This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേവുപത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേവുപത്രം

Bill of Lading

കപ്പലില്‍ ചരക്കുകള്‍ അയയ്ക്കുമ്പോള്‍ ഗതാഗതത്തിനുവേണ്ടി അവ കൈപ്പറ്റിയതായി കപ്പലുടമ ചരക്കുകളുടെ ഉടമസ്ഥനു നല്കുന്ന രസീത്.

സ്വന്തമായി കപ്പലില്ലാത്ത ഒരു വ്യാപാരി തന്റെ ചരക്ക് കടല്‍മാര്‍ഗം അയയ്ക്കുന്നതിനുവേണ്ടി കപ്പലുടമയുമായോ അയാളുടെ ഏജന്റുമായോ കരാറില്‍ ഏര്‍പ്പെടാറുണ്ട്. ഈ കരാറനുസരിച്ച് കപ്പലുടമ പ്രതിഫലംപറ്റിക്കൊണ്ട് ചരക്കു കൊണ്ടുപോകാമെന്നു സമ്മതിക്കുകയോ കപ്പല്‍ പൂര്‍ണമായോ ഭാഗികമായോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യുന്നു. ചരക്കയയ്ക്കുന്ന ആളും (ഷിപ്പര്‍) കപ്പലുടമയും തമ്മിലുണ്ടാകുന്ന ഈ കരാറിന് 'കപ്പല്‍ ചരക്കുകടത്തുകരാര്‍' എന്നുപറയുന്നു. ചരക്കു അയയ്ക്കുന്ന വ്യക്തി കപ്പലുടമയ്ക്കു നല്കുന്ന പ്രതിഫലമാണ് കേവുകൂലി (Freight).

കപ്പല്‍ ചരക്കുകടത്തുകരാറില്‍ 'ചാര്‍ട്ടര്‍ പാര്‍ട്ടി', 'കേവുപത്രം' എന്നിങ്ങനെ രണ്ടു പ്രമാണങ്ങളുണ്ട്. ഒരു കപ്പല്‍ പൂര്‍ണമായോ ഭാഗികമായോ വാടകയ്ക്കു കൊടുക്കുന്നതിനു ഷിപ്പറും കപ്പലുടമയും തമ്മിലുണ്ടാക്കുന്ന കരാറാണ് 'ചാര്‍ട്ടര്‍ പാര്‍ട്ടി'. ചെറിയതോതില്‍ സാധനങ്ങള്‍ അയയ്ക്കുമ്പോള്‍ ഗതാഗതത്തിനുവേണ്ടി ചരക്കുകള്‍ കൈപ്പറ്റിയതായി കപ്പല്‍ ഉടമയോ കപ്പിത്താനോ നല്കുന്ന രസീതിനു 'കേവുപത്രം' എന്നുപറയുന്നു. എല്ലാ കപ്പല്‍ ചരക്കുഗതാഗതത്തിനും കേവുപത്രം ഉണ്ടായിരിക്കണമെന്നുണ്ട്. ചാര്‍ട്ടര്‍ പാര്‍ട്ടി ഇല്ലാത്ത കപ്പല്‍ഗതാഗതത്തില്‍ കേവുപത്രത്തെ ഷിപ്പറും കപ്പലുടമയും തമ്മിലുള്ള കരാറായി പരിഗണിക്കപ്പെടുന്നു. ചാര്‍ട്ടര്‍ പാര്‍ട്ടി ഉണ്ടെങ്കില്‍ കപ്പലില്‍ ചരക്കു സ്വീകരിച്ചു എന്നതിനുള്ള രസീതിന്റെ വിലമാത്രമേ കേവുപത്രത്തിനുള്ളൂ.

കപ്പലില്‍ കപ്പിത്താന്റെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനായ 'മേറ്റ്' നല്കുന്ന താത്കാലികരസീത് കപ്പല്‍ക്കമ്പനിക്കു നല്കുമ്പോഴാണ് അവര്‍ അതിനു പകരമായി കേവുപത്രം നല്കുന്നത്. ചരക്കുകള്‍ സംബന്ധിച്ചു കമ്പനി നല്കുന്ന അന്തിമരസീതാണിത്. എത്തേണ്ട തുറമുഖത്തിന്റെ പേര്, ചരക്കു കടത്തുന്നതിനുള്ള വ്യവസ്ഥകള്‍, കപ്പലിന്റെ പേര്, കയറ്റിയ തുറമുഖം, കേവുകൂലി, കിട്ടേണ്ട ആള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പത്രത്തിലുണ്ടായിരിക്കും. ചരക്കുകള്‍ ആര്‍ക്ക് അല്ലെങ്കില്‍ ആരുടെ ആജ്ഞപ്രകാരം നല്കണമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. കേവുപത്രം ഹാജരാക്കാതെ ആര്‍ക്കും ചരക്കു വിട്ടുകൊടുക്കുകയില്ല. മൂന്നു പ്രതികളിലായാണ് സാധാരണ കേവുപത്രം തയ്യാറാക്കാറുള്ളത്; രണ്ടു പ്രതികള്‍ ഷിപ്പര്‍ക്കു നല്കും; ഒരു പ്രതി കമ്പനിയും സൂക്ഷിക്കും. കപ്പിത്താന്‍ കുറിപ്പുകളൊന്നും എഴുതിച്ചേര്‍ക്കാതെ കേവുപത്രത്തില്‍ ഒപ്പിടുന്നുവെങ്കില്‍ അതിനു 'ക്ളീന്‍ ബില്‍ ഒഫ് ലേഡിങ്' എന്നുപറയുന്നു. കുറിപ്പുകളോടെ ഒപ്പിടുന്നുവെങ്കില്‍ അതിനു 'ഫൗള്‍ ബില്‍ ഒഫ് ലേഡിങ്' എന്നാണു പേര്. വിദേശവ്യാപാരത്തിലെ ഏറ്റവും അടിസ്ഥാനരേഖയാണ് കേവുപത്രം. ചരക്കു ഗതാഗതത്തിനു റെയില്‍വേ നല്കുന്ന രസീതുപോലെ കേവുപത്രവും കൈമാറ്റം ചെയ്യാവുന്നതാണ്. അതുകൊണ്ടു കേവുപത്രത്തെ 'അര്‍ധ നെഗോഷ്യതാപ്രമാണം' എന്നു പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍