This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേമദ്രുമയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേമദ്രുമയോഗം

ജ്യോതിഷപ്രകാരം നിത്യദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന ചാന്ദ്രയോഗം. ഇത് ഒരു ദുര്യോഗമാണ്. 'ഇന്ദാവു ഭയതശ്ശൂന്യേയോഗഃ കേമദ്രുമഃ സ്മൃതഃ' എന്ന് സാമാന്യമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രലഗ്നത്തിന്റെ മുമ്പും പിമ്പും ഉള്ള രാശികളില്‍ ഒന്നിലെങ്കിലും താരാഗ്രഹങ്ങളായ ഗുരു, ശുക്രന്‍, ബുധന്‍, ചൊവ്വ, ശനി എന്നിവയില്‍ ഒന്നുപോലും ഇല്ലാതിരുന്നാല്‍ ഈ യോഗം ഭവിക്കുന്നു. സാമാന്യഫലം ദൈന്യതയും ദാരിദ്ര്യവും (ദുഃഖിത മധനം ജാതം കേമദ്രുമേ വിദ്യാത്- തത്ത്വാര്‍ഥദീപിക).

"ഏതേ ന യദാ യോഗാഃ കേന്ദ്രഗ്രഹവര്‍ജിതശ്ശശാങ്കശ്ച

കേമദ്രുമോ ∫തികഷ്ടഃ ശശിനി ച സര്‍വഗ്രഹാ ദൃഷ്ടേ

സാരാവലി XIII 2

എന്ന പ്രമാണമനുസരിച്ച്, സുനഭ, അനഭ, ധുരുധുര എന്നീ ചാന്ദ്രയോഗങ്ങളില്‍ ഒന്നെങ്കിലും ഇല്ലാത്ത ജാതകത്തില്‍ ചന്ദ്രനോ, കുജാദി പഞ്ചഗ്രഹങ്ങളോ ലഗ്നകേന്ദ്രങ്ങളില്‍ നില്‍ക്കാതെയും ചന്ദ്രന് ഒരു ഗ്രഹത്തിന്റെയും ദൃഷ്ടി ഇല്ലാതെയും വന്നാല്‍ അതികഷ്ടമായ കേമദ്രുമം ഭവിക്കുന്നു.

"കാന്താന്നപാനഗൃഹവസ്ത്ര സുഹൃദ്വിഹീനോ

ദാരിദ്ര്യദൈന്യഗദ ദുഃഖമലൈ രുപേതഃ

പ്രേഷ്യഃ ഖലസ്സകല ലോകവിരുദ്ധ വൃത്തിഃ

കേമദ്രുമേ ഭവതി പാര്‍ഥിവ വംശജോ ∫പി.

(രാജകുലത്തില്‍ ജനിച്ചവനായിരുന്നാലും കേമദ്രുമ യോഗമുള്ളവന്‍ ഭാര്യാസുഖം, ഭക്ഷണസുഖം, കുടുംബസുഖം, വസ്ത്രാലങ്കാരം, സുഹൃത്സുഖം എന്നിവയോടു കൂടാത്തവനായും ദാരിദ്ര്യവും , ദീനത, രോഗം ആദിയായ ദുഃഖങ്ങളുള്ളവനായും ദാസ്യവൃത്തി ചെയ്യുന്നവനായും ദുഃസ്വഭാവിയായും എല്ലാവര്‍ക്കും വിരോധമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നവനായും ഭവിക്കും) എന്നാണ് സാരാവലിയില്‍ ഇതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിവരിച്ചിട്ടുള്ളത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ യോഗം ഭംഗം ഭവിച്ച് ദോഷഫലമുളവാക്കാതിരിക്കും എന്നാണ് ജ്യോതിഷമതം. ചന്ദ്രന്‍ ലഗ്നകേന്ദ്രത്തില്‍ നില്‍ക്കുകയും താരാഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്ന് ചന്ദ്രകേന്ദ്രത്തില്‍ നില്‍ക്കുകയും ചെയ്താലും ബലവാനായ ചന്ദ്രനെ വ്യാഴം വീക്ഷിച്ചാലും ഈ ദുര്യോഗത്തിനു ഭംഗം ഏര്‍പ്പെടുന്നതാണ്.

(ഡോ. എന്‍. ഗോപാലപ്പണിക്കര്‍; സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍