This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്‍റ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്‍റ്റുകള്‍

Celts

കെല്‍റ്റിക് സമൂഹത്തിലെ പടയാളികള്‍ - ശില്പം

ആല്‍പ്സ് പര്‍വതങ്ങള്‍ക്കു വടക്കുഭാഗത്തു പൂര്‍വ ഇരുമ്പു യുഗത്തില്‍ താമസിച്ചിരുന്നവരും പിന്നീട് കെല്‍റ്റിഷ് ഭാഷ സംസാരിച്ചിരുന്നവരുമായ ജനസമൂഹത്തെ സൂചിപ്പിക്കുന്ന പേര്. ബി.സി. രണ്ടാം സഹസ്രാബ്ദം മുതല്‍ ബി.സി. ഒന്നാം ശതാബ്ദം വരെ യൂറോപ്പിന്റെ മധ്യഭാഗത്തു താമസിച്ചിരുന്നവരും ഗാളുകള്‍, ഗലേഷ്യര്‍, ബെല്‍ജികള്‍, സ്കോട്ടുകള്‍, വെല്‍ഷുകള്‍ തുടങ്ങിയ വര്‍ഗത്തില്‍പ്പെട്ടവരുമായിരുന്നു ഇവര്‍. മെഡിറ്ററേനിയന്‍ ജനതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവര്‍ മങ്ങിയ നിറവും നല്ല ഉയരവും ഉള്ളവരും പൊതുവായി 'ഡോളികോ സെഫാലിക്' വിഭാഗത്തില്‍പ്പെട്ടവരും ആയിരുന്നു. ബി.സി. ഏഴാം ശതകത്തോടുകൂടി ഇവര്‍ കാറ്റലോണിയ (വടക്കുകിഴക്കന്‍ സ്പെയിന്‍) ആക്രമിച്ചു കീഴടക്കുകയും അതിനു ശേഷം വടക്കു പടിഞ്ഞാറന്‍ സ്പെയിന്‍ കൈവശമാക്കുകയും ചെയ്തു. സ്പെയിനിലേക്കുള്ള വഴിയില്‍ ഇവര്‍ തങ്ങളുടെ സംസ്കാരം ഫ്രാന്‍സില്‍ പ്രചരിപ്പിച്ചു. ഫ്രാന്‍സിന്റെ ഉള്‍പ്രദേശങ്ങളിലുള്ള പൊക്കം കുറഞ്ഞ, വട്ടത്തലയുള്ള, സാമാന്യം കറുപ്പുനിറം കലര്‍ന്ന കര്‍ഷകര്‍ കെല്‍റ്റിക് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ട്രാന്‍സില്‍വേനിയ (കിഴക്കന്‍ ഹംഗറി) വരെയുള്ള പ്രദേശങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തി. അനറ്റോളിയയിലെ ഗലീഷ്യവരെ ഇവര്‍ എത്തിയിരുന്നു. പടിഞ്ഞാറ് ഇവര്‍ 'ലത്തീന്‍' സംസ്കാര കാലത്തോ അതിനു മുമ്പോ ബ്രിട്ടീഷ് ദ്വീപുകളില്‍ എത്തിച്ചേര്‍ന്നിരിക്കാം. അവിടെ സ്കോട്ട്ലന്‍ഡ് വെയില്‍സ്, അയര്‍ലണ്ട് എന്നീ പ്രദേശങ്ങളില്‍ ഇവരുടെ സംസ്കാരം വ്യാപിച്ചു.

മാര്‍സെയില്‍സിനു (ഫ്രാന്‍സ്) വടക്കുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന അപരിഷ്കൃത വര്‍ഗക്കാരായാണ് ബി.സി. ആറാം ശ.-ത്തില്‍ ഗ്രീക്കുകാരുടെ ഇടയില്‍ കെല്‍റ്റുകള്‍ അറിയപ്പെട്ടിരുന്നത്. ഡാന്യൂബിന്റെ മേല്‍ഭാഗത്തു താമസിക്കുന്ന ഒരു പശ്ചിമ യൂറോപ്യന്‍ സമൂഹമാണെന്നാണ് ബി. സി. അഞ്ചാം ശതകത്തിന്റെ മധ്യത്തില്‍ ഹെറോഡോട്ടസ് ഇവരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ബി.സി. മൂന്നാം ശ. മുതല്‍ ഗലീഷ്യര്‍, ഗാളുകള്‍ എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും കെല്‍റ്റുകള്‍ അറിയപ്പെടാന്‍ തുടങ്ങി.

യൂറോപ്പില്‍ ഏണ്‍ഫീല്‍ഡ്, ഹാള്‍സ്റ്റാറ്റ്, ലത്തീന്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത സാംസ്കാരിക ഗ്രൂപ്പുകളായിട്ടാണ് കെല്‍റ്റുകള്‍ അറിയപ്പെടുന്നത്. പുരാവസ്തു ഗവേഷണം വഴിയായിട്ടാണ് ഈ സാംസ്കാരിക ഗ്രൂപ്പുകളുടെ വികാസത്തെപ്പറ്റിയുള്ള വിവരം നമുക്കു ലഭ്യമാകുന്നത്. കെല്‍റ്റുകള്‍ ഐബീരിയന്‍ അര്‍ധ ദ്വീപില്‍ പ്രവേശിച്ചതു ബി. സി. ഏഴാം ശതകത്തിലോ ആറാം ശതകത്തിന്റെ അവസാനത്തിലോ ആയിരിക്കണം.

ഇരുമ്പ് ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അഭിവൃദ്ധി ബി. സി. എട്ടാം ശതകത്തില്‍ ഡാന്യൂബിന്റെ മേല്‍ഭാഗം മുതല്‍ കിഴക്കന്‍ ഫ്രാന്‍സുവരെ വ്യാപിച്ചു കിടന്ന ഹാള്‍ സ്റ്റാറ്റ് സംസ്കാരത്തിനു രൂപം നല്‍കി. ബി.സി. ആറാം ശതകത്തിന്റെ മധ്യത്തോടുകൂടി മാര്‍സെയില്‍സിലെ ഗ്രീക് കോളനി മധ്യ യൂറോപ്പിലെ വുര്‍ട്ടംബെര്‍ഗ്, ബാഡന്‍, ബര്‍ഗന്‍ഡി പ്രദേശങ്ങളിലെ കെല്‍റ്റിക് രാജാക്കന്മാരുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്നതിന് തെളിവുകളുണ്ട്. ഈ പ്രദേശങ്ങളിലെ രാജാക്കന്മാരുടെ ശവക്കല്ലറകളില്‍ നിന്നു കണ്ടെടുത്തിട്ടുള്ള നാടന്‍ സ്വര്‍ണപ്പണ്ടങ്ങള്‍, ഇറക്കുമതി ചെയ്ത ഗ്രീക്-എട്രൂസ്കന്‍ വെങ്കല മൂര്‍ത്തികള്‍ തുടങ്ങിയവ സ്ഥിരവും സമ്പന്നവുമായ ഒരു ജനതയുടെ അസ്തിത്വം വിളിച്ചോതുന്നു.

ബി. സി. അഞ്ചാം ശ.-ല്‍ മധ്യ റൈന്‍ തടത്തിലുള്ള ഇരുമ്പുത്പാദക കേന്ദ്രങ്ങളില്‍ വന്ന മാറ്റങ്ങളും മെഡിറ്ററേനിയന്‍ സംസ്കാരം ദേശീയ സംസ്കാരത്തില്‍ ചെലുത്തിയ സ്വാധീനതയും ലത്തീന്‍ സംസ്കാരം ഉരുത്തിരിയാന്‍ കാരണമായി. അലങ്കൃതമായ കലാശൈലിയായിരുന്നു ലത്തീന്‍ സംസ്കാരത്തിന്റെ പ്രത്യേകത. ഈ സംസ്കാരത്തിന്റെ വാഹകരായിട്ടാണ് കെല്‍റ്റുകള്‍ ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ബി. സി. നാലാം ശതകത്തിന്റെ ആദ്യത്തില്‍ ഇവര്‍ ഫലഭൂയിഷ്ഠമായ വടക്കന്‍ ഇറ്റലി പെട്ടെന്ന് ആക്രമിക്കുകയും ബി. സി. 390-നോട് അടുപ്പിച്ചു റോമില്‍ എത്തുകയും ചെയ്തു. ബി. സി. നാലും മൂന്നും ശതകങ്ങളില്‍ കെല്‍റ്റിക് വര്‍ഗങ്ങള്‍ ബൊഹീമിയാ, കാര്‍പേതിയന്‍ മലകള്‍, യുക്രെയിന്‍ എന്നിവിടങ്ങളില്‍ എത്തിയതിനെക്കാള്‍ പ്രധാന്യമേറിയതാണ് അവര്‍ ഇറ്റലിയില്‍ പ്രവേശിച്ചത്. കെല്‍റ്റുകള്‍ ബാള്‍ക്കന്‍ ആക്രമിച്ചതും ബി. സി. 279-ല്‍ ഡെല്‍ഫി കൊള്ളയടിച്ചതും ഗലീഷ്യര്‍ ഏഷ്യാമൈനര്‍ ആക്രമിച്ചതും ആണ് കെല്‍റ്റുകളുടെ വികാസ ചരിത്രത്തിലെ മറ്റു പ്രധാന സംഭാവനകള്‍.

ഇറ്റലിയില്‍ താമസമാക്കിയ ഗാളുകളുടെ ആക്രമണം ബി. സി. 225-ലെ തെലമണ്‍ യുദ്ധത്തോടു കൂടി അവസാനിച്ചു. ബി. സി. 192-ഓടു കൂടി റോമിന്റെ ആധിപത്യം ആല്‍പ്സ് വരെ വ്യാപിച്ചു. ബി. സി. 124-ല്‍ റോമാക്കാര്‍ കെല്‍റ്റിക് പ്രദേശമായ പ്രൊവന്‍സ് (ഫ്രാന്‍സ്) ആക്രമിച്ചു. ബി. സി. 58-ല്‍ ജൂലിയസ് സീസര്‍ നടത്തിയ ഗാലിക് യുദ്ധങ്ങള്‍ നിമിത്തം യൂറോപ്പില്‍ കെല്‍റ്റുകള്‍ക്കുണ്ടായിരുന്ന സ്വതന്ത്രമായ നിലനില്‍പ് അവസാനിച്ചു.

ബ്രിട്ടീഷ് ദ്വീപുകളില്‍ കെല്‍റ്റുകള്‍ എന്നാണു പ്രവേശിച്ചതെന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട്. ബി. സി. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യമോ മധ്യത്തിലോ ആണു കെല്‍റ്റുകള്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രവേശിച്ചതെന്നാണ് ഒരു പക്ഷം. ഏണ്‍ ഫീല്‍ഡ്-ഹാള്‍ സ്റ്റാറ്റ് സംസ്കാരങ്ങളുടെ ഒരു സങ്കരരൂപമാണ് ബി. സി. എട്ടും അഞ്ചും നൂറ്റാണ്ടുകള്‍ക്കിടയില്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചരിച്ചിരുന്നതെന്നാണു മറ്റൊരു പക്ഷം. ബി. സി. ഒന്നാം ശതകത്തില്‍ ലത്തീന്‍ സംസ്കാരം അവിടെ പ്രചരിച്ചു.

ബ്രിട്ടനിലുള്ള പ്രധാന കെല്‍റ്റു താവളങ്ങളെല്ലാം ജൂലിയസ് സീസറുടെ ബി. സി. 55-54 കാലത്തെ ആക്രമണങ്ങള്‍ വഴി റോമാക്കാര്‍ക്ക് അധീനമായി. 43-ലെ ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ആക്രമണങ്ങള്‍ വഴി കെല്‍റ്റിക് ബ്രിട്ടന്റേയും റോമന്‍ ബ്രിട്ടന്റേയും അതിരുകള്‍ തീരുമാനിക്കപ്പെട്ടു. 128-ല്‍ ഹാഡ്രിയന്റെ മതില്‍ നിര്‍മിച്ചതിനുശേഷം അതിനു വടക്കുള്ള യുദ്ധ പ്രിയരായ ഗോത്രങ്ങളും അയര്‍ലണ്ടിലെ ഗോത്രങ്ങളും മാത്രമേ കെല്‍റ്റുകളുടെ ജീവിത രീതി കാത്തു സൂക്ഷിക്കാന്‍ ശേഷിച്ചിരുന്നുള്ളൂ.

കെല്‍റ്റിക് സമൂഹവും സാമ്പത്തിക ഘടനയും പ്രശംസാര്‍ഹമായ നിലയില്‍ സമജാതീയമായിരുന്നുവെന്നതിന് പുരാവസ്തു ഖനനം വഴി കണ്ടെടുത്ത സാധനങ്ങളും ഗ്രീക്-റോമന്‍ ഗ്രന്ഥങ്ങളും കെല്‍റ്റിക് സാഹിത്യവും സാക്ഷ്യം വഹിക്കുന്നു. കെല്‍റ്റിക് സാമൂഹിക ജീവിതം കൃഷിയിലും കാലിവളര്‍ത്തലിലും കേന്ദ്രീകരിച്ചുള്ള കലര്‍പ്പില്ലാത്ത ഗ്രാമീണ ജീവിതമായിരുന്നു. ഇരുമ്പുരുക്കലും കരകൗശല വേലകളും പ്രാദേശികാടിസ്ഥാനത്തില്‍ത്തന്നെ നടന്നിരുന്നു. ശരിയായ നഗരങ്ങള്‍ ഉണ്ടായിരുന്നില്ല; എന്നാല്‍ ബി. സി. ഒന്നാം ശതകത്തില്‍ ഭദ്രതയ്ക്കും വ്യാപാരത്തിനും വേണ്ടി കൂടുതല്‍ ആളുകള്‍ ഒന്നിച്ചുതാമസിച്ചിരുന്നു; ഈ പ്രദേശങ്ങളില്‍ വ്യാപകമായ പുരാവസ്തു ഖനനം നടന്നിട്ടുണ്ട്.

കെല്‍റ്റുകളുടെയിടയില്‍ ആണ്‍വഴിയായുള്ള രക്ത ബന്ധമായിരുന്നു സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനം. സ്വതന്ത്രരായ ആളുകളുള്‍പ്പെട്ടതു ഗോത്രവും ഗോത്രത്തിലെ നായകന്‍ രാജാവും ആയിരുന്നു. പടയാളികളും കൃഷിക്കാരും അടങ്ങിയതായിരുന്നു സമൂഹം. പ്രഭു വര്‍ഗത്തില്‍ നിന്നാണ് കെല്‍റ്റിക് മതപുരോഹിതന്മാരായ ഡ്രൂയിഡുകളെ തെരഞ്ഞെടുത്തിരുന്നത്. കെല്‍റ്റിക് സമൂഹത്തില്‍ പടയാളികള്‍ക്ക് ഒരു പ്രധാനസ്ഥാനം ഉണ്ടായിരുന്നു. കെല്‍റ്റിക് ശില്പങ്ങളുടെ അവശിഷ്ടങ്ങള്‍ അവരുടെ മഹത്തായ നേട്ടങ്ങളെ വ്യക്തമാക്കുന്നു. റോമന്‍ സാമ്രാജ്യാതിര്‍ത്തിക്കു പുറത്ത് കെല്‍റ്റിക് പൈതൃകം തുടര്‍ന്നും നിലനിര്‍ത്തിയ രണ്ടു ദേശീയ ധാരകള്‍ ഐറിഷും വെല്‍ഷും ജനതകളായിരുന്നു.

(ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍