This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളകൗമുദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളകൗമുദി

1. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം. 1940-ല്‍ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണമാരംഭിച്ച ഈ ദിനപത്രത്തിന്റെ സ്ഥാപകന്‍ അന്തരിച്ച കെ. സുകുമാരനാണ്.

പത്രാധിപര്‍ കെ. സുകുമാരന്‍

സി. കൃഷ്ണന്‍ വൈദ്യര്‍ എന്നൊരാളിന്റെ ഉടമസ്ഥതയില്‍ മയ്യനാട്ട് വര്‍ണപ്രകാശിനി പ്രസ്സില്‍ അച്ചടിച്ച് കൊല്ലവര്‍ഷം 1086 മകരം 19-ന്, ബുധനാഴ്ചതോറും പ്രസിദ്ധപ്പെടുത്തുന്ന ഒരു വാരികയായിട്ടാണ് കേരളകൗമുദിയുടെ ആരംഭം. മലയാളത്തിലെ ഒരു മികച്ച ഗദ്യകാരനായ സി. വി. കുഞ്ഞുരാമനായിരുന്നു വാരികയുടെ സൂത്രധാരന്‍. തുടര്‍ന്ന് സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍, ടി. കെ. നാരായണന്‍, റ്റി.സി. രാമന്‍ എന്നിവര്‍ കേരള കൗമുദിയുടെ പത്രാധിപന്മാരായി. പിന്നീടു കേരളകൗമുദി കുറേക്കാലത്തേക്ക് മുടങ്ങി. 1090-നു ശേഷം കേരളകൗമുദി പുനരാരംഭിക്കുകയും 1095-ല്‍ സി. വി. കുഞ്ഞുരാമന്‍ അതിന്റെ സകല ചുമതലയും ഏറ്റെടുക്കുകയും ചെയ്തു. പത്തു കൊല്ലത്തോളം കേരളകൗമുദി മുടക്കം കൂടാതെ നടന്നു. അതിനുശേഷം കുറച്ചുകാലം സി. കേശവനായിരുന്നു ഇതിന്റെ ചുമതല. പക്ഷേ ഇതു വീണ്ടും മുടങ്ങി. 1940-ല്‍ സി. വി.യുടെ ദ്വിതീയപുത്രനായ കെ. സുകുമാരന്‍ പുതിയ രജിസ്ട്രേഷനില്‍ കേരളകൗമുദി ഒരു ദിനപത്രമായി പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.

കേരളകൗമുദി ദിനപത്രത്തിന്റെ ആദര്‍ശങ്ങളും നയങ്ങളും വിശദീകരിച്ചുകൊണ്ടുള്ള മുഖലേഖനത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. 'ലോകത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ സൂക്ഷ്മമായി അവധാരണം ചെയ്ത് ജനസാമാന്യത്തിന് യഥാകാലം അവശ്യമായ ഉദ്ബോധനം നല്‍കിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാനപത്രത്തിന്റെ ചുമതല'.

ആരംഭം മുതല്‍ ഈഴവരുടെയും മറ്റ് അവശ സമുദായക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശക്തിയായി വാദിച്ചുപോന്ന ഒരു പത്രമാണ് കേരളകൗമുദി. എന്നാല്‍ രാജ്യത്തിന്റെ വിശാലമായ താത്പര്യങ്ങളും ഭദ്രതയും കാത്തുസൂക്ഷിക്കുന്നതിന് ഇതൊരിക്കലും വിഘാതമായി നിന്നിട്ടില്ല. സാമൂഹികപരിഷ്കര്‍ത്താവ് സഹോദരന്‍ അയ്യപ്പന്‍ ജീവിതാന്ത്യം വരെ ഞായറാഴ്ചതോറും കേരളകൗമുദിയില്‍ എഴുതിയിരുന്ന 'ആഴ്ചക്കുറിപ്പുകള്‍' ഏറെ ശ്രദ്ധേയമായിരുന്നു. പത്രാധിപരും വാഗ്മിയുമായ കെ. ബാലകൃഷ്ണനും വളരെക്കാലം കേരളകൗമുദിയുടെ രാഷ്ട്രീയ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നു കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സമഗ്രമായ സ്വാധീനത ചെലുത്താന്‍ കഴിവുള്ള പത്രങ്ങളിലൊന്നായി തീര്‍ന്നിട്ടുണ്ട് കേരളകൗമുദി.

തിരുവനന്തപുരത്തെ കേരളകൗമുദി പാത്രമാഫീസ്‌

വാടകയ്ക്കെടുത്ത ഇന്ദിരാ പ്രസ്സിലാണ് കേരളകൗമുദി ദിനപത്രം ആരംഭിച്ചത്. 1954 ജനുവരിയില്‍ സ്വന്തമായി ഒരു റോട്ടറി പ്രസ്സുണ്ടായി. തിരുവനന്തപുരത്തുനിന്നുമാത്രം പ്രസിദ്ധീകരണം നടത്തിയിരുന്ന കേരളകൗമുദിക്ക് തിരുവനന്തപുരത്തിനു പുറമേ ഇന്ന് കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, കോട്ടയം, ബംഗ്ളൂരു, കണ്ണൂര്‍, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. ഒരൊറ്റ എഡിഷന്‍ മാത്രമുണ്ടായിരുന്ന കാലത്ത് ഇന്ത്യയില്‍ പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ മികവു പുലര്‍ത്തിയിരുന്ന പത്രങ്ങളുടെ കൂട്ടത്തില്‍ കേരള കൗമുദിയുമുണ്ടായിരുന്നു. കൂടാതെ ഫോട്ടോ ടൈപ്പ്സെറ്റിങ്ങും ഒരു കേന്ദ്രത്തില്‍ തയ്യാറാക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും പത്രത്തിന്റെ മറ്റൊരു കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയുന്ന കേബിള്‍ ഫോട്ടോ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യ ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ചതും കേരളകൗമുദിയാണ്.

സ്ഥാപക പത്രാധിപരായ കെ. സുകുമാരന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മിണി മാധവി സുകുമാരന്‍ ഇതിന്റെ ചെയര്‍മാനും എം.എസ്. മധുസൂദനന്‍ മാനേജിങ് എഡിറ്ററും ആയി പ്രവര്‍ത്തിച്ചിരുന്നു. എം.എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പത്രത്തിന്റെ കൊച്ചി, ആലപ്പുഴ, കൊല്ലം, ബംഗ്ളൂരു, കണ്ണൂര്‍, തൃശൂര്‍ എഡിഷനുകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് എം.എസ്. രവിയുടെ നേതൃത്വത്തില്‍ പത്രം ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ സ്വായത്തമാക്കി.

2006 ന. 1-ന് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളകൗമുദി ഫ്ളാഷ് മധ്യാഹ്നപത്രത്തിന് നിലവില്‍ കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.

കലാകൗമുദി ആഴ്ചപ്പതിപ്പ്, ഫയര്‍ വാരിക, കേരളകൗമുദി ആഴ്ചപ്പതിപ്പ്, കേരളകൗമുദി പഞ്ചാംഗം, മാജിക് സ്ളേറ്റ്, കലണ്ടര്‍, വെള്ളിനക്ഷത്രം വാരിക, സ്നേഹിത, ആയുരാരോഗ്യം, പൗരുഷം, എന്റെ ഭവനം എന്നിവ കേരളകൗമുദി മാനേജുമെന്റിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്.

(ഡോ. കെ. രത്നമ്മ)

2. ഒരു പ്രമുഖ മലയാള വ്യാകരണഗ്രന്ഥം. കോവുണ്ണി നെടുങ്ങാടി (1831-89) യാണ് ഗ്രന്ഥകര്‍ത്താവ്. 1878-ല്‍ പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുള്ള 'കല്യാണ സൗഖ്യോദയം' എന്ന കലിദിന സൂചനകൊണ്ട് കൊല്ലവര്‍ഷം 1050-ാമാണ്ട് മീനമാസം 16-ന് (1875) ഇതു പൂര്‍ത്തിയാക്കി എന്നു മനസ്സിലാക്കാം.

മലയാളഭാഷയുടെ ഉദ്ഭവം, മലയാളത്തിലെ പ്രമുഖരായ കവികള്‍, മലയാളത്തില്‍ ഒരു വ്യാകരണഗ്രന്ഥം ഉണ്ടാകേണ്ടതിന്റെ ആവശ്യകത, താന്‍ രചിക്കുന്ന വ്യാകരണഗ്രന്ഥത്തിന്റെ സ്വരൂപവും നിലവാരവും, പൂര്‍വസൂരികളോടു തനിക്കുള്ള കടപ്പാട് എന്നീ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അവതാരികയോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്.

"സംസ്കൃതവും ശൂദ്രരുടെ ഭാഷയായ തമിഴും തമ്മില്‍ കലര്‍ന്നാണ് മണിപ്രവാളം ഉണ്ടായത്. എഴുത്തച്ഛന്‍, കൊട്ടാരക്കരത്തമ്പുരാന്‍, കോട്ടയത്തു തമ്പുരാന്‍, ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയ കവികളുടെ കൃതികള്‍ ഭാഷയുടെ അസ്തിവാരം ഉറപ്പിച്ചു. മേല്പറഞ്ഞ കവികളുടെ കൃതികള്‍ തെറ്റുകൂടാതെ മനസ്സിലാക്കുന്നതിന് സംസ്കൃതം, തമിഴ് എന്നീ മൂലഭാഷകളിലെ വ്യാകരണ ഗ്രന്ഥങ്ങള്‍ അനുസരിച്ചുതന്നെ ഈ വ്യാകരണ ഗ്രന്ഥം രചിക്കുന്നു. ഭാഷയ്ക്ക് ഇതിനകം ഒന്നിലധികം വ്യാകരണ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കഴിയുന്നിടത്തോളം ഗുണ്ടര്‍ട്ടിനെയാണ് ഇതില്‍ പിന്തുടരുന്നത് എന്ന് അവതാരികയില്‍ വിവരിക്കുന്നു. അക്ഷരം, സംജ്ഞാപരിഭാഷ, സന്ധി, ശബ്ദം, പദം, നാമം, ക്രിയ, അവ്യയം, വിശേഷണം, വാക്യം, സമാസം, വൃത്തം, അലങ്കാരം, ധാതു, അഭ്യാസം എന്നിങ്ങനെ 16 ആലോകങ്ങ(അധ്യായങ്ങള്‍) ളിലായി 388 കാരികകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. 387-ാമത്തെ കാരിക ആത്മകഥാപരമാണ്. അധ്യായങ്ങള്‍ക്ക് കലകള്‍ എന്ന് ആലങ്കാരികമായി പറയുകയും ഈ 16 കലകളും ചേര്‍ന്ന് കേരളത്തിലെ അല്ലെങ്കില്‍ കേരളഭാഷയുടെ പൂര്‍ണചന്ദ്രനാണ് തന്റെ കൃതിയെന്നു പ്രസ്താവിക്കുകയും ചെയ്യുന്നു. വ്യാകരണകാര്യങ്ങള്‍ സംഗ്രഹിച്ചിട്ടുള്ള സൂത്രം അല്ലെങ്കില്‍ കാരിക, അവയുടെ അര്‍ഥം വിശദമാക്കുന്ന വൃത്തി-ഈ രീതിയിലാണ് പ്രതിപാദനം. പഴയ രീതിയനുസരിച്ച് ഉദാഹരണങ്ങള്‍ പലപ്പോഴും കാരികയുടെ ഉത്തരാര്‍ധമായി കൊടുത്തിരിക്കുന്നു. ഭാഷാകൃതികളുടെ രചനയില്‍ സാമാന്യമായി അനുസരിക്കേണ്ട പാണിനീയ സൂത്രങ്ങളും തമിഴ് സൂത്രങ്ങളും മിക്കവാറും ഓരോ അധ്യായത്തിലും സംഗ്രഹിച്ചിട്ടുണ്ട്. ആദ്യം പാണിനീയ സൂത്രം പിന്നീട് തമിഴ് സൂത്രം- ഇതാണ് രീതി. 13, 14 ആലോകങ്ങള്‍ യഥാക്രമം വൃത്തം, അലങ്കാരം എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നവയാണ്. സംസ്കൃത വൃത്തങ്ങള്‍, തമിഴ്മുറകള്‍, മലയാള വൃത്തങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഷകളിലെയും വൃത്തങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. അലങ്കാരങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടവ മാത്രമേ ചേര്‍ത്തിട്ടുള്ളൂ. ധാത്വാലോകം എന്ന 15-ാം ആലോകത്തില്‍ സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ള 'വളരെ സാധാരണമായ' ധാതുക്കളെയും തമിഴ് വഴിക്കുള്ള മലയാള ധാതുക്കളെയും ക്രോഡീകരിച്ചിരിക്കുന്നു.

അക്ഷരാലോകത്തിലെ മംഗള ശ്ളോകത്തില്‍

"സംസ്കൃത ഹിമഗിരി ഗളിതാ

ദ്രാവിഡവാണീ കളിന്ദജാമിളിതാ

കേരള ഭാഷാ ഗംഗാ-

എന്ന മലയാളഭാഷയുടെ ആഗമത്തെക്കുറിച്ചുള്ള പ്രസ്താവത്തെ ആസ്പദമാക്കി മലയാളം സംസ്കൃതജന്യമാണെന്നാണ് കോവുണ്ണി നെടുങ്ങാടിയുടെ അഭിപ്രായമെന്നൊരു വാദഗതിയുണ്ട്. എന്നാല്‍ അതേ ആലോകത്തില്‍ത്തന്നെ നാലാമത്തെ കാരികയില്‍

"സംസ്കൃതോച്ചാരണം പ്രായ-

സ്തത്കൃതം കേരളോക്തിയില്‍

എങ്കിലും താവഴിക്കത്രേ

തങ്കലേ രീതിയൊക്കെയും

എന്നും തുടര്‍ന്ന് (മലയാളത്തിന്) 'ഉച്ചാരണം കൊണ്ട് സംസ്കൃതത്തോടധികം ചേര്‍ച്ച ഉണ്ടായാലും ഭാഷയുടെ രീതിയും മറ്റും തമിഴുമുറയ്ക്കുതന്നെ എന്നതിനു യാതൊരു സംശയവും ഇല്ലതാനും' എന്നും പ്രസ്താവിക്കുന്നതിനാല്‍ മലയാളവും തമിഴും ഒരേ താവഴിയില്‍പ്പെട്ട ഭാഷയാണെന്നു തന്നെയാണ് നെടുങ്ങാടിയുടെ അഭിപ്രായം എന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍