This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈമള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈമള്‍

നായന്മാരിലെ അഭിജാത വിഭാഗക്കാരായ കിരിയത്തില്‍ നായന്മാരില്‍പ്പെട്ട ഒരു ഉപവിഭാഗത്തിന്റെ സ്ഥാനപ്പേര്. കുറുപ്പ്, കര്‍ത്താ, പണിക്കര്‍, മേനോന്‍ എന്നിവയാണ് മറ്റു ഉപവിഭാഗങ്ങളുടെ സ്ഥാനമാനങ്ങള്‍. ജാതിനിര്‍ണയം എന്ന ഗ്രന്ഥത്തില്‍ നായന്മാര്‍ക്കു പതിനെട്ടു ഉപവിഭാഗങ്ങള്‍ കല്പിച്ചിരിക്കുന്നു. അവാന്തരവിഭാഗങ്ങളെല്ലാം ചേര്‍ത്ത് നൂറ്റിമുപ്പതില്‍പ്പരം നായന്മാരെപ്പറ്റി ട്രാവന്‍കൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലബാര്‍ സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ഈ സംഖ്യ നൂറ്റിമുപ്പത്തെട്ട് ആണ്. വിഭാഗങ്ങളെക്കുറിച്ച് ഗവേഷകരുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. കിരിയത്തില്‍, ഇല്ലത്തില്‍, സ്വരൂപത്തില്‍, മണിഗ്രാമം, പാദമംഗലം, പണ്ടാരി, ഓടത്ത്, വട്ടെക്കാട്ടു, കലംകോട്ടി, ചെമ്പുകോട്ടി, ചാലിയന്‍, ഇടച്ചേരി, വെളുത്തേടന്‍, വിളക്കിത്തല, അഷ്ടിക്കുറിച്ചി, പള്ളിച്ചന്‍, മേനോക്കി, പട്ടാലമേനോന്‍, മടവന്‍ അഥവാ പുലിയതു എന്നിവ നായന്മാരുടെ മുഖ്യ വിഭാഗങ്ങളായി കണക്കാക്കപ്പെടുന്നു.

അധികാരം സൂചിപ്പിക്കുന്ന 'കൈ' എന്ന സംജ്ഞയില്‍ നിന്നാണ് 'കൈമ' പദത്തിന്റെ നിഷ്പത്തി. പരമ്പരാഗതമായി കൊച്ചിയിലെയും മലബാറിലെയും പടനായകന്മാരായിരുന്നു കൈമള്‍മാര്‍. പോര്‍ച്ചുഗീസ് സഞ്ചാരികളായ ബര്‍ബോസ, കാസ്റ്റന്‍ ഹെദ എന്നിവരുടെ വിവരണങ്ങളില്‍, ഒരു സാമുതിരിയുടെ മരണത്തിനും അനന്തരാവകാശിയുടെ സ്ഥാനാരോഹണത്തിനും ഇടയ്ക്കുള്ള കാലം രാജ്യഭരണം നടത്തുവാന്‍ കൈമള്‍മാരെ ചുമതലപ്പെടുത്തിയിരുന്നതായി കാണുന്നുണ്ട്. ഇവരില്‍ ചിലര്‍ ദേശവാഴികളോ നാടുവാഴികളോ ആയിരുന്നു. ഒരു കാലത്ത് രാജകീയ ഖജനാവിന്റെ സൂക്ഷിപ്പുകാര്‍ എന്ന ശ്രേഷ്ഠമായ പദവിയും കൈമള്‍മാര്‍ക്കു ലഭിച്ചിരുന്നു. ഖജനാവിന്മേല്‍ കൈമള്‍ മുഖേനയല്ലാതെ രാജാവിന് നേരിട്ടു അധികാരമില്ലായിരുന്നു. സൂക്ഷിപ്പുകാരനായ കൈമളുടെ അസാന്നിധ്യത്തില്‍ ഖജനാവു സന്ദര്‍ശിക്കാന്‍ പോലും രാജാവ് ഒരുമ്പെട്ടിരുന്നില്ല.

നമ്പൂതിരിമാരുടെ സംഘക്കളിയിലെ കണ്ടപ്പനും സാമന്തന്‍ നമ്പ്യാരില്‍ ചിലരുടെ സ്ഥാനത്തിനും കയ്മള്‍ (കന്മള്‍ എന്നു രൂപഭേദം) എന്ന പേരു പറഞ്ഞുവന്നിരുന്നു. ഇരിങ്ങാലക്കുട ദേവസ്വത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നതിന് തിരുവിതാംകൂര്‍ രാജാവ്, 'അവരോധം' നടത്തിയിരുന്ന ആളിനെ 'തച്ചുടയക്കൈമ' എന്നാണു പറഞ്ഞുവരുന്നത്. ബ്രാഹ്മണത്വം ലഭിച്ച നായരായ തച്ചുടയക്കൈമള്‍ക്ക് കേരള ബ്രാഹ്മണരുടെയിടയില്‍ മാന്യമായ പദവി ലഭിച്ചിരുന്നു. 1808-ല്‍ ഇരിങ്ങാലക്കുട ദേവസ്വത്തിന്റെ തച്ചുടയക്കൈമളായി പനയറഇല്ലത്തു പുത്തന്‍വീട്ടില്‍ കുമാരക്കുറുപ്പിനെ അവരോധിച്ച ചടങ്ങിന്റെ പൂര്‍ണമായ വിവരണം ദേവസ്വം റിക്കാര്‍ഡില്‍ നിന്ന്, കെ.പി. പദ്മനാഭമേനോന്‍ തന്റെ കേരളചരിത്രത്തില്‍ ഉദ്ധരിച്ചുചേര്‍ക്കുന്നുണ്ട്. ദേശ്യഭേദമനുസരിച്ച് കൊരട്ടികൈമള്‍, ചെറുകയില്‍ കൈമള്‍ എന്നിങ്ങനെ അവാന്തരവിഭാഗങ്ങളും കൈമളന്മാരില്‍ കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%AE%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍