This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേസീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേസീന്‍

Casein

പാലില്‍ കാണപ്പെടുന്ന പ്രധാന പ്രോട്ടീന്‍ (ഫോസ്ഫോപ്രോട്ടീന്‍). പാലിലെ പാട മാറ്റിയശേഷം (skimmed milk) അമ്ലീകരിച്ചാണ് ഇത് ലഭ്യമാക്കുന്നത്. അമ്ലമുപയോഗിച്ച്, പാലിന്റെ pH 4.7. വരെ താഴ്ത്തുമ്പോള്‍ കേസീന്‍ അവക്ഷിപ്തമാകുന്നു. പാലിലുള്ള പ്രോട്ടീന്റെ 80 ശതമാനവും കേസീനാണ്. ബാക്കി 20 ശതമാനം ബീറ്റാലാക്ടോഗ്ളോബുലിന്‍, പലതരം എന്‍സൈമുകള്‍ എന്നിവയാണ്. മുലപ്പാലിലെ കേസീന്റെ അളവ് ആകെയുള്ള പ്രോട്ടീന്റെ 40 ശതമാനം മാത്രമാണ്. പക്ഷേ പശുവിന്‍ പാലിലെ കേസീനും മുലപ്പാലിലെ കേസീനും തമ്മില്‍ ഘടനാപരമായി വലിയ വ്യത്യാസമൊന്നുമില്ല.

അസംസ്കൃതകേസീന്‍, നിരവധി പ്രോട്ടീനുകളുടെ ഒരു മിശ്രിതമാണ്. ഇവയില്‍ പ്രധാനപ്പെട്ടവ α കേസീന്‍, β കേസീന്‍, γ കേസീന്‍, K കേസീന്‍ തുടങ്ങിയവയാണ്. ഇലക്ട്രോഫോറെസിസ് എന്ന സങ്കേതമുപയോഗിച്ച് ഈ ഘടകങ്ങളെ വേര്‍തിരിക്കാം. ശുദ്ധമായ കേസീന്‍ വെളുത്ത ഒരു ഖരവസ്തുവാണ്. ഇതിന് പരലാകൃതിയോ മണമോ രുചിയോ ഇല്ല. വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന കേസീന്‍ അല്പം മഞ്ഞനിറം കലര്‍ന്നതായിരിക്കും. കേസീന്‍ ക്ഷാരങ്ങളുമായി പ്രവര്‍ത്തിച്ച് ലവണങ്ങളുമുണ്ടാക്കുന്നു. മിക്ക ജൈവലായകങ്ങളിലും അലേയമാണ് ഈ പ്രോട്ടീന്‍.

സ്തനകോശങ്ങളില്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീനിന്, രക്തത്തില്‍ കാണപ്പെടുന്ന മറ്റൊരു പ്രോട്ടീനുമായും കാര്യമായ ബന്ധമില്ല. ഉയര്‍ന്ന ജൈവമൂല്യ (biological value)മുള്ള ഒരു പ്രോട്ടീനാണ് ഇത്. ഗന്ധകമടങ്ങിയിട്ടുള്ള അമിനോ അമ്ലങ്ങള്‍ ഇതില്‍ അല്പം കുറവാണ്. ഈ കുറവ്, പാലില്‍ത്തന്നെ കാണപ്പെടുന്ന ബീറ്റാലാക്ടോ ഗ്ലോബുലിന്‍ എന്ന പ്രോട്ടീന്‍ നികത്തിക്കൊള്ളും.

വ്യാവസായികമായ ഉപയോഗങ്ങളും കേസീനിനുണ്ട്. പ്രോട്ടീന്‍ ഹൈഡ്രോളിസേറ്റുകള്‍, ഔഷധങ്ങള്‍, ഗ്ലു, പേപ്പര്‍, കൃത്രിമനാരുകള്‍, പെയിന്റ് തുടങ്ങിയവയുടെ നിര്‍മാണത്തിനു കേസീന്‍ പ്രയോജനപ്പെടുത്തിവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B8%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍