This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയോസ്

Keyos

പുരാതന ഗ്രീക്കുകാരുടെ പ്രപഞ്ചവിജ്ഞാനീയത്തില്‍ പ്രയോഗിച്ചിട്ടുള്ള 'ചാസ്കിന്‍' (Chaskein) എന്ന പദത്തിനു സമാനമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിച്ചുവരുന്ന പദം. ഇത് ക്രമീകൃതമായ പ്രപഞ്ചം രൂപംകൊള്ളുന്നതിനുമുമ്പ് ഉണ്ടായിരുന്നതായി സങ്കല്പിക്കപ്പെടുന്ന ദ്രവ്യവും അനന്തവിസ്തൃതിയും കൂടിക്കലര്‍ന്ന രൂപമില്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. വിശാലമായി തുറക്കുക, വിശാലമായി വിടര്‍ത്തുക എന്നീ അര്‍ഥങ്ങളാണു വ്യുത്പത്തിപരമായി ചാസ്കിന്‍ എന്ന ഗ്രീക്കു പദത്തിനുള്ളത്. തികഞ്ഞ അവ്യവസ്ഥ, കുഴഞ്ഞുമറിഞ്ഞ അവസ്ഥ, പാതാളം എന്നീ അര്‍ഥങ്ങളില്‍ കെയോസ് എന്ന പദം ഇപ്പോള്‍ സാധാരണ പ്രയോഗിച്ചുവരുന്നു.

ബി.സി. 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്കുകവിയായ ഹെസിയോഡി (Hesiod)ന്റെ പ്രപഞ്ചസങ്കല്പത്തില്‍ മൂടല്‍മഞ്ഞും അന്ധകാരവും ചേര്‍ന്നുള്ള കെയോസും ഭൂമിയുമാണ് ആദ്യമുണ്ടായിരുന്നത്. സ്നേഹത്തിന്റെ അഥവാ ആഗ്രഹത്തിന്റെ പ്രതീകമായ ഈറോസും (Ero's) രാത്രിയും പ്രേതലോകത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് മരിച്ചവര്‍ കടന്നുപോകേണ്ടതായ ഗുഹാവൈതരണി (പാതാളം) യും കെയോസിന്റെ സൃഷ്ടികളാണ്. രാത്രിയില്‍ നിന്നു പകലും (Day) ബാഹ്യാന്തരീക്ഷ (ether)വും ഉണ്ടായി. നിദ്ര, സ്വപ്നം, മരണം, യുദ്ധം, കലഹം, ക്ഷാമം, ദുഃഖം എന്നിവയും രാത്രിയുടെ സന്തതികളാണ്. ശൂന്യാകാശത്തെ തത്ത്വചിന്താപരമായി വിലയിരുത്താനുള്ള ഹെസിയോഡിന്റെ ഒരു ശ്രമമായിട്ടാണ് അരിസ്റ്റോട്ടില്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഭൗതിക പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകമായ ജലമായി സ്റ്റോയിക്കുകളും പ്രപഞ്ച സൃഷ്ടിക്ക് ആധാരമായ ദ്രവ്യമായി റോമാക്കാരും കെയോസിനെ കരുതിയിരുന്നു.

ഋഗ്വേദത്തിലെ നാസദീയ സൂക്തത്തില്‍ സൃഷ്ടിക്കു മുമ്പുള്ള അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ 'തമ ആസീദ്ഗഹനം ഗംഭീര' മെന്നു പ്രസ്താവിച്ചുകാണുന്നു. ഗംഭീരമായ ഇരുട്ടാണത്രേ സൃഷ്ടിക്കു മുമ്പുണ്ടായിരുന്നത്. ഛാന്ദോഗ്യോപനിഷത്തില്‍ അസദേവേദമഗ്ര ആസീദേകമേവാദ്വിതീയം, തസ്മാദസതഃ സജ്ജായത ജഗദുത്പത്തിക്കു മുമ്പ് ഏകവും അദ്വിതീയവും ആയ അസത്ത് (സദ്ഭാവം-അവ്യക്തം) മാത്രം ആയിരുന്നു. ആ അസത്തില്‍ നിന്നും സത്ത് ഉണ്ടായി എന്നു സൃഷ്ടിക്കുമുമ്പുള്ള അവസ്ഥയെ വിവരിച്ചിട്ടുണ്ട്. ഋഗ്വേദത്തില്‍ പറയുന്ന തമസ്സും ഛാന്ദോഗ്യത്തിലെ അസത്തും കെയോസും രൂപാന്തരങ്ങളാണെന്നു പറയാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%86%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍