This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈത

Screw Pine

പന്‍ഡാനേസി സസ്യകുടുംബത്തില്‍പ്പെട്ട സസ്യം. ശാ.നാ.: പന്‍ഡാനസ് ഒഡൊറാറ്റിസമസ് (Pandanus odoratissimus). പ. ടെക്ടോറിയസ് എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മിക്കവാറും എല്ലാ നദീതീരങ്ങളിലും തോട്ടുവരമ്പുകളിലും കൈത കൂട്ടമായി വളരുന്നത് കാണാവുന്നതാണ്. ചെടിയുടെ പ്രധാന കാണ്ഡത്തിന്റെയും ശാഖകളുടെയും അഗ്രങ്ങളില്‍ പൈന്‍ മരങ്ങളിലേതുപോലെ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നതിനാലാവാം ചെടിക്ക് സ്ക്രൂ പൈന്‍ എന്ന പേരു ലഭിച്ചത്. മറ്റൊരിനമായ പെരും കൈതത്തടി (Pandanus canaranus) മംഗലാപുരത്ത് ധാരാളമായി വളരുന്നുണ്ട്.

കൈതയുടെ തടി അധികം കടുപ്പമില്ലാത്തതാണ്. കുറേനാള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന് തടിയുടെ കടഭാഗം ചീഞ്ഞുപോയാലും ഊന്നുവേരുകള്‍ തടിയെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്താറുണ്ട്. തടിയുടെ അഗ്രഭാഗത്ത് ഇലകള്‍ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നു. ഇല കൊഴിഞ്ഞുപോയതിന്റെ പാടുകള്‍ തടിയില്‍ കാണാവുന്നതാണ്. തടിയില്‍നിന്ന് കുറേ രൂപാന്തരിത വേരുകള്‍ മണ്ണിലേക്കു വളരുന്നു. ഇവയെ വായവമൂലങ്ങള്‍ എന്നു വിളിക്കുന്നു. നദികളുടെയും തോടുകളുടെയും വരമ്പുകളില്‍ വളരുന്ന കൈതയെ കാറ്റടിക്കുമ്പോള്‍ പിഴുതുപോകാതിരിക്കാന്‍ സഹായിക്കുന്നത് ഈ വേരുകളാണ്. ബഹുമൂലാഗ്രമുള്ള ഈ വേരുകള്‍ മണ്ണില്‍ പ്രവേശിച്ചശേഷം ശാഖോപശാഖകളായി പിരിഞ്ഞു സാധാരണ വേരുകളുടെ ധര്‍മം നിര്‍വഹിക്കുന്നു. വേരുകളുടെ മണ്ണിനു മുകളിലുള്ള ഭാഗം കാണ്ഡത്തിന് ഊന്നായിത്തീരുകയും ചെയ്യും.

കൈതയും ഫലവും

വീതി കുറഞ്ഞ് നീണ്ടിരിക്കുന്ന കൈതയിലകളില്‍ നാരുകള്‍ ധാരാളമായി കാണപ്പെടുന്നു. അരികുകളില്‍ മുള്ളുകളുമുണ്ട്. ഇലഞെട്ട് ഇവയില്‍ കാണാറുമില്ല. ഇലകളുടെ ആച്ഛദപര്‍ണാധാരങ്ങള്‍ (Sheathing leaf bases) തടിയെ ആവരണം ചെയ്തിരിക്കുന്നു. നാലു തട്ടുകളിലായി വൃത്താകൃതിയില്‍ കൂട്ടമായി ഇലകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി തടിയില്‍ മുട്ടിട ഇല്ലെന്ന പ്രതീതി ജനിപ്പിക്കുന്നു.

ചെടികള്‍ ഏകലിംഗാശ്രയികളാണ്. പുഷ്പങ്ങള്‍ക്കു നല്ല മണമുണ്ട്; കൂട്ടമായിട്ടാണിവ കാണപ്പെടുക. ഇവക്ക് പരിദളപുടങ്ങള്‍ ഇല്ലെന്നുള്ളതു ഒരു പ്രത്യേകതയാണ്. പുഷ്പമഞ്ജരി കൊതുമ്പുപോലുള്ള സഹപത്രം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു.

ആണ്‍ പുഷ്പങ്ങള്‍ ചെറുതും വലുതുമായ കൂട്ടങ്ങളായി സ്ഥൂലാക്ഷമഞ്ജരിപോലെ ഇലയുടെ കക്ഷ്യങ്ങളില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. കേസരങ്ങള്‍ രണ്ടു കോശങ്ങളുള്ളതും അധോബദ്ധവുമാണ്. തന്തുക്കള്‍ സുവ്യക്തങ്ങളാണ്. കേസരസ്ഫുടനം കുറുകെയാണ് നടക്കുക. പുഷ്പത്തിന്റെ സ്ഥൂലാക്ഷമഞ്ജരി വളരെ ലഘുവാണ്; പുഷ്പങ്ങള്‍ അധോജനിയും. ഇവയില്‍ വന്ധ്യകേസരങ്ങളും ഉണ്ട്. ജനികള്‍ ഒരു കൂട്ടമായോ പല കൂട്ടങ്ങളായോ ഒറ്റയ്ക്കോ കാണപ്പെടാറുണ്ട്. അണ്ഡാശയം ഉദ്വര്‍ത്തിയും ഏകകോഷ്ഠകവും ആണ്. ബീജാണ്ഡം ഒന്നോ അതിലധികമോ കണ്ടേക്കാം. ഭിത്തീയ ബീജാണ്ഡാന്യാസമാണിവയുടേത്. ബീജാണ്ഡം അനാട്രോപ്പസ് (നമ്രാണ്ഡം) ആണ്. വര്‍ത്തിക സാധാരണ ചെറുതാണ്. വര്‍ത്തിക ഇല്ലാത്ത അവസ്ഥയും വിരളമല്ല. ജനിപുടം വര്‍ത്തികാഗ്രത്തോടു യോജിച്ചിരിക്കുന്നു.

അലങ്കാരചെടിയായി വളര്‍ത്തുന്ന കൈത

കായ്കള്‍ സിന്‍കാര്‍പ് (Syncarp) ആണ്. ഓരോ ജനിപുടവും ഓരോ ഫലമായി വളര്‍ന്ന് അവ തമ്മില്‍ യോജിച്ച് കൈതച്ചക്ക പോലുള്ള കടും ഓറഞ്ചുനിറമുള്ള ഒരു ആമ്രകം ആയിത്തീരുന്നു. പഴങ്ങള്‍ക്കുള്ളില്‍ ചെറിയ വിത്തുകളും നാരുകളും മഞ്ഞ പള്‍പ്പും കാണുന്നു. ബീജാന്നം മാംസളമാണ്. ഇവയ്ക്ക് നെടുകെ ചാലുകളുമുണ്ട്. ഭ്രൂണം വളരെ ചെറുതായിരിക്കുന്നു. ആല്‍ബുമെന്‍ കട്ടിയുള്ളതും മാംസളവുമാണ്.

ചില പ്രദേശങ്ങളില്‍ കൈതച്ചെടികള്‍ തോട്ടുവക്കിലെയും പുഴക്കടവിലെയും മണ്ണിന് ഉറപ്പുനല്കാന്‍ വേണ്ടി ഒരു വേലി പോലെ നട്ടുവളര്‍ത്താറുണ്ട്. പുഷ്പങ്ങളില്‍നിന്ന് സുഗന്ധതൈലം (Keoro oil) നിര്‍മിക്കുന്നുണ്ട്. ആണ്‍ പുഷ്പങ്ങളില്‍ നിന്നുമാണ് പരിമളതൈലം ഉണ്ടാക്കാറുള്ളത്. ഊന്നുവേരുകളും സാധാരണവേരുകളും ഉപയോഗിച്ച് കുട്ടകള്‍, വട്ടികള്‍, അടപ്പുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്നു. ഇലകള്‍ കൊണ്ട് കുട്ട, കൂട, കടലാസ്, തൊപ്പി ഇവ ഉണ്ടാക്കുന്നു. ധാരാളം നാരുകള്‍ ഉള്ള ഇലകള്‍ പുരമേയുന്നതിനും മത്സ്യവലകളുണ്ടാക്കുന്നതിനും നല്ലതാണ്. കൈതയോലകള്‍ കൊണ്ട് നെയ്തെടുക്കുന്ന തഴപ്പായകള്‍ ആകര്‍ഷകമായ നിറങ്ങള്‍ കൊടുത്ത് മോടി പിടിപ്പിക്കാറുണ്ട്. ഇലകള്‍ ശേഖരിച്ച് മുള്ളുകളും മുഖ്യസിരകളും നീക്കി, വീതികുറഞ്ഞ, നീളംകൂടിയ തുണ്ടുകളാക്കി ഉണക്കിയാണ് നെയ്യാനും മറ്റും ഉപയോഗിക്കുന്നത്. ചൈനയിലും മൊറീഷ്യസിലും പരവതാനി നിര്‍മാണത്തിനു കൈതയോലകള്‍ ഉപയോഗിക്കാറുണ്ട്. ബഹുവര്‍ണങ്ങളുള്ള ചിലയിനം കൈതകള്‍ (P. veichii, P.variegatus) അലങ്കാരച്ചെടികളായി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തിവരുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍