This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈകേയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈകേയി

രാമായണത്തിലെ ഒരു കഥാപാത്രം. അയോധ്യാരാജാവായ ദശരഥന്റെ മൂന്നു ഭാര്യമാരില്‍ രണ്ടാമത്തേതാണ് കൈകേയി. കേകയ നൃപതിയായ യുധാജിത്തിന്റെ സഹോദരിയായ കൈകേയി, സഹോദരസ്നേഹത്തിന്റെ ഉത്തമനിദര്‍ശനമെന്നു പ്രഖ്യാതനായ ഭരതന്റെ മാതാവാണ്.

പണ്ട് ദേവാസുരയുദ്ധത്തില്‍ ഇന്ദ്രനെ സഹായിക്കുവാന്‍ പത്തു ദിക്കിലേക്കും തേര്‍നടത്തി യുദ്ധം ചെയ്ത ദശരഥന്റെ തേരിലെ അച്ചുതണ്ടിന്റെ കീലകം ഉലച്ചില്‍ നിമിത്തം ഇളകിപ്പോകാന്‍ ഇടയായി. കൂടെയുണ്ടായിരുന്ന കൈകേയി അത് ഉറപ്പിച്ചുനിര്‍ത്തി തേരിനു കേടുവരാതെ സൂക്ഷിച്ചു. അതുകണ്ട് സന്തുഷ്ടനായ ദശരഥന്‍ കൈകേയിക്കു രണ്ടു വരങ്ങള്‍ വാഗ്ദാനം ചെയ്തു. പ്രസ്തുത വരങ്ങള്‍ യഥാകാലം വാങ്ങിക്കൊള്ളാമെന്നറിയിച്ച കൈകേയിയോടൊപ്പം ദശരഥന്‍ നാട്ടിലേക്കു മടങ്ങി (വാ. രാ; അ.കാ. 9-ാം സര്‍ഗം കമ്പരാമായണം: ബാലകാണ്ഡം).

ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദാസിയും ആയയുമായ മന്ഥരയുടെ കുതന്ത്രങ്ങളാല്‍ പ്രേരിതമായ കൈകേയി മേല്പറഞ്ഞ രണ്ടു വരങ്ങള്‍ ആവശ്യപ്പെടുകയും രാമനെ വനത്തിലയയ്ക്കുന്നതിനും ഭരതനെ രാജാവായി വാഴിക്കുന്നതിനും ദശരഥനെ നിര്‍ബന്ധിക്കുകയും ചെയ്തു. സത്യലംഘനം ഭയന്ന ദശരഥന് അതിന് വഴങ്ങേണ്ടതായും വന്നു. പിന്നീട് വിവരം അറിഞ്ഞ ഭരതന്റെ ശകാരത്തിനും കൈകേയി പാത്രമാവുകയും ചെയ്തു.

2. പ്രഭാത് എന്ന പേരില്‍ പ്രസിദ്ധനായ കേദാരനാഥന്‍ രചിച്ച ഒരു ഹിന്ദി മഹാകാവ്യം. 1950-ല്‍ പ്രസിദ്ധീകൃതമായ ഇതില്‍ 'കൈകേയി'യെ രാഷ്ട്രമാതാവായി ചിത്രീകരിച്ചിരിക്കുന്നു. മൈഥിലീശരണ്‍ഗുപ്തന്റെ സാകേതത്തിലെ കൈകേയിയുടെ ചിത്രമാണ് കേദാരനാഥനെ ഈ നൂതനമാര്‍ഗത്തില്‍ സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചതെന്നു പറയാവുന്നതാണ്. വിവിധ മാത്രാവൃത്തങ്ങളിലായി വിരചിതങ്ങളായ 13 സര്‍ഗങ്ങളാണ് ഈ കൃതിയിലുള്ളത്.

(മുതുകുളം ശ്രീധര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%95%E0%B5%87%E0%B4%AF%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍