This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേസരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേസരം

Stamen

ആണ്‍ബീജം രൂപംകൊള്ളുന്ന പുഷ്പഭാഗം. ഒരു പുഷ്പത്തിലെ കേസരങ്ങളെ മൊത്തത്തില്‍ കേസരപുടം (androecium) എന്നു വിളിക്കുന്നു. പുഷ്പാവയവങ്ങളില്‍ മൂന്നാംനിരയിലാണിവ കാണപ്പെടുന്നത്. കേസരങ്ങളുടെ ആകൃതിയും എണ്ണവും ഓരോ ജീനസ്സിലും വ്യത്യസ്തങ്ങളായിരിക്കും. സപുഷ്പി സസ്യങ്ങളിലെ പ്രത്യുത്പാദന കര്‍മത്തിന് അവശ്യംവേണ്ട പുഷ്പഭാഗങ്ങളാണ് കേസരപുടവും ജനിപുടവും. ഈ രണ്ടുഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന പുഷ്പങ്ങളെ ദ്വിലിംഗപുഷ്പങ്ങള്‍ എന്നും കേസരങ്ങള്‍ മാത്രമുള്ളവയെ കേസരപുഷ്പങ്ങള്‍ അഥവാ ആണ്‍പൂക്കള്‍ എന്നും പറയുന്നു.

ഒന്നോ അതിലധികമോ വൃത്തങ്ങളിലായാണ് പൂക്കളില്‍ കേസരങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. കേസരങ്ങളുടെ സംഖ്യാബാഹുല്യം പുഷ്പത്തിന്റ ആദിമസ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു കേസരത്തിന്റെ പ്രധാനഭാഗങ്ങള്‍ തന്തു (filament), പരാഗകോശം (anther), സംയോജകം (connective) എന്നിവയാണ്. പരാഗകോശത്തിനുള്ളില്‍ പരാഗധൂളികള്‍ കാണപ്പെടുന്നു.

തന്തുക്കളുടെ ആകൃതി, വലുപ്പം, നിറം എന്നിവ വിവിധയിനം സസ്യങ്ങളില്‍ വ്യത്യസ്തങ്ങളായിരിക്കും. റോസയിലും പുല്ലുവര്‍ഗങ്ങളിലും നീണ്ടതും ലോലവുമായ തന്തുക്കളാണുള്ളത്. എന്നാല്‍ തോട്ടവാഴയുടെ തന്തുക്കളാകട്ടെ വികസിച്ച് വീതികൂടിയാണിരിക്കുന്നത്. പരാഗകോശം ഒരു വശത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നതുപോലെയാണ് ഇതില്‍ കാണപ്പെടുന്നത്. പലപ്പോഴും വീതിയേറിയ തന്തുക്കള്‍ ദളങ്ങളെ അനുസ്മരിപ്പിക്കാറുണ്ട്. ഇവ പെറ്റലോയ്ഡ് (petalloid) എന്ന പേരില്‍ അറിയപ്പെടുന്നു.

സാധാരണയായി തന്തുക്കള്‍ക്ക് സരളഘടനയാണുള്ളത്. എന്നാല്‍ ആവണക്കിന്റെ പുഷ്പങ്ങളിലെ തന്തുക്കള്‍ ശാഖിതങ്ങളാണ്. ഓരോ ശാഖാഗ്രത്തിലും ഓരോ പരാഗകോശവും കാണപ്പെടുന്നു. മിക്കസസ്യങ്ങളിലും തന്തുക്കള്‍ക്ക് വെള്ളനിറമാണുള്ളത്. എന്നാല്‍ അക്കേഷ്യയിലെ തന്തുക്കള്‍ക്ക് പുഷ്പദളങ്ങളുടെ നിറം തന്നെയാണ്.

തന്തുക്കള്‍ ഋജുവായോ വളഞ്ഞോ ആണ് പുഷ്പത്തില്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ചില പുഷ്പങ്ങളില്‍ ഇവ ഉള്‍ഭാഗത്തേക്കു വളഞ്ഞും മറ്റും ചിലവയില്‍ പുറത്തേക്ക് വളഞ്ഞും കാണപ്പെടുന്നു. ദളനാളിയെക്കാള്‍ നീളം കുറഞ്ഞ തന്തുക്കളുള്ള ചെടികളും വിരളങ്ങളല്ല. ഇപ്രകാരമുള്ള ചെടികളില്‍ പുറത്തുകാണാനാവാത്തവിധം കേസരങ്ങള്‍ ദളനാളത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു.

പരാഗകോശത്തിന് രണ്ടു തന്തുകങ്ങളുണ്ട്. ഇത് തന്തുവിന്റെ അഗ്രഭാഗത്ത് ഇരുവശങ്ങളില്‍ നെടുകെ കാണപ്പെടുന്നു. തന്തുവിനോട് തന്തുകങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഭാഗമാണ് സംയോജകം എന്ന പേരിലറിയപ്പെടുന്നത്. പരാഗകോശത്തിന്റെ പിന്‍വശത്തായാണിത് കാണപ്പെടുക.

പൂവിന്റെ നെടുകെയുള്ള ഛേദം
വിവധയിനം പരാഗകോശങ്ങള്‍

തന്തുക്കള്‍ പരാഗകോശത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രീതിയെ അടിസ്ഥാനമാക്കി കേസരങ്ങളെ ആറായി തരംതിരിക്കാം. തന്തുപരാഗകോശത്തിന്റെ ആധാരഭാഗത്ത് സന്ധിച്ചിരിക്കുന്നയിനം കേസരത്തെ അധോബദ്ധം (basifixed) എന്നുവിളിക്കുന്നു. കടുക്, ആമ്പല്‍ എന്നിവയുടെ കേസരങ്ങള്‍ ഈ ഇനത്തില്‍പ്പെടുന്നു. എന്നാല്‍ ചെമ്പകം തുടങ്ങിയ ചെടികളിലെ കേസരങ്ങളില്‍ തന്തുപരാഗകോശത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വ്യാപിച്ചിരിക്കുന്നു. ഈയിനം ലഗ്നം (adnate) എന്ന പേരിലറിയപ്പെടുന്നു. അടുത്തയിനമായ ഉത്തരബദ്ധ (dorsifixed) കേസരങ്ങളില്‍ പരാഗകോശത്തിന്റെ പിന്നിലായാണ് തന്തു ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പരാഗകോശത്തിന്റെ പിന്നിലുള്ള ഒരു ബിന്ദുവിലാണ് തന്തു സംയോജിക്കുന്നതെങ്കില്‍ പരാഗകോശം നാഴികമണിയുടെ പെന്‍ഡുലം പോലെ കാറ്റില്‍ ആടിക്കൊണ്ടിരിക്കും പുല്ലുവര്‍ഗത്തിലും മറ്റും കാണപ്പെടുന്ന ഇത്തരം കേസരത്തെ മുക്തദോളി (versatile) എന്നുപറയുന്നു. എന്നാല്‍ തുമ്പച്ചെടിയിലെ സ്ഥിതി തികച്ചും ഭിന്നമാണ്. ഇവയിലെ കേസരങ്ങളില്‍ രണ്ടു പരാഗകോശങ്ങള്‍ രണ്ടു ശാഖകളെപ്പോലെ അകന്ന് സംയോജകത്തിന് ഇരുവശത്തായി കാണപ്പെടുന്നു. വിശ്ളേഷി (divaricate) എന്ന പേരിലാണിവ അറിയപ്പെടുന്നത്. പരാഗകോശങ്ങള്‍ തന്തുവിന്റെ അഗ്രത്തായി ഒന്നിനുമീതെ മറ്റൊന്ന് എന്ന ക്രമത്തിലടുക്കിയിരിക്കുന്ന ആറാമത്തെയിനത്തിന്റെ പേര് സൂപ്പര്‍പോസ്ഡ് എന്നാണ്. അക്കാന്തസ് പുഷ്പങ്ങളില്‍ ഈയിനം കേസരങ്ങളാണുള്ളത്.


ഒരു പുഷ്പത്തിലെ കേസരങ്ങള്‍ സ്വതന്ത്രമായിത്തീരുകയാണെങ്കില്‍ അവയെ ബഹുകേസര (polyandrous) പുഷ്പങ്ങള്‍ എന്നുപറയുന്നു. എന്നാല്‍ കേസരങ്ങള്‍ പരസ്പരം യോജിച്ച് ഒരു കേസരനാളമായും അതിന്റെ മുകള്‍ഭാഗത്ത് പരാഗകോശങ്ങള്‍ വിന്യസിക്കപ്പെട്ട നിലയിലും ആണുള്ളതെങ്കില്‍ അവ സംയുക്തകേസരകുലം (monadelphous) എന്നാണറിയപ്പെടുക. ചില പുഷ്പങ്ങളില്‍ രണ്ടു കെട്ടുകളായും (diadelphous) കാണപ്പെടാറുണ്ട്. കെട്ടുകളുടെ എണ്ണം ചില ചെടികളില്‍ രണ്ടിലധികം (polyadelphous) ആവാറുമുണ്ട്. പരാഗകോശങ്ങള്‍ മാത്രം സംയോജിച്ച് പരാഗകോശനാളമുണ്ടാവുകയും തന്തുക്കള്‍ സ്വതന്ത്രമായി നില്ക്കുകയും ചെയ്യുന്ന സ്ഥിതിയും (syngenecious) അപൂര്‍വമല്ല. പ്രവര്‍ത്തനക്ഷമമല്ലാത്ത പരാഗകോശങ്ങളോടുകൂടിയ വന്ധ്യകേസരങ്ങളും ചില പുഷ്പങ്ങളില്‍ കാണാറുണ്ട്.

വികാസത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു പരാഗകോശത്തിന് നാല് അറകള്‍ കാണപ്പെടുന്നു. എന്നാല്‍ വളര്‍ച്ച മുഴുമിപ്പിച്ച ഒരു പരാഗത്തിന് രണ്ട് അറകളേ ഉണ്ടാവാറുള്ളൂ. ചെമ്പരത്തിപുഷ്പത്തിന്റെ പരാഗത്തിന് ഒരു അറ മാത്രമേയുള്ളുതാനും.

പരാഗകോശത്തിനകത്ത് പരാഗരേണുക്ക (pollen grains)ളാണുള്ളത്. പരാഗണം സുഗമമായി നടക്കാനാവുംവിധമാണ് ചെടികളില്‍ കേസരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്വയംപരാഗണം നടക്കുന്ന ചെടികളും പരപരാഗണം നടക്കുന്ന ചെടികളും ഉണ്ട്. എങ്കിലും പരാപരാഗണത്തെയാണ് പ്രകൃതി പ്രോത്സാഹിപ്പിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B8%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍