This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളപത്രിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളപത്രിക

ചെങ്കുളത്ത് വലിയ കുഞ്ഞിരാമമേനോന്‍

കേരളത്തിലെ ആദ്യകാല വൃത്താന്തപത്രങ്ങളില്‍ ഒന്ന്. 1884-ല്‍ ഒരു വാരികയായി ചെങ്കുളത്ത് വലിയ കുഞ്ഞിരാമമേനോന്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണമാരംഭിച്ച ഈ പത്രിക, മലബാര്‍ പ്രദേശത്തെ ആദ്യത്തെ വര്‍ത്തമാനപത്രമായിരുന്നു. അതിനുമുമ്പ് ചില മാസികകളും ഇംഗ്ലീഷ് വാരികയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ കേരളപത്രിക എന്ന പത്രം മലയാളഭാഷയിലെ ഒന്നാമത്തെ പത്രമാണ്' എന്ന് 1912-ല്‍ പ്രസിദ്ധീകൃതമായ കെ. രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവര്‍ത്തനം എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍ അവകാശപ്പെട്ടിട്ടുണ്ട്.

കാളഹസ്തീയപ്പമുതലിയാര്‍ 1861-ല്‍ ആരംഭിച്ച വിദ്യാവിലാസം അച്ചുകൂടത്തില്‍ നിന്നാണ് കേരളപത്രിക അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നത്. അഴിമതിക്കും കൈക്കൂലിക്കും സ്വേച്ഛാപ്രമത്തതയ്ക്കും എതിരായി കേരളപത്രിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളപത്രികയുടെ സാമൂഹികപരിഷ്കരണോദ്യമങ്ങളും ഉദ്യോഗസ്ഥന്മാരെ ഉത്തരവാദിത്തബോധമുള്ളവരാക്കി ത്തീര്‍ക്കാനുള്ള ശ്രമങ്ങളും മനസ്സിലാക്കിയ വിശാഖം തിരുനാള്‍ രാജാവ് ഇതിന്റെ 200 പ്രതികള്‍ വാങ്ങി തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു.

കേരളത്തിലുടനീളം സ്വീകാര്യത ലഭിച്ച കേരളപത്രികയ്ക്ക് കേരളീയ സാമൂഹിക ജീവിതത്തില്‍ കാര്യമായ സ്വാധീനത ചെലുത്തുവാന്‍ സാധിച്ചു. അമ്പതുവര്‍ഷത്തോളം തുടര്‍ച്ചയായി ഈ പത്രത്തിന്റെ ആധിപത്യം നിര്‍വഹിച്ചതുമൂലം കുഞ്ഞിരാമമേനോന് 'മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്' എന്ന ബഹുമതി ലഭിച്ചു.

കുഞ്ഞിരാമമേനോന്റെ മരണത്തിനുശേഷം ഇദ്ദേഹത്തിന്റെ അനന്തരവനും കഥാകൃത്തുമായ എം. ആര്‍. കെ. സി.യുടെ പത്രാധിപത്യത്തില്‍ ഇതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. ഏതാനും വര്‍ഷക്കാലംമുടങ്ങിക്കിടന്ന കേരളപത്രിക 1938-ല്‍ പുതിയ മാനേജുമെന്റിന്റെ കീഴില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ഈ ഘട്ടത്തില്‍ സഞ്ജയന്‍, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് എന്നിവരായിരുന്നു പത്രാധിപന്മാര്‍. എറണാകുളത്തെ ദീപം പ്രസിദ്ധീകരണശാലക്കാരനായിരുന്നു ഉടമ. തുടര്‍ന്ന് പ്രസിദ്ധീകരണം എറണാകുളത്തേക്കു മാറ്റി. തോമസ് ചെറിയാന്‍ പത്രാധിപരായി എറണാകുളത്തുനിന്നും കുറേ നാള്‍ കൂടി ഇതു പ്രസിദ്ധപ്പെടുത്തിയിരുന്നു.

മുടങ്ങിക്കിടന്ന കേരളപത്രിക 1975 മാര്‍ച്ചില്‍ തിരുവനന്തപുരത്തുനിന്നും ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിച്ചു. കെ. ഗോവിന്ദപ്പിള്ളയായിരുന്നു പത്രാധിപര്‍. 1978-ല്‍ ഇത് കെ. ജനാര്‍ദനന്‍പിള്ള വിലയ്ക്കുവാങ്ങി. 1979-ല്‍ കുട്ടനാട്ടു രാമകൃഷ്ണപിള്ള ചീഫ് എഡിറ്ററായി. തുടര്‍ന്ന് സി. നാരായണപിള്ള, വി. പി. രാമചന്ദ്രന്‍, പി. ബാലകൃഷ്ണപിള്ള എന്നിവരും കുറേക്കാലം പത്രാധിപത്യം വഹിച്ചിരുന്നു. പില്ക്കാലത്ത് പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.

(വി. രാജഗോപാല്‍; സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍