ട്.

കൈയെഴുത്തു വികാസപ്രകിയയിലെ ഒരു പ്രധാന അസാംഗത്യമായിരുന്നു മുഖക്കണ്ണാടി എഴുത്ത് (Mirror writing) അഥവാ അക്ഷരങ്ങള്‍ തിരിച്ചെഴുതി വലതുവശത്തുനിന്നും ഇടത്തോട്ടുവായിക്കുന്ന സമ്പ്രദായം. ഇത്തരം കൈയെഴുത്തുരേഖകള്‍ ഒരു മുഖക്കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിച്ഛായ സാധാരണ എഴുത്തുപോലെ തോന്നുകയും സാധാരണരീതിയില്‍ വായിക്കാന്‍ കഴിയുകയും ചെയ്യും. ഈ രീതിയിലുള്ള പരിശീലനം കൈയെഴുത്തു വികാസത്തെ ഒരു പരിധിവരെ സഹായിച്ചുവെങ്കിലും ഇതു ശരിയായ ഒരു രീതിയല്ലെന്നാണ് ശരീരശാസ്ത്രവിദഗ്ദന്മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് ഇടതുകൈയന്മാരുടെ സാധാരണ എഴുത്തായിട്ടാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മുഖക്കണ്ണാടി എഴുത്തിന്റെ ഏറ്റവും പ്രമുഖമായ വക്താവായിരുന്നു ലിയാനാര്‍ഡോ ഡാവിഞ്ചി (Leonardo Davinci). ഡാവിഞ്ചി തന്റെ ശാസ്ത്രസംബന്ധമായ പഠനരേഖകള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഈ രീതി അവലംബിച്ചിരുന്നത്.

കൈയെഴുത്തു നോക്കി ലിംഗം, പ്രായം, ബുദ്ധിശക്തി എന്നിവ മനസ്സിലാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും വിജയിച്ചിട്ടില്ല. ആല്‍ഫ്രഡ് ബീനേ എന്ന മനശ്ശാസ്ത്രജ്ഞനാണ് ഇത്തരം പഠനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ നല്‍കിയത്. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ നീളം, ഭാരം, ബുദ്ധിശക്തി എന്നിവയില്‍ സാധാരണ കണ്ടുവരാറുള്ള സാദൃശ്യം കൈയെഴുത്തില്‍ കാണുന്നില്ല എന്നും ഇതു സംബന്ധമായ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൈയെഴുത്തു തിരിച്ചറിയല്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയുടെയും കൈയെഴുത്തിന് സ്ഥിരമായ ചില പ്രത്യേകതസ്വഭാവ വൈശിഷ്ട്യങ്ങള്‍ ഉണ്ട് എന്ന നിഗമനമാണ് കൈയെഴുത്തു തിരിച്ചറിയല്‍ സമ്പ്രദായത്തിന്റെ അടിത്തറ. കൈയെഴുത്തുരേഖ, കൈയൊപ്പ് എന്നിവയെ സംബന്ധിച്ച് വ്യവഹാരങ്ങള്‍ ഉണ്ടാക്കുന്ന അവസരങ്ങളിലാണ് കൈയെഴുത്തു തിരിച്ചറിയലിന്റെ ആവശ്യം പ്രധാനമായും ഉണ്ടാകുന്നത്. ഇത്തരം വ്യവഹാരങ്ങളില്‍ കോടതികള്‍ കൈയെഴുത്തുതിരിച്ചറിയല്‍ വിദഗ്ധരുടെ സഹായംതേടുക പതിവാണ്. ചില വ്യവഹാരങ്ങളില്‍ കൈയെഴുത്തിനെപ്പറ്റിയായിരിക്കില്ല, മറിച്ച് അത് എഴുതപ്പെട്ട സാഹചര്യത്തെക്കുറിച്ചായിരിക്കും തര്‍ക്കം ഉന്നയിക്കുന്നത്. മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് എഴുതിച്ചതാണോ അതോ മറ്റുള്ളവരുടെ സമ്മര്‍ദംമൂലം എഴുതിയതാണോ എന്നീ വിഷയങ്ങളും കൈയെഴുത്തു തിരിച്ചറിയല്‍ വിദഗ്ധന്മാരുടെ പഠനവിഷയങ്ങളാണ്. എഴുതുമ്പോഴുണ്ടാകുന്ന കിടുകിടുപ്പ് (tremors) വാക്കുകള്‍ എഴുതി അവസാനിപ്പിക്കുന്ന രീതി തുടങ്ങി ഗ്രാഫോളജിയുമായി ബന്ധപ്പെട്ട പല മാര്‍ഗങ്ങളും കൈയെഴുത്തു തിരിച്ചറിയല്‍ സമ്പ്രദായത്തില്‍ പ്രയോജനപ്പെടുത്തി വരുന്നു.

കൈയെഴുത്ത്- തകഴി ശിവശങ്കരപ്പിള്ള

ഗ്രാഫോളജി കൈയക്ഷരവും വ്യക്തിത്വവും തമ്മിലുള്ള ബന്ധം വളരെ പണ്ടു മുതല്‍ക്കുതന്നെ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2-ാം ശതകത്തില്‍ ഒക്ടേവ്യസ് അഗസ്റ്റസി (Octavius Augustus) ന്റെ കൈയക്ഷരം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈയെഴുത്തും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 11-ാം ശതകത്തില്‍ ചൈനയില്‍ പഠനങ്ങള്‍ നടന്നിരുന്നതായി തെളിവുകളുണ്ട്. ഓരോ വ്യക്തിക്കും ഓരോ പ്രത്യേക കൈയെഴുത്ത് ശൈലിയുണ്ടെന്ന് 1622-ല്‍ കമിലോ ബാല്‍ഡി (Camilo Baldi) പ്രസ്താവിച്ചിരുന്നു. കൈയക്ഷരത്തെ ആസ്പദമാക്കി സ്വഭാവം,അഭിരുചി,വ്യക്തിത്വം എന്നിവ മനസ്സിലാക്കുന്നതിന് പിന്നീട് ഗ്രാഫോളജി എന്ന ശാസ്ത്രശാഖ തന്നെ രൂപം കൊണ്ടു. കൈയെഴുത്തിലെ ഓരോ ഘടകത്തെയും പ്രത്യേകം തരംതിരിച്ചാണു വ്യക്തിത്വനിര്‍ണയം നടത്തുന്നത്. അക്ഷരത്തിന്റെ വലുപ്പം, വീതി, ഉയരം, അക്ഷരങ്ങള്‍ക്കിടയിലുള്ള സ്ഥലം, അക്ഷരത്തിന്റെ വടിവ് തുടങ്ങിയ അനവധി കാര്യങ്ങള്‍ ഇതിനായി പരിഗണിക്കപ്പെടുന്നു.

കൈയെഴുത്ത്-വൈക്കം മുഹമ്മദ് ബഷീര്‍

കൈയെഴുത്തുകളുടെ മാനദണ്ഡം നിശ്ചയിക്കാന്‍ അടിസ്ഥാനപരമായ ഒരു തോത് ലഭ്യമല്ലാത്തതാണ് ഗ്രാഫോളജി അഭിമുഖീകരിക്കുന്ന ഒരു പ്രായോഗിക ബുദ്ധിമുട്ട്. ശാസ്ത്രീയമായ രീതിയില്‍ കൈയെഴുത്തിനെ വിലയിരുത്താന്‍ ക്ളാഗസ് (Clages) എന്ന പണ്ഡിതന്‍ വളരെ ഏറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൈയെഴുത്തിലെ ഓരോ പ്രത്യേകതയിലും കൈയെഴുത്ത് അപഗ്രഥനവിദഗ്ധന്മാര്‍ പ്രത്യേകാര്‍ഥങ്ങളാണ് ദര്‍ശിക്കുന്നത്. വലിയ കൈയക്ഷരം ഭാവനാശക്തിയെയും ഉത്കര്‍ഷേച്ഛയെയും കുറിക്കുമ്പോള്‍ വളരെ ചെറിയ കൈയക്ഷരം പാണ്ഡിത്യ നാട്യത്തെ സൂചിപ്പിക്കുന്നു എന്നാണ് ഗവേഷകരുടെ വാദം.

കൈയെഴുത്തുബോധനം കൈയെഴുത്തിന് ഉപോദ്ബലകമായിട്ടുള്ള കൈയുടെ ചലനസ്വഭാവവൈശിഷ്ട്യങ്ങള്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ രൂപാന്തരപ്പെടുന്നു. ശൈശവത്തില്‍ത്തന്നെ ശരിയായ കൈയെഴുത്തുബോധനം നല്കേണ്ടതിന്റെ ആവശ്യകതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ടൈപ്പ് റൈറ്റിങ്, ഉപകരണസംഗീതം തുടങ്ങിയ മറ്റു കായികവൈദഗ്ധ്യങ്ങള്‍ പഠിപ്പിക്കുന്നതുപോലെ കൈയെഴുത്തും പഠിപ്പിക്കാവുന്നതാണ്. കൈയെഴുത്തുബോധനം നടത്തുമ്പോള്‍ പ്രധാനമായും മൂന്നുകാര്യങ്ങള്‍ ശ്രദ്ധിക്കണം. (1) ഒരു അക്ഷരം അല്ലെങ്കില്‍ മാതൃക നിര്‍മിക്കുന്നതെങ്ങനെയെന്നു നിര്‍മിച്ചുകാണിച്ചുകൊടുക്കുകയും അതു വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക; (2) അത്തരം മാതൃക സ്വയം നിര്‍മിക്കാനുള്ള അവസരം കുട്ടികള്‍ക്കു നല്കുക; (3) മാതൃകകള്‍ നിര്‍മിക്കുമ്പോള്‍ അധ്യാപകന്‍ മേല്‍നോട്ടം വഹിക്കുകയും ഓരോരുത്തരുടെയും തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുന്നതിനുള്ള ശരിയായ മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്യുക. മേല്‍നോട്ടത്തിന്റെ ആവശ്യം ഏറ്റവും കൂടുതലുള്ളത് അക്ഷരങ്ങള്‍ എഴുതി പഠിച്ചുതുടങ്ങുമ്പോഴാണെങ്കിലും സ്കൂള്‍ തലത്തിലും കൈയെഴുത്തുപരിശീലനവും മേല്‍നോട്ടവും അത്യന്താപേക്ഷിതമാണ്.

മലയാണ്മ
കൈയെഴുത്ത് 17-ാം ശതകത്തിലെ കൈയെഴുത്ത് മാതൃക (ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്‍ഡിക്കസ്)

മലയാളം കൈയെഴുത്ത് കൈയെഴുത്തിനും അച്ചടിയെഴുത്തിനും പാശ്ചാത്യഭാഷകളില്‍ വ്യത്യാസം കാണുന്നു. മലയാളത്തെ സംബന്ധിച്ചിടത്തോളം അവ തമ്മില്‍ പറയത്തക്ക ഭേദമില്ല. മലയാളത്തിന്റെ അക്ഷരവടിവ് തമിഴിന്റേതുപോലെ ആരംഭവും അവസാനവും ചതുരമായിട്ടാണ് കാണുന്നത്. അതിനെ നാട്ടാശാന്മാര്‍ ഗജവടിവ് എന്നു പറഞ്ഞിരുന്നു. പണ്ടത്തെ താളിയോലഗ്രന്ഥങ്ങളിലും കച്ചേരികളിലെ പഴയ കണക്കോലകളിലും ഈ രീതി ലഭ്യമാണ്. മുന്‍ തെക്കന്‍തിരുവിതാംകൂറിലെ വയോവൃദ്ധന്മാരുടെ കൈപ്പട ഇപ്രകാരം തന്നെ തമിഴ് വടിവാണ്. കേരളവര്‍മവലിയകോയിത്തമ്പുരാന്റെ കൈയക്ഷരം ഉദാഹരണമായിപ്പറയാം. ഇപ്പോള്‍ നടപ്പുള്ളത് 'വഴുതിനക്കുരുവടിവ്' എന്നു പഴയ എഴുത്തച്ഛന്മാര്‍ പറഞ്ഞിരുന്ന രീതിയാണ്. അതു വടക്കന്‍ വടിവാണ്. തമിഴ് വടിവ് തോവാളവഴി മുന്‍തെക്കന്‍ തിരുവിതാംകൂറിലെത്തി. വഴുതിനക്കുരുവടിവാകട്ടെ മംഗലാപുരം കടന്നു മുന്‍മലബാറില്‍ക്കൂടി കേരളത്തില്‍ വന്ന കര്‍ണാടക രീതിയാണ്. നൂറ്റിയമ്പത് കൊല്ലം മുമ്പുവരെ ഇതിനു മലയാളത്തില്‍ വലിയ പ്രചാരം വന്നിരുന്നില്ല. എഴുത്താണിക്കും താളിയോലയ്ക്കും പ്രചാരം കുറഞ്ഞതോടുകൂടി കടലാസിനു പ്രധാന്യം വന്നു. കര്‍ണാടകമാതൃകയിലുള്ള ഉരുണ്ട വടിവിനു പ്രചാരം അധികമായി. പനയോലയില്‍ നാരായം ശക്തിയായി അമര്‍ത്തി എഴുതുന്നതിനെക്കാള്‍ എത്രയോ എളുപ്പമാണല്ലോ കടലാസില്‍ പേന കൊണ്ടെഴുതുന്നത്. അതോടൊപ്പം തമിഴ് മാതൃകയിലെ ഗജവടിവു പോയി കര്‍ണാടക രൂപത്തിലുള്ള വഴുതിനക്കുരുവടിവു പ്രചരിച്ചു. അച്ചുകൂടങ്ങളുടെ വര്‍ധനയും അതിനു സഹായമായി. ആദ്യം തിരുവനന്തപുരത്തു നിന്ന് അച്ചടിച്ചുവന്ന സര്‍ക്കാര്‍ പഞ്ചാംഗവും മറ്റും ചതുരവടിവിലുള്ള അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതുന്നത് ചങ്ങലവടിവ് ആണ്. പരിചയമില്ലാത്തവര്‍ ഇതു വായിക്കുവാന്‍ വിഷമിക്കും. ഇംഗ്ളീഷിന്റെ സാഹചര്യം ഈ രീതി വളരാന്‍ സഹായിച്ചിട്ടുണ്ട്. ചിലന്തി വടിവ് അഥവാ മാര്‍ജാരവടിവ് എന്നും ഇതിനെ വിളിക്കാം.

കൊല്ലവര്‍ഷം 994-ാമാണ്ട് വരെ സക്കാര്‍ ഭരണവകുപ്പുകളിലെ മലയാളം എഴുത്തുകുത്തുകള്‍ 'മലയാം തമിഴ്' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു തരം മിശ്രലിപിയിലാണ് നടത്തിയിരുന്നത്. ആധുനിക മലയാള ലിപിയില്‍ എഴുത്തുകുത്തുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തത് സ്വാതിതിരുനാള്‍ രാജാവായിരുന്നു.

(വി.ആര്‍.പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍