This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈമുക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈമുക്ക്

പ്രാചീനകേരളത്തില്‍ നിലവിലിരുന്ന ഒരു സത്യപരീക്ഷാരീതി. യാജ്ഞവല്ക്യസ്മൃതിയില്‍ അപരാധാരോപണത്തിനു വിധേയരാകുന്ന പ്രതികളുടെ സത്യാവസ്ഥ ഗ്രഹിക്കുവാന്‍ ലൗകികോപായങ്ങള്‍ ലഭ്യമാകാതെ വരുമ്പോള്‍ ദിവ്യപരീക്ഷയെ അവലംബിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. തുലാദികളാണ് ദിവ്യപരീക്ഷകള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഛാന്ദോഗ്യോപനിഷത്തിലെ ആറാം അധ്യായത്തില്‍ ചൌര്യാപരാധം പരീക്ഷിക്കുന്നതിനു തപ്തപരശു (ചുട്ടുപഴുപ്പിച്ചമഴു) ഗ്രഹണത്തെ ഉപായമായി നിര്‍ദേശിച്ചുകാണുന്നു. വേദകാലം മുതല്‍ തന്നെ ഇത്തരം പരീക്ഷകള്‍ നിലവിലിരുന്നുവെന്നു പുരാണേതിഹാസാദികളില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.

കണ്ണൂരിലെ പണ്ടകശാലയുടെ മേല്‍നോട്ടം വഹിച്ചിരുന്ന ദുവാര്‍ത്തേ ബര്‍ബോസ 16-ാം ശതകത്തില്‍ കോഴിക്കോട്ടു നടപ്പിലിരുന്ന കൈമുക്കു പരീക്ഷാരീതിയെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഭരണാധികാരിയും ന്യായാധിപനുമായ തലച്ചെന്നോര്‍ മോഷണക്കുറ്റത്തിനു പിടികൂടിയ പ്രതിയെ ഇത്തരം സത്യപരീക്ഷയ്ക്കു വിധേയനാക്കിയതായി രേഖകളില്‍ നിന്നു മനസ്സിലാക്കാം. ലൗകികമായ ഉപായങ്ങള്‍കൊണ്ട് മോഷണത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രതിയെ തടവില്‍ പാര്‍പ്പിച്ചു. പ്രതി കുറ്റക്കാരന്‍ തന്നെയാണെന്നു വാദി ശഠിക്കുകയാല്‍ 'കൈമുക്കു' വഴി സത്യം പരീക്ഷിക്കുവാന്‍ ന്യായാധിപന്‍ ഉത്തരവിട്ടതായി കാണുന്നു.

സത്യപരീക്ഷയുടെ തലേദിവസം പ്രതി ഉപവസിച്ചു വ്രതനിഷ്ഠയോടെ ഈശ്വരധ്യാനത്തില്‍ കഴിയണമെന്ന് ന്യായാധിപന്‍ അറിയിക്കുന്നു. സത്യപരീക്ഷാദിവസം രാവിലെ പ്രതിയെ കുളിപ്പിച്ചു സത്യപരീക്ഷാരംഗമായ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നു. ഗുമസ്തന്മാര്‍ പ്രതിയുടെ വിരലുകള്‍ പരിശോധിക്കുന്നു. ഈശ്വരവന്ദനത്തിനുശേഷം 'എന്നില്‍ ആരോപിതമായ അപരാധം ഞാന്‍ ചെയ്തിട്ടില്ല' എന്നും മൂന്നു പ്രാവശ്യം പ്രതിയെക്കൊണ്ട് സത്യം ചെയ്യിക്കുന്നു. തുടര്‍ന്ന് പ്രതി ചെമ്പു പാത്രത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയില്‍ തന്റെ രണ്ടു വിരലുകളും മുക്കുകയും ന്യായാധിപന്‍ മുക്കിയെടുത്ത വിരലുകള്‍ പരിശോധിക്കുകയും ചെയ്തതിനുശേഷം തുണിക്കഷണംകൊണ്ട് വിരലുകളെ മൂടിക്കെട്ടി പ്രതിയെ വീണ്ടും തടവില്‍ പാര്‍പ്പിക്കുന്നു. മൂന്നുദിവസം കഴിഞ്ഞ് പ്രതിയെ ന്യായാധിപന്റെ മുമ്പില്‍ ഹാജരാക്കുന്നു. തുണിക്കെട്ടഴിച്ചു പരിശോധിക്കുമ്പോള്‍ വിരലുകള്‍ പൊള്ളിയിട്ടുണ്ടെങ്കില്‍ പ്രതി കുറ്റക്കാരനാണെന്നു വിധിക്കുന്നു. അല്ലെങ്കില്‍ വെറുതേ വിടുകയും ആരോപണമുന്നയിച്ച വാദിയെ ശിക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് കൈമുക്കു സത്യപരീക്ഷ. ഉയര്‍ന്ന ജാതിക്കാരുടെ സത്യപരീക്ഷയില്‍ എണ്ണയ്ക്കുപകരം നെയ്യാണ് തിളപ്പിക്കുന്നത്.

തൂക്കപ്പരീക്ഷ, അഗ്നിപരീക്ഷ, ജലപരീക്ഷ, വിഷപരീക്ഷ എന്നീ സത്യപരീക്ഷകളാണ് യഥാക്രമം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരുടെ സത്യനിര്‍ണയത്തിനു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ആര്‍ക്കും ഏതു പരീക്ഷയും സ്വീകരിക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. കൊച്ചിയിലും ഇത്തരം സത്യപരീക്ഷകള്‍ നടത്തിയിരുന്നുവെന്ന് കൊച്ചി-രാജ്യചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു.

വേണാട്ടിലെ 'ശുചീന്ദ്രം കൈമുക്കു' പരീക്ഷ പ്രസിദ്ധമാണ്. 14-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ രചിച്ച കോകസന്ദേശത്തിലും ശുചീന്ദ്രം കൈമുക്കുപരീക്ഷയെ പരാമര്‍ശിച്ചിട്ടുണ്ട്. ലക്ഷ്മീദാസന്റെ ശുകസന്ദേശത്തില്‍ 'ആലക്ഷ്യന്തേ ഭൂവി തനു ഭൃതാമാത്മഹസ്തേ ഫലാനി' (ഭൂമിയില്‍ മനുഷ്യരുടെ കരത്തില്‍ കര്‍മഫലങ്ങള്‍ കാണപ്പെടുന്നു) എന്ന് ഈ പരീക്ഷാസമ്പ്രദായം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ വിവാദങ്ങളിലും ഇത്തരം സത്യപരീക്ഷ ക്ഷേത്രങ്ങളില്‍ നടത്തിയിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. സ്വാതിതിരുന്നാള്‍ കൊ.വ. 1020-ാമാണ്ടില്‍ കൈമുക്കു പരീക്ഷ നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍