This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേക്ക്

Cake

മാവ്, മുട്ട, വെണ്ണ, പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ കുഴച്ചുചേര്‍ത്ത് പല ആകൃതികളില്‍ പാചകം ചെയ്തെടുക്കുന്ന ഒരു മധുര പലഹാരം. പാശ്ചാത്യ നാടുകളില്‍ രൂപംകൊണ്ടു ഈ പലഹാരം ഇന്നു ലോകമൊട്ടാകെ പ്രിയങ്കരമായി തീര്‍ന്നിരിക്കുന്നു. വിവാഹം, ജന്മദിനം, ക്രിസ്തുമസ്, ഈസ്റ്റര്‍ മുതലായ വിശേഷാവസരങ്ങളുടെ അവിഭാജ്യഘടകമാണിത്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സത്കാരവേളയില്‍ വരനും വധുവും കൂടി കേക്ക് മുറിച്ചെടുത്തു പരസ്പരം നല്‍കുന്ന ചടങ്ങു തികച്ചും പാശ്ചാത്യമാണെങ്കിലും ഇന്നു നമ്മുടെ നാട്ടില്‍ വിശേഷിച്ചും ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ സാധാരണമാണ്. ജന്മദിനാഘോഷവേളയില്‍ പിറന്നാളുകാരന്റെ വയസ്സിന്റെ എണ്ണത്തോളം മെഴുകുതിരികള്‍ അലങ്കരിച്ച കേക്കിനു ചുറ്റും കത്തിച്ചുവയ്ക്കുന്നു. സത്കാരം ആരംഭിക്കുന്നതിനുമുമ്പ് അയാള്‍ ഈ മെഴുകുതിരികള്‍ ഊതിക്കെടുത്തിയശേഷം ആ കേക്ക് മുറിച്ച് അതിഥികള്‍ക്കു കൊടുക്കുന്ന പാശ്ചാത്യരീതി ഇന്ന് ലോകമെമ്പാടുമുണ്ട്. മറ്റു പല പലഹാരങ്ങളുടെയും എന്നപോലെ കേക്കിന്റെയും ഉദ്ഭവ ചരിത്രം കെട്ടുകഥകള്‍, ഉത്സവാഘോഷങ്ങള്‍, നാടോടിവിജ്ഞാനീയം എന്നിവയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കേക്ക് എന്ന് വിവക്ഷിക്കപ്പെടുന്ന ആഹാരപദാര്‍ഥത്തില്‍ നിന്നും തുലോം ഭിന്നമാണിത്. മാവുകുഴച്ചു പുളിപ്പിച്ചായിരുന്നു ഇതു മുമ്പ് ഉണ്ടാക്കിയിരുന്നത്. പിന്നീടു റൊട്ടിക്കുപയോഗിക്കുന്ന അതേ മാവ് മധുരവും ചേര്‍ത്ത് ഉപയോഗിച്ചുതുടങ്ങി. ഇന്നു കാണുന്നതരം കേക്ക് 1650-ഓടുകൂടിയാണ് പ്രചുരപ്രചാരം നേടിയത്.

കേക്കിന്റെ ജന്മദേശം ബ്രിട്ടനാണെന്നു കരുതപ്പെടുന്നു. ഗോതമ്പ് മുഖ്യ കാര്‍ഷികവിളയായിരുന്ന ബ്രിട്ടന്റെ പടിഞ്ഞാറും തെക്കുകിഴക്കും പ്രദേശങ്ങളിലാണ് ആദ്യം കേക്ക് നിര്‍മിക്കപ്പെട്ടത്. ആദ്യകാലത്തു റൊട്ടി, കുരുവില്ലാത്ത മുന്തിരിങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഒരു മിശ്രിതം ആയിരുന്നു കേക്ക്. ഒരുപക്ഷേ കര്‍ഷക വനിതകള്‍ റൊട്ടിയുണ്ടാക്കാനുള്ള മാവ് എടുക്കുമ്പോള്‍ അതില്‍ ഒരു ഭാഗം മാറ്റിവച്ചു പഴങ്ങളും സുഗന്ധവര്‍ഗങ്ങളും ചേര്‍ത്താവാം ആദ്യം ഈ പലഹാരം ഉണ്ടാക്കിയിരുന്നത്. മാവ് പരുവപ്പെടുത്തുന്നതിനുപയോഗിക്കാവുന്ന രാസവസ്തുക്കളുടെ കണ്ടുപിടിത്തത്തിനുമുമ്പ്, കേക്ക് ഉണ്ടാക്കാന്‍ വളരെയധികം സമയവും പ്രയത്നവും ആവശ്യമായിരുന്നു.

18-ാം ശതകത്തിന്റെ അവസാനത്തോടുകൂടി പല പാചകവിധികളിലും സോഡിയം ബൈകാര്‍ബണേറ്റ് ഉപയോഗിച്ചു കേക്കുണ്ടാക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ചുകാണുന്നു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ വോളറ്റയില്‍ സാള്‍ട്ട്സ് (volatile salts-ബാഷ്പശീലലവണങ്ങള്‍) ഉപയോഗിച്ചു കേക്കുണ്ടാക്കിയിരുന്നു. ഈ വസ്തു സോഡിയം ബൈകാര്‍ബണേറ്റ് ആണെന്നു പലരും തെറ്റിദ്ധരിച്ചിരുന്നു എങ്കിലും ഇതു സാല്‍വോളറ്റയ്ല്‍ (salvolatile) അഥവാ അമോണിയം ബൈകാര്‍ബണേറ്റ് ആണ് എന്ന വസ്തുത പിന്നീടു ബോദ്ധ്യമായി. കേക്കിന് 'കരുകരുപ്പ്' ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാമെങ്കിലും അടുക്കളയില്‍ അമോണിയയുടെ ദുഷിച്ച ഗന്ധം കെട്ടിനില്‍ക്കുന്നതിന് ഇടയാകും.

ആദ്യകാലത്തു ലോഹനിര്‍മിതമായ റൊട്ടിക്കല്ലിലോ ബേക്ക് സ്റ്റോണ്‍ (bake stone) എന്നറിയപ്പെടുന്ന ഒരുതരം കല്ലിലോ വച്ചായിരുന്നു കേക്ക് പാകപ്പെടുത്തിയിരുന്നത്. അതിനാവശ്യമായ ചൂട് ചതുപ്പു പ്രദേശങ്ങളില്‍നിന്നു പുല്ലുസഹിതം മണ്‍കട്ട വെട്ടിയെടുത്തു ചൂടാക്കിയായിരുന്നു നല്‍കിവന്നത്. ഇങ്ങനെ നല്ല രീതിയില്‍ കേക്കുകള്‍ ഉണ്ടാക്കിയെടുക്കുന്ന നാടന്‍സമ്പ്രദായം ഇന്നും ചില സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്.

സ്കോട്ട്ലന്‍ഡാണ് കേക്കുകളുടെ നാടെന്നറിയപ്പെടുന്നത്. പല തരത്തിലുള്ള കേക്കുകള്‍ അവിടെ ലഭ്യമാണ്. ബദാംകുരു ചേര്‍ത്തുണ്ടാക്കുന്ന ഡണ്‍ഡീ കേക്ക് (Dandee Cake) എന്നറിയപ്പെടുന്ന ഫ്രൂട്ട് കേക്ക് (fruit cake) ബ്രിട്ടനില്‍ മുഴുവന്‍ പ്രശസ്തമാണ്. എന്നാല്‍ ബ്ളാക്ക്ബണ്‍ (Black Bun) എന്നറിയപ്പെടുന്ന ഫ്രൂട്ട് കേക്ക് (fruit cake) സ്കോട്ട്ലന്‍ഡിനുവെളിയില്‍ വളരെ വിരളമായേ കാണാറുള്ളു. വെയില്‍സിലെ 'ജനോക്സ്', യോര്‍ക്ക്ഷയറിലെ 'ഫാറ്റ്റാസ്ക്കല്‍' , നോര്‍ത്തം ബ്രിവയിലെ 'സിങ്ങിങ് ഹിന്നി' , 'ജിഞ്ചര്‍ബ്രെഡ് ഹസ്ബന്‍ഡ്സ്' എന്നിങ്ങനെയുള്ള രസകരമായ പേരുകളില്‍ അറിയപ്പെടുന്ന കേക്കുകള്‍ വളരെ പ്രസിദ്ധങ്ങളാണ്. കംബര്‍ലന്റ് തീരത്തിനും അയര്‍ലണ്ടിലെ കൗണ്ടിഡൗണി (County Down) നും സമീപമുള്ള ഐല്‍ ഒഫ് മാനി (Isle of Man) ല്‍ ഒരു വിചിത്രമായ ആചാരമുണ്ടായിരുന്നു. ഡംബ് കേക്ക് (Dumb Cake) എന്നറിയപ്പെടുന്ന ഒരുതരം കേക്ക് ഇവിടെ ഉണ്ടാക്കാറുണ്ട്. ചൂടുചാരത്തിനു മുകളില്‍ വച്ചു ചുട്ടെടുത്ത കേക്ക് കിടക്കാന്‍ പോകുമ്പോള്‍ അവിവാഹിതകള്‍ പുറകോട്ടു നടന്നുകൊണ്ടു തിന്നാല്‍ ഭാവിഭര്‍ത്താക്കന്മാരെ സ്വപ്നം കാണുവാന്‍ കഴിയും എന്നൊരു വിശ്വാസം അവിടെ നിലവിലിരുന്നു. ബ്രിട്ടനിലെ ഒരു സുഖവാസകേന്ദ്രമായ ബാത്തിന്റെ സംഭാവനയാണ് സാലി ലുണ്‍ കേക്ക് (Sally Lunn Cake). 14-ാം ശതകത്തോടു കൂടിയായിരുന്നു ഈ കേക്ക് രൂപംകൊണ്ടത്. സോമര്‍സെറ്റ് സ്വദേശിനിയായിരുന്ന സാലി ലുണ്‍ എന്ന പെണ്‍കുട്ടിയാണ് മുട്ടയും ക്രീമും ഈസ്റ്റും ചേര്‍ത്തു നിര്‍മിക്കുന്ന ഈ കേക്കിന്റെ ഉപജ്ഞാത്രി എന്നു കരുതപ്പെടുന്നു. സാലി ലുണ്‍ സ്വന്തം പേര്‍ ഈ കേക്കിന് നല്‍കുകയായിരുന്നത്രേ. എന്നാല്‍ പല ബ്രിട്ടീഷ് പാചക വിദഗ്ധരുടെയും അഭിപ്രായം സാലി ലുണ്‍ (Sally Lunn) എന്നത് സള്‍ എയ്ലൂണ്‍ (Solet lune Sun and Moon) എന്ന ഫ്രഞ്ച് പ്രയോഗം തെറ്റായി ഉപയോഗിച്ചതായിരിക്കാം എന്നാണ്. ചരിത്രകാരിയായ ഡൊറത്തി ഹാട്ട്ലി (Dorothy Hartley) ഈ അഭിപ്രായത്തോടു യോജിക്കുന്നു. സോളിമെമ് (Solimeme) എന്നൊരു അല്‍സേഷ്യന്‍ കേക്കുണ്ട്. ഒരു പക്ഷേ അതിന്റെ ഒരു വകഭേദമാവാം സാരിലുണ്‍ (Sally Lunn). ആദ്യകാലത്ത് ഉണ്ടാക്കിവന്നിരുന്ന പല ഇനം കേക്കുകളും ഇന്നു രംഗത്തു നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ കുറവു പരിഹരിക്കാന്‍ നിത്യേനയെന്നോണം പുതിയ തരം കേക്കുകള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. കേക്കുകള്‍ പ്ലേയിന്‍ ആയും 'ഐസ്' ചെയ്തും അലങ്കരിച്ചും ഉണ്ടാക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ കേക്ക് 1982 ജൂല. 4-ന് യു. എസ്സിലെ ന്യൂജെര്‍സിയിലുള്ള അറ്റ്ലാന്റിക് സിറ്റിയിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ വച്ച് ഫ്രാന്‍സ് ഐക്നോര്‍ (Franze Eichenauer) എന്ന വ്യക്തിയാണ് നിര്‍മിച്ചത്. 81982 പൗണ്ട് (30579 1/4 കി. ഗ്രാം) ഭാരമുണ്ടായിരുന്ന ഇതു ബേക്കു ചെയ്യാന്‍ 14 1/2 മണിക്കൂര്‍ വേണ്ടിവന്നു. സ്വതന്ത്രമായി നില്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഏറ്റവും ഉയരം കൂടിയ വിവാഹക്കേക്ക് 1982 ജൂല. 22-25 തീയതികളില്‍ സിംഗപ്പൂരില്‍ ആഘോഷിക്കപ്പെട്ട വിവാഹാവസരത്തില്‍ ഉണ്ടാക്കിയതാണ്. 17 തട്ടുകള്‍ ഉണ്ടായിരുന്ന ഈ ഭീമന്‍ കേക്കിന്റെ ഉയരം 1069 മീ. ആയിരുന്നു. ഹായാട്ട് റീജന്‍സി ഹോട്ടലിലെ പീറ്റര്‍ലം ആണ് ഇതുണ്ടാക്കിയത്.

ഇന്ന് വൈവിധ്യമാര്‍ന്ന ഒട്ടനവധി രീതിയിലുള്ള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. കാഴ്ചയില്‍ എന്നപോലെ ചേരുവയിലും രുചിയിലും പാചകരീതിയിലും ധാരാളം മാറ്റങ്ങളും കൈവന്നിട്ടുണ്ട്.

(കെ. സി. സലോമി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍