This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെട്ടുകല്യാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെട്ടുകല്യാണം

കേരളത്തില്‍ നിലവിലിരുന്ന ഒരു വൈവാഹികാചാരം. മരുമക്കത്തായദായക്രമം പിന്തുടര്‍ന്നിരുന്ന സമുദായങ്ങളുടെ ഇടയില്‍ ആഘോഷപൂര്‍വം നടന്നുവന്നിരുന്ന ഇതിലെ പ്രധാനപ്പെട്ട ചടങ്ങ് ബാലികയുടെ കഴുത്തില്‍ താലികെട്ടുക എന്നതാണ്. താലികെട്ടു കല്യാണം, വീടുകെട്ടു കല്യാണം തുടങ്ങിയ പേരുകളിലും ഈ ചടങ്ങ് അറിയപ്പെടുന്നു. പെണ്‍കുട്ടി ഋതുമതിയാകുന്നതിനു മുമ്പുതന്നെ താലികെട്ടു കല്യാണം നടന്നിരിക്കണമെന്ന ഈ ആചാരം കൊണ്ട്, യഥാര്‍ഥ വിവാഹത്തിനുള്ള അര്‍ഹതയുടെ അംഗീകരണം മാത്രമാണ് ഉദ്ദേശിക്കുന്നത്. യഥാര്‍ഥ വിവാഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നതു കെട്ടുകല്യാണത്തിനായിരുന്നു. പ്രായം ചെന്ന ഉന്നതകുലജാതന്മാരായിരുന്നു ഈ മംഗളകര്‍മം നടത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. താത്കാലികമായ ഭര്‍ത്തൃപദവിയല്ലാതെ, താലികെട്ടുന്നയാള്‍ക്ക് പിന്നീട് യാതൊരവകാശവും ഇല്ലായിരുന്നു. ഒരേ മുഹൂര്‍ത്തത്തില്‍ നിരവധി പെണ്‍കുട്ടികളുടെ കെട്ടുകല്യാണം ഒരുമിച്ചു നടത്തിയിരുന്നു (ഒരാള്‍ക്കു തന്നെ എല്ലാവരെയും കെട്ടുകയും ചെയ്യാമായിരുന്നു).

താലികെട്ടുന്നയാള്‍ക്ക് ചിലരുടെ ഇടയില്‍ പെണ്ണൊന്നിനു 12 പുത്തന്‍ (നാണയം) 'ചാര്‍ത്തുപടി' ലഭിച്ചിരുന്നു. പെണ്‍കുട്ടികളുടെ കഴുത്തില്‍ സ്വര്‍ണത്താലി കെട്ടിയതിനുശേഷം കെട്ടിയ ആളെയും പെണ്‍കുട്ടി(കളെ)യും മൂന്നു ദിവസം വീട്ടിനകത്തിരുത്തുകയും നാലാം ദിവസം പുഴയിലോ കുളത്തിലോ കുളിപ്പിച്ചു ആഘോഷപൂര്‍വം വീട്ടിലേക്കു കൊണ്ടുവരികയും ഒരു വസ്ത്രം കീറി ഓരോ കഷണം ഓരോര്‍ത്തര്‍ക്കും കൊടുക്കുകയും ചെയ്യുക പതിവായിരുന്നു. വസ്ത്ര വിച്ഛേദനം ഒരുപക്ഷേ വിവാഹമോചനത്തിന്റെ പ്രതീകമായിരിക്കാം. പൊഴി, നെല്ലു പുഴുങ്ങല്‍, ചാത്തനുഴിയല്‍, കാപ്പുകെട്ടല്‍, വച്ചുതളി, നാലാംകുളി എന്നിവ കെട്ടുകല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍