This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവീയം

കെ.സി. കേശവപിള്ള രചിച്ച മലയാള മഹാകാവ്യം (കൊ.വ. 1088). ശ്രീമദ്ഭാഗവതത്തില്‍ 40-ല്‍പ്പരം അനുഷ്ടുപ്പു ശ്ലോകങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള സ്യമന്തകം കഥയാണ് ഇതിലെ ഇതിവൃത്തം. ഭാമാനിവേദനം, മണിപ്രാര്‍ഥനം, മൃഗയാനുവര്‍ണനം, മണിഭ്രംശം, അപവാദചിന്തനം, വനഗമനം, പ്രസേനദേഹദര്‍ശനം, മണിദര്‍ശനം, ദ്വന്ദ്വയുദ്ധം, പൗരവിലാപം, പ്രത്യാഗമനം, ഭാമാഗ്രഹണം ഇങ്ങനെ പന്ത്രണ്ടു സര്‍ഗങ്ങളിലായി കഥ വിസ്തരിച്ച് ആഖ്യാനം ചെയ്തിരിക്കുന്നു. രസപുഷ്ടിക്കുവേണ്ടി മൂലകഥയ്ക്ക് അല്പം ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

കവി തനിക്ക് ഈ കാവ്യമെഴുതാനുണ്ടായ പ്രേരണയെപ്പറ്റി കാവ്യാരംഭത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

'രാജരാജാഖ്യനായോരാ ഗുരുവിന്റെ കൃപാരസം

എന്മൊഴിക്കുള്ളഴുക്കെല്ലാം കഴുകിക്കളയേണമേ

തദുപജ്ഞം മതംനവ്യം സമാഞ്ജസ്യമനോഹരം

ഒരുക്കിയെന്നെയിക്കാവ്യരചനാസാഹസത്തിനായ്'.

രാജരാജവര്‍മ പ്രസ്ഥാനത്തിന്റെ കാതലായ അംശം ഇതായിരുന്നു:

'അന്യൂനാനതിരിക്തമായ് വിലസണം

ശബ്ദങ്ങളര്‍ഥങ്ങളും;

പ്രാസാദ്യാഭരണങ്ങള്‍ വാങ്ങുവതിനാ-

യര്‍ഥം കളഞ്ഞീടൊലാ;

ദോഷം നീക്കിവളച്ചുകെട്ടുകളൊഴി-

ച്ചൌചിത്യമോര്‍ത്തോതണം

സത്കാവ്യോചിതമായ വസ്തു, വിവിധം


വ്യംഗ്യം വിളങ്ങും വിധം'.

ഇതിലടങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങള്‍ അനുസരിച്ച് ഈ കാവ്യം ചമയ്ക്കാന്‍ കവി പരമാവധി പരിശ്രമിച്ചിട്ടുണ്ട്. മുമ്പുണ്ടായ രുക്മാംഗദചരിതം, ഉമാകേരളം മുതലായ മലയാള മഹാകാവ്യങ്ങളില്‍നിന്നു ഭിന്നമായി ഇതില്‍ യമകസര്‍ഗവും ചിത്രസര്‍ഗവും ദ്വിതീയാക്ഷരപ്രാസനിര്‍ബന്ധവും ഒഴിവാക്കിയിരിക്കുന്നു. കാവ്യത്തില്‍ ഭാവപോഷണത്തിനു പരമപ്രാധാന്യം നല്കുന്നതിലും അതിനുതകുന്ന രമണീയശബ്ദാര്‍ഥങ്ങള്‍ പ്രയോഗിക്കുന്നതിലും കവി ശ്രദ്ധിച്ചിട്ടുണ്ട്.

കേശവീയത്തില്‍ അനേകം ഹൃദയാവര്‍ജകങ്ങളായ വര്‍ണനകളും ചിന്തകളുമുണ്ട്. ദ്വന്ദ്വയുദ്ധത്തില്‍ നിലമ്പതിച്ച ജാംബവാന്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ കാണുന്ന കൃഷ്ണരൂപത്തിന്റെ വര്‍ണന അതിമനോഹരമാണ്:

'കൊടിയ കൂരിരുളോടിടയുന്നൊര-

മ്മുടിയു മുജ്ജ്വലമായ കിരീടവും

നിടില സീമ്നി നിരന്നതി ഭംഗിയില്‍

പൊടിയണിഞ്ഞരുളും കുരളങ്ങളും

അഴകിനാലയമായ് കരുണാമൃതം

പൊഴിയുമമ്മിഴിയും മൃദുഹാസവും

അടലിലേറ്റ പരിഭ്രമണങ്ങളാ-

ലിടറിമാറിയ മാറണിമാലയും,

ചെറിയ മുത്തു നിരത്തിയിണക്കിയു-

ള്ളരിയ നീലശിലയ്ക്കിയലും മദം

കുറയുമാറുവിയര്‍പ്പുകണോത്കരം

നിറയുമുജ്ജ്വലമാം തിരുമേനിയും

ഉദയമാര്‍ന്നുയരുന്ന രവിക്കെഴും

ദ്യുതിയില്‍ മുങ്ങി വിളങ്ങിടുമാടയും

ശിലയെ മാനിനിയാക്കിയ പാംസുവിന്‍

നിലയമായ് വിലസീടിന പാദവും'

പരേതനായ പ്രസേനനെക്കണ്ട ശ്രീകൃഷ്ണന്റെ ഉള്ളില്‍ ഉദിക്കുന്ന തത്ത്വചിന്തകള്‍ വര്‍ണിക്കുന്ന ഭാഗവും ഹൃദയാവര്‍ജകമാണ്:

'സുരഭിലസുമശയ്യയില്‍ സുഖിപ്പാന്‍

സുകൃതമെഴും സുകുമാരനിക്കുമാരന്‍

ഇതുവിധമിവിടെക്കിടപ്പതോര്‍ത്താല്‍

വിധിഗതി വിസ്മയനീയമേവനൂനം.

ക്ഷണികതയുമനേകമട്ടിലെത്തും

പിണികളുമൊന്നു വളര്‍ന്നു ചിന്ത ചെയ്താന്‍

മനുജനുടയ ജീവിതത്തിനുള്ളോ-

രനുപമശോച്യത നല്ലപോലെയുണ്ടാം'.

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ഈ കാവ്യത്തെപ്പറ്റിപ്പറഞ്ഞ അഭിപ്രായം സുപ്രധാനമാണ്. 'കാവ്യങ്ങളില്‍ സാര്‍വത്രികമായി ദ്വിതീയാക്ഷരപ്രാസവും ഒരു സര്‍ഗം മുഴുവനും നാലാംപാദത്തില്‍ യമകവും പ്രയോഗിക്കണമെന്നു നിര്‍ബന്ധം വച്ചാല്‍ എങ്ങനെയായാലും അനാവശ്യപദങ്ങള്‍ വന്നുചേരാതിരിക്കയില്ല. ആ 'മര്‍ക്കടമുഷ്ടി' ഇല്ലായ്കയാല്‍ ഈ മഹാകാവ്യം ഉചിതങ്ങളായ ശബ്ദാര്‍ഥങ്ങള്‍ കൊണ്ട് വളരെ ഹൃദയംഗമമായിട്ടുണ്ട്. വര്‍ണനകള്‍ എല്ലാം സന്ദര്‍ഭോചിതങ്ങളും നവീനങ്ങളായ പല ഉല്ലേഖങ്ങളെക്കൊണ്ട് അത്യന്തം രമണീയങ്ങളുമായിരിക്കുന്നു. വിവിധങ്ങളായ പ്രാസ പ്രയോഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇതില്‍ ശബ്ദഭംഗിക്ക് ഒട്ടും കുറവും വന്നിട്ടില്ല'.

എന്നാല്‍ രാജരാജവര്‍മയുടെ,

'പാദാഗ്രേഷു പുനഃപുനഃ പ്രഹരതാ

പ്രാസേന പംഗൂകൃതാ

ഗൌഡീയാക്ഷരഡംബരേണവിഷമേ

മാര്‍ഗേസ്ഖലന്തീചിരാത്

ബാലാ കേരളസാഹിതീ സമതയാ

രമ്യേ സദര്‍ഥോജ്ജ്വലേ

വൈദര്‍ഭാധ്വനി മോചിതാദ്യ ഭവതാ

കൃച്ഛ്രാത് സുഖം നൃത്യതു'

എന്ന സമര്‍പ്പണസ്വീകാരപദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം, ഭാഷയില്‍നിന്നു വളരെക്കാലം മുമ്പുതന്നെ അന്തര്‍ധാനം ചെയ്തിരുന്ന വൈദര്‍ഭമാര്‍ഗത്തിനു പുനഃപ്രതിഷ്ഠ ലഭിച്ചത് ഈ കാവ്യം കൊണ്ടാണെന്നു സമ്മതിച്ചു കൊടുപ്പാന്‍ ഉള്ളൂര്‍ തയ്യാറായില്ല. കാവ്യത്തിന്റെ ഒന്നാം സര്‍ഗത്തില്‍ തന്നെ കാണുന്ന

'അനീതിബാധയില്ലാതെ മാധവന്‍ നാടുവാഴവേ

അനീതിബാധാകുലമായഹോ ശോഭിച്ചു ഭൂതലം

ഗദത്തിന്‍ ഗന്ധമേ നാട്ടിലുണ്ടായില്ലെന്നിരിക്കിലും

ദ്വിധാ മുകുന്ദപാര്‍ശ്വത്തിലുളവായി ഗദാഗമം'.

ഇത്തരം പദ്യങ്ങളിലെ ശ്ലോഷോത്ഥാപിതമായ അലങ്കാര സന്നിവേശം കാളിദാസീയമല്ലെന്ന് ഇദ്ദേഹം സയുക്തികം വാദിക്കുന്നു.

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B5%80%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍