This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെട്ടുകാഴ്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെട്ടുകാഴ്ച

കെട്ടുകാഴ്ച

കേരളത്തിലെ ഒരു ക്ഷേത്രോത്സവച്ചടങ്ങ്. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു കാഴ്ചവസ്തുക്കളായി കെട്ടിയുണ്ടാക്കുന്ന ശില്പങ്ങളെയാണ് കെട്ടുകാഴ്ച അഥവാ കുതിരകെട്ട് എന്നു പറയുന്നത്. ഓരോ ദേശക്കാരും അവരവരുടേതായ കെട്ടുകാഴ്ച ക്ഷേത്രപരിസരത്തു പ്രദര്‍ശിപ്പിക്കണമെന്നതാണു കീഴ്വഴക്കം. ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കരക്കാര്‍ 7.6 മീ. മുതല്‍ 30.5 മീ. വരെ ഉയരമുള്ള കെട്ടുകുതിരകളുമായി ഉത്സവ സ്ഥലത്ത് എത്തുന്നു. സാംക്രമിക രോഗങ്ങളില്‍ നിന്നും മറ്റാപത്തുകളില്‍ നിന്നും അതതു ദേശവാസികളെ രക്ഷിക്കുന്നതിനായി ദേവീപ്രസാദം നേടുകയാണ് കെട്ടുകാഴ്ചയുടെ ഉദ്ദേശ്യം. ഒരുകാലത്ത് കെട്ടുകാഴ്ചയും പടയണിയും ദേവീക്ഷേത്രങ്ങളിലെ ഉത്സവത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു. സാമാന്യ ജനങ്ങളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും മതപ്രചാരണത്തിനുമായി കാലാകാലങ്ങളില്‍ രൂപം പ്രാപിച്ച കൂത്തും കൂടിയാട്ടവും പാഠകവും തുള്ളലും കഥകളിയും പോലെ പാമരന്മാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നവര്‍ക്കും രസം പകരാന്‍ വേണ്ടി ആവിഷ്കരിച്ചതാവാം ഈ കെട്ടുകാഴ്ചകള്‍.

കെട്ടുകാഴ്ച പലയിടങ്ങളിലും അവസാനിച്ചു വരികയാണെങ്കിലും ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ ഇന്നും ഉത്സവങ്ങളോടനുബന്ധിച്ച് ഈ ചടങ്ങ് കാണാവുന്നതാണ്. ചെട്ടികുളങ്ങര, വെട്ടിയാര്‍, ചാമക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ തേരും കുതിരയും; ചേര്‍ത്തല, നീലംപേരൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ അന്നവും; ചുനക്കര, ഓച്ചിറ തുടങ്ങിയ ശിവക്ഷേത്രങ്ങളില്‍ കാളകളും; കൊല്ലം താലൂക്കിലെ ക്ഷേത്രങ്ങളില്‍ ചമയക്കുതിരകളും; മറ്റു ചിലയിടങ്ങളില്‍ പാണ്ഡവന്മാരുടെയും ഹനുമാന്റെയും ഭീമാകാര രൂപങ്ങളും കെട്ടുകാഴ്ചയായി പ്രദര്‍ശിപ്പിക്കാറുണ്ട്. കെട്ടുകാഴ്ചകള്‍ വഴിപാടായി നടത്തുന്നവരുമുണ്ട്. മാടുകള്‍ക്ക് എന്തെങ്കിലും രോഗം വരുമ്പോള്‍ ഓച്ചിറ ശിവക്ഷേത്രത്തില്‍ കാളകെട്ടു നടത്തിയാല്‍ രോഗശാന്തിയുണ്ടാകുമെന്ന വിശ്വാസം ഇന്നും നിലവിലുണ്ട്. കെട്ടുകാഴ്ചകളായ തേരും കുതിരയും അന്നവും മറ്റും ഒരു കാലത്ത് മധ്യകേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതോത്സവങ്ങളുടെ അവശിഷ്ടങ്ങളാണെന്നു കരുതാം. വടക്കു ചേര്‍ത്തല മുതല്‍ തെക്കു കൊല്ലംവരെയുള്ള കെട്ടുകാഴ്ച കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രമായിരുന്ന കാര്‍ത്തികപ്പളളിത്താലൂക്കില്‍ ഉള്‍പ്പെട്ട ശ്രീമൂലവാസത്തിലെ ബൗദ്ധ ക്ഷേത്രോത്സവച്ചടങ്ങുകളെ അനുകരിച്ചുള്ളവയത്രേ. 5-ാം ശതകത്തില്‍ ചീനസഞ്ചാരിയായ ഫാഹിയാന്‍ പാടലീപുത്രത്തില്‍ കണ്ട ബുദ്ധമതോത്സവത്തിനും കേരളത്തിലെ കെട്ടുകാഴ്ചയ്ക്കും തമ്മില്‍ സാദൃശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയത് അവിതര്‍ക്കിതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍