This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈത്താളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈത്താളം

കൈകൊണ്ട് താളം പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും പ്രമുഖമായ ഒരു വാദ്യം. വൃത്താകൃതിയില്‍ താമരയിലകളുടെ രൂപത്തില്‍, സാമാന്യം വലുപ്പത്തില്‍, മധ്യം അല്പം കുഴിഞ്ഞ് ലോഹ-ഓടുകൊണ്ടുണ്ടാക്കുന്ന രണ്ടു ഖണ്ഡങ്ങള്‍ ചേര്‍ന്നതാണിത്. പിടിക്കാനുള്ള സൌകര്യത്തിനുവേണ്ടി നടുവിലുള്ള സുഷിരത്തില്‍ക്കൂടി കയറിന്‍തുണ്ട് ഇട്ടിരിക്കും. ഇലയുടെ ആകൃതിയുള്ളതുകൊണ്ടായിരിക്കണം ഇതിന് ഇലത്താളം എന്ന പേരു ലഭിച്ചത്. കൈമണി എന്നും ഇതിനെ പറയാറുണ്ട്. രണ്ടു ഖണ്ഡങ്ങളും കൂട്ടിമുട്ടുമ്പോള്‍ മണിനാദം പോലെ ഇമ്പമുള്ള ശബ്ദമുണ്ടാകുന്നു. ചെണ്ടമേളം, പഞ്ചവാദ്യം, കഥകളിമേളം എന്നിവയിലെല്ലാം ഇലത്താളം ഉപയോഗിച്ചുവരുന്നു. കഥകളിയില്‍ ശിങ്കിടി (ഭാഗവതന്മാരില്‍ രണ്ടാമന്‍) യുടെ കൈയില്‍ ഇലത്താളമാണ് കാണുക. 'ചിഞ്ചിലു ചിലുചിലും', 'ചിഞ്ചിലു ചിലുചിലും' എന്നിങ്ങനെ ഇതിന്റെ ശബ്ദം വായ്ത്താരിയായി അനുകരിക്കപ്പെടാറുണ്ട്.

ഇലത്താളത്തിന്റെ മറ്റൊരു പതിപ്പാണ് കുഴിത്താളം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതില്‍ കുഴി പ്രധാനമാണ്; ഇലത്താളത്തെക്കാള്‍ കുഴിഞ്ഞതായിരിക്കുന്നു ഇത്. ഇത് രണ്ടു തരത്തിലുണ്ട്. നാഗസ്വരക്കച്ചേരിക്കും മറ്റും ഉപയോഗിക്കുന്ന ഇനത്തിന് വലുപ്പക്കുറവും കനക്കൂടുതലുമുണ്ട്. എന്നാല്‍ തോറ്റം പാട്ടിനുപയോഗിക്കുന്ന ഇനത്തിന് വലുപ്പക്കൂടുതലും കനക്കുറവുമാണുള്ളത്.

കുഴിത്താളത്തെക്കാള്‍ അല്പം ചെറുതായ ഒരിനവുമുണ്ട്. അത് ജാലറ എന്ന പേരില്‍ അറിയപ്പെടുന്നു. ഭജനയ്ക്കും മറ്റും ഉപയോഗിക്കുന്നതു ജാലറയാണ്. നോ. ഇലത്താളം

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍