This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈത്തറിവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈത്തറിവ്യവസായം

അതിപ്രാചീനകാലം മുതല്‍ക്കേ ഇന്ത്യയില്‍ പ്രചാരത്തിലിരുന്ന കുടില്‍ വ്യവസായം. മുഗളന്മാരുടെ ആക്രമണത്തിനു മുമ്പു തന്നെ ഒരു കുടില്‍ വ്യവസായമെന്ന നിലയില്‍ കൈത്തറി വ്യവസായം വികാസം പ്രാപിച്ചിരുന്നു. അന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രത്യേകതകള്‍ പരമ്പരാഗതമായ കൃഷി സമ്പ്രദായങ്ങളും യന്ത്രവത്കൃതമല്ലാത്ത വ്യവസായങ്ങളും ഗ്രാമതലത്തിലുള്ള സ്വയം പര്യാപ്തതയും ചെറിയ തോതിലുള്ള വാണിജ്യപ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു. നൂറ്റാണ്ടുകളായി ഈ പ്രത്യേക സാഹചര്യം തുടര്‍ന്നിരുന്നതുകൊണ്ട് വ്യവസായവിപ്ലവം ലക്ഷ്യമാക്കിയുള്ള സാമ്പത്തിക-സാമൂഹിക പരിവര്‍ത്തനത്തിനുള്ള അഭിവാഞ്ഛ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കര്‍മഭൂമി ഗ്രാമങ്ങളായിരുന്നതുകൊണ്ട് കൃഷിയോടൊപ്പം ബന്ധപ്പെട്ട കുടില്‍-ചെറുകിട വ്യവസായങ്ങളും ഗ്രാമങ്ങളില്‍ത്തന്നെ വികാസം പ്രാപിച്ചു വന്നു. ഗ്രാമങ്ങള്‍-നഗരങ്ങള്‍ എന്ന വിവേചനം അത്ര പ്രകടമായിരുന്നില്ല താനും. കുടില്‍ വ്യവസായങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പുരോഗതി നേടിയത് കൈത്തറി വ്യവസായമായിരുന്നു. നിര്‍മാണപ്രക്രിയക്കോ ഗുണമേന്മക്കോ യാതൊരു നവീകരണവും ആവശ്യമില്ലാത്ത തരത്തില്‍ വികസിതമായിരുന്നു കൈത്തറി വ്യവസായ മേഖല. 13-ാം ശതകത്തിനു മുമ്പുതന്നെ തൊഴില്‍ വിഭജനം പ്രാവര്‍ത്തികമായിരുന്ന ഒരു മേഖലയായിരുന്നു കൈത്തറി. പഞ്ഞികടയല്‍, നൂല്‍നൂല്പ്, നെയ്ത്ത്, ചായമിടല്‍, അലക്ക്, അച്ചടി എന്നിങ്ങനെ വിവിധ നിര്‍മാണ ഘട്ടങ്ങളില്‍ പ്രാഗല്ഭ്യം നേടിയ തൊഴിലാളികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള സമാരംഭകരും- ഇതായിരുന്നു കൈത്തറി വ്യവസായത്തിന്റെ വിശേഷവത്കരണത്തിനുള്ള ഘടകങ്ങള്‍. കാലിക്കോ; മസ് ലിന്‍; ടര്‍ബന്‍; പട്ട്; എംബ്രോയ്ഡറി; കസവ് എന്നിവ ചേര്‍ത്ത തുണിയിനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനു വിദഗ്ധരായ തൊഴിലാളികള്‍ അവിടവിടെ കേന്ദ്രീകരിച്ചിരുന്നു. വിശേഷവത്കരണം കൊണ്ട് വളരെ മേന്മയുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്കു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ തുണിത്തരങ്ങളെ വെല്ലുന്ന ഇനങ്ങള്‍ ലോകത്തിന്റെ മറ്റൊരിടത്തും ലഭ്യമായിരുന്നില്ലതാനും. ഡാക്ക, ബനാറസ്, ആഗ്ര, ലാഹോര്‍, അഹമ്മദാബാദ്, ബറോഡ്,സൂററ്റ് എന്നിവിടങ്ങളായിരുന്നു അന്ന് തുണി നിര്‍മാണത്തില്‍ പേരുകേട്ട കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികളില്‍ പ്രമുഖ സ്ഥാനവും തുണിക്കായിരുന്നു. ലോകപ്രശസ്തി നേടിയ ഡാക്കാ മസ്ലിന് റോമിലും ഗ്രീസിലും വന്‍പ്രചാരമുണ്ടായിരുന്നു. 'ഗംഗേതിക' (Gangathika) എന്ന പ്രത്യേക പേരിലാണ് ഗ്രീക്കുകാരുടെ ഇടയില്‍ ഡാക്കാ മസ്ലീന്‍ അറിയപ്പെട്ടിരുന്നത്. ഒരു മോതിരത്തില്‍ ഒതുക്കാവുന്നത്ര അതിമൃദുലമായ പട്ടുവസ്ത്രങ്ങളും എത്ര പാളികള്‍ കൊണ്ട് ശരീരത്തില്‍ ചുറ്റിയാലും അങ്ങനെ സംഭവിച്ചില്ലാ എന്നു ശങ്കിക്കത്തക്ക തരത്തിലുള്ള ലോലമായ ആടകളും ഇന്ത്യയില്‍ നെയ്തിരുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത തുണിത്തരങ്ങള്‍ക്ക് പ്രചാരമുണ്ടായിരുന്നു. ഇന്ത്യന്‍ വണിക്കുകള്‍ അഫ്ഗാനിസ്താന്‍, മധ്യേഷ്യ, ഇറാന്‍,റഷ്യ എന്നിവിടങ്ങളിലൊക്കെ ഇന്ത്യന്‍ തുണിത്തരങ്ങള്‍ വിറ്റഴിച്ചിരുന്നു. 'ഇന്ത്യയിലെ വാണിജ്യം എന്നാല്‍ ലോകവാണിജ്യം എന്നാണര്‍ഥം. ഇന്ത്യയിലെ വാണിജ്യം നിയന്ത്രിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അയാളായിരിക്കും യൂറോപ്പിലെ ഏകാധിപതി' എന്നാണ് മഹാനായ റഷ്യന്‍ചക്രവര്‍ത്തി പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ തുണിത്തരങ്ങള്‍ ബര്‍മ, മലയ, ഇന്തോനേഷ്യ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും എത്തിയിരുന്നു.

നൂല്‍നൂല്പ്

കൈത്തറിത്തൊഴിലാളികള്‍ രണ്ടു തരത്തിലുള്ള വസ്ത്രങ്ങളാണ് നിര്‍മിച്ചിരുന്നത്; ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള കുറഞ്ഞതരം തുണികള്‍; സമൂഹത്തില്‍ മേലേക്കിടയിലുള്ളവര്‍ക്കു വേണ്ടിയുള്ള കൂടിയതരം തുണികള്‍. ഗ്രാമീണജനതയ്ക്കുവേണ്ട തുണിയുടെ നിര്‍മാണപ്രക്രിയ താരതമ്യേന സരളവും പ്രാകൃതവുമായിരുന്നു. എന്നാല്‍ ഗുണപൗഷകല്യത്തിലും വിലയിലും നിര്‍മാണസാങ്കേതികത്വത്തിലും മികവുള്ള തുണികള്‍ നിര്‍മിക്കുന്നതിനു കലാവിരുതുള്ള ഒരു കൂട്ടം തൊഴിലാളികള്‍ ആവശ്യമായിരുന്നു. കൃഷി ജോലികള്‍ കഴിഞ്ഞുള്ള വിശ്രമവേളകൊണ്ട് അത്തരം കലാവിരുതു നേടുക സാധ്യമായിരുന്നില്ല. വിലയിലും ഗുണനിലവാരത്തിലും മേന്മയുള്ള തുണികള്‍ക്ക് ഇന്ത്യയ്ക്കു പുറത്തും ആവശ്യക്കാരുണ്ടായതോടെ തുണിവ്യാപാരം സമുദ്രങ്ങള്‍ തന്നെ കടന്നുചെന്നു.

നിയമപരിപാലനം സൈന്യത്തെ നിലനിര്‍ത്തുന്നതിനാവശ്യമായ ധനശേഖരം എന്നിവയില്‍ മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തനം വ്യാപിച്ചിരുന്ന അക്കാലത്ത് കൈത്തറിയുള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ വണിക്കുകളോടൊപ്പം തുര്‍ക്കി, അറബി വ്യാപാരികളും ഇന്ത്യയില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങി വിദേശവിപണികളില്‍ എത്തിച്ചിരുന്നു. 1498-ല്‍ വാസ്കോ ദ ഗാമ കോഴിക്കോട് തുറമുഖത്തെത്തിയതിനു ശേഷമാണ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപണനത്തിനും ഇന്ത്യയുടെ വാണിജ്യബന്ധങ്ങള്‍ക്കും ഏഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധങ്ങള്‍ക്കും നിര്‍ണായകമായ മാറ്റങ്ങളുണ്ടായത്. ഇന്ത്യയുടെ കയറ്റിറക്കുമതി പോര്‍ച്ചുഗീസ് പത്തേമാരികളിലൂടെ സാധ്യമായതോടെ കൈത്തറി വ്യവസായത്തിനു മാത്രമല്ല, ഇന്ത്യയും ദക്ഷിണപൂര്‍വേഷ്യയും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങള്‍ക്കും മാറ്റങ്ങളുണ്ടായി. പോര്‍ച്ചുഗലിനെ തുടര്‍ന്ന് സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും വാണിജ്യാര്‍ഥം ഇന്ത്യയിലെത്തി. കാലക്രമേണ മറ്റു രാഷ്ട്രങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇംഗ്ലണ്ട് ഇന്ത്യയുടെ വാണിജ്യക്കുത്തക കൈക്കലാക്കി; ഒപ്പം ഭരണവും. ഈ മാറ്റത്തിനിടയില്‍ ഇന്ത്യയുടെ കൈത്തറി വ്യവസായത്തിന് അതിന്റെ തനിമയും സ്ഥാനവും നഷ്ടമായി.

പതിനേഴാം ശതകത്തില്‍ ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 8000 ബേല്‍ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു; ഇതില്‍ 4700 ബേല്‍ യൂറോപ്പിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. ഇംഗ്ളണ്ടിലെ ഫാഷന്‍ഭ്രമവും വസ്ത്രധാരണരീതിയിലുള്ള മാറ്റവും ഇന്ത്യന്‍ നിര്‍മിത തുണിത്തരങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. നൂറ്റാണ്ടുകളായി ഇംഗ്ലീഷുകാര്‍ ധരിച്ചുവന്ന ഭാരം കൂടിയ പരുക്കന്‍ കമ്പിളി വസ്ത്രങ്ങളില്‍ നിന്ന് ഒരു മോചനം എന്ന നിലയിലാണ് ഭാരം കുറഞ്ഞ ഇന്ത്യന്‍ നിര്‍മിത പരുത്തിവസ്ത്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ ആകൃഷ്ടരായത്. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വാണിജ്യം ചെയ്യുന്നതില്‍ പോര്‍ച്ചുഗീസ്-ഡച്ച്-സ്പാനിഷ് വ്യാപാരികളെ തോല്പിക്കാന്‍ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ ക്കമ്പനിയുടെ ശ്രദ്ധ ഇതോടെ തുണിയുടെ കയറ്റുമതിയിലായി. 1684-ല്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതിത്തീരുവ നിര്‍ത്തലാക്കിയതോടെ തുണിത്തരങ്ങളുടെ കയറ്റുമതി അഭൂതപൂര്‍വമായി ഉയര്‍ന്നു.

കൈത്തറി നെയ്ത്ത്
റാട്ടില്‍ നിന്ന് മാറ്റിയ പാവ്

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ തുണി കയറ്റുമതി ബ്രിട്ടനില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഇംഗ്ളണ്ടിലെ വ്യാപാരിവര്‍ഗവും കമ്പിളി-പട്ടുനിര്‍മാതാക്കളും ആണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ആദ്യമായി എതിര്‍ത്തത്. ഇംഗ്ലണ്ടിലെ കമ്പിളി-പട്ടുവസ്ത്രങ്ങളുടെ ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യാപാരികളുടെ ലാഭത്തില്‍ ഇടിവുണ്ടായി. തൊഴിലാളികള്‍ക്കു തൊഴിലവസരങ്ങളും നഷ്ടപ്പെട്ടു. ഇന്ത്യന്‍ നിര്‍മിത മസ്ളിനു വിലയായി വെള്ളിയും സ്വര്‍ണവും നല്കേണ്ടിവരുന്ന സാഹചര്യം 'മര്‍ക്കന്റിലിസ്റ്റു'കളെ ചൊടിപ്പിച്ചു. 17-ാം ശതകത്തിന്റെ അന്ത്യത്തോടെ നെയ്ത്തുതൊഴിലാളികള്‍ പകുതിപ്പേരോളം ഒരു തുണ്ട് അപ്പത്തിനുവേണ്ടി കാന്റര്‍ബറി മുതല്‍ ലണ്ടന്‍ വരെയും ലണ്ടന്‍ മുതല്‍ നോര്‍വിച്ചുവരെയും നെട്ടോട്ടം ഓടുകയായിരുന്നു. നെയ്ത്തുകാരും വ്യാപാരികളും മാത്രമല്ല, ഇംഗ്ളണ്ടിന്റെ ട്രഷറിയും പാപ്പരായിത്തുടങ്ങി. റവന്യൂവരുമാനത്തിലുള്ള താഴ്ചയ്ക്കുപുറമേ തൊഴിലില്ലാത്തവര്‍ക്ക് ആശ്വാസം നല്കേണ്ട ബാധ്യതയും സര്‍ക്കാരിന് വന്നുകൂടി. ഭൂമിയുടെയും കെട്ടിടങ്ങളുടെയും വാടക ഇടിഞ്ഞു. ഭൂവുടമകളുടെ ലാഭം താണു; ചുരുക്കത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തുണി ഇറക്കുമതി ബ്രിട്ടനില്‍ ഒരു ദേശീയപ്രശ്നമായിത്തീര്‍ന്നു. ബ്രിട്ടനിലെ പൊതുജനാഭിപ്രായവും ഈ ഇറക്കുമതിക്കെതിരായി തിരിഞ്ഞു.

ഇന്ത്യയിലെ നെയ്ത്തുകാര്‍ ബ്രിട്ടന്റെ അഭിരുചിയും ഫാഷന്‍ഭ്രമവും അനുസരിച്ചു തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി അവര്‍ക്ക് ഉപദേശം നല്കുന്നതിനു ബ്രിട്ടനില്‍ നിന്നു നെയ്ത്തുകാരെയും പാറ്റേണ്‍ നിര്‍മാതാക്കളെയും കലാകാരന്മാരെയും അയയ്ക്കുന്നതിനും ഇക്കാലത്ത് ഈസ്റ്റിന്ത്യാക്കമ്പനി ഒത്താശ നല്കിയിരുന്നു. ഇന്ത്യന്‍ തുണിത്തരങ്ങളുടെ ഇറക്കുമതിക്കെതിരായി പ്രക്ഷോഭണം ആരംഭിച്ചതോടെ കമ്പനി ഇറക്കുമതി ചെയ്ത നെയ്ത്തുവിദഗ്ധരെ തിരികെ അയച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ വേണ്ട നിയമനിര്‍മാണവും 1700--ല്‍ നടത്തി. 1701 സെപ്. 29 മുതല്‍ ഇന്ത്യയില്‍ നിന്ന് കാലിക്കോ ഒഴികെയുള്ള തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും ബ്രിട്ടനിലെ ആളുകള്‍ ഇന്ത്യന്‍ നിര്‍മിത തുണിത്തരങ്ങള്‍ ധരിച്ചു പോകരുതെന്നുമായിരുന്നു ഈ നിയമത്തിലെ വ്യവസ്ഥകള്‍. ഈ നിയമവും അപര്യാപ്തമെന്ന് കണ്ടതിനെ തുടര്‍ന്ന് 1702-ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 15ശ.മ. തീരുവ ഈടാക്കാന്‍ വ്യവസ്ഥ ചെയ്തു. 1698-ല്‍ 2,47,214 വെളുത്ത കാലിക്കോ കഷ്ണങ്ങളാണ് ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചത്. 1701-ല്‍ ഇത് 9,51,109 ആയും 1718-ല്‍ 12,20,324 ആയും 1719-ല്‍ 20,88,451 ആയും ഉയര്‍ന്നു. ഇറക്കുമതി ചെയ്ത കാലിക്കോയില്‍ ചായമടിക്കുന്നതും അച്ചടിക്കുന്നതും ഇംഗ്ലണ്ടിലായിരുന്നതു കൊണ്ട് ഇംഗ്ലണ്ടിലെ ഡൈയിങ് വ്യവസായവും പ്രിന്റിങ് വ്യവസായവും ഇക്കാലത്തു പുഷ്ടി പ്രാപിച്ചു. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും അതുസംബന്ധിച്ച പ്രക്ഷോഭണവും 1719-ല്‍ വീണ്ടും രൂക്ഷമായി. 1720-ല്‍ ഇന്ത്യന്‍ നിര്‍മിത തുണിത്തരങ്ങള്‍ക്കു കര്‍ക്കശമായ നിരോധം ഏര്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ നിര്‍മിത പട്ടുവസ്ത്രങ്ങള്‍ ധരിക്കുന്ന ഒരാളിന് ഒരു തവണ 5 പവന്‍ പിഴയും വില്ക്കുന്നയാളിന് ഒരു തവണ 20 പവന്‍ പിഴയും ആയിരുന്നു ശിക്ഷ.

എന്നാല്‍ ഈ നിയമവും ഫലവത്തായില്ല. 1722-ല്‍ വെളളക്കാലിക്കോയുടെ ഇറക്കുമതി 7,18,678 കഷണങ്ങളായി കുറഞ്ഞെങ്കിലും 1723-ല്‍ അത് 11,15,011 ആയും 1724-ല്‍ 12,91,614 ആയും ഉയര്‍ന്നു. മറ്റു തുണിത്തരങ്ങളുടെ ഇറക്കുമതിയിലും ഗണ്യമായ വര്‍ധനവുണ്ടായി. തുടര്‍ന്ന് പ്രക്ഷോഭണം വീണ്ടും ശക്തമായി. ഹോളണ്ട് ഒഴികെ യൂറോപ്പ് മുഴുവനും ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കു നിരോധം ഏര്‍പ്പെടുത്തുകയോ കനത്ത ഇറക്കുമതിത്തീരുവ ചുമത്തുകയോ ചെയ്തുവന്നു. 1726-ല്‍ ഫ്രാന്‍സില്‍ ലൂയി xv പുറപ്പെടുവിച്ച ഒരു വിളംബരം ഈ നിരോധത്തിന്റെ കാര്‍ക്കശ്യത്തിനു തെളിവാണ്. ഇന്ത്യന്‍ തുണിത്തരങ്ങള്‍ ധരിക്കുന്നതും വില്ക്കുന്നതും ശിക്ഷാര്‍ഹമെന്നു മാത്രമല്ല, തുണി കള്ളക്കടത്തു നല്കുന്നതായി കണ്ടുപിടിച്ചാല്‍ മൂന്നാമത്തെ തവണ മരണശിക്ഷയും പ്രഖ്യാപിച്ചിരുന്നു.

ഷട്ടില്‍ത്തറിക്കുള്ല ചുറ്റിയ കുഴലുകള്‍

ഇതിനിടയില്‍ ഇംഗ്ലണ്ടില്‍ പരുത്തിത്തുണി വ്യവസായം മെച്ചപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇന്ത്യയില്‍ നിന്നുള്ള തുണിയിറക്കുമതിക്കെതിരായുള്ള നിയന്ത്രണങ്ങളും ഇംഗ്ളണ്ടിലെ തുണി വ്യവസായത്തിലുള്ള പുരോഗതിയും ഇന്ത്യയില്‍ നിന്നുള്ള തുണികയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. കയറ്റുമതിയിലുണ്ടായ ഇടിവ് താഴെ ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ നിന്നു വ്യക്തമാകും.

അമേരിക്ക, ജര്‍മനി,പോര്‍ച്ചുഗല്‍,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ഇക്കാലത്ത് ഏതാണ്ട് ഇതേ രീതിയില്‍ കുറഞ്ഞു.

ഇന്ത്യയിലെ തുണിനിര്‍മാതാക്കളെയും തൊഴിലാളികളെയും കണക്കറ്റു ഉപദ്രവിക്കുന്നതിനും കമ്പനി നടപടികള്‍ സ്വീകരിച്ചു വന്നു. ഓരോ ഉത്പാദകനും എത്ര തുണി ഉത്പാദിപ്പിക്കണം, അവര്‍ക്ക് എന്തു പ്രതിഫലം കിട്ടണം എന്നൊക്കെ ഏകപക്ഷീയമായി തീരുമാനിക്കുന്നതു കമ്പനിയായിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. കമ്പനി ഇതിനുവേണ്ടി പ്രത്യേകം ഗുമസ്തന്‍മാരെത്തന്നെ നിയമിച്ചിരുന്നു. കമ്പനിയുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന സംശയമുണ്ടായാലുടന്‍ നിര്‍മാതാക്കളെയും തൊഴിലാളികളെയും ജയിലിലടയ്ക്കുക, പിഴ ഈടാക്കുക, ഉത്പന്നങ്ങള്‍ കണ്ടുകെട്ടുക, ദേഹോപദ്രവം ഏല്പിക്കുക മുതലായ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കലാവിരുതുള്ള തൊഴിലാളികളുടെ കൈവിരല്‍ മുറിച്ചും ജയിലിലടച്ചും അവരെ തൊഴിലിന് അപ്രാപ്തരാക്കി. നെയ്ത്തിലേര്‍പ്പെടുന്നവര്‍ക്ക് അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കാതിരിക്കാനും കമ്പനി ഇടപാടു ചെയ്തിരുന്നു. കമ്പനിയുടെയും 1857 മുതല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തില്‍ ഇന്ത്യന്‍ തുണിനിര്‍മാതാക്കള്‍ക്കെതിരായി ദ്രോഹ നടപടികള്‍ രണ്ടു നൂറ്റാണ്ടുകളോളം തുടര്‍ന്നതിന്റെ ഫലമായി ഇന്ത്യയിലെ കൈത്തറിമേഖല ശിഥിലീകരിക്കപ്പെട്ടു.

1947-ല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് കൈത്തറിവ്യവസായത്തിനു പുതിയ ജീവനും ഉണര്‍വും ഉണ്ടായത്. ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ക്ക് ഇന്ത്യാഗവണ്‍മെന്റ് നല്കിയ ഉത്തേജനവും പഞ്ചവത്സര പദ്ധതികളിലൂടെയുളള വകയിരുത്തലും കൊണ്ട് കൈത്തറിവ്യവസായം പുനരുദ്ധരിക്കപ്പെട്ടു. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളതു കൈത്തറിവ്യവസായത്തിലാണ്. ഇന്ത്യയിലൊട്ടാകെ 40 ലക്ഷത്തോളം കൈത്തറികളുണ്ട്. ഒരു കോടിയോളം ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ് കൈത്തറിവ്യവസായം. ഇന്ത്യയ്ക്കുവേണ്ടി വരുന്ന തുണിത്തരങ്ങളുടെ 60 ശതമാനത്തോളം നിര്‍മിക്കപ്പെടുന്നത് കൈത്തറിമേഖലയിലാണ്. കൈത്തറിമേഖലയില്‍ നിന്നുളള കയറ്റുമതിയുടെ കാര്യത്തിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

ചായമിടല്‍

കൈത്തറിവ്യവസായം വളരെ വികസിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക നിലവാരം ഒട്ടും തന്നെ മെച്ചമല്ല. നെയ്ത്തുകാരുടെ വേതനനിലവാരവും വളരെ താഴെയാണ്. ഈ മേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാണ്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണികളില്ല; വിപണനസംഘടനകളും അപര്യാപ്തമാണ്. നെയ്ത്തുകാര്‍ക്കാവശ്യമായ വായ്പാ സൗകര്യങ്ങള്‍ ഉദാരമാക്കുന്നതിനുള്ള സംവിധാനങ്ങളും കുറവാണ്. ജനങ്ങളുടെ മാറി വരുന്ന അഭിരുചിക്കനുസൃതമായി നിര്‍മാണ പ്രക്രിയയിലും ഗുണനിലവാരത്തിലും മാറ്റങ്ങള്‍ വരുത്തുവാന്‍ തക്ക കഴിവും തൊഴിലാളികള്‍ക്കില്ല. കൈത്തറിവ്യവസായത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ആള്‍ ഇന്ത്യ ഹാന്‍ഡ്ലൂം ബോര്‍ഡ് രൂപവത്കരിക്കുകയുണ്ടായി. സഹകരണപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ കൈത്തറിവ്യവസായം സജീവമാകുകയും ചെയ്തു. കൈത്തറിസഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവയ്ക്കുവേണ്ട വായ്പാസൗകര്യങ്ങള്‍ ഉദാരമാക്കാനും നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. റിസര്‍വ് ബാങ്ക്, ദേശസാത്കൃത ബാങ്കുകള്‍, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവ കൈത്തറി വ്യവസായവികസനത്തിനുവേണ്ട ധനസഹായം നല്കുന്നുണ്ട്.

കൈത്തറിവ്യവസായം കേരളത്തിലെ ഒരു പ്രധാന പരമ്പരാഗത വ്യവസായമാണ്. കയര്‍ വ്യവസായം കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഈ മേഖല ഏകദേശം ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്കുന്നു. സംസ്ഥാനത്ത് കൈത്തറിവ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഏറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും ആണ്.

ലാളിത്യത്തിനും വിശിഷ്ടഡിസൈനുകള്‍ക്കും മനോഹാരിതയ്ക്കും കേള്‍വികേട്ട കേരളത്തിന്റെ ബാലരാമപുരം കൈത്തറി സാരികള്‍ സ്വര്‍ണനാരുകളാല്‍ സങ്കീര്‍ണ രൂപങ്ങള്‍ മെനഞ്ഞ് ഏറ്റവും മെച്ചപ്പെട്ട കോട്ടണ്‍ നൂലുകള്‍ നെയ്തുണ്ടാക്കിയവയാണ്. കണ്ണൂര്‍ കൈത്തറിയുടെ ഷര്‍ട്ട് തുണികള്‍, ഫര്‍ണിഷിങ് മെറ്റീരിയല്‍ എന്നിവ ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങളില്‍ ഒരു പ്രധാന സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. കാസര്‍കോട് സാരികള്‍ അവയുടെ നിറത്തിനും ഡിസൈനുകള്‍ക്കും ഗുണമേന്മയ്ക്കും പ്രശസ്തമാണ്.

കേരളത്തില്‍ ഈ വ്യവസായമേഖലയിലെ മൊത്തം തറികളില്‍ 94 ശതമാനം സഹകരണമേഖലയിലും ശേഷിക്കുന്ന ആറ് ശതമാനം സ്വകാര്യ വ്യവസായ സംരംഭകരുടെ ഉടമസ്ഥതയിലുമാണ്. ഫാക്ടറിമാതൃകയിലും കുടില്‍ മാതൃകയിലും ഉള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണമേഖല. മൊത്തം കൈത്തറി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ 53 ശതമാനത്തോടെ തിരുവനന്തപുരം ജില്ല മുന്നിലും വയനാട്, പത്തനംതിട്ട ജില്ലകള്‍ ഏറ്റവും പിന്നിലും നില്ക്കുന്നു.

യന്ത്രവത്കൃത കൈത്തറിയൂണിറ്റ്
കൈത്തറി നെയ്ത്തുശാല

2012-ല്‍ 676 പ്രാഥമിക കൈത്തറി നെയ്ത്തുസഹകരണസംഘങ്ങളില്‍, 150 എണ്ണം ഫാക്ടറി മാതൃകയിലുള്ളതും 526 എണ്ണം കുടില്‍ മാതൃകയിലുള്ളതും ആണ്. ആകെയുള്ള സംഘങ്ങളില്‍ 78 സഹകരണ സംഘങ്ങള്‍ വനിതാ നെയ്ത്തു സംഘങ്ങളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കൈത്തറി മേഖലയില്‍ നടത്തിയ സര്‍വേപ്രകാരം, കൈത്തറിവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 45,050 ആണെങ്കിലും 16,179 കുടുംബങ്ങള്‍ മാത്രമേ അവരുടെ ജീവിതമാര്‍ഗം നെയ്ത്തില്‍ നിന്നോ നെയ്ത്തുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്നോ കണ്ടെത്തുന്നുള്ളൂ.

മുണ്ടുകള്‍, ഗ്രേ സാരികള്‍, ഷീറ്റുകള്‍, ലുങ്കികള്‍, ഫര്‍ണിഷിങ് മെറ്റീരിയല്‍ എന്നീ പ്രധാന ഉത്പന്നങ്ങള്‍ സംസ്ഥാനത്തെ കൈത്തറിവ്യവസായത്തിലെ മൊത്തം ഉത്പന്നങ്ങളുടെ 67 ശതമാനമാണ്. സംസ്ഥാനത്തെ പ്രധാന കൈത്തറി ഉത്പന്നങ്ങളിലെ 80.13 ശതമാനം തെക്കന്‍ മേഖലയിലും ബാക്കി 12 ശതമാനം വടക്കന്‍ മേഖലയിലും 7.87 ശതമാനം മധ്യമേഖലയിലുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കൈത്തറി വസ്ത്രങ്ങള്‍ക്ക് ചരിത്രപ്രാധാന്യമുള്ള തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് കൈത്തറി നെയ്ത്തുകാര്‍ യഥാര്‍ഥ മാതൃകയിലുള്ള ത്രോ-ഷട്ടില്‍ പിറ്റ് തറികളുപയോഗപ്പെടുത്തി സാരികള്‍ക്കു പുറമേ മുണ്ട്/ദോത്തി, ഈരെഴത്തോര്‍ത്ത്, മേല്‍മുണ്ട് എന്നിവയും നെയ്തെടുക്കുന്നു.

കേരളത്തിലെ മൊത്തം കൈത്തറി ഉത്പാദനം കാലാനുസൃതം വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. മൊത്തം കൈത്തറി ഉത്പാദനത്തിന്റെ മൂല്യം 2008-09 വര്‍ഷത്തില്‍ 146.38 കേടി രൂപയായിരുന്നത് 2009-10-ല്‍ 165.33 കോടി രൂപയായി വര്‍ധിച്ചു. അതേസമയം, നെയ്ത്തുകാരുടെ എണ്ണം 2008-09 ല്‍ 67,268 ആയിരുന്നത് 2009-10ല്‍ 57,753 ആയി കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ വനിതാ നെയ്ത്തുകാരുടെ എണ്ണവും 24,873-ല്‍ നിന്നും 23,983 ആയി കുറഞ്ഞു. എന്നാല്‍ ഈ കാലയളവില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണം 2008-09-ല്‍ 66.94 ലക്ഷം തൊഴില്‍ദിനങ്ങളില്‍ നിന്നും 2009-10-ല്‍ 95.63 ലക്ഷമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തികമാന്ദ്യം, ഉദാരവത്കരണനയം, ഉത്പാദനപ്രക്രിയ നവീകരണത്തിലുണ്ടായ പരാജയം, കൈത്തറിത്തൊഴിലാളികള്‍ മറ്റു തൊഴിലുകള്‍ സ്വീകരിച്ചതുകൊണ്ടുണ്ടായ കൊഴിഞ്ഞുപോക്ക് എന്നിവ കൈത്തറിവ്യവസായത്തെ വന്‍ തകര്‍ച്ചയിലെത്തിച്ചുവെങ്കിലും കൈത്തറിവ്യവസായത്തില്‍ ശ്രദ്ധേയമായ പുരോഗതിയും ശുഭപ്രതീക്ഷ നല്കുന്ന ഭാവിയുമാണ് സമീപകാലത്ത് കൈവരിച്ചത്.

കൈത്തറി വിപണനശാല

ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ നെയ്ത്തു സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് കോഴിക്കോട്, വയനാട്, നെയ്യാറ്റിന്‍കര, കോട്ടയം എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ നാല് ഇന്റഗ്രേറ്റഡ് പവര്‍ലൂം സഹകരണസംഘങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. 2009-10-ല്‍ സംസ്ഥാനത്ത് ആകെയുള്ള 4,120 യന്ത്രത്തറികളില്‍ 844 തറികള്‍ സഹകരണ മേഖലയിലാണ്. യന്ത്രത്തറി സംഘങ്ങളുടെ എണ്ണം 2008-09-ല്‍ 22 ആയിരുന്നത് 2009-10 ല്‍ 25 ആയി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ, ഈ കാലയളവില്‍ യന്ത്രത്തറി സംഘങ്ങളുടെ വസ്ത്രോത്പാദനം 35.90 ലക്ഷം മീറ്ററില്‍ നിന്നും 38.10 ലക്ഷം മീറ്ററായും ഉത്പാദനക്ഷമത 2008-09-ല്‍ 2,387 മീറ്റര്‍/തറിയെന്നുള്ളത് 2009-10-ല്‍ 4,514 മീറ്റര്‍/തറി എന്ന കണക്കിലും വര്‍ധിച്ചിട്ടുണ്ട്.

കോഴിക്കോട്ടും കണ്ണൂരും ഉത്പാദിപ്പിക്കപ്പെടുന്ന കൈത്തറി ത്തുണിത്തരങ്ങളുടെ സിംഹഭാഗവും കയറ്റുമതി ചെയ്യപ്പെടുന്നു. കേരളത്തില്‍ കൈത്തറി സഹകരണസംഘങ്ങളുടെ അപെക്സ് സംഘടനയായി പ്രവര്‍ത്തിക്കുന്നത് കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. ഈ സംഘടനയുടെ നിയന്ത്രണത്തിലുള്ള 'ഹാന്റെക്സ് ഇന്റര്‍നാഷണല്‍' റെഡിമെയ്ഡ് കുപ്പായങ്ങള്‍ നിര്‍മിച്ചു കയറ്റി അയയ്ക്കുന്നു (നോ. കേരളാ സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). കൈത്തറി വികസനാര്‍ഥം കേരളസര്‍ക്കാര്‍ 'കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഒരു കമ്പനിയും ആരംഭിച്ചിട്ടുണ്ട് (നോ: കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍). ഈ വ്യവസായത്തെ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കേരളത്തിലുണ്ട്. കൈത്തറി നൂലുണ്ടാക്കുന്നയിനം പരുത്തിക്ക് അഭൂതപൂര്‍വമായ വിലക്കയറ്റമുണ്ടായിട്ടുണ്ട്. ചായങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ വിലവര്‍ധനവ്, കൂലി നിരക്കില്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള വര്‍ധനവ്, വിപണിസൗകര്യങ്ങളുടെ അപര്യാപ്തത, പ്രവര്‍ത്തനമൂലധനത്തിന്റെ കുറവ് എന്നിവ കേരളത്തിലെ കൈത്തറി സഹകരണസംഘങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍