This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈമോഗ്രാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈമോഗ്രാഫ്

Kymograph

ശരീരത്തിലെ പേശികളുടെ സങ്കോചവികാസങ്ങള്‍ പഠിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. 'കൈമ' (തരംഗം), 'ഗ്രാഫീന്‍ ' (എഴുതുക) എന്നീ ഗ്രീക് പദങ്ങളില്‍ നിന്നാണ് കൈമോഗ്രാഫ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്. കൈമോഗ്രാഫുമായി ബന്ധിപ്പിക്കുന്ന ശരീരപേശിയുടെ സങ്കോചവികാസങ്ങള്‍ അത് ഗ്രാഫ് (കൈമോഗ്രാം) രൂപത്തില്‍ രേഖപ്പെടുത്തുന്നു.

പേശീപ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും മൗലികവും ലളിതവുമായ ഉപകരണമാണിത്. 1901-ല്‍ ഡബ്ള്യു. ടി. പോര്‍ട്ടര്‍ ആണ് ഇതു സംവിധാനം ചെയ്തത്.

കൈമോഗ്രാഫ്

വളരെ സാവധാനത്തില്‍ നിയന്ത്രിതമായി ചുറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തുളമായ ഒരു ഉപകരണമാണിത്. ഇതിന്റെ പുറത്ത് ഒരു പ്രത്യേകതരം കടലാസ് (കരി പിടിപ്പിച്ചത്) ചുറ്റിയിരിക്കും. ഈ കടലാസിനെ കഷ്ടിച്ചു തൊട്ടിരിക്കത്തക്കവണ്ണം ഗ്രാഫ് രേഖപ്പെടുത്തുന്ന ഉപകരണം ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണത്തെ പരീക്ഷണവിധേയമായ ശരീരപേശിയുമായി ബന്ധിപ്പിക്കുന്നു. ഇലക്ട്രോഡുകളോ മറ്റ് ഉത്തേജനകാരികളോ ഉപയോഗിച്ച് പേശിയില്‍ സങ്കോചവികാസം വരുത്തുമ്പോള്‍ അവയ്ക്കനുസരണമായി വര്‍ത്തുളമായ ഉപകരണത്തിന്റെ പുറത്തുള്ള കടലാസില്‍ ഗ്രാഫുകള്‍ പതിയുന്നു. ഈ ഗ്രാഫില്‍ നിന്ന് പേശിയുടെ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതാണ് കൈമോഗ്രാഫിന്റെ പ്രവര്‍ത്തനതത്ത്വം.

ജന്തുശരീരങ്ങളില്‍ ചില മരുന്നുകളുടെ പ്രഭാവം എങ്ങനെയെന്നു പഠിക്കാനാണ് കൈമോഗ്രാഫ് ഏറ്റവും അധികമായി ഉപയോഗിച്ചുവരുന്നത്. ഹൃദയപേശികള്‍, മൂത്രാശയപേശികള്‍, കുടലിലെ പേശികള്‍, ഗര്‍ഭാശയപേശികള്‍ തുടങ്ങിയവ ജന്തുശരീരത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത് കൈമോഗ്രാഫുമായി ബന്ധിപ്പിച്ചാണ് മിക്കപ്പോഴും പഠനം നടത്തുന്നത്.

മനുഷ്യശരീരപഠനങ്ങളില്‍ കൈമോഗ്രാഫിന്റെ പ്രവര്‍ത്തനം ഇതേ രീതിയില്‍ വ്യാപകമായിട്ടില്ല. ശരീരകലകള്‍ പുറത്തെടുക്കുന്നതിനുള്ള പ്രയാസങ്ങളും സാങ്കേതികമായ അപര്യാപ്തതകളും ഇതിനു കാരണമാണ്. എന്നാല്‍ കൈമോഗ്രാഫിന്റെ കൂടി പ്രവൃത്തികള്‍ ചെയ്യുന്ന ഇലക്ടോണിക് സിസ്റ്റങ്ങള്‍ മനുഷ്യശരീരപഠനത്തിന് ഉപയോഗിച്ചുവരുന്നു. ഫിസിയോഗ്രാഫ്, പോളിഗ്രാഫ്, ബയോഗ്രാഫ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പേശികളുടെ സങ്കോചവികാസങ്ങള്‍ രേഖപ്പെടുത്തുക എന്നതിനപ്പുറം മറ്റു ചില പ്രായോഗികമായ ഉപയോഗങ്ങളും കൈമോഗ്രാഫിനുണ്ട്. ആര്‍ട്ടറികളിലെ രക്തസമ്മര്‍ദം, ആമാശയസങ്കോചവികാസങ്ങള്‍, ശ്വസനരീതി, ശരീരത്തില്‍ മരുന്നുകള്‍ക്കുള്ള പ്രഭാവങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങളിലെ ഒരു ഭാഗം എന്ന നിലയിലും കൈമോഗ്രാഫുകളെ ഉപയോഗിക്കുന്നുണ്ട്.

(ചുനക്കര ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍