This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേനോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേനോപനിഷത്ത്

സാമവേദത്തിലെ ഉപനിഷത്തുക്കളില്‍ ഒന്ന്. തലവകാര ബ്രാഹ്മണത്തിന്റെ അവസാനത്തേതായ ഒമ്പതാം അധ്യായമാണ് ഇത്. 'കേന' (കേനേഷിതം പതതിപ്രേഷിതം മനഃ) എന്ന ശബ്ദം കൊണ്ട് ആരംഭിക്കുന്നതിനാലാണ് കേനോപനിഷത്തെന്നു പേര് ലഭിച്ചത്. തലവകാരോപനിഷത്തെന്നും ബ്രാഹ്മണോപനിഷത്തെന്നും അറിയപ്പെടുന്നു. ദശോപനിഷത്തുക്കളില്‍ ഒന്നായ ഇതിന്റെ ശാന്തിപാഠം 'ആപ്യായന്തുമമാങ്ഗാനി' എന്ന മന്ത്രമാണ്. നാലു ഖണ്ഡങ്ങളും 34 മന്ത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഉപനിഷത്ത്. ഇതിലെ ഉള്ളടക്കങ്ങളില്‍ ഒന്നായ പരബ്രഹ്മതത്ത്വം ഗഹനവും ദുര്‍ഗ്രഹവുമാകയാല്‍ സുഗ്രഹവുമാക്കുവാന്‍ ഗുരുശിഷ്യസംവാദ രൂപത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്.

ജഡങ്ങളായ അന്തഃകരണം, പ്രാണന്‍, വാക്ക്, കര്‍മേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ എന്നിവയ്ക്കു സ്വസ്വവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള ശക്തിയും യോഗ്യതയും പ്രദാനം ചെയ്യുന്നതും അവയെ പ്രവര്‍ത്തിപ്പിക്കുന്നതും ആയ ചൈതന്യശക്തി ഏതാണെന്ന ശിഷ്യന്റെ സംശയത്തോടുകൂടി ആരംഭിക്കുന്ന ഒന്നാം ഖണ്ഡത്തില്‍ ഇന്ദ്രിയങ്ങള്‍ക്കു നിയാമകവും അതീതവും അജ്ഞാതവുമായ പരബ്രഹ്മത്തെ അറിയുന്ന ജ്ഞാനികള്‍ക്കു അമരത്വം ലഭിക്കുന്നുവെന്നും ഉപാസിക്കപ്പെടുന്നതും ഉപാസനാവിഷയവും ബ്രഹ്മമല്ലെന്നും അദൃശ്യവും ദര്‍ശനത്തിനു ഹേതുവും ജഗത്കാരണവും ചൈതന്യവുമായ ബ്രഹ്മം പ്രാണനാല്‍ പ്രേരിതമാകാത്തതും പ്രാണാദികളെ പ്രേരിപ്പിക്കുന്നതുമാണെന്നും പ്രതിപാദിച്ചിരിക്കുന്നു.

ബ്രഹ്മം അജ്ഞേയമാണെന്നു ഗ്രഹിക്കുന്നവനാണു ബ്രഹ്മത്തെ അറിയുന്നവന്‍ എന്നും, എല്ലാ പ്രാണികളുടെയും ദേഹത്തില്‍ത്തന്നെ ബ്രഹ്മം സ്ഥിതിചെയ്യുന്നുവെന്നും ആ പരബ്രഹ്മമാണു ജഗതതിന് അറിയാനുള്ള ശക്തി നല്‍കുന്നതെന്നും, ജ്ഞാനം കൊണ്ടു മുക്തി ലഭിക്കുമെന്നും രണ്ടാം ഖണ്ഡത്തില്‍ വിശദമാക്കിയിട്ടുണ്ട്. മൂന്നാം ഖണ്ഡത്തിലാണ് ബ്രഹ്മത്തിന്റെ സര്‍വശക്തത്വം വ്യക്തമാക്കിയിരിക്കുന്നത്. ബ്രഹ്മത്തിന്റെ വിജയം സ്വവിജയമെന്നു അഭിമാനിച്ചഹങ്കരിച്ചു ദേവന്മാര്‍ക്കുമുന്നില്‍ ബ്രഹ്മം യക്ഷനായി ആവിര്‍ഭവിച്ചപ്പോള്‍ ആ യക്ഷന്‍ ആരെന്നു ദേവന്മാര്‍ അന്യോന്യം ആരായുകയുണ്ടായി. ശരിയായ സംഗതി അറിഞ്ഞുവരാന്‍ ഇന്ദ്രന്‍ വായുവിനെയും അഗ്നിയെയും നിയോഗിക്കുകയും അവര്‍ പരാജിതരായി മടങ്ങുകയും ചെയ്തു. ആകാശത്തില്‍ പ്രകാശിക്കുന്ന ഹിമവത്പുത്രിയായ ഉമയോട്, ആ യക്ഷന്‍ ആരാണെന്ന ഇന്ദ്രന്റെ ചോദ്യത്തോടുകൂടി മൂന്നാം ഖണ്ഡം അവസാനിക്കുന്നു. അതു പരബ്രഹ്മമാണെന്ന ഉമയുടെ ഉത്തരത്തോടുകൂടിയാണ് നാലാം ഖണ്ഡം ആരംഭിക്കുന്നത്. ആദ്യമായി ബ്രഹ്മസ്പര്‍ശം ലഭിക്കുകയാല്‍ ഇന്ദ്രന്‍, അഗ്നി, വായു എന്നീ ദേവന്മാര്‍ മറ്റു ദേവന്മാരെക്കാള്‍ ശ്രേഷ്ഠരാണ്. ഉമയുടെ വാക്യത്തില്‍ നിന്ന് പരമേശ്വരനാണു ബ്രഹ്മമെന്നറിഞ്ഞതും ബ്രഹ്മത്തെ കൂടുതല്‍ അടുത്തു സ്പര്‍ശിച്ചതും ഇന്ദ്രനാകയാല്‍ അദ്ദേഹത്തിനു കൂടുതല്‍ ശ്രേഷ്ഠതയുണ്ട്.

മനസ്സു ബ്രഹ്മത്തോടു അടുക്കുന്നതായുള്ള തോന്നലാണ് ആധ്യാത്മിക ഭാവം. അതിനാല്‍ ബ്രഹ്മത്തെ നിരന്തരം ധ്യാനിക്കേണ്ടതുണ്ട്. ബ്രഹ്മം എല്ലാ പ്രാണികള്‍ക്കും പ്രാപ്യമാകയാല്‍ 'തദ്വന' മെന്ന പേരാര്‍ന്നതാണ്. അതിനെ ഉപാസിക്കുന്ന സാധകനെ എല്ലാ പ്രാണികളും ഇഷ്ടപ്പെടുന്നു. ബ്രഹ്മവിദ്യയ്ക്ക് തപസ്സ്, ദമം, യജ്ഞാദികര്‍മങ്ങള്‍ എന്നീ മൂന്നു വിധത്തിലുള്ള ആധാരമാണുള്ളത്. ആ വിദ്യയുടെ അംഗങ്ങള്‍ വേദങ്ങളാണ്. സത്യമാണ് അതിന് അധിഷ്ഠാനം.

ഈ ബ്രഹ്മവിദ്യയെ യഥാവിധി മനസ്സിലാക്കുന്നവന്‍ സര്‍വപാപങ്ങളുമകന്ന് ശ്രേഷ്ഠമായ സ്വര്‍ഗലോകത്തു പ്രതിഷ്ഠ നേടുന്നുവത്രെ. അങ്ങനെ സദാപരമാനന്ദമഗ്നനായിത്തീരുന്നു എന്ന ഫലശ്രുതിയോടെ ഉപനിഷത്തു സമാപിക്കുന്നു. ശങ്കരാചാര്യരും രാമാനുജാചാര്യരും മധ്വാചാര്യരും ഈ ഉപനിഷത്തിനു ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്.

(മുതുകുളം ശ്രീധര്‍; സ. പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍