This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെനൈറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെനൈറ്റുകള്‍

Canaites

ലോഹപ്പണിക്കാരായ ഒരു ഇസ്രയേലി നാടോടി ജനവര്‍ഗം. മിഡിയനൈറ്റ്, അമലക്കൈറ്റ് എന്നീ ജനവിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ള ഈ വര്‍ഗം ഹാബേലിന്റെ സഹോദരനായ കയീന്റെ വംശപരമ്പരയാണെന്ന് ഉത്പത്തി പുസ്തകം ഘോഷിക്കുന്നു. കെനൈറ്റ് എന്ന പദം തന്നെ കയീന്‍ എന്നതില്‍ നിന്നാണു നിഷ്പദിപ്പിച്ചിട്ടുള്ളത്. ഗലീലിക്കടലിനും അക്കാബാ (Aqaba) ഉള്‍ക്കടലിനും ഇടയ്ക്കുള്ള അരാബാ മരുപ്രദേശത്താണ് ഇവര്‍ വസിച്ചിരുന്നത്. ബി.സി. 13-ാം ശ. മുതല്‍ 9-ാം ശ. വരെ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഈ വര്‍ഗം ചാവുകടലിനു തെക്കുണ്ടായിരുന്ന ചെമ്പ്-ഇരുമ്പ് നിക്ഷേപങ്ങളെയാണ് ചൂഷണം ചെയ്തിരുന്നത്. ബി.സി. 19-ാം ശതകങ്ങളിലെ ഈജിപ്ഷ്യന്‍ പുരാവസ്തുക്കളില്‍ ഏഷ്യയില്‍ നിന്നും എത്തിയ കൊല്ലപ്പണിക്കാരായ നാടോടികളുടെ ചിത്രണങ്ങളുണ്ട്. കാലിമേയ്പുകാരും ലോഹപ്പണിക്കാരും അതേ സമയം നാടോടികളും ആയിരുന്ന കെനൈറ്റുകളുടെ പൂര്‍വഗാമികളെ പരാമര്‍ശിക്കുന്നതാവാമെന്നു പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു. മോശയുടെ ശ്വശുരനായ ജെത്രോ (Jethro) കെനൈറ്റു ജനവിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. കെനൈറ്റു ജനവര്‍ഗത്തിലെ ഒരു മഹാപുരോഹിതന്‍ എന്ന നിലയില്‍ ഇദ്ദേഹം യഹോവയെ (Yahweh) ആരാധിക്കുന്ന സമ്പ്രദായം നടപ്പിലാക്കി. യഹോവയാണ് ദൈവമെന്നുള്ള ഇതേ തത്ത്വമാണ് ബി.സി. 13-ാം ശതകത്തില്‍ ഈജിപ്തില്‍ നിന്നു മോശയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മഹാപ്രയാണകാലത്ത് പത്തു കല്പനകളിലൂടെ യഹൂദന്മാര്‍ക്കു വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. ബി.സി. 11, 12 നൂറ്റാണ്ടുകാലത്ത് യഹൂദന്മാരുടെ ശത്രുക്കളായിരുന്ന ക്നാനൈറ്റു (Canaanites) കളുടെ പട്ടാളമേധാവിയായിരുന്ന സിസറയെ വധിച്ചത് ഒരു കെനൈറ്റു വനിതയായ ജായേല്‍ (Jael) ആണ്. പ്രയാണദശയില്‍ കെനൈറ്റുകള്‍ അമലക്കൈറ്റുകള്‍, ക്നാനൈറ്റുകള്‍ എന്നിവരോടൊപ്പം ചേര്‍ന്നിരുന്നുവെങ്കിലും പലസ്തീനിലും അവരോടൊപ്പം അധിവാസം ഉറപ്പിക്കുവാന്‍ വിസമ്മതിച്ചു.

ഇസ്രയേലികളുടെ ദൈവമായ യഹോവ യഥാര്‍ഥത്തില്‍ കെനൈറ്റുകളുടെ കുലദേവത ആയിരുന്നുവെന്ന ഒരഭിപ്രായമുണ്ട്. ഉത്പത്തി പുസ്തകത്തിലെ കയീനെ സംബന്ധിച്ചുള്ള പ്രതിപാദന പ്രകാരം കെനൈറ്റുകള്‍ തുടക്കം മുതലേ ഇസ്രയേലി മതനിയമത്തിന്‍കീഴിലല്ല, യഹോവയുടെ സംരക്ഷണത്തിലായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രായേണ കെനൈറ്റുകള്‍ ജൂദാ (Judah) വര്‍ഗത്തില്‍ ലയിച്ചു. എന്നാല്‍ ഇവരിലെ ഒരു യാഥാസ്ഥിതിക വിഭാഗം ലയനത്തില്‍ പങ്കുകൊള്ളാതെ തനതു ജീവിത മാതൃകയും ആചാരമര്യാദകളും പിന്തുടരുകയും ഇസ്രയേലിലെ രാജാക്കന്മാരുമായി നെടുനാള്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. കാലക്രമേണ റിക്കാബൈറ്റ് (Rechabite) എന്നറിയപ്പെടുന്ന, ഈ വിമത വിഭാഗവും നാമവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍