This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളഭൂഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളഭൂഷണം

കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചുവരുന്ന ഒരു മലയാളദിനപത്രം. 1944-ല്‍ കെ.കെ. കുരുവിള ആരംഭിച്ച ഈ പത്രം പിന്നീട് എ.വി. ജോര്‍ജ് ഏറ്റെടുത്തു. 1969 ഡിസംബറില്‍ ഈ പത്രത്തിന്റെ സകല അവകാശങ്ങളും ഡോ. ജോര്‍ജ് തോമസ് വിലയ്ക്കുവാങ്ങി. ഇപ്പോള്‍ ഇദ്ദേഹമാണ് കേരള ഭൂഷണത്തിന്റെ മാനേജിങ് ഡയറക്ടര്‍. കേരള ഭൂഷണത്തിന്റെ ആരംഭകാലത്തുതന്നെ അക്കാലത്തെ വിലയേറിയ ഫ്ളാറ്റ്ബെഡ് റോട്ടറി പ്രസ്സിലാണ് പത്രം അച്ചടിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഒരു മികച്ച ദിനപത്രം എന്ന പേര് ആര്‍ജിച്ചിരുന്ന ഇതിന് കോട്ടയത്തും പരിസരപ്രദേശങ്ങളിലും മുന്‍ കൊച്ചി സംസ്ഥാനത്തും നല്ല പ്രചാരമുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭണകാലത്ത് ഇതിന്റെ പ്രചാരം വളരെയേറെ വര്‍ധിക്കുകയുമുണ്ടായി. ആരംഭം മുതല്‍ നാളിതുവരെ യാതൊരു മുടക്കവും കൂടാതെ പ്രസിദ്ധീകരിച്ചുവരുന്ന ഒരു ദിനപത്രം എന്ന പ്രശസ്തി കേരളഭൂഷണത്തിനുണ്ട്. ഓഫ്സെറ്റ് പ്രസ്സിലേക്കു അച്ചടിമാറ്റിയ ആദ്യമലയാളദിനപത്രങ്ങളില്‍ ഒന്നാണിത്. ഇതിന് പ്രഭാതപ്പതിപ്പും സായാഹ്നപ്പതിപ്പും പ്രത്യേകം പ്രത്യേകമുണ്ടായിരുന്നു. കോട്ടയത്തു നിന്നുതന്നെ അച്ചടിച്ചുവരുന്ന കേരളധ്വനിയുടെ സ്ഥാപകനും എഡിറ്ററുമായ ഡോ. കെ. ജോര്‍ജ് തോമസ് ഇതിന്റെ അവകാശങ്ങള്‍ വിലയ്ക്കെടുത്തതോടെ കേരളഭൂഷണത്തിന്റെ സായാഹ്നപ്പതിപ്പ് നിര്‍ത്തലാക്കുകയും പ്രഭാതപ്പതിപ്പായി മാത്രം ഇറക്കിക്കൊണ്ടിരുന്ന കേരളധ്വനി സായാഹ്നപ്പതിപ്പാക്കുകയും ചെയ്തു. മലയാളദിനപത്രങ്ങളില്‍ വാരാന്ത്യപ്പതിപ്പ് ആദ്യമായി ഉദ്ഘാടനം ചെയ്തുവെന്ന പ്രശസ്തിയും കേരളധ്വനിക്കുണ്ട്. ദിനപത്രം ആദ്യമായി സ്വന്തം വാഹനങ്ങളില്‍ വിതരണക്കാര്‍ക്ക് എത്തിച്ചുക്കൊടുത്തത് കേരളഭൂഷണമാണെന്ന് പത്രഉടമകള്‍ അവകാശപ്പെടുന്നു. 1989-ല്‍ കോഴഞ്ചേരിയിലെ കെ.ജെ. എബ്രഹാം ഏറ്റെടുത്ത് തിരുവല്ലയില്‍ നിന്നും പുനഃപ്രസിദ്ധീകരണമാരംഭിച്ച പത്രം സാങ്കേതിക കാരണങ്ങളാല്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് സായാഹ്നപത്രമായി ചുരുങ്ങി. 2006-ല്‍ ഡോ. കെ.സി. ചാക്കോയുടെ ഉടമസ്ഥതയിലായ കേരളഭൂഷണം തുടര്‍ന്ന് കാലോചിതമായ മാറ്റങ്ങളോടെ തിരുവല്ലയില്‍ നിന്നും 2008 ഏപ്രില്‍ മുതല്‍ സായാഹ്നദിനപത്രമായി പുറത്തിറങ്ങുകയും 2009 മുതല്‍ പ്രഭാതദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ചെയ്തു.

കേരളഭൂഷണം പത്രശൃംഖലയുടെ ഭാഗമാണ് മനോരാജ്യം എന്ന കുടുംബവാരിക. സ്വന്തമായ വെബ്സൈറ്റും ഇന്ന് പത്രത്തിനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍