This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെനോമാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെനോമാനി

Cenomani

ആല്‍പ്സ് പര്‍വതത്തിനു തെക്കുഭാഗത്തുള്ള ഗാള്‍ (Gaul) രാജ്യത്തു താമസിച്ചിരുന്ന കെല്‍ട്ടിക് (Celtic) ജനതയിലെ ഒരു വിഭാഗം. പഴയ മെയ്ന്‍ (Maine) സംസ്ഥാനമായിരുന്നു ഇവരുടെ അധിവാസ കേന്ദ്രം. ഇവരുടെ പ്രധാന നഗരം സിവിടാസ് കെനോമനോരം എന്ന പേരില്‍ അറിയപ്പെട്ടിരുന്നതിനാലാകാം ഈ ജനവര്‍ഗത്തിന് കെനോമാനികള്‍ എന്നു പേര്‍ ഉണ്ടായത്. ഈ നഗരത്തിന്റെ പുരാതന നാമം വിണ്ടിനം എന്നായിരുന്നു. ഇന്നത്തെ ലെമാന്‍സില്‍ (Le Mans) ഈ പട്ടണം ഇന്നും അവശേഷിക്കുന്നു. അവരുടെ രാജ്യാതിര്‍ത്തികള്‍ ഒല്ലിയസ് (Ollius) അല്ലെങ്കില്‍ ഓഗ്ലിയോ (Oglio), പാദുസ് (Padus) അല്ലെങ്കില്‍ പോ (Po), എത്തിസിസ് (Athesis) അല്ലെങ്കില്‍ അഡിഗെ (Adige) നദികളായിരുന്നു എന്നാണ് കരുതിപ്പോരുന്നത്.

ബി.സി. 400-നോടടുത്തു നടന്ന ഉത്തര ഇറ്റലിയുടെ ആക്രമണത്തില്‍ കെനോമാനികള്‍ പങ്കെടുത്തിരുന്നു. അവിടത്തെ എട്രസ്കന്‍ ജനതയെ ആട്ടിപ്പായിച്ച് ആ പ്രദേശം കൈയടക്കി. അവിടെ ഇവര്‍ പണിത പ്രധാന പട്ടണങ്ങള്‍ ബ്രിക്സ്യോ(Brixio)യും വെറോണ(Verona)യുമായിരുന്നു. കെനോമാനികള്‍ ബി.സി. 225-ല്‍ നടന്ന ഗാലിക് യുദ്ധത്തില്‍ റോമിന്റെ പക്ഷത്തു ചേര്‍ന്നു യുദ്ധം ചെയ്തു. ഹാനിബാള്‍ഡിനെതിരെയുള്ള യുദ്ധങ്ങളിലും ഇവര്‍ സജീവമായി പങ്കെടുത്തു. ബി.സി. 200-ല്‍ ഹാനിബാള്‍ഡിന്റെ ഗാളിലുള്ള ഏജന്റായ ഹമില്‍ക്കാറിന്റെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട ഗാളിക് കലാപത്തിലും ഇവര്‍ പങ്കു കൊണ്ടു. ലാറിയസ് ലാക്കസ് (Larius Lacus) യുദ്ധത്തില്‍ (ബി.സി. 196) ഇവരെ റോമന്‍ സൈന്യാധിപനായ ഗായസ് കോര്‍ണീലിയസ് (Gaius Cornelius) പരാജയപ്പെടുത്തി. തുടര്‍ന്ന് അവര്‍ റോമന്‍ അധികാരികള്‍ക്ക് പരിപൂര്‍ണമായും കീഴടങ്ങി റോമന്‍ പൗരത്വം സ്വീകരിച്ചു (ബി.സി. 49). ആല്‍പ്സ് പര്‍വതത്തിനിപ്പുറത്ത് അവശേഷിച്ചിരുന്ന കെനോമാനികളും വെര്‍സിന്‍ ജെട്ടോറിക്സിന്റെ (Vercin Getorix) റോമന്‍ സൈന്യത്തിലേക്ക് അയ്യായിരം യോദ്ധാക്കളെ സംഭാവന ചെയ്ത് റോമന്‍ സര്‍ക്കാരുമായി സൗഹൃദം പുലര്‍ത്തി. പിന്നീട് റോമാസാമ്രാജ്യത്തിന്റെ സാമന്തപദവിയിലുള്ള ഒരു ജനവര്‍ഗമായി കെനോമാനികളെ അഗസ്റ്റസ് സീസര്‍ അംഗീകരിക്കുകയും ഗാലിയ (Gallia) പ്രദേശത്തു സ്ഥിരമായി അധിവസിപ്പിക്കുകയും ചെയ്തു.


(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍