This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈനോറിങ്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈനോറിങ്ക

Kinorhyncha

കടല്‍ജീവികളായ അകശേരുകികളുടെ ഒരു ഫൈലം. ആദ്യ കാലങ്ങളില്‍ എക്കിനോഡെറിഡ എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. നീമാറ്റിഹെല്‍മിന്തസ് ഫൈലത്തിലെ ഒരു വര്‍ഗമായിട്ടായിരുന്നു അന്ന് കൈനോറിങ്കയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ജീവശാസ്ത്രകാരന്മാര്‍ കൈനോറിങ്കയ്ക്ക് ഒരു പ്രത്യേക ഫൈലത്തിന്റെ പദവി നല്‍കി.

1841-ല്‍ ഫ്രാന്‍സില്‍ നിന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. മഡ്ഡ്രാഗണ്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. വളരെ ചെറിയ ജീവികളാണിവ, മിക്കവയും ഒരു മില്ലിമീറ്ററില്‍ കൂടുതല്‍ നീളത്തില്‍ വളരാറില്ല. ഇവയ്ക്ക് മഞ്ഞയോ തവിട്ടോ നിറമാണുള്ളത്. മസ്തിഷ്കഭാഗത്തു ചില ജീവികളില്‍ ദൃശ്യബിന്ദുക്കളും (Eye spots) കാണപ്പെടുന്നു. സഖണ്ഡ ശരീരഘടനയുള്ള ഇവയുടെ ശരീരത്തിന്റെ ഉപരിതലഭാഗത്ത് സീലിയകള്‍ കാണാറില്ല. ഉരുണ്ട ശരീരമുള്ള ഇവയെല്ലാംതന്നെ കപടദേഹഗുഹാ ജീവികള്‍ (Pseudocoelomate) ആണ്. ഈ നിതലസ്ഥ (Benthonic) ജീവികള്‍ ചെളിയിലോ മണലിലോ കഴിഞ്ഞു കൂടുന്നു. ഇവയ്ക്ക് നീന്താനാവില്ല. അടിത്തട്ടിലെ ചെളിയിലോ മണലിലോ ഇഴഞ്ഞു നീങ്ങുകയാണു പതിവ്. ശരീരത്തെ പൊതിഞ്ഞ് ഒരു സുതാര്യ ഉപചര്‍മമുണ്ട്. തൊട്ടുതാഴെയായി കാണപ്പെടുന്ന അധിചര്‍മത്തില്‍ നിന്നാണിതു രൂപമെടുക്കുന്നത്. ശരീരത്തെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തിരിക്കാം: ഒരു ശീര്‍ഷഖണ്ഡം, ഒരു ഗളഖണ്ഡം, പതിനൊന്നു ഖണ്ഡങ്ങളുള്ള ഉടല്‍ഭാഗം. ഇപ്രകാരം ശരീരത്തിനു മൊത്തത്തില്‍ 13 ഖണ്ഡങ്ങളുണ്ടെന്നു പറയാം. ഈ ജീവികള്‍ക്കു തല ഉള്ളിലേക്കു മുഴുവനായിത്തന്നെ പിന്‍വലിക്കാന്‍ കഴിയും. പ്ലാസിഡുകള്‍ എന്ന പേരിലറിയപ്പെടുന്ന നിരവധി പ്ലേറ്റുകള്‍ ഗളത്തില്‍ കാണപ്പെടുന്നു. തല ഉള്ളിലേക്കു പിന്‍വലിക്കപ്പെടുമ്പോള്‍ ഉടലിന്റെ മുന്‍ഭാഗത്തേക്കുള്ള ദ്വാരം അടയ്ക്കുക എന്ന കര്‍മമാണ് പ്ലാസിഡുകള്‍ക്കുള്ളത്. ഈ ദ്വാരത്തിനു ചുറ്റും വൃത്താകാരത്തിലാണിവയെ അടുക്കിയിട്ടുള്ളത്. മിക്ക കൈനോറിങ്കകള്‍ക്കും മൂന്നാമത്തേതോ നാലാമത്തേതോ ആയ ഖണ്ഡത്തിനടിവശത്തായി ഒരു ജോടി ആസംജക (adhesive) നാളികള്‍ കാണപ്പെടുന്നു. ശരീരത്തിന്റെ പിന്നറ്റത്തായുള്ള ചില ഖണ്ഡങ്ങളിലും ഇപ്രകാരമുള്ള നാളികള്‍ കാണാറുണ്ട്.

ചിത്രം:Screen4-706.png‎

തലയുടെ ഉള്ളിലേക്കുള്ള വലിക്കലും പുറത്തേക്കുള്ള തള്ളലും വഴിയാണ് ഇവ ചലനം സാധ്യമാക്കുന്നത്. ഗ്രസനിയുടെ മുന്‍ അറ്റത്തെ പൊതിഞ്ഞു കാണപ്പെടുന്ന പത്തു പാളികളുള്ള ഒരു മസ്തിഷ്കമാണ് ഇവയുടെ നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗം. അധരതന്ത്രികാരജ്ജു (ventral nerve cord) അല്പവികസിതമാണ്. ഇതില്‍ സഖണ്ഡവിതരണമുള്ള നാഡീഗുച്ഛികാകോശങ്ങള്‍ കാണപ്പെടുന്നു.

തലയുടെ മധ്യഭാഗത്തു നിന്നും ഉന്തിനില്ക്കുന്ന രീതിയിലാണ് വായ് സ്ഥിതി ചെയ്യുന്നത്. വായ്ദ്വാരത്തിനു ചുറ്റുമായി മുന്നിലേക്കു തള്ളിനില്‍ക്കുന്ന നിരവധി സൂക്ഷ്മശൂലാകാരഭാഗങ്ങളുമുണ്ട്. വായ്ക്കു പിന്നിലായി ഒരു ചെറിയ വദനഗഹ്വരവും അതിനു പിന്നിലായി ഒരു ഗ്രസനിയുമുണ്ട്. ഗ്രസനി ഒരു ചെറുഗ്രസിക (oesophagus) യിലേക്ക് തുറക്കുന്നു. ഗ്രസികയ്ക്കു പിന്നിലുള്ള വയര്‍-കുടല്‍ ഭാഗങ്ങള്‍ക്കു വളവുകളില്ലാത്ത നാളീരൂപമാണുള്ളത്. പിന്നറ്റത്തായി ഗുദം സ്ഥിതി ചെയ്യുന്നു.

ഡയാറ്റമുകളോ ജൈവപദാര്‍ഥങ്ങളോ ആണ് ഇവയുടെ പ്രധാനഭക്ഷണം. വിസര്‍ജനാവയവമായി വര്‍ത്തിക്കുന്നത് പത്താമത്തെ ഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു ജോടി പ്രോട്ടോനെഫ്രീഡിയകളാണ്. ഇവ പതിനൊന്നാമത്തെ ഖണ്ഡത്തിലൂടെ വെളിയിലേക്കു തുറന്നിരിക്കുന്നു.

കൈനോറിങ്കകള്‍ എല്ലാം തന്നെ ഏകലിംഗാശ്രയികള്‍ (Dioecious) ആണ്. ആണ്‍-പെണ്‍ ജീവികളില്‍ ഓരോ ജോടി ജനനാംഗങ്ങള്‍ കാണപ്പെടുന്നു. പതിമൂന്നാം ഖണ്ഡത്തിലാണ് ജനനാംഗദ്വാരങ്ങള്‍ സ്ഥിതിചെയ്യുന്നത്. കൈനോറിങ്കകളുടെ ഭ്രൂണപരിണാമചരിത്രത്തിന്റെ വിശാദാംശങ്ങള്‍ ലഭ്യമല്ല. മുട്ടവിരിഞ്ഞു പതിനൊന്നു ഖണ്ഡങ്ങളോടുകൂടിയ ചെറുജീവികള്‍ പുറത്തുവരുന്നു. നിരവധി പടംപൊഴിക്കലുകളിലൂടെയാണ് ഇത് ഒരു പൂര്‍ണജീവിയായിത്തീരുന്നത്.

കൈനോറിങ്ക ജന്തുഫൈലത്തെ സൈക്ളോറാഗിഡ (Cyclorhagida), ഹൊമാലോറാഗിഡ (Homalorhagida) എന്നീ ഗോത്രങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട്. ഇവയിലായി 180 ഓളം സ്പീഷീസുകളുള്ളതായി കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍