This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേസരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേസരി

1. തിരുവിതാംകൂറില്‍ പ്രചാരത്തിലിരുന്ന ഒരു രാഷ്ട്രീയ സാംസ്കാരിക സാഹിത്യവാരിക. സമദര്‍ശി പത്രാധിപസ്ഥാനം രാജിവച്ച എ. ബാലകൃഷ്ണപിള്ള സ്വന്തമായി ഒരു പ്രസ്സും പത്രവും ആരംഭിക്കുവാന്‍ ശ്രമിക്കുകയും ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് 1930 ജൂണില്‍ പ്രബോധകന്‍ എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു. ബാലകൃഷ്ണപിള്ളയുടെ നിശിതമായ സര്‍ക്കാര്‍ വിമര്‍ശനം അധികാരികളെ പ്രകോപിപ്പിച്ചു. ഇതോടെ 1930 സെപ്തംബറില്‍ പ്രബോധകന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു. ഇതേസമയം കൊല്ലം നാരായണപിള്ള കേസരി എന്ന പേരില്‍ ഒരു വാരിക തുടങ്ങാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു. ബാലകൃഷ്ണപിള്ള പ്രബോധകന്റെ ലൈസന്‍സ് റദ്ദാക്കിയതോടെ നാരായണപിള്ളയില്‍നിന്ന് കേസരിയുടെ ലൈസന്‍സ് തീറുവാങ്ങി 1930 സെപ്. 18-ന് പ്രബോധകന്റെ വലുപ്പത്തിലും ആകൃതിയിലും കേസരിയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ബുധനാഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന ഈ വാരികയുടെ പത്രാധിപത്യത്തിലൂടെയാണ് 'കേസരി ബാലകൃഷ്ണപിള്ള'യെന്ന പേരില്‍ ബാലകൃഷ്ണപിള്ള പ്രസിദ്ധനായിത്തീര്‍ന്നത്.

കേസരി ബാലകൃഷ്ണപിള്ള

രാഷ്ട്രീയ വിമര്‍ശനങ്ങള്‍, വാര്‍ത്തകള്‍, നോവലുകള്‍, ചെറുകഥകള്‍, ഗ്രന്ഥനിരൂപണം, ശാസ്ത്രക്കുറിപ്പുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പംക്തികളിലൂടെ ജനങ്ങളുടെ വിജ്ഞാനമണ്ഡലം വളര്‍ത്തിവികസിപ്പിക്കുവാനുതകുന്ന ലേഖനങ്ങള്‍ കേസരിയുടെ എല്ലാ ലക്കങ്ങളിലും ഉണ്ടായിരുന്നു. പുരോഗമനാശയക്കാരായ യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും മലയാളികളില്‍ വിശ്വസാഹിത്യപരിചയാഭിരുചികള്‍ വളര്‍ത്തുകയും ചെയ്തുവെന്ന നിലയില്‍ മലയാള സാഹിത്യചരിത്രത്തില്‍ കേസരി ചിരസ്മരണീയമായിത്തീര്‍ന്നിട്ടുണ്ട്. സി. നാരായണപിള്ള, കെ.എ. ദാമോദരമേനോന്‍, തകഴി, എന്‍.എന്‍. ഇളയത് മുതലായ യുവപ്രതിഭകളുടെ ലേഖനങ്ങള്‍ കേസരിയില്‍ സ്ഥലം പിടിച്ചിരുന്നു. മുഖം നോക്കാതെയുള്ള വിമര്‍ശനം ഈ വാരികയുടെ പ്രത്യേകതയായിരുന്നു. 'പുതുമയാര്‍ന്ന പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയാണ് കേസരി' എന്ന പ്രസിദ്ധി നേടി. നിലവിലുള്ള പത്രങ്ങളെല്ലാം ഒരു നിശ്ചിത തുക കെട്ടിവച്ച് ലൈസന്‍സ് പുതുക്കണമെന്ന 1935-ലെ പത്രനിയമത്തില്‍ പ്രതിഷേധിച്ച് പത്രാധിപര്‍ കേസരിയുടെ പ്രസിദ്ധീകരണം നിര്‍ത്തലാക്കി.

2. കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചുവരുന്ന ഒരു സാംസ്കാരികവാരിക. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 1951 നവംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഈ വാരിക ഭാരതീയ സംസ്കാരത്തിന്റെ പ്രചാരവും, ദേശാഭിമാനികളും ത്യാഗസന്നദ്ധരുമായ യുവാക്കളുടെ വാര്‍ത്തെടുക്കലും ഭാരതത്തിന്റെ ഐക്യവും ലക്ഷ്യമാക്കുന്നു. 'ജനനീ ജന്മഭൂമിശ്ചസ്വര്‍ഗാദപി ഗരീയസീ' (മാതാവും മാതൃഭൂമിയും സ്വര്‍ഗത്തെക്കാള്‍ മഹത്തരമാണ്), 'സ്വയമേവമൃഗേന്ദ്രതാ' (മൃഗരാജത്വം സ്വയം സിദ്ധമാണ്) എന്നിവയാണ് ഈ വാരികയുടെ മുദ്രാവാക്യങ്ങള്‍. ആദ്യകാലത്ത് ഈ വാരികയുടെ സാരഥ്യം വഹിച്ചിരുന്നത് പി. പരമേശ്വരനായിരുന്നു. രാഷ്ട്രീയ സ്വയം സേവകസംഘം, വിശ്വഹിന്ദുപരിഷത്, ബാലഗോകുലം, വിശ്വസംസ്കൃതപ്രതിഷ്ഠാനം, ഭാരതീയവിചാരകേന്ദ്രം, സേവാഭാരതി, ഭാരതീയ വിദ്യാനികേതന്‍ മുതലായ സാംസ്കാരിക സംഘടനകളെ സംബന്ധിച്ച വൃത്താന്തങ്ങള്‍ക്കും സാംസ്കാരിക ലേഖനങ്ങള്‍ക്കുമാണ് ഈ വാരികയില്‍ പ്രാധാന്യം നല്കിപ്പോരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B8%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍